ചോര്‍ച്ച തടയാൻ യുഡിഎഫിലെ കേരള കോൺഗ്രസുകൾ; ‘അവകാശവാദം ഉണ്ടയില്ലാ വെടി’

PJ-Joseph-and-Jose-K-Mani
പി.ജെ. ജോസഫ്, ജോസ് കെ. മാണി
SHARE

കോട്ടയം ∙ കേരള കോൺഗ്രസിന്റെ (എം) ചൂണ്ടയിൽ നിന്ന് നേതാക്കന്മാരെ രക്ഷിച്ചെടുക്കാൻ ജോസഫ്, ജേക്കബ് വിഭാഗം കേരള കോൺഗ്രസുകൾ രംഗത്തിറങ്ങി. ഭരണത്തിന്റെ പിൻബലത്തിൽ സഹോദര കേരള കോൺഗ്രസുകളിൽ നിന്നു നേതാക്കളെ റാഞ്ചാൻ കേരള കോൺഗ്രസും (എം) ജനാധിപത്യ കേരള കോൺഗ്രസും രംഗത്തിറങ്ങിയതോടെയാണ് ഈ ബദൽ നീക്കം. 

കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ചില നേതാക്കൾ തങ്ങൾക്കൊപ്പം വരുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. അപകടം മണത്ത ജോസഫ് വിഭാഗം കേരള കോൺഗ്രസ് നേതാക്കൾ ഇന്നലെ പരസ്പരം ബന്ധപ്പെട്ടു. ‘ആടി’ നിൽക്കുന്ന നേതാക്കളെ മുതിർന്ന നേതാക്കൾ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. പാർട്ടിയിലെ ഒഴിവുകൾ നികത്തി നേതാക്കളുടെ ചോർച്ചയ്ക്കുള്ള പഴുത് അടയ്ക്കാനാണ് ആദ്യ നീക്കം. ജേക്കബ് വിഭാഗം ലീഡർ അനൂപ് ജേക്കബിനെ കൂടെ നിർത്താനാണ് അടുത്ത ശ്രമം. 

കേരള കോൺഗ്രസിലെ അഞ്ചു വിഭാഗങ്ങളിലെ നേതാക്കൾ ലയിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ ഒറ്റപ്പാർട്ടിയായത്. ഇവരിൽ ഒരു വിഭാഗത്തെ അടർത്തിയെടുക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം. കെ. ഫ്രാൻസിസ് ജോർജിനൊപ്പം ജോസഫ് ഗ്രൂപ്പിലേക്കു മടങ്ങിയവരിൽ ഒരു വിഭാഗത്തെ പാർട്ടിയിൽ തിരിച്ചെത്തിക്കാനാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ശ്രമം.  കേരള കോൺഗ്രസ് (സ്കറിയാ തോമസ്) വിഭാഗത്തിൽ നിന്നും ചിലർ ജനാധിപത്യ കേരള കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. 

ജോസ് കെ. മാണി തങ്ങളുടെ പാർട്ടിയിലെ ചില നേതാക്കളുമായി ചർച്ച നടത്തിയ വിവരം അറിയാമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു. പാലായിലെ തോൽവി മറയ്ക്കാനാണ് ഈ നീക്കം. ഇതിനെ നേരിടാൻ അടിയന്തരമായി സംസ്ഥാന, ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു പാർട്ടി ശക്തിപ്പെടുത്താനാണ് ആലോചന. 

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ എതിർക്യാംപിലെ നേതാക്കളെ ആകർഷിക്കാനാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ നീക്കം. കഴിഞ്ഞ സർക്കാരിൽ രണ്ടു കോർപറേഷനും ഒരു ബോർഡ് അംഗത്വവും പാർട്ടിക്കു ലഭിച്ചു. ഇക്കുറി കൂടുതൽ പദവികൾ പ്രതീക്ഷിക്കുന്നുണ്ട്. വിവിധ കേരള കോൺഗ്രസുകളിലെ നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ് പറഞ്ഞു. ‘പലരും ഞങ്ങളെ ഇപ്പോൾ ബന്ധപ്പെടുന്നു. ഇവരിൽ പലരും നേരത്തെ ഭാഗ്യാന്വേഷികളായി ഞങ്ങളെ വിട്ടു പോയവരാണ്. അതിനാൽ തീരുമാനം വളരെ സൂക്ഷിച്ചേ എടുക്കൂ’– ഡോ. കെ.സി. ജോസഫ് പറഞ്ഞു.

നേതാക്കളെ റാഞ്ചാനുള്ള ശ്രമം പാർട്ടി നിരീക്ഷിച്ചു വരികയാണെന്നു കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ്  ലയന ചർച്ച നടന്നിരുന്നു. ഇപ്പോൾ ആ നീക്കം കൂടുതൽ ശക്തമായെന്നും അനൂപ് ജേക്കബ് പറഞ്ഞു. 

ആളെ കിട്ടുമെന്ന അവകാശവാദം ഉണ്ടയില്ലാവെടി: ജോഷി ഫിലിപ്

കോട്ടയം ∙ യുഡിഎഫിൽ നിന്നു കൂടുതൽ നേതാക്കൾ ഭരണമുന്നണിയിലേക്കെത്തുമെന്ന ചിലരുടെ അവകാശവാദം ഉണ്ടയില്ലാത്ത വെടി മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നവർ സ്വയം അപഹാസ്യരാവും. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള രാഷ്ട്രീയ വീര്യവും പോരാട്ട വീര്യവും കോൺഗ്രസിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണി വിട്ടുപോയ സാഹചര്യം നിലനിന്നിട്ടും വോട്ടുവിഹിതത്തിൽ കോട്ടയം ജില്ലയിൽ യുഡിഎഫിനും കോൺഗ്രസിനും വലിയ വർധനയുണ്ടായതായി ജോഷി ഫിലിപ്പ് പറഞ്ഞു. 

2016ൽ യു ഡിഎഫ് നു ലഭിച്ച 41.79 ശതമാനത്തിൽ നിന്ന് 41.84 ശതമാനമായി വോട്ട് വിഹിതം വർധിച്ചു. കോൺഗ്രസിന് 2016ൽ 15.29 ശതമാനം ലഭിച്ചത് 2021 ൽ 21.94 ശതമാനമായി വർധിച്ചു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന നിറം പിടിപ്പിച്ച നുണകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പാലായിലെയും കടുത്തുരുത്തിയിലെയും പരാജയമടക്കം മറച്ചുപിടിക്കുവാനാണ് ഈ പ്രചാരണമെന്നും ജോഷി പറഞ്ഞു.

Content Highlights : Kerala Congress (M), UDF, Jose K Mani, P J Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA