ADVERTISEMENT

മുംബൈ ∙ പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു 13,500 കോടി രൂപ തട്ടിയ കേസില്‍ രാജ്യം തിരയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കന്‍ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ എലിസബത്ത് രാജ്ഞിയോട് അപേക്ഷിക്കുമെന്നു ഭാര്യ പ്രീതി ചോക്‌സി. ഇന്ത്യയിലേക്കു മടക്കി അയച്ചാല്‍ ചോക്‌സിയുടെ ജീവന്‍ അപകടത്തിലാകും എന്ന് ആശങ്കയുണ്ടെന്നും പ്രീതി പറഞ്ഞു. 2018 മുതല്‍ ആന്റിഗ്വയിലെ പൗരനാണു ചോക്‌സി. ആന്റിഗ്വ രാഷ്ട്രത്തിന്റെ പരമാധികാരി എലിസബത്ത് രാജ്ഞിയാണ്.

ചോക്‌സിയെ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന അഭിഭാഷകരുടെ വാദം പ്രീതി ശരിവച്ചു. ‘ബാര്‍ബറയില്‍ ചോക്‌സിക്കൊപ്പം കാണപ്പെട്ട വനിത ഗൂഢാലോചന നടത്തിയ സംഘത്തിലെ കണ്ണിയാണ്. ഇന്ത്യ, ആന്റിഗ്വ, ഡൊമിനിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ഏജന്റുമാരാണ് അദ്ദേഹത്തെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചു.

ഇന്ത്യന്‍ ഉച്ചാരണത്തോടു കൂടിയാണ് അവര്‍ സംസാരിച്ചത്. അദ്ദേഹത്തെ കൊന്നു കടലില്‍ എറിയുമെന്നുപോലും ഭീഷണിപ്പെടുത്തി’– പ്രീതി പറഞ്ഞു. ആന്റിഗ്വയിലെ വീട്ടില്‍നിന്നു മേയ് 23നു നിഗൂഢ സാഹചര്യത്തിൽ അപ്രത്യക്ഷനായ ചോക്‌സിയെ അറസ്റ്റു ചെയ്തതായി ഡൊമിനിക്ക പ്രഖ്യാപിച്ചതോടെയാണു അവിടെ നിയമ പോരാട്ടങ്ങള്‍ക്കു തുടക്കമാകുന്നത്.

വാദം കേള്‍ക്കുന്നതു നീട്ടി, ഇന്ത്യന്‍ സംഘം മടങ്ങും

ചോക്‌സിയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു ഡൊമിനിക്കന്‍ ഹൈക്കോടതി ജൂലൈവരെ നീട്ടിവച്ചതോടെ ചോക്‌സിയെ ഇന്ത്യയിലേക്കു തിരികെയെത്തിക്കുക എന്ന ദൗത്യവുമായി ഡൊമിനിക്കയിലെത്തിയ ഇന്ത്യന്‍ സംഘം വെറും കയ്യോടെ ഡല്‍ഹിയിലേക്കു മടങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍, സിബിഐ ബാങ്ക് സെക്യൂരിറ്റീസ് ആന്‍ഡ് ഫ്രോഡ്‌സ് (മുംബൈ) തലവന്‍ എന്നിവരടങ്ങുന്ന 8 അംഗ സംഘത്തെയാണു പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സഹായിക്കാനായി ഡൊമിനിക്കയിലേക്ക് അയച്ചത്.

ചോക്‌സിക്ക് ഇപ്പോഴും ഇന്ത്യന്‍ പൗരത്വം ഉള്ളതിനാല്‍ വിട്ടുകിട്ടണം എന്ന് ഇവര്‍ വാദിച്ചതായാണു റിപ്പോര്‍ട്ട്. അതേസമയം ആന്റിഗ്വയിലെ പൗരനായ ചോക്‌സിയെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ഡൊമിനിക്കയ്ക്ക് അധികാരമില്ലെന്നു ചോക്‌സിയുടെ അഭിഭാഷകനും പറയുന്നു. ആന്റിഗ്വയില്‍നിന്നു ഡൊമിനിക്ക വഴി ക്യൂബയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 62 കാരനായ ചോക്‌സി പിടിയിലായത് എന്നാണു ഡൊമിനിക്കന്‍ സര്‍ക്കാര്‍ പറയുന്നത്.

English Summary: Mehul Choksi's wife plans to appeal to Queen Elizabeth to free him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com