ADVERTISEMENT

ന്യൂഡല്‍ഹി∙ പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ബഹുഗുണയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതോടെ ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. ഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം ശബ്ദമുയര്‍ത്തി. ഉത്തരാഖണ്ഡിലെ റേനിയിൽ 1974 മാർച്ച് 26ന് ആയിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തില്‍ 1927 ജനുവരി 9നാണ് ബഹുഗുണ ജനിച്ചത്. ആദ്യഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്ന ബഹുഗുണ, ഗ്രാമപ്രദേശത്തു ജീവിക്കണമെന്നും ആശ്രമം സ്ഥാപിക്കുമെന്നുമുള്ള ഉപാധികള്‍ മുന്നോട്ടുവച്ചാണ് വിമലയെ വിവാഹം കഴിച്ചത്. ഹിമാലയന്‍ കാടുകളില്‍ കൂടി ഏതാണ്ട് 4,700 കി.മീ അദ്ദേഹം കാല്‍നടയായി സഞ്ചരിച്ച് വന്‍കിട പദ്ധതികള്‍ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും പഠിച്ചു. 

ഹിന്ദിയില്‍ 'ചേര്‍ന്നുനില്‍ക്കുക' എന്നര്‍ഥം വരുന്ന ചിപ്‌കോ പ്രസ്ഥാനം 1974 മാര്‍ച്ച് 26ന് ഉത്തര്‍പ്രദേശിലാണ് ആരംഭിച്ചത്. മരങ്ങള്‍ മുറിക്കുമ്പോള്‍ ആളുകള്‍ അതില്‍ കെട്ടിപ്പിടിച്ചുനിന്നു പ്രതിഷേധിക്കുകയായിരുന്നു രീതി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ മരങ്ങള്‍ വെട്ടുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. 

തെഹ്‌രി അണക്കെട്ടിനെതിരായ പ്രക്ഷോഭത്തില്‍ ദശാബ്ദങ്ങളോളം അണിനിരന്നു. അദ്ദേഹം നയിച്ച ഉപവാസ സമരം ഏറെ ശ്രദ്ധേയമായി. അണക്കെട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിനെ തുടര്‍ന്നാണ് 45 ദിവസം നീണ്ട ഉപവാസസമരം അവസാനിപ്പിച്ചത്. 2001ല്‍ അണക്കെട്ടിന്റെ പണി പുനരാരംഭിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ബഹുഗുണ അറസ്റ്റിലായി.

റേനി: ചിപ്‌കോപ്രസ്ഥാനത്തിനു വിത്തിട്ട മണ്ണ്

ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് റേനി ഗ്രാമം ഉത്തര്‍പ്രദേശിലായിരുന്നു. വനത്തില്‍ വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഗ്രാമീണരായ സ്ത്രീകള്‍ സമരരംഗത്തെത്തി. വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച ഇവര്‍ 1974 മാര്‍ച്ച് 26ന് മരങ്ങളെ ആലിംഗനം ചെയ്ത് രാവു പകലാക്കിനിന്നു.

സമീപഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ പേരെത്തി മരങ്ങള്‍ക്കു കവചമായപ്പോള്‍ അതു വെട്ടാന്‍ എത്തിയവര്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് ഗാന്ധിയന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ചിപ്‌കോ പ്രസ്ഥാനം വനനശീകരണത്തിനെതിരെ ലോകശ്രദ്ധ നേടി. ഒട്ടേറെ പുരസ്‌കാരങ്ങളും തേടിയെത്തി.

English Summary: Sunderlal Bahuguna passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com