ADVERTISEMENT

കൊച്ചി∙ ‘‘പമ്പ് പ്രവർത്തിക്കുന്നില്ല, ടാങ്കിൽ വെള്ളമില്ല.’’ –  ചെല്ലാനത്തെ ദുരിത്വാശ്വാസ ക്യാംപിൽ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ എത്തിയപ്പോൾ പരിഭവവുമായി ചുറ്റുംകൂടിയെത്തിയവരുടെ പരാതി. റവന്യു ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഇതിൽ നടപടിയുണ്ടായില്ലെന്നായിരുന്നു പരാതി. റവന്യൂ ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ എത്രയും വേഗം ഒരാളെ സംഘടിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ പൊലീസുകാർക്കു ഡിസിപിയുടെ നിർദേശം. ആരെയും അറിയിക്കാതെ മട്ടാഞ്ചേരി എസിപി ജി.ഡി. വിജയകുമാർ, കണ്ണമ്മാലി സിഐ തുടങ്ങിയവർക്കൊപ്പമാണ് ഡിസിപി അപ്രതീക്ഷിതമായി ദുരിതമേഖലയിൽ എത്തിയത്.

‘‘ 26 വർഷമായി വീട്ടിൽ വെള്ളം കയറുന്ന സ്ഥിതിയാണ്’’ – കണ്ണമ്മാലിയിൽ ഒരു വൃദ്ധ ഡിസിപിക്കു മുന്നിൽ പങ്കുവച്ച സങ്കടകഥ. ഇതു കേട്ട് ഡിസിപിയും ഒരു നിമിഷം വിഷമത്തിലായി. ദുരിതത്തിനു പരിഹാരം ഉറപ്പാക്കാനെത്തിയ ഡിസിപിയെ വികാരപരമായാണ് പ്രദേശവാസികൾ സ്വീകരിച്ചത്. സ്വന്തം വീടുകളിലെത്തി ദുരിതാവസ്ഥ കണ്ടുവിലയിരുത്താൻ മുതിർന്ന സ്ത്രീകൾ അവരെ നിർബന്ധിച്ചുകൊണ്ടിരുന്നു. ‘വീടുകളിൽ വെള്ളം കയറാതിരിക്കാൻ തറ ഉയർത്തിക്കെട്ടണം’, ‘സിറ്റൗട്ട് വഴി വെള്ളം കയറാതിരിക്കാൻ ഇഷ്ടികയ്ക്കു പകരം കോൺക്രീറ്റ് ഉപയോഗിച്ച് തട നിർമിക്കണം’ തുടങ്ങിയ നിർദേശങ്ങളെല്ലാം ഇതിനിടെ ഉയർന്നുകേട്ടു.

‘‘വീട്ടിനുള്ളിലെ ചെളി നീക്കാനാകുന്നില്ല, ഇതിനായി വരുന്ന സന്നദ്ധ പ്രവർത്തകരെ സ്ഥലത്തേക്ക് പൊലീസ് കടത്തി വിടുന്നില്ല’’ ഇത്തരം പരാതികളുമായി എത്തിയവരും നിരവധി. സന്നദ്ധ പ്രവർത്തകരുടെയും പൊലീസിന്റെയും സഹായം തടസ്സമില്ലാതെ നൽകാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു ഇതിൽ ഐശ്വര്യയുടെ ഉറപ്പ്. കണ്ണമ്മാലിയിലേക്കും ചെല്ലാനത്തേയ്ക്കും സഹായത്തിനായി എത്തുന്ന സന്നദ്ധ പ്രവർത്തകരിൽ ഒരാളെയും തടയരുത് എന്ന് അപ്പോൾ തന്നെ എസിപിക്കു നിർദേശം നൽകി. പരിധിയിലുള്ള എല്ലാ സ്റ്റേഷനിലേയ്ക്കും ഉടൻ സന്ദേശവും കൈമാറി. ഭക്ഷണ സാധനങ്ങളുടെ ലഭ്യത, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചവർക്കായും അപ്പോൾ തന്നെ ഡിസിപിയുടെ ഇടപെടലുണ്ടായി. 

aishwarya-dongre-chellanam2
ഡിസിപി ഐശ്വര്യ ഡോങ്‌റെ ദുരിതമേഖലകള്‍ സന്ദര്‍ശിക്കുന്നു.

‘‘അവശ്യ സാധനങ്ങൾക്ക് ലഭ്യതക്കുറവുണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണം. മാസ്ക് ഉൾപ്പടെയുള്ള സാധനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും അറിയിക്കണം.’’ – നാട്ടുകാരോടു ഡിസിപി പറഞ്ഞു. സിവിൽ ഡിഫൻസ് സേനാംഗങ്ങൾ കൃത്യമായ മുൻകരുതലോടെ വേണം കാര്യങ്ങൾ ചെയ്യാൻ. എപ്പോഴും ഏതൊരു ആവശ്യത്തിനും മുന്നിട്ടിറങ്ങാൻ മനസു കാണിക്കണമെന്നു നിർദേശിക്കാനും മറന്നില്ല. എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന ഉറപ്പും നൽകിയാണ് ഡിസിപി മടങ്ങിയത്. 

ദിവസങ്ങളായി ചെല്ലാനത്തെയും കണ്ണമ്മാലിയിലെയും ജനം അനുഭവിക്കുന്ന ദുരിതം നേരിട്ടു കണ്ടു തീരുമാനങ്ങൾ എടുക്കുന്നതിനും പൊലീസിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് സ്ഥലത്ത് നേരിട്ടെത്തിയതെന്ന് അവർ പിന്നീട് മനോരമ ഓൺലൈനോടു പറഞ്ഞു. സ്ഥിരമായ പ്രശ്ന പരിഹാരമാണ് അവർ ആഗ്രഹിക്കുന്നത്. ഓഖി വന്നപ്പോഴുണ്ടായതു പോലെ പ്രത്യേക സാഹചര്യമാണ് കൊച്ചി തീരദേശത്തുണ്ടായത്. 

aishwarya-dongre-chellanam1
ഡിസിപി ഐശ്വര്യ ഡോങ്‌റെ ദുരിതമേഖലകള്‍ സന്ദര്‍ശിക്കുന്നു.

ഇവിടം പ്രധാനമായും കോവിഡ് വ്യാപനം രൂക്ഷമായ നിയന്ത്രിത മേഖല കൂടിയാണ്. അതുകൊണ്ടു തന്നെ ഇവിടെയെത്തി സന്നദ്ധപ്രവർത്തനം ചെയ്യാനും ആൾക്കാർക്കു പേടിയുണ്ട്. കടൽവെള്ളം കയറി ദുരിതത്തിലായ ഇവർക്കു വേണ്ട എല്ലാ പിന്തുണയും സിറ്റി പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇവർക്കു വേണ്ട വസ്ത്രം ഭക്ഷണം എല്ലാം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ജനപ്രതിനിധികളുമായും ഇവിടെ ക്യാംപിലും മറ്റും താമസിക്കുന്നവരോടും സംസാരിച്ചു. മുതിർന്ന സ്ത്രീകൾ പലരും വന്നു സങ്കടം പറഞ്ഞു.

പലർക്കും വീടുകൾ നഷ്ടപ്പെടുകയോ താമസയോഗ്യമല്ലാതാകുകയോ ചെയ്തിട്ടുണ്ട്.ജോലിക്കു പോകാൻ സാധിക്കാത്തതിനാൽ വരുമാനം നിലച്ചവരാണ് ഏറെയും. പ്രദേശം പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തീരദേശ സേനയെയും പൊലീസിനെയും അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള ഒരു പരിശ്രമം അവിടെ ആവശ്യമാണെന്നും ഡിസിപി ഐശ്വര്യ ഡോങ്റെ മനോരമ ഓൺലൈനോടു പറഞ്ഞു.

English Summary: Kochi City Deputy Commissioner of Police (DCP) Aishwarya Dongre's visit to Chellanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com