ADVERTISEMENT

തിരുവനന്തപുരം ∙ പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ച് സിപിഐ. പി.പ്രസാദും കെ.രാജനും ജെ.ചിഞ്ചുറാണിയും ജി.ആര്‍.അനിലുമാണ് നിയുക്ത മന്ത്രിമാര്‍. ഇവരില്‍ രാജന് റവന്യൂവും പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. അനിലിന് ഭക്ഷ്യ, പൊതുവിതരണവും  ചിഞ്ചുറാണിക്ക്  മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാകും

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കുന്നതിനെ വിമര്‍ശിച്ച ബിനോയ് വിശ്വത്തെ സിപിഐ  എക്സിക്യൂട്ടീവില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശാസിച്ചു. ചരിത്രം തിരുത്തി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന പിണറായി വിജയൻ മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെയാണ് സിപിഐ നല്‍കുന്നത്. പാര്‍ട്ടി എക്സിക്യൂട്ടീവ് നിര്‍ദേശിച്ച പേരുകള്‍ അതുപോലെ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു.

മുന്‍മന്ത്രി ഇ.ചന്ദ്രശേഖരനാണ് സിപിഐ നിയമസഭാ കക്ഷി നേതാവ്. തുടര്‍ച്ചയായി രണ്ടാം തവണ ഒല്ലൂരില്‍ വിജയിച്ച കെ.രാജന്‍ മന്ത്രിയും ഡപ്യൂട്ടി ലീഡറുമാണ്. പരിസ്ഥിതി രംഗത്ത് സജീവമായ ഇടപെടല്‍ നടത്തുന്ന പ്രസാദ് മന്ത്രിസഭയിലേക്ക് വരുന്നത് കാനം രാജേന്ദ്രന്‍റെ വിശ്വസ്തനായാണ്. ചടയമംഗത്ത് ഏറെ വിവമാദമായിരുന്നു ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വമെങ്കിലും മന്ത്രിസ്ഥാനത്തേക്ക് എതിര്‍ ശബ്ദമുയര്‍ന്നില്ല.

ഇ.കെ.വിജയനെ മന്ത്രിയാക്കുന്നതില്‍ കോഴിക്കോട് ജില്ലാ ഘടകം എതിര്‍പ്പറിയിച്ചതാണ് അനിലിന് വാതില്‍ തുറന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പദവിയിലെ പ്രവര്‍ത്തനപരിചയം അനിലിനു മുതല്‍ക്കൂട്ടാണ്. മൂന്ന് തവണ അടൂരില്‍ വിജയക്കൊടി പാറിച്ച ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാകും.

English Summary: CPI ministers in LDF government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com