ADVERTISEMENT

തിരുവനന്തപുരം∙ ദേവികുളം എംഎൽഎ എ.രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാൽ സഭയില്‍ ഹാജരായ അഞ്ച് ദിവസത്തേക്കു 2500 രൂപ പിഴ ഒടുക്കണമെന്നു സ്പീക്കറുടെ റൂളിങ്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മേയ് 24 മുതൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂണ്‍ 2–ാം തീയതി വരെയാണ് പിഴ ഒടുക്കേണ്ടത്.

ഈ ദിവസങ്ങളിൽ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികള്‍ ഒന്നുംതന്നെ അസാധുവാകില്ല. എ. രാജ തമിഴ് ഭാഷയില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തണമെന്നും നിയമവകുപ്പ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജൂണ്‍ 2–ാം തീയതി ശരിയായ രീതിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. നിയമവകുപ്പ് തയാറാക്കിയ തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാ വാചകം അപൂര്‍ണമായതിനാലാണ് രാജയുടെ സത്യപ്രതിജ്ഞയില്‍ പിശക് സംഭവിച്ചതെന്നാണ് നിയമവകുപ്പിന്റെ റിപ്പോർട്ട്.

സത്യപ്രതിജ്ഞാ വാചകത്തില്‍ അവസാനമായി പരാമര്‍ശിക്കേണ്ടിയിരുന്ന ‘ദൈവനാമത്തില്‍’ അല്ലെങ്കില്‍ ‘സഗൗരവം’ എന്നിവയില്‍ ഏതെങ്കിലും ഒരു വാക്കിനു സമാനമായ തമിഴ് വാക്ക് ഉള്‍പ്പെടുത്താതെയാണ് നിയമവകുപ്പ് തയാറാക്കിയ സത്യപ്രതിജ്ഞാ ഫോറം അംഗത്തിനു നല്‍കിയത്. ഗുരുതരമായ വീഴ്ച സംഭവിച്ചത് ഏതു സാഹചര്യത്തിലാണെന്നു വിശദമായി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.

English Summary: Speaker orders to pay Rs 2500 fine for Devikulam MLA A Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com