‘വയനാടൻ ചുരമിറങ്ങി അഴിമതി ആരോപണം ’; ഈട്ടിക്കൊള്ളയിൽ സംശയമുന ഉന്നതരിലേക്ക്‌

rose-wood-representation
പ്രതീകാത്മക ചിത്രം. Image. Shutterstock
SHARE

കോഴിക്കോട്∙ രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള ആദ്യ അഴിമതി ആരോപണങ്ങൾ വയനാടൻ ചുരമിറങ്ങി വരുന്നുണ്ടെന്നും അതിന് ഈട്ടിത്തടിയുടെ രൂപമാണെന്നും പി.ടി.തോമസ് എംഎൽഎ നിയമസഭയിൽ പറയുമ്പോൾ ചൂണ്ടുവിരലുകൾ നീളുന്നത് ആർക്കെതിരെയാവും? ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് തലസ്ഥാനത്തിരുന്ന് ഭരണയന്ത്രം തിരിച്ചിരുന്ന ചില ഉന്നതർ തന്നെയാണ് വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ 15 കോടി രൂപയുടെ ഈട്ടിത്തടി കടത്തിനും ചുക്കാൻ പിടിച്ചതെന്നാണ് സൂചന. സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ മുറിച്ചെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള വിചിത്രമായ ഉത്തരവ് റവന്യൂ വകുപ്പിനെ കൊണ്ട് ഇറക്കിച്ചതും മൂന്നു മാസത്തിനുള്ളിൽ അതു പിൻവലിപ്പിച്ചതും ഇതേ കരങ്ങൾ തന്നെയാണെന്നാണ് സൂചന. 

സർക്കാരിൽ ഉന്നത തലങ്ങളിൽ സ്വാധീനമുള്ള ചില വ്യക്തികൾ ഈ നീക്കത്തിനു പിന്നിലുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രാഥമിക സൂചനകൾ ലഭിച്ചിട്ടുണ്ട്. കോടികളുടെ ലാഭം ലക്ഷ്യമിട്ട് പ്രാഥമികമായ നിക്ഷേപവും ഇവർ നടത്തിയിട്ടുണ്ടെന്നാണ് വിവരം. മരം വെട്ടാനുള്ള പ്രതിഫലമായി വയനാട്ടിലെ ഭൂ ഉടമകൾ കൈപ്പറ്റിയ പണവും ഈ നിക്ഷേപത്തിന്റെ പങ്കായിരുന്നു എന്നാണ് വിവരം. 

മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടിമരം കൊള്ളയും, അത് പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ വനം ഉദ്യോഗസ്ഥർ തന്നെ ഒത്തുകളിച്ചതും മലയാള മനോരമയാണ് പുറത്തു കൊണ്ടുവന്നത്. ഉത്തര മേഖലാ വനം കൺസർവേറ്ററുടെ ആസ്ഥാനത്തു നിന്നു നൽകിയ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾവിവരാവകാശ നിയമപ്രകാരം ‘മനോരമ’ പുറത്തു കൊണ്ടു വന്നിരുന്നു. 42 കേസുകളിൽ പ്രതിസ്ഥാനത്തുള്ള റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരുടെ എസ്റ്റേറ്റിൽ മുറിച്ചിട്ട മരങ്ങൾ ഇതേവരെ വനം വകുപ്പിന് കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചിട്ടില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ ഇവിടെ പരിശോധന നടത്തി മരങ്ങൾ കണ്ടെടുക്കാൻ സാധിക്കൂ എന്ന നിലപാടിാണ് വനം വകുപ്പും. 

ആദിവാസികളെ ഉൾപ്പെടെ കബളിപ്പിച്ചാണ് മരംകൊള്ള നടന്നിരിക്കുന്നത്. സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ (ചന്ദനം ഒഴികെ) വെട്ടാനുള്ള ലൈസൻസ് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രധാന പ്രതികൾ മരങ്ങൾ വെട്ടാനുള്ള കരാർ ഒപ്പിട്ടതെന്ന് സാക്ഷി മൊഴികളിൽ  നിന്നു വ്യക്തം. പലർക്കും പല രീതിയിലാണ് തുക നൽകിയിരിക്കുന്നത്. പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ വില നൽകാൻ നിശ്ചയിച്ചിരുന്നതായി സാക്ഷി മൊഴികളിൽ പറയുന്നു. 5000 മുതൽ 10000 രൂപ വരെ ചിലർക്ക് മുൻകൂറായി നൽകി മരം വെട്ടിയെടുത്തെങ്കിലും ബാക്കി തുക നൽകിയിട്ടില്ല. ചിലർക്ക് ബാക്കി തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 

വയനാട്ടിലെ മരങ്ങൾ മാത്രമല്ല സംഘം ഈ രീതിയിൽ ലക്ഷ്യമിട്ടിരുന്നതെന്ന് വനം അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ചീഫ് കൺസർവേറ്റർമാരുടെ യോഗത്തിൽ ഉത്തരമേഖലാ കൺസ‍ർവേറ്റർ നൽകിയ റിപ്പോർട്ട് പ്രകാരം 450 മരങ്ങൾ മുറിച്ചു കഴിഞ്ഞെന്ന് പറയുന്നു. ഇതിൽ പകുതി മാത്രമേ വയനാട്ടിൽ നിന്നുള്ളൂ. തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഈട്ടി മരം മുറിച്ചു കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിലേക്ക് പക്ഷെ, അന്വേഷണം നീണ്ടിട്ടില്ല. 

റവന്യൂ വകുപ്പിൽനിന്ന് കഴിഞ്ഞ ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിന്റെ ചുവടു പിടിച്ചാണ് വ്യാപക മരം മുറി നടന്നിരിക്കുന്നത്. ഈ ഉത്തരവ് വ്യാപകമായി മരംവെട്ടിന് വഴിയൊരുക്കും എന്ന് ജില്ലാ കലക്ടർമാർ ഉൾപ്പെടെ റവന്യൂ ഉന്നതരെ ധരിപ്പിച്ചെങ്കിലും ആരും അനങ്ങിയില്ല. ഉത്തരവ് തിരുത്താനോ, റിസർവ് മരങ്ങൾ വെട്ടാൻ പാടില്ലെന്ന് വ്യക്തത വരുത്താനോ റവന്യൂ വകുപ്പ് തയാറാവാത്തതിനെ തുടർന്നാണ് വ്യാപക മരം മുറി തുടങ്ങിയത്. ഉത്തരവിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയ ജില്ലാ കലക്ടർമാർക്ക് ‘ഇതേ കുറിച്ച് തൽക്കാലം ആശങ്കപ്പെടേണ്ട, ഉത്തരവ് തിരുത്തുന്നില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. 

മറ്റു ചില ജില്ലകളിലാകട്ടെ ഉത്തരവിലെ പ്രശ്നങ്ങൾ കലക്ടർമാർക്ക് ബോധ്യപ്പെട്ടപ്പോഴേക്കും രണ്ടോ മൂന്നോ ലോഡ് ഈട്ടിമരങ്ങൾ പോയിക്കഴിഞ്ഞിരുന്നു. സ്വന്തം ആൾക്കാർക്ക് വേണ്ട മരങ്ങൾ മുറിച്ചു കഴിഞ്ഞെന്ന് വ്യക്തമാവുകയും ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് മൂന്നു മാസത്തിനു ശേഷം ഇതു പിൻവലിച്ചത്. 

English Summary : Rose wood smuggling follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA