ADVERTISEMENT

ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ് ബിജെപി കൂടാരത്തിലേക്ക് ചേക്കേറുന്നത്. ജോതിരാദിത്യ സിന്ധ്യയ്ക്കു പുറമേ കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്തെ ശക്തനായ നേതാവെന്നതിലുപരി സിന്ധ്യയ്ക്കു പിന്നാലെ രാഹുലിന്റെ രണ്ടാമത്തെ വിശ്വസ്തന്റെയും കൂടുമാറ്റമാണ് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നത്.  

എന്നാല്‍ പ്രസാദയെപ്പോലുള്ളവര്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നാണ് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് വക്താവ് പറഞ്ഞത്. 'ഇത്തരക്കാരുടെ വിശ്വസ്തത സംശയത്തിലാണ്. പാര്‍ട്ടിക്ക് നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷമാണ് ഇവര്‍ ചെയ്യുക' എന്നും അദ്ദേഹം പറയുന്നു. ജിതിന്‍ സ്വന്തം വളര്‍ച്ചയില്‍ മാത്രമാണ് തല്‍പരനെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നഷ്ടപ്രതാപം തിരിച്ചെടുക്കാനാണ് ബിജെപി ക്യാംപിലേക്ക് കൂറുമാറിയതെന്നാണ് ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നത്. 

ഉത്തര്‍ പ്രദേശിലെ ധൗരാഹ്രയില്‍നിന്നുള്ള മുന്‍ ലോക്‌സഭാംഗമാണ് 47കാരനായ ജിതിന്‍ പ്രസാദ. സംസ്ഥാനത്തുനിന്നുള്ള ബ്രാഹ്മണ നേതാക്കളില്‍ പ്രമുഖനാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ തിരിയുന്നു എന്ന അഭ്യൂഹങ്ങളും ജിതിന്‍ പ്രസാദിന്റെ ബിജെപി പ്രവേശവും അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ പുതിയ പരീക്ഷണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു എന്ന സൂചനകളാണ് മുന്നോട്ടുവയ്ക്കുന്നത്. 

സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയില്‍ 10 ശതമാനം ബ്രാഹ്മണരാണ്. മായാവതി സംസ്ഥാനത്ത് ശക്തിതെളിയിച്ചു തുടങ്ങിയ എണ്‍പതുകള്‍ മുതല്‍ ഇവര്‍ കടുത്ത ബിജെപി അനുഭാവികളാണ്. എന്നാല്‍ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യോഗിയെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്കിയത് ഇവരില്‍ കല്ലുകടി ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ ഈ നീരസം കൂടുതല്‍ പ്രകടമാവുകയും ചെയ്തു. വികാസ് ദുബെ എന്ന ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടതില്‍ വ്യക്തിപരമായ സഹതാപതരംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും യോഗിക്കെതിരെയുള്ള നീരസം പരസ്യമായി പ്രകടമാക്കാന്‍ ഇവര്‍ ഇത് ഉപയോഗപ്പെടുത്തി. 

കോവിഡ് പ്രതിരോധത്തില്‍ യോഗി പരാജയമാണെന്നു കാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ രംഗത്തുവന്നെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പും യോഗി തന്നെ നയിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതോടെ തല്‍ക്കാലം തീയൊക്കെ കെട്ടടങ്ങിയെങ്കിലും 10 ശതമാനം വരുന്ന ബ്രാഹ്മണരെ തൃപ്തിപ്പെടുത്തേണ്ടത് ബിജെപിക്ക് അത്യാവശ്യമാണ്. മുന്‍ ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനുമായ എ.കെ. ശര്‍മയെ ഉത്തര്‍പ്രദേശില്‍ നിര്‍ണായക ചുമതല ഏല്‍പ്പിക്കാനായി അയച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. 

പ്രതിരോധത്തിലായി രാഹുല്‍..

-Jitin-Prasada-BJP-piyush
എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്നു. ജി. സുരേഷ്

ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ്, സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദേവ്‌റ-രാഹുല്‍ ബ്രിഗേഡില്‍ ഏറ്റവും കൂടുതല്‍ കേട്ട പേരുകളാണിവ. രാഹുല്‍ ഗാന്ധിയുടെ 'ടീം' എന്നൊരു ചര്‍ച്ച വന്നാല്‍ അത് ഇവരെ തൊടാതെ പോകില്ലായിരുന്നു. എന്നാല്‍ ഇവരില്‍ രണ്ടു പേര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ തന്നെയില്ല. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ് ജിതിന്‍ പ്രസാദ. 

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിൻ പൈലറ്റ് - അശോക് ഗെലോട്ട് പോര് പരസ്യവുമാണ്. ഇടയ്‌ക്കൊക്കെ അത് ആളിക്കത്താറുമുണ്ട്. നേതൃത്വം ഇടപെട്ട് അവരെ സമാശ്വസിപ്പിച്ചു എന്ന് പറയമ്പോഴും അത് എത്രത്തോളം ഫലം കണ്ടു എന്നത് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യ-ചൈന വിഷയത്തിലും ശിവസേനയുമായി കൂട്ടുചേര്‍ന്നതിലും രാഹുലിന്റെ നിലപാടിനെ ചോദ്യം ചെയ്ത് മിലിന്ദ് ദേവ്‌റ രംഗത്തുവന്നതും ശ്രദ്ധേയമായിരുന്നു. 

ജിതിന്‍ പോകുമ്പോള്‍...

rahul-sachin-pilot-scindia
രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ

മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ രണ്ടു തവണ കേന്ദ്രമന്ത്രിയായ ജിതിനെയാണ് നിര്‍ണായക ഘട്ടത്തില്‍ ബിജെപി സ്വന്തം ക്യാംപില്‍ എത്തിച്ചിരിക്കുന്നത്. 2004ല്‍ തന്റെ ആദ്യ മത്സരത്തില്‍ ലോക്‌സഭയിലേക്ക് ജയിച്ച ജിതിന്‍ 2009ല്‍ രണ്ടാമതും വിജയിച്ചു കയറി. എന്നാല്‍ 2014, 2019 ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും 2017ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിലും പരാജയം രുചിച്ചു. സംസ്ഥാനത്തിലും കേന്ദ്രത്തിലുമായി വിവിധ മന്ത്രിപദങ്ങളും അലങ്കരിച്ചു. 

കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല നല്‍കിയിരുന്നത് ജിതിനാണ്. തിരഞ്ഞെടുപ്പിനെ ബംഗാളിന്റെ സ്വത്വത്തിനായുള്ള പോരാട്ടത്തോട് ഉപമിച്ച് രംഗത്തിറങ്ങിയ ജിതിന്‍ പക്ഷെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിച്ചതില്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. 90 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും വിജയിക്കാനായില്ല. ഉത്തര്‍ പ്രദേശിലെ സംസ്ഥാനതല പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ജിതിന്റെ പിന്മാറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019ല്‍ കോണ്‍ഗ്രസ് വിടുമെന്ന അഭ്യുഹങ്ങള്‍ക്ക് പിന്നാലെയുള്ള ജിതിന്റെ നീക്കങ്ങള്‍ ബിജെപിയിലേക്കെന്ന് ഉറപ്പിച്ചായിരുന്നെന്നും വിലയിരുത്തലുകളുണ്ട്. 

നിലവില്‍ കൃത്യമായ നേതൃത്വമുള്ളത് ബിജെപിക്കാണെന്നും ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവര്‍ക്കൊപ്പം പോകണമെന്നും പറഞ്ഞാണ് ജിതിന്‍ ചേക്കേറിയിരിക്കുന്നത്. എന്നാല്‍ യുപിയില്‍ ജിതിനായി കരുതിവച്ചിരിക്കുന്നത് എന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരു പ്രധാന നേതൃസ്ഥാനമോ അതോ സിന്ധ്യയെപ്പോലെ പിന്‍ബെഞ്ചിലെ ഇരിപ്പിടമോ?

English Summary :The BJP Calculation Behind Induction Of Jitin Prasada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com