‘‘പിണറായിയുടേത് ചരിത്രനേട്ടം; വലിയ വിജയമെന്നു പറയാനുമാകില്ല’’

BRP Bhaskar | Pinarayi Vijayan
ബി.ആർ.പി.ഭാസ്കർ, പിണറായി വിജയൻ
SHARE

നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പിണറായി വിജയൻ സർക്കാർ ശക്തമായ തിരിച്ചു വരവു നടത്തി ചരിത്രം രചിച്ചിരിക്കുന്നു. അതു കേരളത്തിനു നൽകുന്ന രാഷ്ട്രീയ സന്ദേശമെന്ത്? മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെ? മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.

ഭരണത്തുടർച്ചയിലേക്കു നയിച്ചത്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വലിയ ജയം നേടി എന്നാണ് മാധ്യമങ്ങൾ എഴുതിയത്. കുടുതൽ സീറ്റുകളും വോട്ടും കിട്ടിയെന്നതു ശരിയാണ്. എന്നാൽ അതിനു മുൻപിലത്തെ തിരഞ്ഞെടുപ്പിലെ സീറ്റുകളും വോട്ടുകളും കണക്കാക്കിയാൽ അത്ര വലിയ വിജയമായി അതിനെ കണക്കാക്കാൻ കഴിയില്ല. മറുവശം വളരെ ദുർബലമായിരുന്നതിനാൽ വലിയ വിജയമായി അനുഭവപ്പെടുകയായിരുന്നു.

ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതാണു സ്ഥിതി. വലിയ ഒരു വിജയം എൽഡിഎഫിന് ഉണ്ടായെന്നതു ശരിയാണ്. എന്നാൽ ഇരുമുന്നണികളും തമ്മിലുള്ള വോട്ടിന്റെ അന്തരം പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. രണ്ടു മുന്നണികൾ തമ്മിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും മുന്നണി 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ചാൽ അതൊരു വലിയ വിജയമായി അവകാശപ്പെടാം.

കുറച്ചുകാലമായി കേരളത്തിലെ രണ്ടു മുന്നണികളെയും നയിക്കുന്ന പ്രധാന പാർട്ടികളുടെ വോട്ട് 25 മുതൽ 30 ശതമാനം വരെ മാത്രമാണ്. ഘടകകക്ഷികളുടെ പിന്തുണയോടെയാണു വിജയിക്കാനാവശ്യമായ തലത്തിലെത്തിക്കുന്നത്. വലിയ വിജയമായി മാറണമെങ്കിൽ വിജയിക്കുന്ന മുന്നണിക്ക് 50 ശതമാനത്തിനുമേൽ വോട്ടു കിട്ടണം.

കുറച്ചു കാലമായി രണ്ടു മുന്നണികൾക്കും 50 ശതമാനത്തിനു താഴെ മാത്രമേ വോട്ടു കിട്ടുന്നുള്ളൂ. ഒരുഘട്ടത്തിൽ മുന്നണികൾ തമ്മിലുള്ള വോട്ടു വ്യത്യാസം ഒരു ലക്ഷം മാത്രമായിരുന്നു. 50,000 വോട്ടു മാറിയാൽ ഭരണമാറ്റം ഉണ്ടാകും. അതു നിർണയിക്കുന്നത് മാറിമാറി വോട്ടു ചെയ്യുന്ന എണ്ണത്തിൽക്കുറവായ കക്ഷിരഹിത വോട്ടർമാരാണ്.

ഒരു കക്ഷിയെയും സ്ഥിരമായി അധികാരത്തിലേറ്റാൻ ആഗ്രഹിക്കാത്തതാണ് അവരുടെ മനഃശാസ്ത്രം. ഈ വിധത്തിൽ ഭരണ മാറ്റമുണ്ടാക്കിയിരുന്നതു തെക്കൻ കേരളത്തിൽ നിന്നുള്ളവരാണ്. ഓരോ തിരഞ്ഞെടുപ്പിലും ജയിച്ച മുന്നണിക്ക് അത്തവണ തെക്കൻ ജില്ലകളിൽ കൂടുതൽ വോട്ടും സീറ്റും ലഭിച്ചിരുന്നുവെന്നു കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തെക്കൻ ജില്ലകളിൽ കൂടുതൽ സീറ്റു ലഭിച്ചിരുന്നു . ഇത്തവണ അതു മാറേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കാത്തതാണ് ഭരണത്തുടർച്ചയിലേക്കു നയിച്ചത്.

പിണറായി സർക്കാരിന്റെ മികവ്

pinarayi-vijayan-2-00

ഇത്തവണത്തെ വിജയത്തിനു പിന്നിൽ പിണറായി വിജയൻ നേതൃത്വം നൽകിയ സർക്കാരിന്റെ ഭരണ മികവാണെന്നു സമ്മതിക്കേണ്ടിവരും. നിപ്പ രോഗബാധയുടെ കാലവും അതുകഴിഞ്ഞുണ്ടായ രണ്ടു പ്രളയങ്ങൾ, കോവിഡ് എന്നിവ കൈകാര്യം ചെയ്ത രീതിയും പ്രശംസ പിടിച്ചുപറ്റി.

കിറ്റ് വിതരണം, സാമൂഹിക പെൻഷൻ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളും ജനത്തിൽ മതിപ്പുളവാക്കി. ഈ കാലഘട്ടത്തിൽ ഭരണകൂടത്തിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും കാണാതിരുന്നു കൂടാ. എൽഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരും കുടുംബങ്ങളുമൊക്കെയാണ് ആരോപണ വിധേയരായത്. അവർ തെറ്റു ചെയ്തുവെന്നു വ്യക്തമാവുകയും സർക്കാരിന് അംഗീകരിക്കേണ്ടി വരികയും ചെയ്തു.

എന്നാൽ ഇത്തരം ആരോപണങ്ങൾക്കപ്പുറം സർക്കാരിന്റെ ഭരണ നേട്ടങ്ങൾക്കാണ് ജനം വില കൽപിച്ചതെന്നാണു തിരഞ്ഞെടുപ്പു ഫലങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ അനിശ്ചിതാവസ്ഥയുടെ സ്ഥിതി മാറി. അധികാരത്തിൽ ഇരിക്കുന്ന മുന്നണിയെ ജനം തോൽപിക്കുമെന്ന സ്ഥിതിവരുമ്പോഴാണ് അവർക്കു ജനത്തോട് ഉത്തരവാദിത്തം ഉണ്ടാകുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫ് ഉയർത്തിയ ഭരണത്തുടർച്ചയെന്ന ആശയത്തെ ജനം സ്വീകരിക്കുകയായിരുന്നു. സ്ഥിരമായി മാറിയും തിരിഞ്ഞും വോട്ടുചെയ്യുന്ന വിഭാഗം ഇത്തവണ ശൈലി മാറ്റുകയും എൽഡിഎഫിന് വോട്ടു ചെയ്യുകയും ചെയ്തു.

എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ

മികച്ച രീതിയിലുള്ള തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു എൽഡിഎഫിന്റേത്. ഭരണത്തുടർച്ചയെന്ന ആശയം മുന്നോട്ടു വയ്ക്കുകയും ചിട്ടയോടെ പ്രവർത്തിക്കുകയും ചെയ്തു. രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കി പുതിയ സ്ഥാനാർഥികളെ അവതരിപ്പിച്ചു. ഇതൊക്കെ മാറ്റം ആഗ്രഹിക്കുന്നവർക്ക് സ്വീകാര്യമായി.

തെക്കൻ കേരളത്തിലെ വോട്ടർമാരുടെ മനസ്സു കണ്ടറിഞ്ഞുള്ള നീക്കങ്ങളും പിണറായി വിജയൻ നടപ്പിലാക്കി. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മുതൽ അതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. അതിൽ പ്രധാനം പാർട്ടിയോട് അകൽച്ച പാലിച്ചിരുന്നവരെ ഒപ്പം കൂട്ടാൻ നടത്തിയ ശ്രമമാണ്.

സിപിഎം അംഗത്വം പരിശോധിച്ചാൽ 80 ശതമാനത്തോളം ഹിന്ദുക്കളാണ്. ഈഴവരും മറ്റു പിന്നാക്ക വിഭാഗക്കാരും അതിലുൾപ്പെടും. അതിലേക്കു മറ്റു മത ന്യൂനപക്ഷങ്ങളെക്കൂടെ കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമം സിപിഎം നടത്തി. കേരള കോൺഗ്രസി (എം)നെ ഒപ്പം കൂട്ടിയത് അതിന് ഉദാഹരണമാണ്. സ്ഥാനാർഥി നിർണയത്തിലും അതു പ്രതിഫലിച്ചു. ക്രിസ്ത്യൻ സമൂഹത്തിന്റെ വലിയ പിന്തുണയുള്ള പാർട്ടിയാണത്.

നേരത്തേ മുസ്‌ലിം യുവാക്കളെ ആകർഷിക്കാനും സിപിഎം ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി പാർട്ടിയുടെ യുവനിരയിൽ ഇപ്പോൾ കൂടുതൽ മുസ്‌ലിംകളെ കാണാം. ബിജെപി വോട്ടു മറിച്ചതാനാലാണ് സിപിഎം ഭരണത്തുടർച്ച നേടിയതെന്ന ഒരു അഭിപ്രായം ഉയരുന്നുണ്ട്. ബിജെപിയുടെ വോട്ടുവിഹിതം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതിന്റെ കാരണം വോട്ടു മറിക്കലോ കച്ചവടമോ ആണെന്ന് ഞാൻ കരുതുന്നില്ല. അടുത്ത കാലത്ത് ബിജെപിക്ക് വോട്ടു ചെയ്ത പലരും അതിനെ അവരുടേതായ കാരണങ്ങളാൽ കൈവിട്ടുവെന്നാണ് ഞാൻ കരുതുന്നത്.

സ്വജനപക്ഷപാതമെന്ന വെല്ലുവിളി

മന്ത്രിസഭയിൽ പുതിയ തലമുറയെക്കൊണ്ടുവരുന്നു. ബംഗാളിൽ സംഭവിച്ച അപകടം ഒഴിവാക്കുന്നതിനാണിത്. അതു സ്വാഗതാർഹമാണ്. അതു ചെയ്യാൻ കഴിവുള്ള പാർട്ടിയാണ് സിപിഎം. എന്നാൽ സ്വജനപക്ഷപാതമെന്ന ആരോപണം സിപിഎം നേരിടുന്നുണ്ട്. പാർട്ടിയുമായി ചേർന്നു നിൽക്കുന്നവരെ സഹായിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാകരുത്.

യുഡിഎഫിന്റെ ഭാവി

Ramesh Chennithala, Mullappally Ramachandran, Oommen Chandy

ജനാധിപത്യത്തിൽ ഹ്രസ്വകാല ഭരണത്തുടർച്ചയാകാം. ദീർഘകാല ഭരണത്തുടർച്ച ആശാസ്യമല്ല. ശക്തമായി എതിർപ്പ് ഉയർത്താൻ കഴിയുന്ന ഒരു മുന്നണി അപ്പുറത്തില്ലെങ്കിൽ ഭരണം ഏകപക്ഷീയമായി മാറും. കേരളത്തിൽ അത്തരം വെല്ലുവിളി ഉയർത്താ‍ൻ കഴിയുന്നത് യുഡിഎഫിനാണ്. ഇത്തവണ യുഡിഎഫിന് തിരിച്ചടിയായത് മെല്ലെപ്പോക്കാണ്.

ശക്തമായ ഒരു മുദ്രാവാക്യം ഉയർത്താനും സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലും പ്രചാരണത്തിലുമൊക്കെയുണ്ടായ കാലതാമസം അവർക്കു തിരിച്ചടിയായി. ഗ്രൂപ്പു വ്യത്യാസം മറന്ന് ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കാനും സ്ഥാനാർഥി നിർണയത്തിൽ തലമുറമാറ്റം കൊണ്ടുവരാനുമൊക്കെ അവർ ശ്രമിച്ചെങ്കിലും വൈകിപ്പോയി. ഇനി ഒരു തിരിച്ചുവരവുണ്ടാകണമെങ്കിൽ അതിനുള്ള തയാറെടുപ്പ് യുഡിഎഫ് ഇപ്പോൾത്തന്നെ ആരംഭിക്കണം.

ഗ്രൂപ്പിനതീതമായി പാർട്ടിക്കു നിലനിൽക്കാൻ കഴിയണം. അതിനുള്ള പരിശ്രമങ്ങൾ രാഹുൽഗാന്ധി ആരംഭിച്ചിട്ട് ഏറെക്കാലമായി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി. നേരത്തേ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും അതിനോടു വിട പറഞ്ഞ മികച്ച പ്രതിഛായയുള്ള വി.എം.സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം കൊണ്ടുവന്നെങ്കിലും അദ്ദേഹത്തിന് ഗ്രൂപ്പു പോരുകൾക്കിടയിൽ പിടിച്ചു നിൽക്കാനായില്ല. അദ്ദേഹത്തിനെതിരെ ഗ്രൂപ്പുകൾ ഒന്നിക്കുകയും ചെയ്തു.

പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചതും ഇതൊക്കെ കണക്കിലെടുത്തായിരുന്നു. ഇതു തിരിച്ചറിയാനും താഴേത്തട്ടിൽ പുതിയ തലമുറയെ കൊണ്ടു വരാനും കഴിയുന്നില്ലെങ്കിൽ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചുവരവ് എളുപ്പമാകില്ല.

ബിജെപി നേരിടുന്ന വെല്ലുവിളികൾ

K-Surendran-v-muraleedharan

ഈ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടത് ബിജെപി നേതൃത്വം നൽകിയ മുന്നണിക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് ഒ.രാജഗോപാലിന്റെ വിജയത്തോടെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായെങ്കിലും ഇത്തവണ ഒരു സീറ്റു പോലും നേടാനായില്ല. അദ്ദേഹത്തിന്റെ വിജയം പൂർണമായ ബിജെപി വോട്ടുകൾ ആയിരുന്നില്ല. വ്യക്തിപ്രഭാവം അതിൽ വലിയ പങ്കുവഹിച്ചു. വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയെന്ന നിലയിൽ നടത്തിയ ശ്രമങ്ങൾക്കും ജനത്തിന്റെ അംഗീകാരം കിട്ടി.

കേന്ദ്രം ഭരിക്കുന്ന കക്ഷിയായിട്ടും ധാരാളം പണമൊഴുക്കിയിട്ടും ശബരിമല സ്ത്രീപ്രവേശം എന്ന വിശ്വാസപ്രശ്നം ഉയർത്തിയിട്ടും അത് പിന്നോട്ട് പോയെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തമ്മിൽ ശക്തമായ മത്സരം നടന്നതോടെ ബിജെപിക്കു വേണ്ടത്ര പരിഗണന ലഭിച്ചില്ല.

ബിജെപിക്കു കേരളത്തിൽ എന്തുകൊണ്ടു സ്വാധീനം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന കാര്യത്തിൽ വർഷങ്ങൾക്കു മുൻപ് ജന്മഭൂമി പത്രം ഒരു അന്വേഷണം നടത്തിയിരുന്നു. പലരുടെയും അഭിപ്രായം അവർ ക്ഷണിച്ചു. ആ ഘട്ടത്തിൽ ഞാൻ പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയം നിർണയിക്കുന്നതിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്നായിരുന്നു. ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിന് അതിൽ സാധ്യതകളില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗങ്ങളെ സംഘടനയുമായി അടുപ്പിക്കാൻ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. എസ്എൻഡിപി നേതൃത്വം ഉണ്ടാക്കിയ ബിഡിജെഎസുമായുള്ള സഖ്യം അതിന്റെ ഭാഗമാണ്. കേന്ദ്രത്തിലേക്ക് ഒരു മന്ത്രിയെ കേരളത്തിൽ നിന്നു കണ്ടെത്തേണ്ടി വന്നപ്പോഴും ഈ സമവാക്യം പാലിക്കാനാണു ശ്രമം നടത്തിയത്.

കേരളത്തിലെ മുന്നണി രാഷ്ട്രീയം

assembly-election-congress-bjp-cpm

കേരളത്തിലെ സമീപകാല രാഷ്ട്രീയ ചരിത്രം നോക്കിയാൽ 40 വർഷമായി രണ്ടു മുന്നണികൾ തമ്മിലുള്ള മത്സരമാണ്. നയിക്കുന്ന പാർട്ടി ഒഴിവാക്കിയാൽ മറ്റു കക്ഷികൾ മാറിയും തിരിഞ്ഞും വരാം.അത് ചെറിയ പാർട്ടികൾ ആണെങ്കിലും അവർ കൊണ്ടുവരുന്ന വോട്ട് നിർണായകമാണ്. മുസ്‍ലിംലീഗ്, കേരളാ കോൺഗ്രസ് എന്നിവയാണ് യുഡിഎഫിനോടൊപ്പം ഉറച്ചു നിൽക്കുന്ന പാർട്ടികൾ. മറ്റ് ആർഎസ്പി സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ എന്നിവ ഇരുമുന്നണികൾക്കൊപ്പവും മാറിയും മറിഞ്ഞും നിന്നിട്ടുണ്ട്. സിപിഐയാണ് എൽഡിഎഫിനോടൊപ്പം ഉറച്ചുനിന്ന ഘടകകക്ഷി. കേരളത്തിലെ മുന്നണി സംവിധാനത്തിലേക്ക് ഇടിച്ചു കയറാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെങ്കിലും അത് വിജയത്തിലേക്ക് എത്തിയിട്ടില്ല.

1980 മുതൽ ഓരോ നിയമസഭാ തിരഞ്ഞെടുപ്പും ഭരണ മാറ്റങ്ങളുടെ തുടർച്ചയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ഏതെങ്കിലും ഒരു മുന്നണിയോട് അടുത്തു നിൽക്കുന്നവരാണ്. വലിയ മുന്നണികളില്ലാതെ തിരഞ്ഞെടുപ്പു നടന്നത് 1965 ലാണ്. അന്ന് ഏറ്റവും വലിയ ഒറ്റ പാർട്ടി സിപിഎം ആയിരുന്നു. എന്നാൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞില്ല. നിയമസഭ പിരിച്ചുവിടേണ്ടിവരികയായിരുന്നു.

1967ൽ കിട്ടാവുന്നവരെയെല്ലാം കൂട്ടുപിടിച്ചാണ് ഇഎംഎസ് നമ്പൂതിരിപ്പാട് സപ്തകക്ഷി മുന്നണിയുണ്ടാക്കിയത്. വിമോചന സമരത്തിൽ പങ്കെടുത്തവരെപ്പോലും ഒപ്പം നിർത്തിയ മുന്നണിയായിരുന്നുവെന്ന വൈരുധ്യവും അതിനുണ്ട്. ആ സർക്കാർ അകാലത്തിൽ തകർന്നു. കോൺഗ്രസ്, സിപിഐ, ആർഎസ്‌പി തുടങ്ങിയ കക്ഷികൾ ഉൾപ്പെട്ട അച്യുതമേനോൻ മന്ത്രിസഭ ഇതിനിടയ്ക്കുണ്ടായി. അടിയന്തരാവസ്ഥയ്ക്കുശേഷം അക്കാലത്ത് കോൺഗ്രസുമൊത്തു നിന്നതിന്റെ പാപഭാരം ഏറ്റെടുത്ത് സിപിഐ കൂട്ടുകെട്ടിൽ നിന്ന് പിൻവാങ്ങി. തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് മുസ്‍ലിം ലീഗ് നേതാവായ സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ അധികാരത്തിൽ വന്നത്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കണമെന്ന് വലിയ പാർട്ടികൾ തീരുമാനിച്ചതിന്റെ ഫലമായിരുന്നു കേരളത്തിലെ മുന്നണി രാഷ്ട്രീയം. ഈ ഘട്ടങ്ങളിലെ സിപിഎം, കോൺഗ്രസ് നേതൃത്വങ്ങളിൽ മേധാവിത്വ ജാതികളിലുൾപ്പെട്ടവർക്കായിരുന്നു മുൻഗണന.

1980നു ശേഷം ഭരണത്തിൽ ഏറെക്കുറെ ഉറപ്പുണ്ടാക്കിയെന്നതാണു മുന്നണി രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇടയ്ക്കിടയ്ക്കുള്ള ഭരണ മാറ്റവും രാഷ്ട്രപതി ഭരണവും ഒഴിവാക്കാനും കുറച്ചുകൂടി ഉറപ്പുള്ള ഭരണമുണ്ടാക്കാനും ഇതിലൂടെ സാധിച്ചു

എന്നാൽ അടിസ്ഥാനപരമായ പല വിഷയങ്ങളിലും ഇരു മുന്നണികളും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. ആദിവാസി ഭൂനിയമത്തിന്റെ കാര്യത്തിൽ അതു വ്യക്തമായതാണ്. 1970ലെ ആദിവാസി ഭൂനിയമം നടപ്പിലാക്കാൻ ഇരുമുന്നണികളും ശ്രമിച്ചില്ലെന്നു മാത്രമല്ല ആദിവാസികൾക്കു നഷ്ടപ്പെട്ട ഭൂമിക്കു പകരം പുതിയ ഭൂമി നൽകിയാൽ മതിയെന്ന കാര്യത്തിൽ ഇരുമുന്നണികളും ധാരണയിലെത്തുകയും ചെയ്തു.

English Summary: Special interview with BRP Bhaskar on Kerala Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA