മോദിയുടെ ‘ചാരനെ’ മാറ്റി; അമരത്ത് സ്റ്റാലിൻ സ്റ്റാറായി ഒരു മാസം, തലയുയർത്തി തമിഴകം

Stalin
എം.കെ.സ്റ്റാലിന്റെ തിരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന ഡിഎംകെ പ്രവർത്തക. ചിത്രം: Arun SANKAR / AFP
SHARE

ചെന്നൈ ∙ അധികാരമേറ്റ് ഒരു മാസം പൂർത്തിയാകുമ്പോൾതന്നെ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം.കെ.സ്റ്റാലിൻ തന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. 

ഇതു വരെയുണ്ടായിരുന്ന ചീത്തപ്പേരുകളെല്ലാം കഴുകിക്കളഞ്ഞ് തമിഴകത്തിന്റെ അവകാശങ്ങൾക്കും ജനതകൾക്കും വേണ്ടി ഏതറ്റം വരെയും പോകുമെന്നുമുള്ള സൂചനയും 30 ദിവസത്തിനുള്ളിൽ അദ്ദേഹം ജനത്തിനു നൽകി. കേന്ദ്ര സർക്കാരുമായി തുറന്ന പോരു നടത്തുന്ന മമത അടക്കമുള്ള നേതാക്കൾക്കൊപ്പം നടന്നു കയറുകയാണിപ്പോൾ സ്റ്റാലിനും. ചെന്നൈയിലിരുന്ന് ഡൽഹിയെ നിയന്ത്രിച്ച കലൈജ്ഞർ കരുണാനിധിയെന്ന പിതാവിന്റെ അതേ ശൈലിയിലാണ് സ്റ്റാലിൻ ഭരണം തുടരുന്നത്. 

സൗഹൃദം രാഷ്ട്രീയം

എതിരാളികളിൽ രണ്ടാമനും അണ്ണാ ഡിഎംകെയിൽ സ്ഥാനം കൊണ്ടെങ്കിലും ഒന്നാമനുമായ ഒപിഎസ് എന്ന ഒ.പനീർസെൽവം സ്റ്റാലിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയത് ആശങ്കകളോടെയായിരുന്നെന്ന് ഉറപ്പ്. 2016ൽ ജയ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ സംഭവിച്ചതു പോലെ പിന്നിലെവിടെയെങ്കിലും ഒപിഎസിനെ ഇരുത്തി അപമാനിക്കുമെന്ന് പ്രതീക്ഷിച്ചിച്ചവർക്കു പക്ഷേ, തെറ്റി. ഉദ്യോഗസ്ഥർ ഒപിഎസിനെ ആനയിച്ചത് ഒന്നാം നിരയിലെ പ്രധാന ഇരിപ്പിടത്തിലേക്കാണ്. ഗിണ്ടിയിലെ രാജ്ഭവനിലെ വേദിയിലിരുന്ന പലരും കണ്ണു തിരുമ്മി പലവട്ടം ഒപിഎസിനെ നോക്കി. 2016ൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റാലിനെ രണ്ടാംനിരയിലിരുത്തി ജയ പക വീട്ടിയതുപോലെ ഇത്തവണ ഉണ്ടാകാതിരുന്നപ്പോൾ കണ്ടത് വെറിയും വാശിയും മാത്രം കണ്ടിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അനുരഞ്ജനത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. 

പോരില്ല അമ്മയോട്

തിരഞ്ഞെടുപ്പിലെ ഡിഎം.കെയുടെ വൻ വിജയം ആഘോഷിക്കുന്നതിനിടെ,പാർട്ടി പ്രവർത്തകരിൽ ചിലർ റോഡരികിലെ  ‘അമ്മ’ കന്റീൻ കയ്യേറി. ബോർഡും പാത്രങ്ങളും പച്ചക്കറികളും വലിച്ചു പുറത്തിട്ട് നശിപ്പിച്ചു. ജയലളിതയുടെ പേരിൽ മേലിൽ ഇവിടെ കന്റീൻ നടത്തരുതെന്നു പാവം ജീവനക്കാരികളെ ഭീഷണിപ്പെടുത്തി. ഡിഎംകെയുടെ കൂടപിറപ്പായ ഗുണ്ടായിസത്തിനു തുടക്കമായെന്ന പ്രചാരണം ശക്തമായി. പണ്ടത്തെ ഡിഎംകെ അല്ല സ്റ്റാലിന്റെ കാലത്തേതെന്ന്, പ്രവർത്തകർക്ക് അടുത്ത മണിക്കൂറിൽ മനസ്സിലായി. മിനുറ്റുകൾക്കുള്ളിൽ രണ്ട് അറസ്റ്റ്. സ്ഥലം എംഎൽഎ നേരിട്ടെത്തി ബോർഡ് പുനഃസ്ഥാപിച്ചു. വനിതാ ജീവനക്കാരെ നേരിൽകണ്ടു ക്ഷാമപണം നടത്തി.

കേന്ദ്രത്തിനോടില്ല അയവ്

ബിജെപി, ഹിന്ദി വിരുദ്ധ വികാരം സ്റ്റാലിന്റെ വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്നാണ്. അധികാരത്തിലെത്തുന്നതോടെ കേന്ദ്രസർക്കാരുമായി രമ്യതയിൽ പോകുമെന്നായിരുന്നു ഡിഎംകെയിലെതന്നെ പലനേതാക്കൻമാരും പറഞ്ഞിരുന്നത്. എന്നാൽ, തമിഴകത്തെ കേന്ദ്രത്തിനു മുന്നിൽ അടിയറ വയ്ക്കില്ലെന്ന് സ്റ്റാലിൻ ആദ്യം തന്നെ തെളിയിച്ചു. സാക്ഷാൽ അമിത് ഷായുടെ കയ്യിൽ വിലങ്ങണിയിച്ചതിന്റെ പേരിൽ ഒതുക്കി മൂലയ്ക്കിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥൻ പി.കന്തസാമിയെ നിർണായക പോസ്റ്റായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിജിപിയാക്കി. മുൻസർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിക്കാൻ പ്രത്യേക വിഭാഗമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ആദ്യപടി. 

MK Stalin
എം.കെ.സ്റ്റാലിൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ. ചിത്രം: Arun SANKAR / AFP

ആർക്കും വഴങ്ങാത്ത,നേരും നെറിയുമുള്ള ഉദ്യോഗസ്ഥനെന്നു പേരെടുത്ത കന്തസാമിയുടെ നിയമനം കേന്ദ്ര സർക്കാരിനു കൂടിയുള്ള മുന്നറിയിപ്പായി. ഇതിനു പിന്നാലെ, മോദിയുമായി അടുത്ത ബന്ധമുള്ള ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ തമിഴ്നാട് ന്യൂസ് പ്രിന്റ് ആൻഡ് പേപ്പേഴ്സിലേക്കും മാറ്റി. സ്ഥലംമാറ്റ ഉത്തരവ് ചീഫ് സെക്രട്ടറിയെക്കൊണ്ടു തന്നെ ഒപ്പ് വയ്പ്പിച്ചു. മോദിയുടെ ചാരനാണ് രാജീവെന്ന ആരോപണം ഡിഎംകെ തുടർച്ചയായി ഉന്നയിച്ചിരുന്നു.

വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് 

തമിഴ്നാടിന്റെ ആവശ്യങ്ങളോടും അഭ്യർഥനകളോടും കേന്ദ്രം മുഖം തിരിച്ച ഓരോ നിമിഷവും അതിശക്തമായി സ്റ്റാലിൻ തിരിച്ചടിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതു ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ തമിഴ്നാട് ഇറങ്ങിപ്പോന്നു.വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കാതെ സഹകരിക്കില്ലെന്നു കേന്ദ്രമന്ത്രിയുടെ മുഖത്തു നോക്കി പറഞ്ഞു. ത്രിഭാഷാ പദ്ധതി സൂത്രത്തിൽ നടപ്പാക്കാനാണെങ്കിൽ നടപ്പില്ലെന്നും തീർത്തുപറഞ്ഞതോടെ യോഗത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായി. പിന്നാലെ, വിദ്യാർഥികൾക്കിടയിൽ അസമത്വം സൃഷ്ടിക്കുന്ന നീറ്റ് പരീക്ഷ വേണ്ടെന്നു വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നൽകി. 

MK Stalin
എം.കെ.സ്റ്റാലിൻ. ചിത്രം: Arun SANKAR / AFP

നീറ്റ് നടത്തിയാലും ഇല്ലെങ്കിലും തമിഴ്നാട് 12–ാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രഫഷണൽ കോഴ്സിലേക്ക് അഡ്മിഷൻ നടത്തുമെന്നും കത്തിൽ പറഞ്ഞിരുന്നു. കോവിൻ ആപ്ലിക്കേഷനിൽനിന്നു തമിഴ് ഭാഷയെ ഒഴിവാക്കിയപ്പോഴും കേന്ദ്രം തമിഴകത്തിന്റെ ചൂടറിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വാക്സീൻ ഉൽപാദന കേന്ദ്രമായ ചെന്നൈ ചെങ്കൽപെട്ടിലെ എച്ച്എൽഎല്ലിന്റെ വാക്സീൻ കോംപ്ലക്സിൽ കോവിഡ് വാക്സീൻ ഉൽപാദനം തുടങ്ങണമെന്ന ആവശ്യത്തോട് കേന്ദ്രം പ്രതികരിക്കാതായപ്പോൾ നേരിട്ടു ഭാരത് ബയോടെക്കുമായി ചർച്ച നടത്തി സ്റ്റാലിൻ. 

അയൽ സൗഹൃദം

അയൽപക്ക ബന്ധത്തിലുള്ള കരുതലും നയതന്ത്രവും കേരളത്തിൽ മന്ത്രിസഭ അധികാരമേറ്റ ദിവസവം സ്റ്റാലിനിൽ കണ്ടു. പതിവ് ആശംസാരീതി വിട്ട് ‘എന്റെ സഹോദരൻ പിണറായി വിജയന് എല്ലാ ആശംസകളും’ എന്നാണു സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. വരാനിരിക്കുന്ന നാളുകളിൽ പല വിഷയങ്ങളിൽ ഒന്നിച്ച് ഒരേ മനസ്സോടെ നിൽക്കേണ്ടവരാണു കേരളവും തമിഴ്നാടെന്നും ഈ ട്വീറ്റിൽ  പറയാതെ പറയുന്നുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അണിചേരുന്ന നേതാക്കളുടെ മുൻ നിരയിൽ തന്നെ സ്റ്റാലിനുണ്ടാകുമെന്നും ഉറപ്പ്.  

English Summary: One Month of DMK's MK Stalin as Tamil Nadu Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA