ADVERTISEMENT

കൊച്ചി ∙ വിവാദ നടപടികൾക്കെതിരെ ബഹുജന പ്രക്ഷോഭത്തിനു ലക്ഷദ്വീപിൽ തുടക്കം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദ്വീപുവാസികൾ ഒറ്റക്കെട്ടായി 12 മണിക്കൂറാണ് നിരാഹാരം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ സ്വന്തം വീടുകളിൽ രാവിലെ 6 ന് ആരംഭിച്ച നിരാഹാരം വൈകിട്ട് 6 ന് അവസാനിക്കും. വീടുകളിൽ കറുത്ത കൊടിയും പോസ്റ്ററുകളും സ്ഥാപിച്ചാണ് നിരാഹാരം.

Hunger Strike | Lakshadweep
അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ വീടുകളിൽ നടക്കുന്ന നിരാഹാരസമരത്തിൽനിന്ന്

സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിച്ച ശേഷമുള്ള ആദ്യ ബഹുജന പ്രക്ഷോഭത്തിനാണ് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുന്നത്.  പ്രതിഷേധത്തിൽ എഴുപതിനായിരത്തിലേറെപ്പേരാണ് നിരാഹാരമിരിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി, മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരം നടത്തുന്നത് ദ്വീപിൽ ആദ്യമാണ്. ഒരു പതിറ്റാണ്ടിനു ശേഷമാണു ദ്വീപിൽ ഹർത്താലിനു തുല്യമായ സമരമുറ പരീക്ഷിക്കപ്പെടുന്നതും. 2010ൽ ചില ദ്വീപുകളിൽ മാത്രം വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നു. മുഴുവൻ ദ്വീപുകളിലും കടകൾ അടച്ചിടുന്നതും പ്രതിഷേധദിനം ആചരിക്കുന്നതും ഇതാദ്യമാണ്.

Hunger Strike | Lakshadweep
അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ വീടുകളിൽ നടക്കുന്ന നിരാഹാരസമരത്തിൽനിന്ന്

മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകളെല്ലാം അടയ്ക്കുന്നതിനൊപ്പം, സർക്കാരുമായി ഇന്നു സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കാനും ആഹ്വാനമുണ്ട്. തൊഴിലിടങ്ങളിലും സമ്പൂർണ പണിമുടക്കായിരിക്കും. നിരാഹാര സമരവുമായി ബന്ധപ്പെട്ടു ജാഗ്രത പാലിക്കാനും ആവശ്യമുള്ളവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയാണ് എല്ലാ ദ്വീപുകളിലെയും മെഡിക്കൽ ഓഫിസർമാർക്ക് ഇ–മെയിൽ സന്ദേശം അയച്ചത്. പ്രമേഹം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ ദ്വീപിൽ ഉള്ളതിനാൽ അടിയന്തര സഹായം ആവശ്യമായി വന്നേക്കുമെന്നതു മുൻകൂട്ടിക്കണ്ടാണു ജാഗ്രതാ നിർദേശം.

Hunger Strike | Lakshadweep
അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിൽ വീടുകളിൽ നടക്കുന്ന നിരാഹാരസമരത്തിൽനിന്ന്

English Summary: Protest in Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com