ആൽഫ തുടക്കമിട്ട് ഡെൽറ്റ ഏറ്റെടുത്ത വ്യാപനം; രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ...

INDIA-HEALTH-VIRUS-VACCINE
വാക്സീനെടുക്കുന്നതിനു പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ചു നിൽക്കുന്നവർ. ചിത്രം: NOAH SEELAM / AFP
SHARE

കോവിഡ്19 രണ്ടാം തരംഗത്തിന്റെ ഉത്തുംഗത്തിൽനിന്നു നാം പതിയെ താഴേക്കു വരികയാണ്. സിഎഫ്എൽടിസികളിലും ആശുപത്രികളിലും കിടക്കകൾ ഒഴിയാൻ തുടങ്ങി. ഐസിയു, വെന്റിലേറ്റർ സേവന ആവശ്യങ്ങളുടെ തിരക്ക് കുറയാൻ ഇനിയും ദിവസങ്ങളെടുക്കും. വളരെ വലിയ ഒരു ആരോഗ്യവെല്ലുവിളിയാണ് രണ്ടാം തരംഗത്തിൽ നാം നേരിട്ടത്. രൂക്ഷമായ രോഗവ്യാപനത്തിനിടയിൽ ലോക്ക്ഡൗൺ പോലൊരു ബ്രേക്കിട്ടാൽ അണുബാധകൾ എത്ര ദിവസങ്ങളിൽ എത്ര എണ്ണത്തിൽ പോയിനിൽക്കും? നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരുമൊക്കെ ചേർന്നാൽ രോഗവ്യാപനം എത്രത്തോളം നിയന്ത്രിക്കാൻ കഴിയും? മേൽപറഞ്ഞ സംവിധാനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഏതൊക്കെ, എത്രമാത്രം നൽകാൻ കഴിയും? കോവിഡ് ചികിത്സാസംവിധാനങ്ങൾക്ക് എത്രത്തോളം രോഗികളെ താങ്ങാനാവും തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ മുന്നിൽ വയ്ക്കുന്നത്.

Dr TS Anish
ഡോ. ടി.എസ്. അനീഷ്

സർക്കാരിന്റെ കണക്കനുസരിച്ച് ഏപ്രിൽ-മേയ് മാസങ്ങളിൽ മാത്രമായി 14 ലക്ഷത്തോളം കോവിഡ് കേസുകൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ പകുതിയിലധികം വരും ഇത്. രണ്ടാം തരംഗം പൂർണമായും താഴെയെത്തുന്ന സമയമാകുമ്പോഴേക്കും മൊത്തം രോഗികളുടെ എൺപതു ശതമാനമെങ്കിലും രണ്ടാം തരംഗത്തിന്റെ സംഭാവനയായിരിക്കും. തിരഞ്ഞെടുപ്പും ആഘോഷങ്ങളുമൊക്കെയായി ഉണ്ടായ ശ്രദ്ധക്കുറവ് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും രാജ്യമെമ്പാടും, അതുപോലെ നമ്മുടെ സംസ്ഥാനത്തും സൂനാമി പോലെയുണ്ടായ രണ്ടാം തരംഗത്തിന് പ്രധാനകാരണം വൈറസിലുണ്ടായ ജനിതകവ്യതിയാനങ്ങളാണ് എന്നു കാണാം. 

ഇന്ത്യയിൽ കോവിഡിനുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളെപ്പറ്റി ഔദ്യോഗികമായി പഠിക്കുന്ന ഇന്ത്യൻ ജനറ്റിക് അനാലിസിസ് കൺസോർഷ്യം ഫോർ സാർസ്‌കോവ് 2ന്റെ കണ്ടെത്തലുകൾ ഇതാണു സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, മലയാളി കൂടിയായ ശാസ്ത്രജ്ഞൻ ഡോ.വിനോദ് സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ നിന്നുള്ള സാംപിളുകൾ തുടർച്ചയായി പഠനവിധേയമാക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ശേഖരിച്ച സാംപിളുകളിൽ ഏതാണ്ട് നാൽപതു ശതമാനത്തോളം വ്യാപനശേഷിയുള്ള വൈറസുകളായിരുന്നു (ഗ്രാഫ് 1)

രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ... 

ഇതിൽത്തന്നെ നാലിൽ മൂന്നും ആൽഫ എന്ന് ലോകാരോഗ്യസംഘടന പേരിട്ട ബി.1.1.7 എന്ന ജനിതകവ്യതിയാനം വന്ന വൈറസുകൾ ആയിരുന്നുവെന്ന് കാണാം. ബ്രിട്ടനിലാണ് ആദ്യം കണ്ടെത്തിയത് എന്നതിനാൽ ഇതിന് യുകെ സ്‌ട്രെയിൻ എന്നാണു പറഞ്ഞിരുന്നത്. ഒന്നാം തരംഗത്തിൽ നാം കണ്ട വൈറസ് വകഭേദങ്ങളേക്കാൾ ഏതാണ്ട് 70 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് ആണിത്. അതേസമയം പത്തു ശതമാനത്തോളം സാംപിളുകളിൽ വടക്കേ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഇരട്ട ജനിതക വ്യതിയാനമുള്ള (ഡബിൾ മ്യൂട്ടന്റ്) B.1.617 അന്നുതന്നെ കണ്ടിരുന്നു. വെറും രണ്ടു-മൂന്നാഴ്ചകൾക്കുള്ളിൽ ശേഖരിച്ച സാംപിളുകളുടെ വിവരങ്ങൾ മേയ് മാസം പകുതിയോടുകൂടി സർക്കാരിന് നൽകിയ റിപ്പോർട്ടിലുണ്ട് (ഗ്രാഫ് 2). 

gentically-mutated-variants-graph

സംസ്ഥാനത്തെ ഏതാണ്ട് പൂർണമായി ജനിതകവ്യതിയാനം വന്ന വൈറസുകൾ കീഴടക്കിയിരുന്നു. അതിൽത്തന്നെ സിംഹഭാഗവും പിന്നീട് ലോകാരോഗ്യസംഘടന ഡെൽറ്റ എന്ന് പേരിട്ട ബി.1.617.2 എന്ന ജനിതകവ്യതിയാനമാണ് എന്നും മുകളിലെ ഗ്രാഫിൽ കാണാൻ കഴിയും (മേയ് 19ന് അവസാനമായി അപ്ഡേറ്റ് ചെയ്ത ഡേറ്റ പ്രകാരം) അതായത് ആൽഫ തുടങ്ങുകയും ഡെൽറ്റ ഏറ്റെടുക്കുകയും ചെയ്ത ആധിവ്യാപനമാണ് ഇന്ത്യയിലെമ്പാടും, കേരളത്തിലും ഭീമമായ രണ്ടാം തരംഗത്തിന് കാരണമായത്. സാർസ് കൊറോണ വൈറസിന് ഇതുവരെ സംഭവിച്ചതിൽവച്ച് അതിന്റെ വ്യാപനശേഷി ഏറ്റവും ഉയർത്തിയ ജനിതകവ്യതിയാനം ഡെൽറ്റ ആണെന്ന് കരുതപ്പെടുന്നു. അത്യന്തം വ്യാപനശേഷിയുള്ള ആൽഫയേക്കാൾ 50 ശതമാനത്തിലധികം വ്യാപനശേഷി ഡെൽറ്റയ്ക്കുണ്ടെന്നാണ് കരുതുന്നത്. 

ശാരീരികമായ വലിയ അടുപ്പമില്ലാതെ തന്നെ, ഏതാനും മീറ്ററുകൾക്കുള്ളിലാണെങ്കിൽ ഒരാളിൽനിന്നു മറ്റൊരാളിലേക്ക് വായുവിലൂടെ പടരാനുള്ള പ്രവണതയും സാധാരണ തുണിമാസ്കുകളെ അധികരിക്കാനുള്ള കഴിവും അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസുകൾക്കുണ്ടാവാം. അതോടൊപ്പം ഒരുതവണ രോഗം വരുന്നതിലൂടെയോ കുത്തിവയ്പ്പിലൂടെയോ ഒരാൾ നേടുന്ന രോഗപ്രതിരോധശക്തിയെ മറികടന്ന് അണുബാധയുണ്ടാക്കാനുള്ള ശേഷിയും ഡെൽറ്റ പ്രകടിപ്പിക്കുന്നുണ്ട്. ഇമ്യൂൺ എസ്‌കേപ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രവണതയിലൂടെ, വാക്‌സിനേഷനിലൂടെ ലഭിക്കുന്ന രോഗപ്രതിരോധശക്തിയെ ചിലപ്പോഴൊക്കെ മറികടക്കാൻ ഇത്തരം വൈറസുകൾക്കു കഴിയുമെങ്കിലും രോഗലക്ഷണങ്ങൾ പ്രായേണ ദുർബലവും ജീവാപായമുണ്ടാവാനുള്ള സാധ്യത വിരളവുമാണെന്നത് ആശ്വാസകരമാണ്. 

C-_Users_0000mvm_Documents_covid_scribus_temp_sAnQzA.jpg.image

വ്യാപനത്തിന്റെ കാര്യം നോക്കിയാൽ സാർസ് കൊറോണ വൈറസിന്റെ ഏറ്റവും മികച്ച മോഡൽ ഡെൽറ്റയാണ് എന്നു പറഞ്ഞല്ലോ. വ്യാപനത്തിന് പുറമെ രോഗതീവ്രതയും ഡെൽറ്റയ്ക്കു കൂടുതലാണ് എന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ടെങ്കിലും എല്ലാവരും ആ കാര്യത്തിൽ യോജിക്കുന്നില്ല. ആദ്യ തരംഗമുണ്ടാക്കിയ വൈറസിനേക്കാൾ ഇരട്ടിയിലധികം വ്യാപനശേഷിയും രോഗപ്രതിരോധശക്തിയുള്ളവരെക്കൂടി രോഗികളാക്കാനുള്ള കഴിവും  കാരണം രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നതിനാലാണ്, വിവിധ തരത്തിലുള്ള സങ്കീർണ്ണതകൾ അത് പ്രകടിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. എന്തായാലും നമ്മുടെ രാജ്യം രണ്ടാം തരംഗത്തിന്റെ പിടിയിൽനിന്നും പതിയെ പുറത്തേക്കു വരികയാണ്. 

മറ്റുരാജ്യങ്ങളിലേക്കു ഡെൽറ്റ കടന്നുവരുന്നതേയുള്ളു എന്നതിനാൽ അവരെല്ലാം വളരെ കരുതലിലും ആണ്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ചില ആശങ്കകൾ ഉണ്ട്. കേരളത്തിലും ഇപ്പോൾ വ്യാപിക്കുന്ന വൈറസിന്റെ വകഭേദം ഡെൽറ്റ എന്നു പേരിട്ടിരിക്കുന്ന B.1.617.2 ആണെങ്കിലും അതിന്റെ വ്യാപനം, താരതമ്യേന നേരത്തേയുള്ള ലോക്ക്ഡൗണും നാം സ്വീകരിച്ച മറ്റു പ്രതിരോധമാർഗങ്ങളും കാരണം ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിച്ചുകൊണ്ടുവേണം ‘ലോക്ക്’ തുറക്കാൻ. അതുതന്നെ ഘട്ടം ഘട്ടമായി ചെയ്യുന്നതാകും ഉചിതം. 

ഒരു മൂന്നാം തരംഗം ഇപ്പോൾത്തന്നെ താഴെയെത്തിയിട്ടില്ലാത്ത രണ്ടാം തരംഗത്തിന് മുകളിൽ പിറവിയെടുക്കാൻ അനുവദിക്കരുത്. നാം വ്യക്തിപരമായും കുടുംബങ്ങളിലും ഇപ്പോൾ തുടരുന്ന ഡബിൾ മാസ്കിങ്ങും സാനിറ്റേഷനും സാമൂഹിക അലകവും ലോക്ക് തുറക്കുന്ന സമയത്ത് പൂർവാധികം ശക്തിയോടെ തുടരേണ്ടതുണ്ട്. ഇതുവരെ അറിയാവുന്ന കോവിഡ്-19 വ്യതിയാനങ്ങളിൽ ഏറ്റവും ശക്തനായ ഒരാളുടെ പിടിയിൽ നിന്നാണ് നാം പുറത്തുവരുന്നത് എന്നതുകൊണ്ടുതന്നെ മറ്റൊരു ജനിതകവ്യതിയാനം കാരണമുള്ള ഒരു മൂന്നാം തരംഗത്തിന് സാധ്യത തല്‍ക്കാലം കുറവാണ്. വ്യാപകമായി വാക്‌സീനുകൾ നൽകുന്നതും കുട്ടികൾക്കുകൂടി നൽകാൻ കഴിയുന്ന വാക്‌സിനേഷൻ സങ്കേതങ്ങൾ രൂപപ്പെടുത്തുന്നതും ഭാവിയിൽ വരാൻ സാധ്യതയുള്ള തരംഗങ്ങളുടെ പ്രഹരശേഷിയെ ദുർബലമാക്കുകയും ഈ വിഷമവൃത്തത്തിൽനിന്നു പുറത്തുകടക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ കമ്യൂണിറ്റി മെഡിസിന്‍ അസോഷ്യേറ്റ് പ്രഫസറാണ് ഡോ. ടി.എസ്. അനീഷ്)

English Summary: Analysis of Covid19 Second Wave in India and Kerala by Dr T S Anish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA