ഒത്തുപോകാതെ കോവിഡ് മരണനിരക്ക്; കണക്കിലെ കളികളോ യാഥാർഥ്യമോ?

covid-19-death-cremation-india
ബംഗളൂരുവിലെ ഗിഡനഹല്ലി ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ച വിജയ് രാജുവിന്റെ മൃതദേഹം അടക്കം ചെയ്ത ശേഷം ശ്മശാനത്തിനു മുന്നിൽനിന്നു വിതുമ്പുന്ന ബന്ധുക്കൾ. മേയ് 13ലെ ചിത്രം . REUTERS/Samuel Rajkumar
SHARE

രാജ്യതലസ്ഥാനത്ത് ദഹിപ്പിക്കാൻ സ്ഥലമില്ലാതെ മൃതദേഹങ്ങൾ അടുക്കിക്കൂട്ടി കത്തിക്കുന്ന ചിത്രങ്ങൾ, ഗംഗയിൽ ഒഴുകിയ അജ്ഞാത ശവങ്ങൾ, യുപിയിലെ പ്രയാഗ്‌രാജിൽ ഗംഗാതീരത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ നാനൂറോളം മൃതദേഹങ്ങൾ, ഒരോ പൊതുശ്‌മശാനങ്ങളുടെയും മുന്നിൽ നിറയുന്ന ആംബുലൻസുകളുടെ നീണ്ട നിര – മഹാമാരിക്കാലത്ത് രാജ്യം ഒരിക്കലും കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിനും പുറത്തുവരുന്നതിനേക്കാൾ ഭീതിജനകമാണ് രാജ്യത്തിന്റെ നിലവിലെ അവസ്ഥ എന്നതിനുമുളള സൂചനകളായാണ് ഈ ദൃശ്യങ്ങൾ വിലയിരുത്തപ്പെടുന്നത്.

പ്രയാഗ്‌രാജിൽ കണ്ടെത്തിയ മൃതദേഹങ്ങളെ കുറിച്ച് ഇതുവരെ പ്രാദേശിക ഭരണകൂടം പ്രതികരിച്ചിട്ടില്ല. അവ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതിനു പിന്നാലെയാണ് അവിടെ അത്തരത്തിൽ ഒരു കാഴ്ചയെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. അതേസമയം ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകിവന്നുവെന്ന വാർത്തകൾ വന്നതോടെ നദിയിൽ ഉത്തർപ്രദേശ് ദുരന്തനിവാരണ സേന ബോട്ടിൽ നിരീക്ഷണം നടത്തി സ്ഥിതിഗതി വിലയിരുത്തുന്ന ചിത്രങ്ങളും പുറത്തുവന്നു.

സാധാരണനിലയിൽ നദീതീരത്ത് അടക്കം ചെയ്യുന്ന മൃതദേഹങ്ങൾ നദിയിൽ വെളളം കയറുമ്പോൾ ഒഴുകിപോകുന്നതായാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് നദീതീരത്തെ ശവസംസ്കാരം കേന്ദ്രം നിരോധിച്ചിരുന്നു. എന്നാൽ പതിവില്ലാത്ത വിധം മൃതദേഹങ്ങൾ നദിയിൽ ഒഴുകിയെന്നതിന് കൂടുതൽ വിശദീകരണങ്ങളില്ല. വിവിധ സംസ്ഥാന സർക്കാരുകൾ പുറത്തുവിടുന്ന കോവിഡ് മരണത്തിന്റെ കണക്കും ശ്മശാനങ്ങളിലെ തിരക്കും കൂട്ടിവായിച്ചാൽ ഒറ്റനോട്ടത്തിൽതന്നെ എവിടെയൊക്കെയോ പിശകുണ്ടെന്നത് വ്യക്തമാണെന്ന് ആരോഗ്യവിദഗ്ധരും ഉറപ്പു പറയുന്നു.

PTI05_15_2021_000275B
പ്രയാഗ്‌രാജിലെ ഗംഗ തീരത്ത് കണ്ടെത്തിയ മൃതദേഹങ്ങൾ.ചിത്രം. പിടിഐ

ഈ വാദഗതികളെ ബലപ്പെടുത്തുന്നതായിരുന്നു പ്രമുഖ വൈറോളജിസ്റ്റായ ഷാഹിദ് ജമീലിന്റെ രാജി. വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിനും പഠനത്തിനുമായി രൂപീകരിച്ച ഇന്ത്യൻ കൺസോർഷ്യത്തിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയിൽ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണമെന്ന ആവശ്യത്തോട് സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത എതിർപ്പാണ് ഉണ്ടാകുന്നത്. ഇത് രാജ്യത്തെ ആരോഗ്യവിദഗ്ധർക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഷാഹിദ് ജമാൽ വിദേശ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ കുറിച്ചു. 

കോവിഡ് കേസുകളിലും മരണനിരക്കിലും സർക്കാർ പുറത്തുവിടുന്ന കണക്കുകളും യഥാർഥ കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന വിമർശനങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ ഒരു തുറന്നുപറച്ചിലും പിന്നാലെ പ്രധാന സ്ഥാനത്തുനിന്നുണ്ടായ രാജിയും ഉണ്ടാക്കിയ അനുരണനങ്ങൾ ഒടുങ്ങുന്നില്ല. കോവിഡ് സംബന്ധമായ പഠനത്തിനും അതിന്റെ നിയന്ത്രണത്തിനും മറ്റും ഇതുവരെ ശേഖരിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഏപ്രിൽ 30ന് 800 ലേറെ വിദഗ്ധർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ലഭ്യമായില്ലെന്നാണ് ഷാഹിദ് തുറന്നെഴുതിയത്.

ഉയർന്ന പ്രതിദിന കേസുകള്‍, പിന്നാലെ മരണം

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 മാർച്ച് 27ന് 153 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആദ്യമായാണ് അന്ന് രോഗികളുടെ എണ്ണം മൂന്നക്കം കടന്നത്. അതേവർഷം ഏപ്രിൽ 9ന് 49 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ആ സമയത്തെ പ്രതിദിന മരണനിരക്കിൽ ഏറ്റവും ഉയർന്നതായിരുന്നു അത്. മാർച്ച് 26ന് 76 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 13 ദിവസത്തിനു ശേഷം ഏപ്രിൽ 8ന് 20 മരണം സ്ഥിരീകരിച്ചു. ഒന്നാം തരംഗം രാജ്യത്ത് രൂക്ഷമാകുന്നത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. സെപ്റ്റംബർ 11ന് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 97,654 എന്ന നിലയിൽ ഉയർന്നു. കോവിഡിന്റെ ഒന്നാം തരംഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കുകളിലൊന്ന് റിപ്പോർട്ട് ചെയ്തത് 4 ദിവസത്തിനു ശേഷം സെപ്റ്റംബർ 16നാണ് – 1290 മരണം. രണ്ടാം തരംഗത്തിൽ രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മേയ് 7 നും– 4,14,488 രോഗികൾ‌. എറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് വരുന്നതാകട്ടെ മേയ് 18നും– 4529.

ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ രേഖപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണ് ആ സമയത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധ കണ്ടെത്തുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് രോഗം മൂർച്ഛിക്കാനും മരണത്തിനും കാരണമാകുന്നതെന്നാണ് വിദഗ്ധർ ആഭിപ്രായപ്പെടുന്നത്. ഇതു തന്നെയാണ് രണ്ടാം തരംഗത്തിലും വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായത്. രണ്ടാം തരംഗത്തിൽ മഹാരാഷ്ട്രയിൽ ഏപ്രിൽ 18ന് 68,631 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയർന്നു നിന്ന ദിവസങ്ങളിലാണ് ഇത്. എന്നാൽ ഏറ്റവും ഉയർന്ന പ്രതിദിന മരണം റിപ്പോർട്ട് ചെയ്തത് 11 ദിവസത്തിനു ശേഷം ഏപ്രിൽ 31നാണ്– 1035.

കേരളത്തിലും സമാനമാണ് അവസ്ഥ. സംസ്ഥാനത്തു രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് മേയ് 12നാണ്– 43,529 പേർ. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതാകട്ടെ മേയ് 21നും– 142 പേർ. അതായത് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിന്റെ ഒൻപതാം ദിവസം. മേയ് 21ലെ മരണക്കണക്കിൽ ഉൾപ്പെട്ടിരുന്നവർക്ക് രണ്ടാഴ്ച മുതൽ ആറാഴ്ച മുൻപു വരെ കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും അത് മൂർ‌ച്ഛിച്ചു മരണത്തിലേക്കെത്തിയത് ഇപ്പോഴാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അങ്ങനെ നോക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാലും ശേഷമുള്ള മൂന്നാഴ്ച നിർണായകമാണ്. നിലവിലെ മരണങ്ങളിൽ എത്ര പേരുടെ രോഗം കൃത്യസമയത്തുതന്നെ സ്ഥിരീകരിക്കാൻ സാധിച്ചു എന്നതും വ്യക്തമല്ല.

രാജ്യത്ത് പ്രതിദിന കേസുകളിൽ കുറവ് അനുഭവപ്പെടുമ്പോഴും മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ് . ഡൽഹിയിൽ കേസുകൾ കുതിച്ചുയർന്നപ്പോൾ ഏർപ്പെടുത്തിയ ലോക്ഡൗൺ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ  ടെസ്റ്റ് പോസ്റ്റിവിറ്റിയിലും പ്രതിദിന കേസുകളിലും വൻകുറവാണ് രേഖപ്പെത്തുന്നത്. ഏപ്രിൽ അവസാനവാരം 25,000ത്തിൽ എത്തിയ ഡൽഹിയിലെ കോവിഡ് കേസുകൾ മേയ് 11ന് 12,000ത്തിൽ എത്തുകയും മേയ് 20ന് 3231 കേസുകളായി കുറയുകയും ചെയ്തു. പോസിറ്റിവിറ്റി നിരക്ക് ഏപ്രിൽ അവസാനവാരം 36 ആയിരുന്നെങ്കിൽ ഇപ്പോൾ അത് പത്തിൽ താഴെയാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലെ കുറവ് മരണനിരക്കിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ഡൽഹിയിൽ ആശങ്കയുയർത്തുന്നത്. 

പത്തു ദിവസത്തിനിടെ 75 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ അനുഭവപ്പെട്ടതെങ്കിൽ 27 ശതമാനം മാത്രമാണ് മരണനിരക്ക് കുറഞ്ഞത്. മേയ് 10ന് 12,651 രോഗബാധിതരാണ് ഉണ്ടായിരുന്നതെങ്കിൽ മരണം 319 ആയിരുന്നു. 20നാകട്ടെ 3231 രോഗബാധിതർ മാത്രം രാജ്യതലസ്ഥാനത്ത് ഉണ്ടായപ്പോൾ 233 പേർക്കാണ് ജീവൻ നഷ്ടമായത്. ജോൺ ഹോപ്‌കിൻസ് സർവകലാശാല നടത്തിൽ പഠനത്തിൽ പറയുന്നത് കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്ത് കോവിഡ് മരണനിരക്ക് 143 ശതമാനമാണ് ഉയർന്നതെന്നാണ്. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ ജീവഹാനി സംഭവിക്കുന്നതെന്നും പഠനത്തിൽ വിശദീകരിക്കുന്നു.

മേയ് 18ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത 4529 കോവിഡ് മരണം എന്നത് ലോകത്തിൽ മഹാമാരിയുടെ തുടക്കം മുതൽ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് ആയിരുന്നു. ഇതിനു മുൻപ് 2021 ജനുവരി 12ന് യുഎസിൽ റിപ്പോർട്ട് ചെയ്ത 4,475 എന്നതായിരുന്നു ഏറ്റവും ഉയർന്നത്. ഏപ്രിൽ 8ന് ബ്രസീലിൽ 4,249 പ്രതിദിന മരണങ്ങൾ റിപ്പോർട്ട് ചെയ്താണു പ്രതിദിന കണക്കുകളിൽ മൂന്നാം സ്ഥാനത്ത്. 

എന്തുകൊണ്ട് മരണനിരക്ക് ഉയരുന്നു? 

രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായതോടെ ആശുപത്രികളും തിങ്ങിനിറഞ്ഞു. ഒരു ഘട്ടത്തിൽ രാജ്യതലസ്ഥാനത്തുൾപ്പെടെ ഓക്സിജൻ കിടക്കകളും മറ്റും ലഭിക്കാതെ രോഗികൾ വഴിയിൽ കിടക്കുന്ന കാഴ്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. രോഗം മൂർച്ഛിക്കുകയും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്തതാണ് മരണനിരക്ക് ഉയരാൻ ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ആശുപത്രിയിലെ ദയനീയാവസ്ഥ അവിടേക്കെത്തുന്നതിൽനിന്നും രോഗം നിർണയിക്കുന്നതിൽ നിന്നും ജനത്തെ വിലക്കിയതും കാരണമായി. 

കോവിഡിന്റെ രണ്ടാം വരവ് ഏറ്റവും മോശമായി ബാധിച്ചവരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു. ഒന്നാം തരംഗത്തിൽ പൊതുവെ സുരക്ഷിതരെന്ന് കരുതിയിരുന്ന 20നും 40നും ഇടയിൽ പ്രായമുള്ളവർ ഇത്തവണ ഗുരുതര രോഗബാധിതരുടെ പട്ടികയിലാകുകയും അപ്രതീക്ഷിതമായി മരണത്തിന് കീഴങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. അതിന് പ്രധാന കാരണമായി വിദഗ്ധർ പറയുന്നത് വാക്സീൻ ലഭിച്ചതിലെ കാലതാമസമാണ്. 45 വയസ്സിനു മുകളിലുള്ളവർക്ക് ആദ്യ ഡോസ് വാക്സീനെങ്കിലും ലഭ്യമാക്കിയപ്പോൾ അവരിൽ രോഗം ഗുരുതരമാകാതിരിക്കുകയും വാക്സീൻ സ്വീകരിക്കാത്ത ഈ പ്രായപരിധിയിൽ ഉള്ളവർ ‘ഹൈ റിസ്കി’ലേക്ക് എത്തപ്പെടുകയും ചെയ്തു. ഇതിനു പുറമേ ചെറുപ്പക്കാരിൽ അസ്വാഭ‌ാവികമായി ഓക്സിജൻ ലെവൽ കുറയുകയും പ്രമേഹവും മറ്റ് രോഗങ്ങൾ തിരിച്ചറിയാൻ വൈകുന്നതും കോവിഡ് ബാധ രൂക്ഷമാകാനും മരണനിരക്ക് ഉയരാനും കാരണമാകുന്നു. 

INDIA-HEALTH-VIRUS
പിപിഇ കിറ്റ് ധരിച്ച് ബന്ധുവിന്റെ മൃതദേഹം അടക്കം ചെയ്യുന്ന ബന്ധുക്കൾ. ഡൽഹിയിലെ ശ്മശാനത്തിൽനിന്നുള്ള കാഴ്ച.TAUSEEF MUSTAFA / AFP

കോവിഡിനെ തുടർന്നുണ്ടാകുന്ന ബ്ലാക് ഫംഗസ് (മ്യൂകർമൈകോസിസ്) രോഗബാധ രാജ്യത്ത് കൂടിവരുന്നതും മരണനിരക്ക് ഉയരാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 13 സംസ്ഥാനങ്ങളിലായി 219 ബ്ലാക് ഫംഗസ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ കോവിഡ് ബാധിതർ പെട്ടെന്നു തന്നെ ന്യുമോണിയയ്ക്ക് കീഴ്പ്പെടുന്നതും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും മരണങ്ങൾ കൂടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ഭേദമായതിനു ശേഷവും ന്യൂമോണിയ ബാധിച്ചും ഹൃദയാഘാതം വന്നും മരിക്കുന്നവരുടെ കണക്കാകട്ടെ രോഗവുമായി ബന്ധപ്പെടുത്തി എവിടെയും ഔദ്യോഗികമായി രേഖപ്പെടുത്തുന്നുമില്ല!

കണക്കിലെ കളികളോ യാഥാർഥ്യമോ...?

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതലാണ് രണ്ടാം തരംഗത്തിൽ ജീവഹാനി സംഭവിച്ചവരുടെ എണ്ണമെന്ന വിമർശനം കേന്ദ്ര സർക്കാരിനു മേൽ ഉയരുന്നുണ്ട്. രാജ്യത്തിന്റെ പൊതുശ്മശാനങ്ങളിലേക്ക് നോക്കിയാൽ ഇത് വ്യക്തമാകുമെന്നാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ച് പുറത്തുപോയ ഷാഹിദ് ജമാൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ലോക ബാങ്കിനും മറ്റു സംഘടനകൾക്കും കേന്ദ്ര സർക്കാർ നൽകുന്ന കണക്കു പ്രകാരം 2019ൽ രാജ്യത്ത് മരണനിരക്ക് ഒരു വർഷം 1000 പേരിൽ 7.3 എന്നതാണ്. അതായത് ഒരു ദിവസം ശരാശരി 27,600 മരണം രാജ്യത്ത് സംഭവിക്കുന്നു. 

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം ഒരു ദിവസം 4,000 വരെ കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ 4,000 എന്നത് സർക്കാർ നൽകിയ സാധാരണ സംഭവിക്കുന്ന മരണങ്ങളുടെ കണക്കിനേക്കാൾ 15%  മാത്രമാണ് കൂടുതൽ. എന്നാൽ, ഈ  ചെറിയ വ്യത്യാസമല്ല നമ്മുടെ രാജ്യത്തെ പൊതുശ്മശാനങ്ങളിലും മറ്റും അനുഭവപ്പെടുന്നത്. രാജ്യത്തെ പൊതുശ്മശാനങ്ങളിലെ നീണ്ടനിരയും വിവിധ ഇടങ്ങളിൽ‌ ഒഴുകി നടക്കുന്നതും കുഴിച്ചിടുന്നതുമായി കണ്ടെത്തിയ അജ്ഞാത ശവശരീരങ്ങളും യഥാർഥ കണക്കുകളാണോ സർക്കാർ പുറത്തുവിടുന്നതെന്ന് സംശയം ജനിപ്പിക്കുന്നതായി ഷാഹിദ് ജമാൽ പറയുന്നു. 

കോവി‍ഡ് മരണങ്ങൾ രാജ്യത്ത് കൃത്യമായി റജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്ന് പറഞ്ഞ ഷാഹിദ്, കോവിഡ് രോഗി മറ്റു രോഗങ്ങൾ മൂലം മരിക്കുമ്പോൾ അത് കോവിഡ് മരണമായി കണക്കാക്കാത്ത സ്ഥിതിവിശേഷമുണ്ടെന്നും വിമർശിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ പ്രാദേശിക മാധ്യമം പുറത്തുവിട്ട റിപ്പോർട്ട് ഷാഹിദിന്റെ ഈ വാദത്തെ സാധൂകരിക്കുന്നതാണ്. 2021 മാർച്ച് ഒന്നു മുതൽ മേയ് 10 വരെ 1,23,871 മരണ സർട്ടിഫിക്കറ്റുകളാണ് ഗുജറാത്ത് സർക്കാർ നൽകിയത്. ഇത് കഴിഞ്ഞ വർഷത്തെ ഈ കാലഘട്ടത്തിൽ (2020 മാർച്ച് 1– 2020 മേയ് 10 വരെ) നൽകിയ സർട്ടിഫിക്കറ്റുകളേക്കാൾ ഇരട്ടിയാണ്. എന്നാൽ ഇവയൊന്നും കോവിഡ് ബാധിച്ചുള്ള മരണങ്ങളായിട്ടല്ല കണക്കാക്കിയിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമത്തിൽ പറയുന്നത്. 

80 ശതമാനത്തോളം സർ‌ട്ടിഫിക്കറ്റുകളിലും ഹൈപ്പർ ടെൻഷൻ, പ്രമേഹം, മറ്റു കാരണങ്ങൾ എന്നിവയാണ് മരണകാരണമായി പറയുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 4218 പേർ മാത്രമാണ്  2021 മാർച്ച് 1 മുതൽ മേയ് 10 വരെ കോവിഡ് ബാധിച്ച് ഗുജറാത്തിൽ മരിച്ചിട്ടുള്ളൂ! വർഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരിക്കിടെ മറ്റു മാസങ്ങളിൽ മരണ സർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്താനാകാതെ പോയവർ വിവിധ ആവശ്യങ്ങൾക്കായി സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയതാണ് സർട്ടിഫിക്കറ്റുകളുടെ എണ്ണം ഉയരാൻ ഇടയാക്കിയതെന്നും സർക്കാർ കേന്ദ്രങ്ങൾ വിശദീകരണം നൽകി.

മുന്നിൽ ഇനിയെന്ത്?

കോവിഡ് രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങളെപ്പോലെ നിർണായക ഘട്ടത്തിലാണ് കേരളവും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആദ്യമായി മരണം 100 കടന്നതോടെ ആശങ്കയും കൂടുകയാണ്. നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉണ്ടെങ്കിലും മരണനിരക്ക് അവരെ അപേക്ഷിച്ച് വളരെ കുറവാണ് എന്നത് നേരിയ ആശ്വാസം പകരുന്നു. മരണനിരക്കിലെ കുറവ് കോവിഡിന്റെ തുടക്കം മുതൽ കേരളം തുടർന്നുപോരുന്നുമുണ്ട്. കേരള സർക്കാരിന്റെ കണക്കുകൾ പ്രകാരം മേയ് 21 വരെ 0.3 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണനിരക്ക്. പഞ്ചാബാണ് രാജ്യത്ത് കോവിഡ് മരണനിരക്കിൽ മുന്നിൽ–2.43%. രണ്ടാം സ്ഥാനത്ത് ഉത്തരാഖണ്ഡ‍്–1.8%. സിക്കിം മൂന്നാമത്– 1.76%. ഡൽഹിക്ക് നാലാം സ്ഥാനമാണ്–1.62%.

covid-death-3-
ഡൽഹിയിൽ ബന്ധുവിന്റെ ശവസംസ്കാരത്തിനിടെ വിതുമ്പുന്ന ബന്ധുക്കൾ.[Adnan Abidi/Reuters]

ഒറ്റ ഡോസ് വാക്സീൻ എങ്കിലും പരമാവധി ആളുകൾക്ക് നൽകുക എന്നതാണ് മരണനിരക്ക് കുറയ്ക്കാനുള്ള പ്രധാന മാർഗമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേൽ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 10 ശതമാനത്തോളം പേർ മാത്രമാണ് ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചത് 3 ശതമാനവും. എന്നാൽ, ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകളും പൂർണമായും വാക്സീൻ സ്വീകരിച്ച രാജ്യങ്ങളാണ് ഇസ്രയേലും ജർമനിയും. ഇസ്രയേലിൽ 60 വയസ്സിനു മുകളിലുള്ള ജനങ്ങളിൽ 80% പേരും രണ്ടു ഡോസ് വാക്സീനെടുത്തുകഴിഞ്ഞു; 16 മുതൽ 59 വയസ്സ് വരെയുളളവരിൽ 36 ശതമാനവും. ആശുപത്രി സംവിധാനങ്ങളുടെ പോരായ്മയാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ആശുപത്രി സംവിധാനങ്ങൾ വർധിപ്പിക്കുക, ജനത്തിൽ‌ കൂടുതൽ അവബോധം സൃഷ്ടിക്കുക, കോവിഡ് പരിശോധന വർധിപ്പിച്ച് ക്വാറന്റീൻ ഉൾപ്പെടെയുള്ള പ്രതിരോധനടപടികൾ കർശനമാക്കുക എന്നിവയാണ് മരണത്തെ അകറ്റി നിർത്താൻ പ്രധാന മാർഗങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

English Summary: India's Covid19 Death Statistics; data analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA