ADVERTISEMENT

ഭോപ്പാൽ∙ മധ്യപ്രദേശിൽ ഡോക്ടറായ ഭര്‍ത്താവിനെ ഭാര്യ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കോളജ് പ്രഫസറായ 63കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് 65കാരനായ ഡോ.നീരജ് പാഠക്കിനെ ഭാര്യ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഗവ. കോളജിലെ കെമിസ്ട്രി അധ്യാപികയാണ് അറസ്റ്റിലായ പ്രഫ.മമത പാഠക്.

ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്‍റെ പെരുമാറ്റത്തിലെ സംശയവും വസ്തുതര്‍ക്കവുമെല്ലാം കൊലപാതകത്തിന് കാരണമായതായി പൊലീസ് പറയുന്നു. ഡോക്ടറായ ഭര്‍ത്താവിനെ ഉറക്കഗുളികകള്‍ നല്‍കി മയക്കി കിടത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ബോധം നഷ്ടമായ ഡോ.നീരജിനെ ഷോക്കടിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 29ന് മരണം സംഭവിച്ചിട്ടും ഭാര്യ പരാതി നല്‍കിയത് മേയ് ഒന്നിനാണ്. ഇതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്.

ഝാന്‍സിയില്‍ ചികിത്സയ്ക്കായി പോയ താന്‍ തിരിച്ചുവന്നപ്പോള്‍ ഭര്‍ത്താവ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നായിരുന്നു മമത പൊലീസിനോട് പറഞ്ഞത്. കുറച്ചുകാലങ്ങളായി ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി. പല പരാതികളും ഇത്തരത്തില്‍ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. നേരത്തെ ഭര്‍ത്താവിനെ ശുചിമുറിയിൽ പൂട്ടിയിട്ടതിന് മമതയ്ക്കെതിരെ പരാതി ലഭിച്ചിരുന്നു.

ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ വിശദമായ ചോദ്യംചെയ്യലിലാണ് മമത കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

English Summary: Chemistry Professor Kills Doctor Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com