ADVERTISEMENT

തിരുവനന്തപുരം∙ നിലവിലെ മന്ത്രിമാരില്‍ കെ.കെ.ശൈലജയെ മാത്രം പുതിയ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ സിപിഎം നേതൃത്വത്തില്‍ ധാരണ. എ.സി. മൊയ്തീനെയും നിലനിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിക്കു മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. ചൊവ്വാഴ്ച സംസ്ഥാന സമിതി യോഗത്തിനുശേഷം സിപിഎം 12 മന്ത്രിമാരെയും പ്രഖ്യാപിക്കും.

രണ്ടാം പിണറായി മന്ത്രിസഭയ്ക്കു പുതുമുഖ ശോഭ എന്നതാണ് സിപിഎം നേതൃത്വത്തിലെ ചിന്ത. മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ.ശൈലജയും തുടരും. ടി.പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി എന്നിവരെ പരിഗണിക്കേണ്ടെന്നാണ് നേതൃത്വത്തിലെ ധാരണ. സാമുദായിക ഘടകം കൂടി പരിഗണിച്ച് എ.സി. മൊയ്തീനെ നിലനിര്‍ത്തണമെന്ന ആവശ്യം സിപിഎമ്മിന് മുന്നിലുണ്ട്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും.

എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. രണ്ട് വനിതാ മന്ത്രിമാര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകും. കെ.കെ. ശൈലജയ്ക്ക് പുറമെ വീണ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു എന്നിവരുടെ പേരാണ് പരിഗണനയില്‍. ഇതില്‍ വീണ ജോര്‍ജിന്‍റെ പേരിനാണ് മുന്‍തൂക്കം. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ.ടി. ജലീലിനൊപ്പം വീണ ജോര്‍ജിന്‍റെയും പേര് പരിഗണനയിലുണ്ട്.

കെ.ടി. ജലീൽ
കെ.ടി.ജലീൽ

വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, പി.പി. ചിത്തരഞ്ജന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ്, പി. നന്ദകുമാര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്ന് കഴിഞ്ഞതവണ മന്ത്രിയായ ടി.പി. രാമകൃഷ്ണന്‍ ഒഴിവാകുന്നതാണ് സിപിഎം സംസ്ഥാന സമിതിയംഗം കൂടിയായ മുഹമ്മദ് റിയാസിന് സാധ്യത നല്‍കുന്നത്. ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് മന്ത്രിമാരുടെ പട്ടിക തയാറാക്കും. തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗിക പ്രഖ്യാപനം.

English Summary: News Faces for CPM in Cabinet: Chances

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com