ADVERTISEMENT

തിരുവനന്തപുരം∙ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. ഡോക്ടർമാരുടെ സംഘടനയുടെ പരാതിയെത്തുടർന്ന് വിഷയത്തിലിടപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് ഡോക്ടറുമായി സംസാരിക്കുകയും തുടർനടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പരാതി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.

മേയ് 14നാണ് ഡോക്ടർ രാഹുൽ മാത്യുവിനു മർദനമേൽക്കുന്നത്. ഡോക്ടറുടെ മൊഴി മാവേലിക്കര പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസുകാരനായതിനാൽ സേനയിൽനിന്ന് സംരക്ഷണം ലഭിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ ആരോപിക്കുന്നു. കോവിഡ് ബാധിതയായി ആശുപത്രിയിലെത്തിച്ച അമ്മ മരിച്ചതിനെത്തുടർന്നായിരുന്നു പൊലീസുകാരനായ മകന്റെ മർദനം. മരിച്ച നിലയിലാണ് അമ്മയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

പുലർച്ചെയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കോൾ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവിനു ലഭിക്കുന്നത്. ആശുപത്രിയിലെ സർജനായ രാഹുൽ മാത്യു അന്നു വാർഡിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. രാഹുൽ അത്യാഹിത വിഭാഗത്തിൽ എത്തി പരിശോധിച്ചു. ആശുപത്രിയിലെത്തുന്നതിനു മുൻപുതന്നെ രോഗിയുടെ മരണം സംഭവിച്ചിരുന്നു. പരിശോധിച്ചശേഷം മരണം സ്ഥിരീകരിച്ചു. മരിച്ചനിലയിൽ കൊണ്ടുവന്നതിനാൽ തുടർ നടപടി വേണമെന്നും പൊലീസിൽ അറിയിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.

രാഹുൽ മരണവിവരം പറഞ്ഞ ഉടനെ കൂടെ വന്ന ആൾക്കാർ അക്രമാസക്തരായി. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ മകൻ പലതവണ രാഹുലിനെ ഭീഷണിപ്പെടുത്തി. ഏതാണ്ട് മൂന്നു മണിക്കൂർ കഴിഞ്ഞ് മകൻ രാഹുലിന്റെ ഡ്യൂട്ടി റൂമിലേക്കു കയറി വന്നു മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പൊലീസുകാരന്റെ കൂട്ടുകാരൻ ചിത്രീകരിച്ചു. തുടർന്ന്, ഡോക്ടർ പൊലീസിൽ പരാതി നൽകി. മൂന്ന് ആഴ്ചയോളമായി ഡോക്ടർമാർ വിവിധ പ്രതിഷേധങ്ങൾ നടത്തിയിട്ടും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

English Summary: Health minister Veena George to intervene in Mavelikara incident of police beating doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com