ADVERTISEMENT

ബെയ്ജിങ്∙ രാജ്യത്തിനു പ്രായമാകുന്നത് തടയാന്‍ സന്താന നിയന്ത്രണ നടപടികളില്‍ ഇളവു വരുത്താന്‍ ചൈനീസ് സര്‍ക്കാര്‍. നാം രണ്ട് നമുക്ക് രണ്ട് എന്ന പരിധി മാറ്റി മൂന്നു മക്കള്‍ വരെയാക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം. രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൈനീസ് അധികൃതരുടെ മനംമാറ്റം. 

ജനസംഖ്യാ വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1980 മുതലാണ് സന്താനനിയന്ത്രണം നടപ്പാക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചത്. ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്നത് 2016ല്‍ രണ്ട് കുട്ടികള്‍ എന്നാക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പല ദമ്പതിമാരും ഒരു കുട്ടിയില്‍ തന്നെ ഒതുങ്ങുകയായിരുന്നു. 

നിലവില്‍ 65 വയസിനു മുകളിലുളളവരുടെ എണ്ണം വര്‍ധിക്കുകയും തൊഴില്‍ എടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും തിരിച്ചടിയുണ്ടാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. 

വിഷയത്തില്‍ ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. ഒരു കുടുംബത്തില്‍ മൂന്നു കുട്ടികള്‍ എന്ന നയം നടപ്പാക്കുന്നത് ഗുണകരമാകുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. തീരുമാനം എന്നു മുതല്‍ നടപ്പാക്കുമെന്ന് ഉറപ്പായിട്ടില്ല. 

നിലവില്‍ 15-59 പ്രായമുള്ളവര്‍ ആകെ ജനസംഖ്യയുടെ 63.3 ശതമാനമാണ്. 65 വയസിനു മേല്‍ പ്രായമുള്ളവര്‍ 13.5 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 12 ദശലക്ഷമാണ് ജനനനിരക്ക്. ഇത് 2019നേക്കാള്‍ കുറവാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

English Summary: China easing birth limits further to cope with ageing society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com