ADVERTISEMENT

രാജ്യങ്ങള്‍ തമ്മിലായാലും രാജ്യങ്ങള്‍ക്കുള്ളിലായാലും ഉണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ എന്നും രാഷ്ട്രീയ നേട്ടം കൊയ്യലിന്‍റെ ഒരു കഥയുണ്ടാവും. ഗാസയിലും ഇസ്രയേലിലും നിരപരാധികള്‍ മരിച്ചുവീഴുമ്പോഴും ഇങ്ങനെ നേട്ടം കൊയ്യുന്ന ചിലരുണ്ട്. ഇസ്രയേലിലെ ബെന്യമിന്‍ നെതന്യാഹുവും പലസ്തീനിലെ ഹമാസും. ഇസ്രയേലുകാരുടെ ജറൂസലേം ദിനാഘോഷവും പലസ്തീനികളുടെ ലയ്‌ലത്തുല്‍ ഖ്‌ദറും ഒരുമിച്ച് വന്നതുപോലെ ഇവര്‍ ഇരുവരും അധികാരം നിലനിര്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങളും ഒരുപോലെയാണ്.

ഏഴുദിവസം മുന്‍പാണ് ഇസ്രയേല്‍ പ്രസിഡന്‍റ് റൂവിന്‍ റിവ്‌ലിന്‍ നെതന്യാഹുവിന്‍റെ എതിരാളി യയിര്‍ ലാപിഡിനോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷത്തിനിടെ നാലു തവണ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. പലപാര്‍ട്ടികളെ ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാനുള്ള നെതന്യാഹുവിന്‍റെ ശ്രമം പൊളിഞ്ഞതോടെയാണ് പ്രസിഡന്‍റ്  ലാപിഡിന്‍റെ യഷ് അതിഡ് പാര്‍ട്ടിയെ ക്ഷണിച്ചത്. പന്ത്രണ്ടുവര്‍ഷത്തിലധികമായി ഇരിക്കുന്ന അധികാരക്കസേര വിട്ടൊഴിയാന്‍ 'ബിബിക്ക് ' (നെതന്യാഹു )തെല്ലും താല്‍പര്യമില്ല.

രാജ്യം രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിയാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറാം എന്നാണ് നെതന്യാഹുവിന്‍റെ കണക്കുകൂട്ടല്‍. അതിന് ഏറ്റവും നല്ലത് തന്‍റെ പതിവ് ആയുധമായ വംശീയതയും ഇസ്‌ലാംവിരുദ്ധതും ആളിക്കത്തിക്കല്‍ തന്നെയാണ്. യായിര്‍ അധികാരത്തിലേറിയാല്‍ അഴിമതിക്കേസില്‍ നെതന്യാഹു അകത്താവും.

ദേശീയവികാരം ആളിപ്പടര്‍ന്നാല്‍ മിതവാദിയായ യായിര്‍ ലാപിഡിന്‍റെ കാര്യം പരുങ്ങലിലാവും. ഹമാസിനെ വെല്ലുവിളിച്ചും ഇസ്രയേല്‍ താല്‍പര്യ സംരക്ഷണത്തിന്‍റെ അപ്പസ്തോലനായും കളംനിറഞ്ഞാല്‍ നെതന്യാഹുവിന് നേട്ടം പലതാണ്. അല്‍ അഖ്‌സയില്‍ ഇസ്രയേലി പട്ടാളം നടത്തിയ അഴി‍ഞ്ഞാട്ടത്തെ കണ്ണുംപൂട്ടി ന്യായീകരിച്ച് ബിബി കളംപിടിക്കുന്നത് ഇതിനുവേണ്ടിയാണ്.

പലസ്തീനിലെ രാഷ്ട്രീയ അന്തരീക്ഷവും വ്യത്യസ്തമല്ല. വാഗ്ദാനം ചെയ്ത തരത്തിലുള്ള വികസനമൊന്നും ഗാസ മുനമ്പില്‍ കൊണ്ടുവരാന്‍ ഹമാസിനായിട്ടില്ല. അതൃപ്തി അങ്ങിങ്ങ് പുകയുന്നുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരം ഉൗട്ടിയിറപ്പിക്കാം എന്ന് കരുതിയിരിക്കുമ്പോളാണ് തിരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റിവച്ചുകൊണ്ടുള്ള പ്രസിഡന്‍റ് മഹ്‌മുദ് അബ്ബാസിന്‍റെ പ്രഖ്യാപനമുണ്ടായത്.

തന്‍റെ പാര്‍ട്ടിയായ ഫറ്റായ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ഭയമാണ് അബ്ബാസിനെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത്. കിഴക്കന്‍ ജറൂസലേമില്‍ ഇസ്രയേല്‍ വോട്ടെടുപ്പ് അനുവദിക്കില്ല എന്നതാണു തിരഞ്ഞെടുപ്പ് മാറ്റാനുള്ള ഔദ്യോഗിക കാരണമായി പലസ്തീന്‍ സര്‍ക്കാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനെ 'അട്ടിമറി ' എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. മഹ്‌മുദ് അബ്ബാസിന്‍റെ ജനപ്രീതി കുറയ്ക്കാന്‍ ഹമാസിന്‍റ മുന്നിലുള്ള ഏറ്റവും നല്ല വഴി ഇസ്രയേലുമായി ഏറ്റുമുട്ടുക, അതുവഴി പലസ്തീന്‍ വികാരം ആളിക്കത്തിക്കുക എന്നതുതന്നെയാണ്.

ഇറാന്‍ ആണവകരാറിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന ജോ ബൈഡന്‍ സര്‍ക്കാരിനാവട്ടെ ഡോണള്‍ഡ് ട്രംപിനെപ്പോലെ 'ബിബി ' പ്രേമവുമില്ല. വാസ്തവത്തില്‍ പലസ്തീനും ഹമാസുമല്ല പ്രധാന വെല്ലുവിളിയെന്ന് ഇസ്രയേലിനും ബോധ്യമുണ്ട്. ഹമാസിന്‍റെ പതിന്‍മടങ്ങ് വെല്ലുവിളിയാണ് ഷിയാ ഇറാന്‍ ഇസ്രയേലിന് ഉയര്‍ത്തുന്നത്. ഇറാന്‍റെ രക്ഷകരായ റഷ്യയും ലബനീസ് ഷിയകള്‍ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയും ഏതുസമയവും ആക്രമണ സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നും ടെല്‍ അവീവിന് ബോധ്യമുണ്ട്.

English Summary: Israel-Palestine violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com