‘ലീഡർ’ക്ക് കഴിഞ്ഞത് എനിക്ക് എളുപ്പമല്ല; കുഞ്ഞാലിക്കുട്ടിക്കും ജോസഫിനും ഈഗോയില്ല

HIGHLIGHTS
  • പിണറായിയുടെ പ്രവർത്തനങ്ങൾക്ക് ഒരു സ്റ്റാലിനിസ്റ്റ് ചുവയുണ്ട്
  • രാഷ്ട്രീയ പ്രവർത്തനം എന്നതു പരസ്പരം ചെളി വാരി എറിയാനുള്ളതല്ല
  • പാർട്ടിക്കാണ് ആദ്യ പരിഗണന, പാർട്ടി കഴിഞ്ഞിട്ട് ഗ്രൂപ്പ് ആയിക്കോളൂ
  • സങ്കടങ്ങളിൽ പൊടിയുന്ന കണ്ണീരാണ് പൊതു പ്രവർത്തകന്റെ ഏറ്റവും വലിയ ആസ്തി
VD  Satheesan
വി.ഡി.സതീശൻ . ചിത്രം: മനോരമ
SHARE

കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി വി.ഡി.സതീശൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിൽ എന്നും വേറിട്ട ശബ്ദമായി നിൽക്കാൻ സതീശൻ ശ്രമിച്ചിട്ടുണ്ട്. മികച്ച പാർലമെന്റേറിയൻ എന്ന വിശേഷണം ഇതിനകം ആർജിച്ച സതീശൻ ഇനി യുഡിഎഫിന്റെ പാർലമെന്ററി പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ പോകുന്നു. പുതിയ ദൗത്യത്തെ കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സതീശൻ വിശദമായി സംസാരിച്ചു:

99 പേരുമായി തുടർ ഭരണത്തിന്റെ ആവേശത്തിലാണ് പിണറായി വിജയൻ സർക്കാർ. വിജയാവേശത്തിൽ ഇരമ്പി ആർത്തുവരുന്ന ഭരണപക്ഷത്തിനു മുന്നിൽ 41 പേരായി ചുരുങ്ങിയ പ്രതിപക്ഷത്തിന് പിടിച്ചു നിൽക്കാൻ കഴിയുമോ?

ഒരു ഉത്കണ്ഠയുമില്ല. കഴിഞ്ഞ തവണ 47 പേരുമായി തുടങ്ങിയ ശേഷം കെ.എം.മാണിയുടെ നേതൃത്വത്തിൽ‍ പ്രത്യേക ബ്ലോക് ആയതോടെ അന്നും 41 പേരേ ഉണ്ടായുള്ളൂ. എന്നിട്ടും ഭരണ കക്ഷിയെ നിർത്തേണ്ട ഇടത്ത് നിർത്താൻ ഞങ്ങൾക്കു സാധിച്ചു. ഫ്ലോർ മാനേജ്മെന്റിനെക്കുറിച്ച് ഒരു ഭയവുമില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.തോമസ്, സണ്ണി ജോസഫ് തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെയുണ്ട്. ഒപ്പം പി.സി.വിഷ്ണുനാഥിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ മിടുക്കരായ യുവ എംഎൽഎമാരും. അവരെല്ലാം ഗംഭീരമായി പെർഫോം ചെയ്യും.

VD Satheesan
വി.ഡി.സതീശൻ

തീരുമാനങ്ങളെടുക്കുന്നതിൽ മുഖ്യമന്ത്രിക്കുള്ള മേന്മയെ താങ്കൾ പുകഴ്ത്തി കണ്ടു. പിണറായി വിജയനുമായി ഇനി നേർക്കുനേർ പോരാട്ടമാണ്. അദ്ദേഹത്തിന്റെ ദൗർബല്യം എന്താണ്?

ഒരു കാര്യം ശ്രദ്ധയിൽ പെടുത്തിയാൽ അതിനോട് നല്ല രീതിയിൽ മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ മുഖ്യമന്ത്രി അല്ലേ അദ്ദേഹം. പല ഗുണങ്ങളും ഉള്ളതു കൊണ്ടാണല്ലോ ആ പദവിയിൽ എത്തിയത്. താൻപ്രമാണിത്തം അദ്ദേഹത്തിനുണ്ട്. ഒരു സ്റ്റാലിനിസ്റ്റ് ചുവ പ്രവർത്തനങ്ങളിലുണ്ട്. ജനാധിപത്യത്തിന്റെ വഴിയിലെ ഏണികളിലൂടെ കയറി ഏകാധിപത്യത്തിലേക്ക് മുഖ്യമന്ത്രി പോകുന്നതു തടയേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. അതിനു തുനിഞ്ഞാൽ ആ ഏണി തട്ടിമറിച്ചിരിക്കും.

ഇത്തവണ പ്രതിപക്ഷനേതാവ് ആരാണ് എന്നത് കേരളം ഉറ്റു നോക്കിയിരുന്നു. 41 പേരായി ചുരുങ്ങിയിട്ടും ആ താൽപര്യം എന്തുകൊണ്ടായിരിക്കും?

അതു വളരെ ശരിയാണ്. പ്രതിപക്ഷം എന്നതു ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. സർക്കാർ വന്ന അതേ താൽപര്യത്തോടെയാണ് കേരളം പ്രതിപക്ഷത്തിന്റെ പ്രവർത്തനം എന്താകും എന്നും ഉറ്റുനോക്കിയത്. ആരാണ് പ്രതിപക്ഷനേതാവ് എന്ന കാര്യത്തിൽ ഇടതു സഹയാത്രികരും പാർട്ടിക്കാരും വരെ ഉദ്വേഗത്തിലായിരുന്നു. ഒരു നല്ല പ്രതിപക്ഷം ഉണ്ടാകണമെന്ന കേരളത്തിന്റെ പൊതു ആഗ്രഹമാണ് അതിൽ പ്രതിഫലിക്കുന്നതെന്ന് വിശ്വസിക്കുന്നു.

ramesh-chennithala-vd-satheesan
രമേശ് ചെന്നിത്തല, വി.ഡി.സതീശൻ

രമേശ് ചെന്നിത്തലയും താങ്കളും തമ്മിലായിരുന്നു പ്രതിപക്ഷ നേതാവ് ആകാനുള്ള മത്സരം. അടുത്ത സ്നേഹ ബന്ധത്തിൽ ഈ സ്ഥാനലബ്ധി വിള്ളൽ വീഴ്ത്തില്ലേ?

അദ്ദേഹത്തിന്റെ സമീപകാലത്തെ എല്ലാ പ്രധാന ദൗത്യങ്ങളും ഏറ്റെടുത്തത് ഞാനാണ്. ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുൻപായി നടന്ന ‘പടയൊരുക്കം’ മുതൽ ഒടുവിൽ ‘ഐശ്വര്യ കേരള യാത്ര’ വരെ ഏകോപിപ്പിച്ചത് ഞാനായിരുന്നു. ഒരു നിഴൽ പോലെ എപ്പോഴും ഞാൻ കൂടെയുണ്ടായി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ നിയമസഭയിലെ വലിയ പിൻബലവും ഞാനായിരുന്നു.

2006ൽ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ഉള്ള എന്റെ പ്രവർത്തനങ്ങൾ ഓരോന്നായി ഓർത്തെടുത്തു പറയുകയാണ് കുറച്ചു ദിവസം മുൻപ് കണ്ടപ്പോൾ അദ്ദേഹം ചെയ്തത്. ആ സ്ഥാനത്ത് എത്തുമ്പോൾ രണ്ടു പേരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്. എ.കെ.ആന്റണിക്കു പകരം സഹോദര തുല്യനായ ഉമ്മൻചാണ്ടി നേതൃത്വം ഏറ്റെടുത്തതു പോലെ തന്നെയാണ്, രമേശ് ചെന്നിത്തലയ്ക്ക് പകരം അനുജനായ എനിക്ക് ലഭിച്ച ഈ നിയോഗം. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും ബന്ധം തകർന്നില്ല. ഞങ്ങളുടെ സ്നേഹ ബന്ധവും തകരാൻ പോകുന്നില്ല.

k-muraleedharan-hibi-eden-vd-satheesan
കെ.മുരളീധരൻ, ഹൈബി ഈഡൻ, വി.ഡി.സതീശൻ

യുവ എംഎൽഎമാരുടെ ഗ്രൂപ്പ് അതീത ബന്ധം വളർത്തിയെടുക്കുന്നതിൽ താങ്കൾ ഒരു പങ്ക് വഹിച്ചു. പ്രതിപക്ഷ നേതാവ് ആകാൻ അവരുടെ പിന്തുണ നിർണായകമായില്ലേ?

ഗ്രൂപ്പിന് അതീതമായ സൗഹാർദ കൂട്ടായ്മ കോൺഗ്രസിലെ യുവാക്കൾ തമ്മിൽ ഉണ്ടാക്കുന്നതിൽ ഞാൻ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ‘മനോരമയിലെ’ പംക്തിയിൽ താങ്കൾ ആ കൂട്ടായ്മയെക്കുറിച്ച് വളരെ മുൻപ് തന്നെ എഴുതിയിട്ടുണ്ട്. അത് എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെ ആയിരുന്നില്ലെന്ന് അന്നുതന്നെ അറിയാമല്ലോ. കോൺഗ്രസിനെ ശക്തവും കാലാനുസൃതവുമാക്കണം എന്നതു മാത്രമായിരുന്നു ഞങ്ങളുടെ പൊതുലക്ഷ്യം. അവരെല്ലാം മിടു മിടുക്കന്മാരാണ്.

എന്നെങ്കിലും ഒരു നേതൃപദവിയിൽ എത്തിയാൽ ജ്യൂസ് പിഴിയുന്നത് പോലെ നിങ്ങളുടെ കഴിവ് പിഴിഞ്ഞു വിനിയോഗിക്കുമെന്ന് അവരോട് അപ്പോഴെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ അതിനുള്ള സമയം ആയിരിക്കുന്നു. നിയമസഭയിൽ യുവ നേതൃത്വത്തിന്റെ മികവ് ഇതിനകം തന്നെ പ്രകടമാണ്. അതു കൂടുതൽ ശക്തമായി പ്രതിഫലിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കുള്ളവരുടെ മാർഗനിർദേശങ്ങളും കരുത്താകും.

ചില കാര്യങ്ങളിൽ തുറന്നടിച്ചുള്ള നിലപാടുകൾ വഴി കോ‍ൺഗ്രസിൽ ഒരു പിടി ശത്രുക്കളെയും താങ്കൾ സമ്പാദിച്ചിട്ടുണ്ടോ?

വി.ഡി.സതീശൻ‍ വേണോ വേണ്ടയോ എന്നത് ആയിരുന്നില്ല ഇത്തവണത്തെ തർക്കം. തലമുറ മാറ്റം ആവശ്യമോ അല്ലയോ എന്നതു സംബന്ധിച്ചായിരുന്നു. രമേശ് ചെന്നിത്തലയും വി.ഡി.സതീശനും എന്ന തർക്കമായി മാധ്യമങ്ങൾ അതിനെ ചിത്രീകരിച്ചതാണ്. സമുദായ സംഘടനകളുമായി ബന്ധപ്പെടുന്ന കാര്യത്തിലും മതനിരപേക്ഷതയുടെ കാര്യത്തിലും മറ്റും എന്റേതായ നിലപാടുകൾ ഞാൻ കൃത്യമായി കോൺഗ്രസിനകത്തു പറഞ്ഞിട്ടുണ്ട്. അങ്ങനെ ഭിന്നാഭിപ്രായം ഉളളവരുടെ പ്ലാറ്റ്ഫോം ആണല്ലോ കോൺഗ്രസ്. അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ആർക്കെങ്കിലും വിരോധം രൂപപ്പെട്ടെന്നു കരുതുന്നില്ല.

pj-joseph-hibi-eden-vd-satheesan
പി.ജെ.ജോസഫ്, ഹൈബി ഈഡൻ, വി.ഡി.സതീശൻ

പി.കെ.കു​ഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫും അടക്കമുള്ള മുതിർന്ന നേതാക്കളുടെയും നേതാവായി മാറുന്നത് അവരെ അസ്വസ്ഥമാക്കും എന്ന ശങ്കയുണ്ടോ?

കോൺഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തു വരുന്നതിനു മുൻപു തന്നെ വ്യക്തിപരമായി അവരെല്ലാം പിന്തുണ അറിയിച്ചിരുന്നു. ലീഗിന്റെ മുതിർന്ന നേതാക്കൾക്കോ പി.ജെ.ജോസഫിനോ ഒരു ഈഗോ പ്രശ്നവും ഞാൻ വരുന്നതിൽ ഇല്ല. കെ.എം.മാണിക്ക് 80 വയസ്സ് ഉളളപ്പോഴല്ലേ 60 വയസ്സ് ഉള്ള രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയത്. തൊട്ടപ്പുറത്ത് ഇരുന്ന ഉമ്മൻചാണ്ടിക്ക് അന്ന് 72 വയസ്സുണ്ട്. ഇവരൊക്കെ തമ്മിലുള്ള പ്രായത്തിലെ വ്യത്യാസം ഞാനും പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബും തമ്മിൽ ഇല്ല.

37 വയസ്സിൽ എ.കെ.ആന്റണി മുഖ്യമന്ത്രി ആയി. അന്ന് ഘടകകക്ഷി നേതാക്കളെല്ലാം അദ്ദേഹത്തേക്കാൾ സീനിയർ ആയിരുന്നില്ലേ? ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കെ.എം.മാണി അദ്ദേഹത്തേക്കാൾ സീനിയർ ആയിരുന്നില്ലേ. ഐക്യമുന്നണി രാഷ്ട്രീയത്തിൽ ഇതെല്ലാം സ്വാഭാവികമാണ്. ഒരാൾ വരാതിരിക്കാൻ വേണ്ടി ഇങ്ങനെ ചില തടസ്സ വാദങ്ങൾ ഉന്നയിക്കാമെന്ന് മാത്രമെയുള്ളൂ.

നേരത്തെ കോൺഗ്രസ് തന്നെയാണ് പ്രതിപക്ഷ നേതൃ, ഉപ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നത്. കഴിഞ്ഞ തവണ ഉപനേതാവ് പദവി ലീഗിനു കൈമാറിയതു തുടരുമോ?

vd-satheesan-4
വി.ഡി.സതീശൻ

മുൻകാലങ്ങളിൽ കോൺഗ്രസ് പ്രതിപക്ഷത്ത് വരുമ്പോഴും ഒരു പാട് എംഎൽഎമാർ ഉണ്ടാകും. സമീപകാലത്തായി കോൺഗ്രസും ലീഗും തമ്മിലെ വ്യത്യാസം കുറഞ്ഞു. അതു കൊണ്ടാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ ആലോചിച്ചു ലീഗിന് ഉപനേതൃസ്ഥാനം നൽകിയത്. ആ തീരുമാനത്തിൽ ഒരു മാറ്റവും ആവശ്യമില്ല. അങ്ങനെ ഉള്ളവർ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ ഞാൻ ആളുമല്ല. കോൺഗ്രസിന് ഇത്തവണയും കൂടുതൽ എംഎൽഎമാർ ഇല്ല. പി.കെ.കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാൾ പ്രതിപക്ഷ ഉപനേതൃ പദവിയിൽ ഉണ്ടാകുന്നതിൽ സന്തോഷവുമുണ്ട്.

വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഊന്നൽ കൊടുത്തത്. സർക്കാരിന്റെ ഉന്നത തലത്തിലെ അഴിമതി തുറന്നു കാണിക്കാനാണു രമേശ് ചെന്നിത്തല ശ്രമിച്ചത്. താങ്കളുടെ ഊന്നൽ എന്തായിരിക്കും?

സാമ്പ്രദായിക ശൈലി വിട്ട് ഒരു പുതിയ ശൈലി സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തീരുമാനം എടുക്കേണ്ടത് പാർട്ടിയും മുന്നണിയുമാണ്. എല്ലാ കാര്യങ്ങളിലും ഭരണപക്ഷത്തെ എതിർക്കേണ്ട കാര്യമില്ല. നല്ല കാര്യം ചെയ്താൽ അഭിനന്ദിക്കണം. ഏതു സർക്കാർ വന്നാലും ആരോഗ്യ–വിദ്യാഭ്യാസ വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാക്കാതെ സമന്വയം രൂപപ്പെടുത്തണം.

കുട്ടികളുടെ നല്ല ഭാവിയാണ് രക്ഷിതാവിന്റെ വലിയ സ്വപ്നം. ഇന്നത്തെ വലിയ വെല്ലുവിളി ആരോഗ്യ മേഖലയിലാണ്. ക്രിയാത്മക പ്രതിപക്ഷം എന്നത് ക്ലീഷേ ആയ വാക്കാണെങ്കിലും അതിന് ഉദാത്തമായ ചില മാനങ്ങളുണ്ട്. രാഷ്ട്രീയ പ്രവർത്തനം എന്നു പറയുന്നതു പരസ്പരം ചെളി വാരി എറിയാനുള്ളതല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ വരുമ്പോൾ കൈകോർത്തു പിടിച്ച് അവർക്കൊപ്പം നിൽക്കാൻ കൂടി ഉള്ളതാണ്.

vd-satheesan-vm-sudheeran
വി.എം.സുധീരനൊപ്പം വി.ഡി.സതീശൻ

ഞാൻ ചോദിച്ചത് സമൂഹത്തിലും ഭരണ തലത്തിലും താങ്കൾ തുറന്നു കാണിക്കാൻ ആഗ്രഹിക്കുന്ന ജനവിരുദ്ധ നിലപാടുകൾ എന്തൊക്കെ എന്നാണ്?

എച്ച്എംടി ഭൂമി ഇടപാടും ഹാരിസണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം ഉയർത്തിക്കൊണ്ടു വരുന്നതിൽ നിയമസഭാ സാമാജികൻ എന്ന നിലയിൽ ഞാൻ പങ്ക് വഹിച്ചിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുകളുടെ കാര്യവും ആരും മറന്നു പോയിട്ടുണ്ടാകില്ല. മരുന്ന് മാഫിയ ഇപ്പോൾ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട ഒരു വിപത്താണ്. ജനങ്ങൾ ഏറ്റവും അധികം ചൂഷണത്തിനു വിധേയമാകുന്ന ഒന്നാണ് ആ മേഖല. ലോട്ടറിയുടെ കാര്യത്തിലെന്ന പോലെ ഇതിലും വലിയ ഇടപെടൽ നടത്താൻ ആഗ്രഹിക്കുന്നു. അതുപോലെ പാരിസ്ഥിതിക വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. പശ്ചിമഘട്ടത്തിന്റെ തന്നെ നിലനിൽപ് അപകടത്തിലാണ്. ഒരിക്കൽ ഞങ്ങൾ രൂപം കൊടുത്ത ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി വർധിച്ചു വരുന്ന സമയമാണ് ഇത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പിന് അതീതമായി വിഎം സുധീരനെ കൊണ്ടു വന്നതു പോലെ ആണോ പ്രതിപക്ഷനേതൃ സ്ഥാനത്തേയ്ക്ക് ഗ്രൂപ്പുകൾ പിന്തുണയ്ക്കാത്ത താങ്കളെ ഹൈക്കമാൻഡ് നിയോഗിച്ചത്?

ഗ്രൂപ്പുകൾ ഇല്ലാതാകില്ല. പക്ഷേ പാർട്ടിക്കാണ് ആദ്യ പരിഗണന. പാർട്ടി കഴിഞ്ഞിട്ട് ഗ്രൂപ്പ് ആയിക്കോളൂ. പാർട്ടിയുടെ ഒരു താൽപര്യവും ഗ്രൂപ്പിന്റെ പേരിൽ ഹനിക്കപ്പെടില്ലെന്നും ഗ്രൂപ്പിന്റെ പേരിൽ അർഹതപ്പെട്ടവർ തഴയപ്പെടില്ലെന്നും ഗ്രൂപ്പു സമവാക്യങ്ങളുടെ പേരിൽ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം നശിപ്പിക്കാൻ കഴിയില്ലെന്നും ഉള്ള സന്ദേശം ഈ നിയമനത്തിലുണ്ട്. ഞങ്ങളെല്ലാം ഗ്രൂപ്പിന്റെ ഭാഗമായി വന്നവരാണ്. ഒരു സുപ്രഭാതത്തിൽ വന്ന് ഗ്രൂപ്പിനെതിരെ സംസാരിക്കുന്നതു ശരിയല്ല. അതിൽ അനൗചിത്യമുണ്ട്.

പക്ഷേ ഗ്രൂപ്പ് എവിടെ നിൽക്കണം, എതുവരെ ആകാം എന്ന വിപൽ ചിന്ത ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ അതിപ്രസരം കുറയ്ക്കണമെന്ന് ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവരും ആഗ്രഹിക്കുന്നു. എത്രയോ പേർ ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നു. പാർട്ടി ഏത് അവസ്ഥയിൽ എത്തിയെന്ന് അവർക്കെല്ലാം ബോധ്യപ്പെട്ടു. പ്രവർത്തകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കലാണ് ഇന്നു വേണ്ടത്. അല്ലാതെ അവർ രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചു പോകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുത്.

vd-satheesan-5

ഒഴിയാനുള്ള സന്നദ്ധത കെപിസിസി പ്രസിഡന്റും അറിയിച്ചല്ലോ. തലമുറ മാറ്റം അവിടെയും വരുമോ?

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ വരുത്തേണ്ട സംഘടനാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനായി അശോക് ചവാൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവർ ഇവിടെ എത്തി എല്ലാവരെയും കണ്ട ശേഷം തുടർ നടപടികൾ സ്വീകരിക്കും. തലമുറ മാറ്റത്തോട് ഒപ്പം പാർട്ടിയുടെ പ്രഹര ശേഷിയും സംഘടനാ ശക്തിയും വർധിപ്പിക്കാൻ സാധിക്കുന്ന നേതൃത്വം വരണം. സംഘടനയുടെ സൂക്ഷ്മ തലത്തിലെ സംവിധാനം വരെ ഗംഭീരമാക്കണം. അതിനെല്ലാം കഴിയുന്നവർ നമ്മുടെ പുതിയ തലമുറയിൽ ഉണ്ട്. അവരെ കൂടി പരിഗണിക്കുമെന്നാണ് കരുതുന്നത്. വയസ്സല്ല, മനസ്സാണ് പ്രധാനം.

1967ൽ കെ.കരുണാകരന് ഏറ്റെടുക്കേണ്ടി വന്നതു പോലുള്ള ദൗത്യമാണ് മുന്നിൽ. ‘ലീഡർ’ക്കു കഴിഞ്ഞത് വി.ഡി.സതീശന് എളുപ്പമാണോ?

‘ലീഡർ’ ഞങ്ങളുടെ പ്രകാശ ഗോപുരമാണ്. അദ്ദേഹത്തിനു ചെയ്യാൻ കഴിഞ്ഞത് എനിക്ക് എളുപ്പമല്ല. എന്റെ മതനിരപേക്ഷ കാഴ്ചപ്പാട് രൂപപ്പെടുത്തി എടുത്തതു കെ.കരുണാകരനിൽ നിന്നാണ്. ഞാനും ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന ഹിന്ദുവാണ്. അങ്ങനെ തുടർന്നു കൊണ്ട് എല്ലാ സഹോദര മതങ്ങളിലും പെട്ടവരെ ചേർത്തു പിടിക്കാൻ കഴിയുമെന്നാണ് അദ്ദേഹം തെളിയിച്ചത്. എല്ലാ ഒന്നാം തീയതിയും അദ്ദേഹം ഗുരുവായൂരിൽ പോകും. പക്ഷേ കേരളത്തിലെ എല്ലാ മത വിഭാഗങ്ങൾക്കും അദ്ദേഹത്തെ പൂർണ വിശ്വാസമായിരുന്നു.

മുതിർന്ന നേതാക്കൾ നൽകിയ ഇതു പോലെയുള്ള പല പാഠങ്ങൾ ഉണ്ട്. ഏറെ ആരാധിക്കുന്ന ആളാണ് പനമ്പിള്ളി ഗോവിന്ദമേനോൻ. എന്റെ ചെറുപ്പത്തിലെ ആഗ്രഹം പനമ്പിള്ളി ഗോവിന്ദമേനോനെ പോലെ ഏതു വിഷയത്തെ പറ്റിയും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ ആകണം എന്നതായിരുന്നു. സാഹിത്യം തൊട്ട് സൗണ്ട് എൻജിനീയറിങ്ങും മെറ്റാ ഫിസിക്സും വരെയുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും. അതു കേട്ടു വളർന്നവരിൽ ഒരാളാണ് ഞാനും. അങ്ങനെ ഓരോ നേതാക്കൾക്കും പ്ലസ് പോയിന്റുകളുണ്ട്. അവരെ അതുപോലെ അനുകരിക്കാൻ കഴിയില്ല. പക്ഷേ അവരിൽനിന്നു ചിലതെല്ലാം സ്വാംശീകരിക്കാൻ സാധിക്കും.

rahul-gandhi-vd-satheesan
രാഹുൽ ഗാന്ധിക്കൊപ്പം വി.ഡി.സതീശൻ

സമുദായ സംഘടനകളോട് താങ്കൾ എന്തുകൊണ്ടാണ് ബോധപൂർവമായ അകൽച്ച കാത്തു സൂക്ഷിക്കുന്നത്?

എല്ലാ രാഷ്ട്രീയ നേതാക്കളും മത–സാമുദായിക സംഘടനകളുമായി നിശ്ചിത അകലം പാലിക്കണമെന്നു തന്നെയാണു കരുതുന്നത്. പ്രതിപക്ഷ നേതാവാകുമ്പോഴും അതു തന്നെയാകും നിലപാട്. എന്നു കരുതി അവരെ കണ്ടാൽ മിണ്ടരുതെന്നോ അവരുടെ സ്ഥലങ്ങളിൽ പോകരുതെന്നോ അല്ല. ഞാൻ ഇവരെ എല്ലാം കാണാറുണ്ട്. നല്ല ബന്ധം പുലർത്താറുണ്ട്.

പക്ഷേ അവർ രാഷ്ട്രീയ നേതൃത്വത്തെ നിയന്ത്രിക്കുന്ന സ്ഥിതി ആകരുത്. അവർ ഇരിക്കാൻ പറയുമ്പോൾ ഇരുന്നാൽ മതി, കിടക്കേണ്ട കാര്യമില്ല. ഇതു ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തോട് ആരെങ്കിലും ഒരു അനീതി കാട്ടിയാൽ അവർക്കായി ആദ്യം ഓടി എത്തുകയും ചെയ്യണം.

താങ്കളിൽ സ്വയം കാണുന്ന വലിയ കരുത്ത് എന്താണ്?

ഏതു പ്രതിസന്ധിയിലും തളരാതെ ലക്ഷ്യം കാണുന്നതു വരെ പോരാടുന്ന രീതിയാണ് കരുത്ത്. പിന്തിരിഞ്ഞോടുകയോ തളർന്നു വീഴുകയോ ചെയ്യില്ല. അങ്ങനെ ഒരു ആത്മവിശ്വാസം എനിക്കുണ്ട്.

ഒരു ദൗർബല്യം എടുത്തു കാട്ടാൻ പറഞ്ഞാലോ?

മനുഷ്യന്റെ ദൈന്യത കാണുമ്പോൾ കരഞ്ഞുപോകും. ഞാനും മോളും കൂടി വീട്ടിൽ സിനിമ കാണുമ്പോൾ വല്ലാത്ത സീനുകൾ വന്നാൽ മോൾ ടിവിയിൽനിന്ന് കണ്ണെടുത്ത് എന്റെ മുഖത്ത് നോക്കിയിരിക്കും. ഞാൻ കരയുമെന്ന് അവൾക്കറിയാം. അടുപ്പമുള്ളവരുടെ വേർപിരിയൽ താങ്ങാൻ കഴിയില്ല. എംഎൽഎ എന്ന നിലയി‍ൽ ചിലപ്പോൾ പത്തു മരണ വീടുകളിൽ വരെ ദിവസം പോകേണ്ടി വരും.

ഇതെല്ലാം കണ്ടു കണ്ട് മനസ്സു മരവിച്ചു പോകുമോ എന്നു ഞാൻ പണ്ട് പേടിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും സങ്കടം കാണുമ്പോൾ കണ്ണു നിറയുന്നതിനു ദൈവത്തോട് നന്ദി പറയും. കാരണം ആർദ്രതയുടെ നനവ് നഷ്ട്ടപ്പെട്ടില്ലല്ലോ. നിയമസഭയിൽ മഹാപ്രളയത്തെക്കുറിച്ച് ആദ്യം സംസാരിച്ചപ്പോൾ ഞാൻ വിതുമ്പിപ്പോയി. കാരണം അത്രയും സങ്കടം കണ്ടിട്ടാണ് ഞാൻ വന്നത്. മറ്റുളളവരുടെ സങ്കടങ്ങളിൽ പൊടിയുന്ന കണ്ണീരാണ് ഒരു പൊതു പ്രവർത്തകന്റെ ഏറ്റവും വലിയ ആസ്തി. അതു വറ്റിപ്പോയാൽ പിന്നെ ഈ ജോലി തുടരാൻ ഞങ്ങളാരും അർഹരല്ല.

English Summary: Cross Fire Exclusive Interview with Opposition Leader VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA