മനുഷ്യക്കടത്തിൽ നഗ്നയാക്കി ക്രൂര പീഡനം; കടലിൽ വലിച്ചെറിയും, കാട്ടിൽ കുഴിച്ചുമൂടും

BANGLADESH-HEALTH-PROSTITUTION
ബംഗ്ലദേശിലെ സർക്കാർ അംഗീകൃത ലൈംഗിക തൊഴിൽ കേന്ദ്രങ്ങളിലൊന്നില്‍നിന്നുള്ള കാഴ്ച. ഫയൽ ചിത്രം: Munir UZ ZAMAN / AFP
SHARE

ലോകരാജ്യങ്ങളെ കോവിഡ് കടിച്ചുകുടയുകയും ലോക്ഡൗണിൽ ജനങ്ങളുടെ സാമ്പത്തിക നില തകർന്നു തരിപ്പണമാവുകയും ചെയ്ത നാളുകളിലായിരുന്നു ഇന്ത്യയുടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനായി അതിർത്തി രക്ഷാസേനയ്ക്ക് (ബിഎസ്‌എഫ്) നിർദേശം ലഭിച്ചത്: 2020 ജൂലൈ ആദ്യവാരം. ബംഗ്ലദേശുമായി പങ്കിടുന്ന 4096 കിലോമീറ്റർ അതിർത്തി പ്രദേശത്തായിരുന്നു ജാഗരൂകരായി നിലയുറപ്പിക്കാനുള്ള നിർദേശം വന്നത്. ബംഗ്ലദേശിൽനിന്നു വൻതോതിൽ ജനങ്ങളെ ഇന്ത്യയിലേക്കു കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അത്. ലോക്ഡൗണിൽ അന്നം മുട്ടിയ ബംഗ്ലദേശ് ജനതയെ മോഹന തൊഴിൽ വാഗ്ദാനങ്ങൾ നൽകിയായിരുന്നു മനുഷ്യക്കടത്തു സംഘങ്ങൾ അതിർത്തി കടത്തിയത്. ആൺ–പെൺ ഭേദമില്ലാതെ അതിർത്തി കടന്നെത്തിയവർ എവിടെപ്പോയി? അവർക്ക് എന്തു സംഭവിച്ചു? ഈ ചോദ്യങ്ങള്‍ക്കൊന്നും അധികൃതരുടെ കയ്യിൽ ഉത്തരമില്ല.

അവർക്കു നേരിടേണ്ടി വന്ന അതിക്രൂര ലൈംഗിക പീഡനങ്ങളുടെ ഉൾപ്പെടെ യാഥാർഥ്യമറിയണമെങ്കിൽ ഇടയ്ക്കിടെ ചില സംഭവങ്ങൾ തലപൊക്കണമായിരുന്നു. അത്തരത്തിലൊന്നായിരുന്നു കർണാടകയിൽവച്ച് ഒരു ബംഗ്ലദേശ് യുവതിക്കു സംഭവിച്ചത്. ആണും പെണ്ണുമടങ്ങിയ മനുഷ്യക്കടത്തു സംഘം ഇരുപത്തിരണ്ടുകാരിയെ നഗ്നയാക്കി അതിക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയെന്നു മാത്രമല്ല അതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പെൺകുട്ടി അലറിക്കരഞ്ഞപ്പോഴാകട്ടെ കൈകള്‍കൊണ്ട് ശ്വാസംമുട്ടും വിധം വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. ശബ്ദമുയർത്തിയാൽ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയും.

വിഡിയോ വൻ വിവാദമായതിനെത്തുടർന്ന് കർണാടക പൊലീസ് കേസെടുത്തു. വിഡിയോയിലെ മുഖങ്ങൾ തേടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ 3 യുവതികൾ ഉൾപ്പെടെ 12 പേർ അറസ്റ്റിലായി. അതിൽ പലരും ബംഗ്ലദേശ് സ്വദേശികളായിരുന്നു. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ചിലരെ പൊലീസ് വെടിവച്ചതും വാർത്തയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിക്കു വേണ്ടിയുള്ള അന്വേഷണം ചെന്നെത്തിനിന്നതാകട്ടെ കോഴിക്കോടും!

മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് പതിനാറാം വയസ്സിലാണ് പെൺകുട്ടി ജോലിക്കായി ദുബായിലേക്കു പോകുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടർന്ന അവളെ പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലദേശിലേക്ക് തിരികെ അയച്ചു. തുടർന്നാണ് മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിൽപ്പെട്ടത്. അവരുടെ കെണിയിൽപ്പെട്ട് പതിനെട്ടാം വയസ്സിൽ പെൺകുട്ടി ഇന്ത്യയിലെത്തി. തുടക്കത്തിൽ ഹൈദരാബാദിലായിരുന്നു ജോലി. അവിടെവച്ച് കോഴിക്കോട്ടുകാരനായ യുവാവുമായി പ്രണയത്തിലായി. യുവാവിനെ കാണാൻ ഇടയ്ക്കിടെ ഇവർ കോഴിക്കോട്ടും എത്തിയിരുന്നു. ഈ സമയത്തെല്ലാം മനുഷ്യക്കടത്തു സംഘത്തിന്റെ നിരീക്ഷണത്തിൽതന്നെയായിരുന്നു പെൺകുട്ടി. അവരിൽനിന്നുപണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

ഇന്ത്യയിലേക്കു കടത്തിക്കൊണ്ടുവന്ന അന്നു മുതൽ മനുഷ്യക്കടത്തു സംഘത്തിന്റെ നിഴലിൽനിന്ന് ആ പെൺകുട്ടിക്കു മാറാനായില്ല എന്നതിൽനിന്നുതന്നെ വ്യക്തം എത്രമാത്രം ശക്തമായാണ് അവർ വലവിരിച്ചിരിക്കുന്നതെന്ന്. കോവിഡ്‌കാലത്തിനു മുൻപാണ് പ്രസ്തുത പെൺകുട്ടി ഇന്ത്യയിലെത്തിയതെങ്കില്‍, കോവിഡ്‌കാലത്ത് ബംഗ്ലദേശിൽനിന്നുള്ള മനുഷ്യക്കടത്ത് സകലസീമകളും ലംഘിച്ചെന്ന മട്ടിലാണ്. മുൻകാല സംഭവങ്ങൾതന്നെ അതിനുള്ള വലിയ തെളിവ്. കർണാടക പൊലീസ് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറഞ്ഞതും മനുഷ്യക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ!

BANGLADESH-PROSTITUTION-DEATH-RELIGION
ബംഗ്ലദേശിലെ സർക്കാർ അംഗീകൃത ലൈംഗിക തൊഴിൽ കേന്ദ്രങ്ങളിലൊന്നില്‍നിന്നുള്ള കാഴ്ച. ഫയൽ ചിത്രം: Munir UZ ZAMAN / AFP

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ ബംഗ്ലദേശ് അതിർത്തിയിൽനിന്ന് മനുഷ്യക്കടത്ത് റാക്കറ്റിലെ നാലു പേരെ ബംഗ്ലദേശ് റാപ്പിഡ് ആക്‌ഷൻ ബറ്റാലിയന്‍ അറസ്റ്റ് ചെയ്തു. അതിർത്തിയോടു ചേർന്നുള്ള ബംഗ്ലദേശ് നഗരമായ സാത്‌ഖിര കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തനം. പ്രാഥമിക ചോദ്യംചെയ്യലിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബംഗ്ലദേശിൽനിന്ന് ആയിരത്തോളം സത്രീകളെ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് ഇവരിലൊരാൾ സമ്മതിച്ചു. നാലു പേർക്കും പ്രാദേശികവും രാജ്യാന്തരവുമായ അൻപതോളം മനുഷ്യക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നും ബംഗ്ലദേശ് മാധ്യമം റിപ്പോർട്ട് ചെയ്തു.

അതിലൊരാൾക്ക് ബെംഗളൂരു കേസിൽ പൊലീസിന്റെ വെടിയേറ്റ ‘ഹൃദോയ് എന്നയാളുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഹൃദോയ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. മോഡലുകളാക്കാം, ഷോപ്പിങ് മാൾ, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ ജോലി വാങ്ങിനൽകാം എന്നെല്ലാം വാഗ്ദാനം നൽകിയാണ് ‘ടിക് ടോക് ഹൃദോയ്’ എന്നും പേരുള്ള ഇയാൾ പെൺകുട്ടികളെ മറ്റു രാജ്യങ്ങളിലേക്ക് കടത്തിയിരുന്നത്.

ബംഗ്ലദേശിൽനിന്ന് ലൈംഗിക തൊഴിലിടങ്ങളിലേക്ക്...

കൗമാരപ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയുള്ള പെൺകുട്ടിയായിരുന്നു നൂർജഹാനും (പേര് യഥാർഥമല്ല). ബംഗ്ലദേശിലെ കോമില്ല ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന അവളെ പക്ഷേ വിധി കൊണ്ടെത്തിച്ചത് ഇന്ത്യയിലെ ഇരുമ്പഴികൾക്കുള്ളിലായിരുന്നു. ഇന്ത്യയിൽനിന്നു രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് പോകാനായി അതിർത്തി കടക്കുന്നതിനിടെയായിരുന്നു അവൾ പിടിയിലായത്. ആ പതിനാറുകാരിക്കു പറയാനുണ്ടായിരുന്നതാകട്ടെ ക്രൂരതയുടെയും തിക്താനുഭവങ്ങളുടെയും ഭയപ്പെടുത്തുന്ന കഥകളും! ഒരു ദേശീയമാധ്യമമാണ് അടുത്തിടെ നൂർജഹാന്റെ ജീവിതം പുറംലോകത്തിനു മുന്നിലെത്തിച്ചത്.

ബ്യൂട്ടി പാർലർ ജോലി വാഗ്ദാനം നൽകിയാണ് നൂർജഹാനെ മനുഷ്യക്കടത്തിന്റെ ഇടനിലക്കാരൻ ഇന്ത്യയിലെത്തിക്കുന്നത്. ബംഗാളിലെത്തിയ നൂർ ആദ്യം പൊലീസിന്റെ പിടിയിലായെങ്കിലും പിന്നീട് ഏജന്റ് പണം നൽകിയതോടെ വിട്ടയച്ചു. മറ്റൊരു ഏജന്റ് വഴി കൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിൽ എത്തി. എന്നാൽ ബ്യൂട്ടി പാർലറിനു പകരം നൂർ എത്തിചേർന്നത് ഒരു ലൈംഗിക തൊഴിലിടത്തിലായിരുന്നു. ഒരു രാത്രി മുഴുവൻ മയക്കുമരുന്നു പ്രയോഗത്തിൽ തളർന്നു കിടന്ന നൂറിനെ അവിടെനിന്ന് ചെന്നൈയിൽ എത്തിച്ചു. വേശ്യാവൃത്തിക്ക് നിർബന്ധിതയാക്കി ആ പെൺകുട്ടിയെ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ വൻനഗരങ്ങളിൽ നിരവധി പേരുടെ മുന്നിലെത്തിച്ചു.

ഹൈദരാബാദിൽ വച്ചു കണ്ടുമുട്ടിയ ഒരു എൻജിനീയറും ഭാര്യയുമാണ് നൂറിന് രക്ഷപ്പെടാനുള്ള വഴി തുറന്നത്. അവരോട് റീത്ത എന്നാണു പേരു പറഞ്ഞത്. ചെന്നൈയിൽ സഹോദരിയുണ്ടെന്നും പറഞ്ഞു. ഒരു വ്യാജ ആധാർ കാർഡും ആ പേരിലുണ്ടായിരുന്നു. ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നൂർ ഈ നുണകളെല്ലാം പറഞ്ഞത്. എന്തായാലും എൻജിനീയറും ഭാര്യയും അവളെ രണ്ടു പൊലീസുകാരെ ഏൽപിച്ചു. അവൾ പൊലീസ് കസ്റ്റഡിയിലായി. അതിനിടെ കോവിഡ് രാജ്യത്തു ശക്തമായി. അതോടെ പൊലീസ് സ്റ്റേഷനിൽനിന്നും വിട്ടയച്ചു.

എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് അവൾ ചാടിപ്പോയതാണെന്നാണ് ഔദ്യോഗിക ഭാഷ്യം. ആധാർ വ്യാജമായതിനാൽ പൊലീസിനു പിന്തുടരാനും സാധിച്ചില്ല. നൂറിനാകട്ടെ എങ്ങനെയെങ്കിലും തിരികെ ബംഗ്ലദേശിലെ വീട്ടിലേക്ക് എത്തിയാൽ മതിയെന്നായിരുന്നു. ആരുടെയൊക്കെയോ സഹായത്തോടെ അതിർത്തി കടക്കാൻ ശ്രമിക്കവെയാണ് ബിഎസ്എഫിന്റെ കയ്യിൽപ്പെട്ടത്. നൂർജഹാൻ പൊലീസിന്റെ പിടിയിലാണെന്ന വിവരം ഇപ്പോഴും അവളുടെ മാതാപിതാക്കൾക്ക് അറിയില്ല. അവർ വിശ്വസിക്കുന്നത് ഇന്ത്യയിലെ അമ്മാവന്റെ അടുത്താണ് നൂർജഹാൻ ഇപ്പോഴുമുള്ളതെന്നതാണ്.

അതിർത്തിയിൽ സംഭവിക്കുന്നത്

നൂറിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ശിൽപി (പേര് യഥാർഥമല്ല) എന്ന പെൺകുട്ടിയുടെയും അവസ്ഥ. എന്നാൽ കാമുകനാണ് ശിൽപിയെ ഇന്ത്യയിലെത്തിച്ചതെന്നു മാത്രം. കാമുകന്റെ ചതിയിൽപ്പെട്ട് ലഹരിമരുന്നിന് അടിമപ്പെട്ട ശിൽപി മൂന്നാം ദിനം കണ്ണു തുറക്കുമ്പോൾ ധാക്കയിൽനിന്ന് ഒരുപാട് ദൂരെയുള്ള ഗുജറാത്തിലായിരുന്നു. അവിടെനിന്ന് പല നഗരങ്ങളിലേക്ക്. അവിടെയൊക്കെ അവളെപ്പോലെ നിരവധി പെൺകുട്ടികളെ കണ്ടുമുട്ടി. ലഹരിമരുന്നിന് അടിമപ്പെടുത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയരാക്കുകയായിരുന്നു ഇവരെ. ഇത് ഒരു ശിൽപിയുടെയോ നൂറുന്റെയോ കഥയല്ല.. ഇത്തരത്തിൽ ആയിരക്കണക്കിന് ബംഗ്ലദേശി പെൺകുട്ടികളാണ് (പ്രായപൂർത്തി ആയവരും അല്ലാത്തവരും) ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി അകപ്പെട്ടിരിക്കുന്നത്. ജോലി തേടി, ചതിയിൽപ്പെട്ട്... അങ്ങനെ പല കാരണങ്ങളാൽ മനുഷ്യക്കടത്തിലൂടെ വന്നവരുണ്ട് ഇക്കൂട്ടത്തിൽ...

ബംഗ്ലദേശ് അതിര്‍ത്തിയോടു ചേർന്നുള്ള 30 ജില്ലകൾ കേന്ദ്രീകരിച്ചാണു പ്രധാനമായും മനുഷ്യക്കടത്ത്. ആയിരക്കണക്കിനു പെൺകുട്ടികളെയാണ് ഇവിടെനിന്ന് പ്രതിവർഷം കാണാതാകുന്നത്. ജോലിയും പണവുമെല്ലാം വാഗ്ദാനം ചെയ്താണ് ഇവരെ ഇന്ത്യയിലേക്കു കടത്തുന്നത്. ലൈംഗികത്തൊഴിലിനു വേണ്ടിയാണു കടത്തുന്നതെന്ന് ആർക്കും അറിയില്ലതാനും. കൂട്ടത്തില്‍ കുട്ടികളെയും ഇത്തരത്തിൽ ഇന്ത്യയിലേക്കു കടത്തുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എൻജിഒകൾ വ്യക്തമാക്കുന്നു.

India-Bangladesh-Border-2009-bsf
ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർ(ഫയൽ ചിത്രം)

പ്രശ്നം ശക്തമായതിനെത്തുടർന്ന് 2012ൽ മനുഷ്യക്കടത്ത് നിരോധന നിയമം (പ്രിവെൻഷൻ ആൻഡ് സപ്രഷൻ ഓഫ് ഹ്യൂമൻ ട്രാഫിക്കിങ് ആക്റ്റ് (PSHT) നടപ്പിലാക്കിയിരുന്നു. തുടർന്ന് 2012 മുതൽ 2020 വരെ 6000ത്തോളം മനുഷ്യക്കടത്ത് കേസുകളാണ് റജിസ്റ്റർ ചെയ്തത്. മനുഷ്യക്കടത്തിനിരയായ പതിനായിരത്തോളം പേരെ രക്ഷപ്പെടുത്തി. അതിൽ 11% പേരും കുട്ടികളായിരുന്നു, 21% സ്ത്രീകളും. ബംഗ്ലദേശിൽനിന്ന് ഹൈദരാബാദ് വരെ നീളുന്ന മനുഷ്യക്കടത്ത് നെറ്റ്‌വർക്ക് കോവിഡ്‌കാലത്ത് ശക്തമായതായും മേഖലയിലെ വിവിധ എൻജിഒകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കടത്തിക്കൊണ്ടു വരുന്നവരിലേറെയും എത്തിപ്പെടുന്നത് ലൈംഗികത്തൊഴിൽ കേന്ദ്രങ്ങളിലേക്കാണ്.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ജോലി തേടിയും നിരവധി സത്രീപുരുഷന്മാർ ബംഗ്ലദേശിൽനിന്ന് കുടിയേറുന്നുണ്ട്. ബംഗ്ലദേശ് അസോസിയേഷൻ ഓഫ് ഇന്റർ‌നാഷനൽ റിക്രൂട്ടിങ് ഏജൻസിയുടെ കീഴിൽ നിയമപരമായി പ്രവർത്തിക്കുന്ന 724 റിക്രൂട്ടിങ് ഏജൻസികള്‍ ഇവരെ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത തുക ഈടാക്കിയാണ് ഇവർ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികൾക്കായി ആളുകളെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. എന്നാൽ ആംനസ്റ്റി ഇന്റർനാഷനൽ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളിലെ റിക്രൂട്ടിങ് ഏജൻസികൾ ഇാടാക്കുന്നതിലും ഇരട്ടിയിലധികം തുകയാണ് ബംഗ്ലദേശിലെ ഏജന്റുമാർ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ വേതനത്തിൽ തൊഴിൽ തേടി എത്തുന്നവർ ഏജന്റുമാർക്ക് പണം നൽകുന്നതിനു വേണ്ടി അനധികൃത തൊഴിലുകൾ ചെയ്യാനും നിർബന്ധിതരാകുന്നു.

‌പെൺകുട്ടികൾ നിർബന്ധിത ലൈംഗിക തൊഴിലിലും കുട്ടികൾ ബാലവേലയ്ക്കും നിർബന്ധിതരാകുന്നു. വേശ്യാലയങ്ങളിലും മറ്റും എത്തിക്കുന്ന പെൺകുട്ടികൾക്കു പെട്ടെന്നു ശാരീരീക വളർച്ചയുണ്ടാകാൻ സ്റ്റിറോയിഡുകളും മറ്റും കുത്തിവയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 15നും 35നും ഇടയിലുള്ള സ്ത്രീകളിൽ 90 ശതമാനം പേരും തുടർച്ചയായി ലഹരിമരുന്നുകൾക്ക് അടിമപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കടൽമാർഗമാണ് കൂടുതലും മനുഷ്യക്കടത്ത് നടക്കുന്നത്. കഴി‍ഞ്ഞ 8 വർഷത്തിനിടെ 2.5 ലക്ഷം ബംഗ്ലദേശ് പൗരന്മാർ കടൽമാർഗമുള്ള മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 25 മുതൽ 30 ദിവസം വരെ കടലിൽ ഒരു ചെറിയ ബോട്ടിൽ തിങ്ങിക്കൂടി കഴിച്ചുകൂട്ടേണ്ടി വരുന്ന ഇവരുടെ അവസ്ഥ അതികഠിനമാണ്. ജോലിയും മറ്റു പ്രതീക്ഷകളുമായി എങ്ങനെയും കടൽ കടക്കാൻ ആശിച്ച് മനുഷ്യക്കടത്തുകാരുടെ ചതിയിൽ പെടുന്ന ഇവർ ഒരു നിശ്ചിത തുക ഏജന്റുമാർക്ക് നൽകുകയും വേണം.

India Bangladesh
ബംഗ്ലദേശിൽ നിന്ന് ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാർ.(AP Photo/Anupam Nath)

ഈ തുക കുറയുന്നതിന് അനുസരിച്ച് അവരുടെ യാത്രയിലെ ദുരിതങ്ങളും കൂടും. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ പോലും കഴിച്ചുകൂട്ടേണ്ടിവരും. ഇത് താങ്ങാനാവാതെ നിരവധി പേർ മരിച്ചുവീഴുകയും ചെയ്യും. അവരുടെ മൃതദേഹങ്ങൾ കടലിലേക്ക് എറിയുന്നത് നോക്കി ബാക്കിയുള്ളവർ കഴിച്ചുകൂട്ടണം. ഇമ്രാൻ ഹുസൈൻ, മുഹമ്മദ് അല സിന്നത്, മാർട്ടിലൻ സ്വപ്ന പാണ്ഡെ എന്നിവർ ചേർന്ന് ‘ദ് ഡെയ്‌ലി സ്റ്റാറിൽ’ എഴുതിയ ‘സ്ലേവ് ട്രേഡ് ബൂംസ് ഇൻ ഡാർക് ട്രയാംഗിൾ’ എന്ന ലേഖനത്തിൽ മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ ദുരവസ്ഥകൾ കൃത്യമായി വിവരിക്കുന്നുണ്ട്. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസിന്റെ (UNHCR) കണക്കുകൾ പ്രകാരം 2014ൽ മാത്രം ബംഗാൾ ഉൾക്കടൽ വഴിയുള്ള യാത്രയിൽ 750 പേരാണ് മരിച്ചത്. തായ്‌ലൻഡിലാണ് ഈ ബോട്ട് എത്തിപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ കടലിലേക്ക് എറിയുകയോ തായ് കാടുകളിൽ കുഴിച്ചിടുകയോ ചെയ്തു.

കടത്തുന്നവരിൽ സ്ത്രീകളും കുട്ടികളും...

മനുഷ്യക്കടത്തിന്റെ പ്രഭവ കേന്ദ്രമായി ബംഗ്ലദേശും ദക്ഷിണേഷ്യയും മാറുന്ന കാഴ്ചയാണ് കുറച്ചു വർഷങ്ങളായി കാണുന്നത്. എന്നാൽ ഇവയുടെ രഹസ്യ സ്വഭാവം കാരണം വളരെ കുറച്ച് കുറ്റകൃത്യങ്ങൾ മാത്രമേ പുറത്തറിയുന്നുള്ളൂ. ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് അത്രയേറെ ദോഷകരമാണ് ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെന്നും വിവിധ എൻജിഒകൾ വ്യക്തമാക്കുന്നു. ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഴ്ച തോറും ഇത്തരത്തിൽ മനുഷ്യക്കടത്തിനിരയായി എത്തുന്നവരെ കണ്ടെത്തുന്നുണ്ട്. അതേസമയം, എത്ര സ്ത്രീകളും കുട്ടികളുമാണ് വിവിധ റാക്കറ്റുകൾ വഴി കടത്തപ്പെട്ടതെന്ന് അറിയാനുള്ള സർവേകൾ നടത്തുക ബുദ്ധിമുട്ടാണെന്നു മാത്രമല്ല വിവിധ സ്രോതസുകൾ നൽകുന്നത് വ്യത്യസ്തമായ വിവരങ്ങളുമാണ്.

ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടു ലക്ഷത്തോളം സ്ത്രീകളും കുട്ടികളുമാണ് ബംഗ്ലദേശിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തപ്പെട്ടത്. ഒരോ വർഷവും കുറഞ്ഞത് 20,000ത്തോളം സ്ത്രീകളും കുട്ടികളുമാണ് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും മധ്യ കിഴക്കൻ രാജ്യങ്ങളിലേക്കും കടത്തപ്പെടുന്നത്. മറ്റൊരു റിപ്പോർട്ട് പ്രകാരം 50,000ത്തോളം ബംഗ്ലദേശി പെൺകുട്ടികളാണ് ഇന്ത്യയിലേക്കും ഇന്ത്യ വഴിയും മനുഷ്യക്കടത്തിന് ഇരയായത്. ഏതാണ്ട് 10 ദശലക്ഷത്തോളം ബംഗ്ലദേശ് പൗരന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാരായി ജോലി ചെയ്യുന്നുണ്ട്. ഇതിൽ 90 ശതമാനവും മധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണ്. കുടിയേറ്റക്കാരായി പോയി വിജയം വരിച്ച നിരവധി ബംഗ്ലദേശ് പൗരന്മാർ ഇവിടെയുള്ളതിനാൽ ഇവിടേക്ക് പോകാൻ ആളുകൾക്ക് താൽപര്യവുമാണ്.

BANGLADESH-DAILYLIFE/
ബംഗ്ലദേശിൽ കുട്ടികൾ തൊഴിലിടത്തിൽ (ഫയൽ ചിത്രം)

ഇന്ത്യ, പാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തപ്പെടുന്ന സ്ത്രീകളും 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളും മറ്റും ബാലവേലയ്ക്കും ലൈംഗികത്തൊഴിലിനും അവയവക്കച്ചവടത്തിനുമാണ് വിധേയരാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2011 മുതൽ മിക്ക മധ്യപൂർവേഷ്യൻ രാജ്യങ്ങളും ബംഗ്ലദേശിൽനിന്ന് തൊഴിലാളികളെ നിയമിക്കുന്നത് നിർത്തിയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പേരും ജോലി തേടി തെക്കു കിഴക്കൻ രാജ്യങ്ങളിലേക്ക് എത്താൻ തുടങ്ങി. എന്നാൽ ഇവിടെ എത്തപ്പെടുന്നവരിൽ ഭൂരിഭാഗവും മനുഷ്യക്കടത്തിന്റെ ഇരകളാണെന്നതാണു യാഥാർഥ്യം. കോവിഡിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടിയതും അതിർത്തികളിൽ പലയിടത്തും കാവലും നിയന്ത്രണങ്ങളും കുറഞ്ഞതും മനുഷ്യക്കടത്തുകാർക്ക് കൂടുതൽ സഹായകരമാവുകയും ചെയ്തു.

എങ്ങനെ പ്രതിരോധിക്കാം?

മനുഷ്യക്കടത്ത് നിയമവിരുദ്ധമാണെങ്കിലും ശക്തമായി ഇതിനു തടയി‌ടാൻ ഇന്നും ബംഗ്ലദേശിന് ആയിട്ടില്ല. 2012ൽ ബംഗ്ലദേശ് സർക്കാർ മനുഷ്യക്കടത്ത് നിരോധന നിയമം പാസാക്കിയിരുന്നെങ്കിലും ഇപ്പോഴും അത് ഫലപ്രദമല്ല. മനുഷ്യക്കടത്തു സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇരയാക്കപ്പെട്ടവർക്ക് സംരക്ഷണം നൽകാനുമാണ് ഈ നിയമം അനുശാസിക്കുന്നത്. പിഎസ്എച്ച്ടി നിയമത്തിലെ 24 ാം വകുപ്പ് പ്രകാരം ഒരാൾ പരാതി സമർപ്പിച്ച ശേഷം 180 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ വേണ്ടി ഒരു ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ട്രിബ്യൂണലും നിലവിലുണ്ട്. മനുഷ്യക്കടത്തിൽപ്പെട്ട് മറ്റു രാജ്യങ്ങളിലെത്തിയവരെ തിരികെ കൊണ്ടുവരാനും അവര്‍ക്കു വേണ്ട നിയമ പരിരക്ഷ നൽകാനും നിയമം അനുശാസിക്കുന്നുണ്ട്.

സർക്കാർ നിയമങ്ങൾ ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് നിലവിൽ മനുഷ്യക്കടത്ത് തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം. മനുഷ്യക്കടത്തു സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും തക്കതായ ശിക്ഷ വാങ്ങി നൽകാനും കഴിയണം. 2020ലെ ട്രാഫിക്കിങ് ഇൻ പഴ്സൺസ് (TIP) റിപ്പോർട്ട് പ്രകാരം ബംഗ്ലദേശ് സർക്കാർ മനുഷ്യക്കടത്തിനുള്ള ശിക്ഷ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കുറയുകയാണു ചെയ്തിട്ടുള്ളത്. ആഭ്യന്തരമായ സെക്സ് ട്രാഫിക്കിങ്ങോ അതിന്റെ ഭാഗമായുള്ള നിയമനൂലാമാലകളോ പരിഹരിക്കാൻ ബംഗ്ലദേശ് കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുമില്ല. സ്ത്രീകളും കുട്ടികളുമാണ് സെക്സ് ട്രാഫിക്കിങ്ങിന് കൂടുതൽ വിധേയരാകുന്നതെന്നിരിക്കെ ഇതു വിനാശകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും സാമൂഹിക പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് മഹാമാരി മനുഷ്യക്കടത്ത് വർധിപ്പിക്കുകയും അന്വേഷണം മന്ദഗതിയിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യക്കടത്തിലേക്കു ജനം അറിഞ്ഞുകൊണ്ട് എടുത്തു ചാടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതും സാമ്പത്തിക ഭദ്രത ഉണ്ടാക്കാൻ ജനങ്ങളെ സഹായിക്കേണ്ടതും അത്യാവശ്യമാകുന്നത് ഈ സാഹചര്യത്തിലാണ്. ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തു ലഭ്യമാക്കിയാൽത്തന്നെ മനുഷ്യക്കടത്തുകാരുടെ പ്രലോഭനങ്ങളിൽപ്പെട്ട് ഇരയാകുന്നവരുടെ എണ്ണവും കുറയും. ഇതിനു ബംഗ്ലദേശിൽ മാത്രമല്ല രാജ്യാന്തരതലത്തിൽതന്നെ നിയമങ്ങൾ ശക്തമാക്കുകയും പുതിയ നയങ്ങൾക്കു രൂപം നൽകുകയും വേണം.

English Summary: In Bangladesh, Covid19 Fuels New Fears for Human Trafficking to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA