നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ അധ്യാപകർ

പ്രതീകാത്മക ചിത്രം
SHARE

കോട്ടയം∙ വിക്ടേഴ്സ് ചാനലിൽ ഒാൺലൈൻ പഠനം പൊടിപൊടിക്കുമ്പോൾ സർക്കാർ സ്കൂളിലെ നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ വിഷമിക്കുകയാണ് ഒരുകൂട്ടം അധ്യാപകർ. സർക്കാർ ജോലി സ്വപ്നം കണ്ട് ഉൗണും ഉറക്കവും ഉപേക്ഷിച്ച് പഠിച്ചിട്ടും നിയമനം പടിക്ക് പുറത്ത് തന്നെ. പലരും സ്വകാര്യ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നവരായിരുന്നു. കോവിഡ് കാലമായതോടെ അതും മുടങ്ങി, വരുമാനം നിലച്ചു. ബിഎഡും സെറ്റുമൊക്കെ യോഗ്യതയായുള്ളവർ ഇപ്പോൾ തുണിക്കടയിലും പെട്രോൾ പമ്പിലുമൊക്കെ ദുരിതകാലം കഴിച്ചുകൂട്ടാനായി ജോലി തേടിയിരിക്കുകയാണ്. ഇപ്പോഴിതാ സാമ്പത്തിക ലാഭം കരുതി ബിഎഡ് വിദ്യാർഥികളെക്കൊണ്ട് ഒാൺലൈൻ ക്ലാസെടുപ്പിക്കാൻ സർക്കാർ  ശ്രമം നടക്കുകയാണ്. ഇതിനുള്ള ഉത്തരവിറങ്ങിക്കഴിഞ്ഞു.

പുതിയ മന്ത്രിസഭ വന്നതോടെ വിദ്യാഭ്യാസ മന്ത്രി ഇവരോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചുവെങ്കിലും, സ്കൂൾ തുറക്കാതെ ഇൗ അധ്യാപകരെ നിയമിക്കാനാവില്ലെന്ന തീരുമാനത്തിൽനിന്ന് മുഖ്യമന്ത്രി വ്യതിചലിച്ചിട്ടില്ല. സാമ്പത്തിക ബാധ്യതയാണ് കാരണമായി പറയുന്നത്. കോവിഡ് കാലമായതിനാൽ ദിവസവേതനക്കാരേയും സർക്കാർ സ്കൂളിൽ നിയമിക്കാതെയായി. ഇതോടെ നിലവിലുള്ള അധ്യാപകരുടേയും ജോലി ഭാരം കൂടുകയാണ്.

ഇൗ വർഷം ഒമ്പതിനായിരത്തോളം പേര് റിട്ടയർ ചെയ്തു കഴിഞ്ഞു. അതിൽ പകുതിയോളം അധ്യാപകരാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക ബാധ്യത പ്രശ്നമായി വരില്ലെന്നാണ് ഉദ്യോഗാർഥികളുടെ വാദം. ഒന്നരവർഷമായി അഡ്വൈസ് മെമ്മോ  ലഭിച്ചിട്ട്. ആറ് മാസം മുൻപ് അപ്പോയിൻമെന്റ് ഒാർഡറും ലഭിച്ചു. 2020 ജനുവരിയിൽ അഡ്വൈസ് മെമോ ലഭിച്ചവരാണ് എല്ലാവരും. ആ വർഷം ജൂണിൽ ജോലിയിൽ പ്രവേശിക്കാമെന്നു കരുതി മിക്കവരും മാർച്ചോടെ ജോലി രാജിവച്ചു. ഇതോടെ വരുമാനം നിലച്ച അവസ്ഥയാണ്. പഠിച്ച് നിയമന ഉത്തരവ് വരെ ലഭിച്ചെങ്കിലും സ്വപ്ന ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ നാലോളം പേർക്ക് ജീവൻ നഷ്ടമായി.

എൽഡിസി–എൽജിഎസായി ജോലി ചെയ്യുന്ന ഒരുപാട് പേർ അധ്യാപക തസ്തികയിൽ നിയമനം ലഭിച്ചവരുണ്ട്. ഇവർക്ക് അധ്യാപകരായി എത്രയും വേഗം ജോലിയിൽ പ്രവേശിക്കാനായാൽ ഒാഗസ്റ്റിൽ അവസാനിക്കുന്ന എൽഡിസി ലിസ്റ്റിൽനിന്ന് മറ്റുള്ളവർക്ക് പ്രവേശനം ലഭിക്കും.

കഴിഞ്ഞവർഷം ഒക്ടോബറിൽ 100 ഇന കർമപരിപാടിയിൽ പെടുത്തിയാണ് ഇവർക്ക് നിയമന ഉത്തരവ് നൽകിയത്. മിക്ക വിദ്യാലയങ്ങളിലും അധ്യാപകരുടെ കുറവുണ്ട്. ഇത് കുട്ടികളുടെ പഠനത്തേയും ബാധിക്കുന്നുണ്ട്. വിക്ടേഴ്സിലെ ക്ലാസുകൾക്ക് പുറമേ കുട്ടികളുമായി ഗൂഗിൾ മീറ്റോ മറ്റ് മാർഗങ്ങളിലൂടെയോ സംവദിക്കണമെന്നാണ് നിർദേശം. എന്നാൽ നിലവിലുള്ള അധ്യാപകർക്ക് എല്ലാംകൂടി ജോലിഭാരം അധികമാകുകയാണ്.

1632 പേർക്ക് സർക്കാർ സ്കൂളിൽ നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിൽ എൽപി സ്കൂൾ മുതൽ പ്ലസ്ടു അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവർ വരെയുണ്ട്. നിയമനം വൈകുന്നതോടെ ഇവർക്ക് സർവീസ് നഷ്ടപ്പെടുകയാണ്. ഒാൺലൈൻ ക്ലാസുകൾ അധ്യാപകരോട് സംവദിക്കാനുള്ള വേദികൂടിയാണ്. സെപ്തംബറിൽ പ്ലസ് വൺ പൊതുപരീക്ഷ തുടങ്ങുകയാണ്. കുട്ടികളുടെ പഠനം കാര്യക്ഷമമാക്കാൻ കുട്ടികൾക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്ന് ഇൗ അധ്യാപകർ പറയുന്നു.

എയ്ഡ്ഡ് സ്കൂളുകളിൽ ദിവസവേതനത്തിന് ആളെ വച്ച് ക്ലാസെടുക്കുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്. അധ്യാപക നിയമന ഉത്തരവ് ലഭിച്ചാൽ അന്ന്തന്നെ ജോലിയിൽ പ്രവേശിക്കാമെന്നാണ് നിയമം. എന്നാൽ, കൊറോണക്കാലമായതിനാൽ സർക്കാരിന്റ ഉത്തരവില്ലാതെ ജോലിയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന ഉത്തരവ്. സ്കൂളുകളിലെ ഒഴിവുകൾ തിട്ടപ്പെടുത്തിയതിന് ശേഷമാണ് പിഎസ്‌സി അപേക്ഷ ക്ഷണിക്കുന്നത്. 2013 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് ക്ഷണിച്ച അപേക്ഷകളിലാണ് ഇപ്പോഴും നിയമനം ലഭിക്കാതെ ഉദ്യോഗാർഥികൾ വലയുന്നത്.

വിദ്യാർഥികളെത്തി സ്കൂളുകൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങുമ്പോഴേ നിയമന ഉത്തരവ് കിട്ടിയ അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനാകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി മന്ത്രിസഭയിൽ പറഞ്ഞു. ഹയർസെക്കൻഡറി ഉൾപ്പെടെ വിവിധ ജില്ലകളിലായി 2513 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. പ്രവൃത്തി ദിവസത്തിലെ വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് തസ്തികകൾ നിർണയിക്കുന്നത്. സ്കൂൾ തുറക്കാത്തതിനാൽ കഴിഞ്ഞ വർഷവും ഇപ്പോഴും അതിനു കഴിഞ്ഞിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്ന് സ്കൂൾ തുറക്കുമെന്നോ അധ്യാപന ജീവിതത്തിലേക്ക് കടക്കാനാകുമെന്നോ അറിയാതെ കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.

English Summary: Delaying appointment of school teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA