ADVERTISEMENT

ബെയ്ജിങ്∙ 2017 മുതൽ, 2019ൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതു വരെ ചൈനീസ് നഗരമായ വുഹാനിൽ ജീവനുള്ള 47,000 വന്യമൃഗങ്ങളെ കച്ചവടം ചെയ്തിരുന്നതായി ശാസ്ത്രീയ പഠനം. 2017 മേയ്–2019 നവംബർ കാലയളവിനിടെ 38 ഇനങ്ങളിൽപ്പെട്ട 47,381 വന്യമ‍ൃഗങ്ങൾ വുഹാനിലെ 37 മാംസച്ചന്തകളിൽ വിറ്റഴിക്കപ്പെട്ടതായാണു ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ചേർന്നു തയാറാക്കിയ ഗവേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും ഉൾപ്പെടുന്നു.

കൂട്ടിൽ അടച്ച നിലയിലുള്ള മ‍ൃഗങ്ങളുടെ ആരോഗ്യം മോശമായതിനാൽ ഇവയെ ഭക്ഷിച്ച ആളുകളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക ഉണ്ടെന്നാണു റിപ്പോർട്ട്. ചൈന, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിലെ ഗവേഷക വിദ്യാർഥികളുടെ പഠന റിപ്പോർട്ടിൽ വവ്വാലുകളെയോ ഉറുമ്പുതീനികളെയോ കച്ചവടം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ മിങ്ക്, റക്കൂണുകൾ, അണ്ണാൻ, കുറുക്കൻമാർ എന്നിവ ലഭ്യമായിരുന്നു. വൃത്തിഹീനമായ ചുറ്റുപാടിൽ സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ ആരോഗ്യനില മോശമായിരുന്നതിനാൽ ഇവർ രോഗാണു വാഹകർ ആകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കോവിഡ് വ്യാപനത്തിനു പിന്നാലെ വന്യമൃഗങ്ങളെ കച്ചവടം ചെയ്യുന്നതു ചൈനീസ് സർക്കാർ താൽക്കാലികമായി നിരോധിച്ചിരുന്നു. പിന്നാലെ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും ചൈനയിൽ നിരോധനം നിലവിൽവന്നു. വുഹാനിലെ മാർക്കറ്റുകളിൽ വന്യമ‍ൃഗങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 

വുഹാനിലെ ബയോ ലബോറട്ടറിയിൽനിന്നാണു കോവിഡ് വൈറസ് പുറത്തു കടന്നത് എന്ന സിദ്ധാന്തത്തിൽ ഇപ്പോൾ വ്യാപക പഠനം നടക്കുകയാണ്. എന്നാൽ തെക്കു പടിഞ്ഞാറൻ ചൈനയിലെ യുനാനിലെ ഗുഹയിൽനിന്നു കണ്ടെത്തിയ ഒരു വിഭാഗം വവ്വാലുകളിൽനിന്നാണു കൊറോണ വൈറസിന്റെ ഉദ്ഭവം എന്നും ലോകത്തിന്റെ പല ഇടങ്ങളിലും ഉള്ളവർ വിശ്വസിക്കുന്നു.

English Summary: Thousands of Live Animals Sold In Wuhan Markets Before Covid-19 Began: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com