ADVERTISEMENT

തിരുവനന്തപുരം∙ 21 അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും രൂപീകരിക്കുകയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. 18ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കും.

സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് പാർട്ടികൾക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. പിന്നീടുള്ള രണ്ടു മന്ത്രി സ്ഥാനങ്ങൾ ഘടകക്ഷികൾ രണ്ടരവർഷം വീതം പങ്കിട്ടും. ജനാധിപത്യ കേരളകോൺഗ്രസും ഐഎൻഎല്ലും ആദ്യ ടേമിൽ മന്ത്രിമാരാകും. പിന്നീട് കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എസ് പാർട്ടി പ്രതിനിധികൾ മന്ത്രിമാരാകും.

സ്പീക്കർ സ്ഥാനം സിപിഎമ്മിനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐയ്ക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും. വിജയത്തിനു സഹായിച്ച ജനങ്ങളോട് എൽഡിഎഫ് യോഗം നന്ദി അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ചേർന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

ആദ്യ ടേമിൽ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും

ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലിനെയും ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവിനെയും ആദ്യ ടേമിൽ മന്ത്രിമാരാക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമിൽ മന്ത്രിമാരാകും.

കേരള കോൺഗ്രസ് എമ്മിന് ചീഫ് വിപ്പ് സ്ഥാനവും

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ് മാണി വിഭാഗത്തിനു ലഭിക്കും. രണ്ടു മന്ത്രിമാരെ ചോദിച്ചിരുന്നെന്നും കൂടുതൽ ഘടകകക്ഷികളുള്ളതിനാൽ മുന്നണിയുടെ കെട്ടുറപ്പാണ് നോക്കിയതെന്നും തീരുമാനം അംഗീകരിക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ മന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്നു മന്ത്രിയാകാനാണു സാധ്യത. ചീഫ് വിപ്പ് പദവി ജയരാജിനു ലഭിക്കും.

എൻസിപി മന്ത്രി ചൊവ്വാഴ്ച

ജനാധിപത്യ കേരള കോൺഗ്രസിനു ലഭിച്ച വലിയ അംഗീകാരമാണ് മന്ത്രിപദവിയെന്നു ആന്റണി രാജു പറ‍ഞ്ഞു. എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കും. പ്രഫുൽ പട്ടേൽ നാളെ എത്തി നേതൃത്വവുമായി ചർച്ച നടത്തിയശേഷമായിരിക്കും പ്രഖ്യാപനം. ജെഡിഎസിന്റെ മന്ത്രിയെ ദേവെഗൗഡ പ്രഖ്യാപിക്കും. കെ.കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ.

മുഹമ്മദ് റിയാസും പട്ടികയിൽ

ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസും സിപിഎം മന്ത്രിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വി. ശിവൻകുട്ടി, വീണാ ജോർജ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണൻ, പി. നന്ദകുമാർ, എം.വി. ഗോവിന്ദൻ തുടങ്ങിയവരാണു സാധ്യതാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ നേതൃയോഗങ്ങളും ചൊവ്വാഴ്ച ചേർന്ന് തുടർ തീരുമാനങ്ങളെടുക്കും.

English Summary: 21 ministers for kerala cabinet, 12 from cpm says A Vijayaraghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com