ADVERTISEMENT

കൊച്ചി∙ എരുമേലി മുക്കൂട്ടുത്തറ സ്വദേശിനി ജെസ്ന മരിയ ജെയിംസ് ഏതെങ്കിലും മതപഠന കേന്ദ്രത്തിലുണ്ടെന്ന വാദം തള്ളി സിബിഐ അന്വേഷണ സംഘം. ഒരു ട്രെയിനിൽ പോലും കയറി പരിചയമില്ലാത്ത പെൺകുട്ടിയാണ് ജെസ്ന. ഒരു തവണ കാറിൽ തൃശൂർ വരെ പോയിട്ടുള്ളതല്ലാതെ ജില്ലവിട്ടുള്ള യാത്രകളും ഉണ്ടായിട്ടില്ലെന്നാണ് ബോധ്യപ്പെട്ടത്. അതേസമയം, കേസിന്റെ എല്ലാ വശങ്ങളും സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അന്വഷണ ഉദ്യോഗസ്ഥരിൽ ഒരാൾ മനോരമ ഓൺലൈനോടു പറഞ്ഞു.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ഥലങ്ങൾ സന്ദർശിക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ഡൗൺ വന്നത് അന്വേഷണത്തെ ബാധിച്ചു. മിക്ക കേസുകളിലും അന്വേഷണം നടത്താനാവാത്ത സാഹചര്യമാണുള്ളത്. പെൺകുട്ടി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം ആരംഭിച്ചു രണ്ടു മാസമായിട്ടും ജെസ്നയെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായിരുന്ന ജെസ്നയെ കാണാതായെന്ന കേസിൽ ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കേരള പൊലീസിന്റെ അന്വേഷണങ്ങൾക്കൊടുവിൽ ജെസ്നയെക്കുറിച്ച് നല്ല വാർത്തകൾ പ്രതീക്ഷിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പത്തനംതിട്ട എസ്പി കെ.ജി. സൈമൺ വിശദീകരിച്ചത് ജെസ്ന ജീവിച്ചിരിക്കുന്നെന്ന് തിരിച്ചറിഞ്ഞതായി വ്യാഖ്യാനങ്ങൾ ഉണ്ടാക്കിയിരുന്നു.

2018 മാർച്ച് 28നു രാവിലെ 9.30നാണ് ജെസ്ന മുക്കൂട്ടുത്തറയിലെ വീട്ടിൽനിന്നു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പുറത്തുപോകുന്നത്. യുവതി ബന്ധു വീട്ടിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയും അന്വേഷണം നടത്തുകയുമായിരുന്നു. ജെസ്നയുമായി ബന്ധമുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ഇവർ സഞ്ചരിച്ച പാതയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും അന്വേഷണം ലക്ഷ്യത്തിലെത്തിക്കാൻ പൊലീസിനു സാധിച്ചില്ല. തുടർന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള അന്വേഷണ സംഘം കേസ് അന്വേഷണം ഏറ്റെടുത്തത്. അതും ഫലംകാണാതെ വന്നതോടെ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കുകയായിരുന്നു.

English Summary: CBI on Jesna Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com