ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) അണുബാധ മൂലം ഇതുവരെ 52 പേർ മരിച്ചുവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള കണക്കാണിത്. മരണമടഞ്ഞവരെല്ലാം കോവിഡിനെ അതിജീവിച്ചവരാണ്.

ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നത്. മലേറിയ പോലുള്ള രോഗമല്ലാത്തതിനാൽ ബ്ലാക്ക് ഫംഗസിന്റെ ഡേറ്റ ബേസ് ആരോഗ്യവകുപ്പ് സൂക്ഷിക്കാറില്ലായിരുന്നു. എന്നാൽ കോവിഡ് രണ്ടാം വ്യാപന കാലത്ത് ഭീഷണിയായതിനെ തുടർന്നാണ് കണക്കെടുപ്പ് നടത്തിയത്. 

ഈ വർഷമാണ് കൂടുതൽ മരണങ്ങളും നടന്നിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് 2,000 ബ്ലാക്ക് ഫംഗസ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ  18 മെഡിക്കൽ കോളജുകളോട് ചേർന്നുള്ള ആശുപത്രികളിൽ പ്രത്യേക ബ്ലാക്ക് ഫംഗസ് വാർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷം ആംഫോട്ടെറിസിൻ-ബി ആന്റി ഫംഗൽ കുത്തിവയ്പുകൾ വാങ്ങാനുള്ള  ടെൻഡർ സംസ്ഥാനം ക്ഷണിക്കുമെന്ന് മന്ത്രി തോപ്പെ പറഞ്ഞിരുന്നു. ചികിത്സയ്ക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളതിനാൽ കേസുകളിലെ വർധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് അമിതഭാരം വരുത്തുമെന്നതാണ് ആശങ്ക.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രമേഹ രോഗികളിലും രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് മ്യൂക്കർമൈക്കോസിസ് കൂടുതലായും കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇതര രോഗാവസ്ഥകൾ ഉള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകൾ എന്നിവയിലൂടെ പടർന്ന് തലച്ചോറിലെത്തിയാണ് മരണകാരിയാകുന്നത്. സംസ്ഥാനത്ത് കുറഞ്ഞത് 8 രോഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സർക്കാർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ ശേഷി കുറയുന്നത് പ്രശ്നം 

മ്യൂക്കോർമൈസെറ്റ്‌സ് ഇനത്തിൽ പെട്ട ഫംഗസുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ഇടയാക്കുന്നത്. മണ്ണിലും വായുവിലുമൊക്കെയുള്ള ഇവ ചിലപ്പോൾ മൂക്കിൽ പ്രവേശിക്കുമെങ്കിലും രോഗപ്രതിരോധശേഷി ശക്തമാണെങ്കിൽ ദോഷം ചെയ്യില്ല. എന്നാൽ കോവിഡ് ബാധിതരുടെ രോഗപ്രതിരോധ ശേഷി ദുർബലമാണെന്നതാണ് വിനയാകുന്നത്. കോവിഡ് ബാധിതരിൽ സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയമായ ഉപയോഗവും പ്രതിരോധശേഷിയെ തളർത്തും. 50 ശതമാനമാണ് മരണനിരക്ക്. തുടക്കത്തിൽ തന്നെയുള്ള ചികിത്സയാണ് അനിവാര്യം. കോവിഡ് ഭേദമായവർ തുടർന്നും വൃത്തിയുള്ള  അന്തരീക്ഷത്തിൽ കഴിയാൻ ശ്രദ്ധിക്കണം.

മുഖത്തിന്റെയോ മൂക്കിന്റെയോ ഒരുവശത്തു വേദന, ചുവപ്പുനിറം, തലവേദന, ചുമ, ശ്വാസംമുട്ടൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണുവേദന,കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കാൻസർ രോഗികൾ, അവയവങ്ങൾ മാറ്റിവച്ചവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.

English Summary: Black fungus cases in Maharashtra, 52 dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com