ADVERTISEMENT

ചെറുതോണി ∙ ഇടുക്കി കീരിത്തോട് ടൗണിൽ നിന്നും ഏഴാംകൂപ്പിലേക്ക് പോകുന്ന വഴിയുടെ അക്കരെയും ഇക്കരെയുമുള്ള രണ്ടുവീടുകളുടെ നടുവിൽ കണ്ണീരീന്റെ ഒരു കടൽതന്നെയുണ്ട്. ഒരു വീട്ടിൽ മകളും മറു വീട്ടിൽ മകളെപ്പോലെതന്നെ സ്നേഹിച്ച മരുമകളും ഇനി തിരിച്ചുവരില്ലെന്ന തിരിച്ചറിവിൽ വിങ്ങിപ്പൊട്ടി നിൽക്കുകയാണ്.

കഴിഞ്ഞ ദിവസം ഇസ്രയേലിലെ ഗാസ അഷ്ക്കലോണിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യയുടെയും ഭർത്താവ് സന്തോഷിന്റെയും വീടുകളാണിവ. ഒരു വീട്ടിൽ നിന്നും നോക്കിയാൽ അടുത്ത വീട് കാണാവുന്ന അകലം മാത്രം. അവയ്ക്കിടയിൽ ഇപ്പോഴും സന്തോഷിന്റെയും സൗമ്യയുടെയും പ്രണയകാലവും തങ്ങി നിൽപ്പുണ്ട്.

കീരിത്തോട് പുത്തൻപുരയ്ക്കൽ സതീശന്റെയും സാവിത്രിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായിരുന്നു സൗമ്യ. സജേഷ് സഹോദരനും സനുപ്രിയ അനുജത്തിയുമാണ്. കഞ്ഞിക്കുഴി എസ്എൽ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന സൗമ്യയുടെ പിതാവ് പുത്തൻപുരയ്ക്കൽ സതീശൻ 2005 ലെ തിരഞ്ഞെടുപ്പിൽ കീരിത്തോട് വാർഡിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത ടേമിൽ വാർഡ് വനിതാ സംവരണമായ വാർഡിൽ നിന്നും സതീശന്റെ ഭാര്യ സാവിത്രിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അഞ്ചു വർഷത്തിനു ശേഷം അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെ 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിധിയായി ഇതേ വാർഡിൽ മത്സരിച്ച സന്തോഷിന്റെ സഹോദരൻ സജി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടുത്തടുത്ത വീടുകളിലായിരുന്ന സന്തോഷിനും സൗമ്യയ്ക്കുമിടയിൽ പ്രണയം മൊട്ടിട്ടതോടെ ഇരു വീടുകളിലും വലിയൊരു പൊട്ടിത്തറിയാണ് ഇരുവരും പ്രതീക്ഷിച്ചത്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടുകാർ വിവാഹത്തിന് പച്ചക്കൊടി കാട്ടി. മൂന്നു വർഷത്തോളം നീണ്ട കടുത്ത പ്രണയത്തിനു ശേഷം 2010 മേയ് 31 നു ആയിരുന്നു സൗമ്യയുടെയും ബാല്യകാല സുഹൃത്തുമായിരുന്ന സന്തോഷിന്റെയും വിവാഹം കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ നടന്നത്. ഇരു മതവിഭാഗത്തിൽ പെട്ടവരായിരുന്നെങ്കിലും രണ്ടു കുടുംബങ്ങൾക്കും വിവാഹത്തിന് പൂർണ സമ്മതമായിരുന്നു.

saumya

എട്ടു വർഷം മുൻപ് അഡോൺ ജനിച്ചതിനു ശേഷമായിരുന്നു സൗമ്യ കെയർ ടേക്കറായി ഇസ്രയേലിലേക്ക് പോകുന്നത്. അവിടെ ജോലി ചെയ്തിരുന്ന സന്തോഷിന്റെ സഹോദരിമാർക്ക് ഒപ്പമായിരുന്നു യാത്ര. ഏറ്റവുമൊടുവിൽ 2019 അവസാനം സഹോദരി സനുപ്രിയയുടെ വിവാഹത്തിനായിരുന്നു സൗമ്യ നാട്ടിലെത്തിയത്. ഈ വർഷം വീണ്ടും വരാനിരുന്നതാണെങ്കിലും കോവിഡ് മഹാമാരി ശക്തമായതിനെ തുടർന്ന് സൗമ്യ ഇസ്രായേലിൽ തന്നെ തുടരുകയായിരുന്നു. കോവിഡ് കഴിഞ്ഞ് നാട്ടിലെത്തി മകനോടൊപ്പം യാത്രപോകുന്നതിന്റെ കാര്യം എപ്പോഴും സൗമ്യ പറയുമായിരുന്നെന്ന് ഭർത്താവ് സന്തോഷ് ഓർക്കുന്നു. മകനോട് പറയാൻ വച്ച കഥകളും പോകാൻ കൊതിച്ച യാത്രകളും ബാക്കിവച്ച് സൗമ്യ പോയതോടെ ഇനി എന്ത് എന്നറിയാത്ത സങ്കടത്തിലാഴ്ന്നുപോയി രണ്ടു കുടുംബങ്ങളും. 

Content Highlights: Hamas attack Israel; Malayali death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com