ADVERTISEMENT

ചെന്നൈ ∙ പദവികൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട എൻആർ കോൺഗ്രസ്- ബിജെപി തർക്കത്തിൽ തട്ടി പുതുച്ചേരിയിലെ മന്ത്രിസഭാ വികസനം അനന്തമായി നീളുന്നു. മുഖ്യമന്ത്രി എൻ.രംഗസാമി ചുമതലയേറ്റ് ഒരു മാസമാകാറായിട്ടും മന്ത്രിസഭയിൽ മറ്റാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കുന്നതിനിടെ, പൂർണ മന്ത്രിസഭയില്ലാത്തതു ഭരണസ്തംഭനത്തിനു കാരണമാകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

നാമനിർദേശം ചെയ്ത അംഗങ്ങളുൾപ്പെടെ 33 എംഎൽഎമാരാണു പുതുച്ചേരിയിലുള്ളത്. എൻആർ കോൺഗ്രസ് 10, ബിജെപി 12 എന്നിങ്ങനെയാണു ഭരണ കക്ഷിയിലെ അംഗബലം. നാമനിർദേശം ചെയ്ത മൂന്നും 3 സ്വതന്ത്രരുമുൾപ്പെടെയാണു ബിജെപിയുടെ 12. മുഖ്യമന്ത്രി സ്ഥാനം എൻആർ കോൺഗ്രസിനു വിട്ടുനൽകാമെന്നറിയിച്ച ബിജെപി, ആറംഗ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയുൾപ്പെടെ 3 മന്ത്രിമാരും സ്പീക്കർ സ്ഥാനവുമാണ് ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രി ആവശ്യം നിരാകരിക്കുന്ന രംഗസാമി വാഗ്ദാനം ചെയ്യുന്നതു 2 മന്ത്രിപദവിയും ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും.

എംഎൽഎമാരെ നാമനിർദേശം ചെയ്യുന്നതിനു മുൻപ് മുന്നണിക്കകത്ത് ചർച്ചയുണ്ടാകുമെന്നു ധാരണയുണ്ടായിരുന്നു. എന്നാൽ, രംഗസാമി കോവിഡ് ചികിത്സയിലായിരിക്കെ ബിജെപി ഏകപക്ഷീയമായി 3 പേരെ നാമനിർദേശം ചെയ്തു. ഇതിൽ രംഗസാമിക്കു കടുത്ത അതൃപ്തിയുണ്ട്. നാമനിർദേശവും സ്വതന്ത്ര എംഎൽഎമാരെ ചാക്കിട്ടുപിടിച്ചും അംഗബലം വർധിപ്പിക്കുന്ന ബിജെപി ലക്ഷ്യമിടുന്നതു മുഖ്യമന്ത്രിക്കസേരയാണെന്ന ആശങ്ക എൻആർ കോൺഗ്രസിനുണ്ട്.

ഡിഎംകെയ്ക്ക് ആറും കോൺഗ്രസിനു രണ്ടുമായി പ്രതിപക്ഷ സഖ്യത്തിന് 8 സീറ്റുണ്ട്. ബിജെപിയെ മാറ്റിനിർത്താനായി എൻആർ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ഇവർ തയാറാണ്. അതിനാൽ, എൻആർ കോൺഗ്രസിനെ പിണക്കാൻ ബിജെപിക്കു താൽപര്യമില്ല. പുതുച്ചേരിയിൽ ഉടൻ രാജ്യസഭാ സീറ്റ് ഒഴിവു വരുന്നുണ്ട്. ഇതു കൂടി ഉൾപ്പെടുത്തി ഒത്തുതീർപ്പു ഫോർമുലയ്ക്കു ശ്രമം നടക്കുന്നുവെന്നാണു സൂചന.

English Summary: Delay in formation of Cabinet in Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com