‘‘കോൺഗ്രസിൽ വേണ്ടത് പൊളിറ്റിക്കൽ പ്രഫഷനലിസം; രാഹുൽ അധ്യക്ഷനാകണം’’

HIGHLIGHTS
  • യുഡിഎഫ് വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ല
  • ഗ്രൂപ്പിസം തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു
  • കാലോചിതമായ മാറ്റം ആർഎസ്പിയിലും വരണം
  • കേന്ദ്രസർക്കാരിന് ബദൽ ഇല്ല എന്ന ധിക്കാരം
nk-premachandran-logo
എൻ.കെ. പ്രേമചന്ദ്രൻ (ഫയൽ ചിത്രം)
SHARE

കൊല്ലം ∙ പാർട്ടി താൽപര്യങ്ങൾക്കതീതമായി ഗ്രൂപ്പു താൽപര്യങ്ങൾ മുഴച്ചു നിൽക്കുന്ന കോൺഗ്രസ് പ്രവർത്തന ശൈലി മാറ്റണമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി. കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വം തയാറാകണം. പൊളിറ്റിക്കൽ പ്രഫഷനലിസം കോൺഗ്രസിൽ വരേണ്ട കാലം കഴിഞ്ഞു. 

കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ഇക്കുറി ഏറെ മികച്ചതായിരുന്നു. എന്നാൽ അതു രണ്ടാഴ്ച മുൻപ് പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഫലം മറിച്ചായേനെ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പുതിയ പ്രവർത്തന ശൈലി കൊണ്ടുവരാൻ പ്രാപ്തരാണ്. അവർക്ക് എല്ലാ സഹായങ്ങളും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കള്‍ നൽകണം.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു സംഘടനാ രംഗത്തും രാഷ്ട്രീയരംഗത്തും രാഹുൽ ഗാന്ധി സജീവമാകണം. പ്രതിപക്ഷ കക്ഷികളെ ഒറ്റ പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കാനുള്ള ദൗത്യം രാഹുൽ ഏറ്റെടുക്കണം. 2014 ൽ എൽഡിഎഫ് വിടാനുള്ള ആർഎസ്പി തീരുമാനം തെറ്റായിരുന്നില്ലെന്നും അന്ന് അതു െചയ്തില്ലായിരുന്നുവെങ്കിൽ ആർഎസ്പി ശിഥിലമായേനെയെന്നും പ്രേമചന്ദ്രൻ പറഞ്ഞു. മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ല. തിരഞ്ഞെടുപ്പു വരുമ്പോൾ കോൺഗ്രസിൽ ഉടലെടുക്കുന്ന വിഭാഗീയതയും ഗ്രൂപ്പിസവും മുന്നണിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതു പ്രതിഫലിച്ചതായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രേമചന്ദ്രൻ പറഞ്ഞു. 

nk-premachandran-5
എൻ.കെ. പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ആർഎസ്പിയിലും വലിയ പൊട്ടിത്തെറി സൃഷ്ടിച്ചല്ലോ...?

ആർഎസ്പിയിൽ പ്രശ്നങ്ങളല്ല, അഭിപ്രായങ്ങളാണുള്ളത്. തുടർച്ചയായ രണ്ടാം തവണയും നിയമസഭയിൽ പ്രാതിനിധ്യമില്ലാതെ യുഡിഎഫിൽ തുടരുന്നതു അണികളിൽ വലിയതോതിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.. എന്നാൽ പാർലമെന്റിൽ പ്രാതിനിധ്യമുള്ളതുകൊണ്ടു സംസ്ഥാന പാർട്ടിയെന്ന നിലയ്ക്കുള്ള അംഗീകാരം നിലനിർത്താൻ കഴിയും. എങ്കിൽപ്പോലും നിയമസഭാ പ്രാതിനിധ്യമില്ലാത്തതിന്റെ പേരിൽ പ്രാദേശിക തലത്തിൽ പ്രവർത്തകർക്കു പോലും പരിഗണന ലഭിക്കാത്ത പ്രശ്നമുണ്ട്. അതാണു മൊത്തത്തിൽ പാർട്ടിയിലുണ്ടായ സംഭവം. യുഡിഎഫിൽ ആകെയുണ്ടായിട്ടുള്ള കെട്ടുറപ്പിന്റെയും സംഘടനാ സംവിധാനത്തിന്റെയും ഭാഗമാണു ഇപ്പോഴത്തെ തോൽവി. അതുകൊണ്ടു സംഘടനാപരമായ പുനരുജ്ജീവനത്തിലൂടെ മാത്രമേ യുഡിഎഫിനു തിരിച്ചുവരവുള്ളൂ. അതിനു പുതിയ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ വരവ് വലിയ തോതിൽ പ്രയോജനം ചെയ്യുമെന്ന അഭിപ്രായമാണ് ആർഎസ്പിക്ക്. 

∙ ഷിബു ബേബിജോണിനെപ്പോലുള്ള നേതാക്കൾ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞു. മുന്നണി വിടുമെന്ന സൂചന പോലും കണ്ടു. ആ അവസ്ഥ ഇപ്പോഴും നിലനിൽക്കുകയല്ലേ...?

മുന്നണി മാറ്റം എന്ന ചർച്ച ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവെന്നതു സത്യമാണ്. ആ ചർച്ചയ്ക്ക് ആധാരം നേരത്തെ പറഞ്ഞ അരക്ഷിത ബോധമാണ്. തിരഞ്ഞെടുപ്പിനു ശേഷം കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ നിയമിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പു തിരിഞ്ഞ ചർച്ചയും ഗ്രൂപ്പു സമവാക്യങ്ങളും ബലം നോക്കലും വാദപ്രതിവാദങ്ങളും ഒക്കെ ഉണ്ടായി. സ്വാഭാവികമായും ഇടതുപക്ഷ പ്രസ്ഥാനമെന്ന നിലയിൽ ആർഎസ്പി പ്രവർത്തകർക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നു വരില്ല. മുന്നണി മാറ്റം അനിവാര്യമാണ് എന്ന നിലയിലേക്കുള്ള ചർച്ച കൊണ്ടുവരാനേ കോൺഗ്രസിലെ ഇത്തരം സംഭവങ്ങൾ ഉപകരിച്ചുള്ളൂ. ഇങ്ങനെയാണ് ഇനിയും പോകുന്നതെങ്കിൽ ഭാവി എന്താകുമെന്ന ചോദ്യമുയർന്നു. കെട്ടുറപ്പും ഐക്യവുമുള്ള സംഘടനാ സംവിധാനത്തിലേക്കു യുഡിഎഫ് വന്നാൽ ഇത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളെല്ലാം അപ്രസക്തമാകും.

∙ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും വരെ തലമുറ മാറ്റത്തെക്കുറിച്ചു ചർച്ച  ചെയ്യുന്നു. ആർഎസ്പി നേതൃത്വത്തിലും അത്തരമൊരു തലമുറ മാറ്റം വേണ്ടതല്ലേ …?

തലമുറ മാറ്റം അല്ല, രാഷ്ട്രീയ പ്രവർത്തന ശൈലിയിലും രീതിയിലും ഘടനാപരമായ മാറ്റം ഉണ്ടാകുകയാണു വേണ്ടത്. ടി.ജെ. ചന്ദ്രചൂഡൻ, എ.എ. അസീസ് തുടങ്ങിയ മുതിർന്ന നേതാക്കളാണു പാർട്ടിക്കുള്ളത്. പുതിയ മാറ്റത്തിന്റെ സംസ്കാരം ഉൾക്കൊള്ളാൻ നേതൃത്വം തയാറാകുകയും വേണം. അതാണു പ്രധാനമായും വേണ്ടത്. ഇപ്പോൾ പിണറായി വിജയനാണല്ലോ മുഖ്യമന്ത്രി. എല്ലാ മാധ്യമങ്ങളും പറയുന്നത് പിണറായി വിജയന്റെ കരിഷ്മ കൊണ്ടു വിജയിച്ചുവെന്നാണ്. അദ്ദേഹത്തിന് എത്രയാ പ്രായം? അപ്പോൾ പ്രായം മാത്രമല്ല, നമ്മുടെ പ്രവർത്തന ശൈലിയിൽ കാലോചിതമായ മാറ്റത്തിന് ആർഎസ്പി യും തയാറാകേണ്ടിയിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലെയും ഐടി രംഗങ്ങളിലെയും വികാസങ്ങളിൽ പാർട്ടി വളരെ പിന്നിലാണ്. പതിനായിരങ്ങളെ പങ്കെടുപ്പിച്ചു റാലി നടത്തുന്നതിനേക്കാൾ എത്രയോ ഫലപ്രദമാണു സോഷ്യൽ മീഡിയ കാംപെയ്ൻ. അത്തരത്തിൽ കാലാനുസൃതമായ മാറ്റങ്ങൾക്കു പാർട്ടി തയാറാകണം. കേവലം പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും അപ്പുറം രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽക്കൂടി നേതൃപരമായ പങ്കു വഹിക്കേണ്ട കാലമാണിത്. പാലിയേറ്റീവ് കെയർ, രോഗശുശ്രൂഷ, മറ്റു സന്നദ്ധ പ്രവർത്തനം തുടങ്ങിയവയിലൂടെ പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്നദ്ധപ്രവർത്തകരായും രാഷ്ട്രീയ പ്രവർത്തകർ മാറണം. രാഷ്ട്രീയത്തിനപ്പുറം പുതിയ കാലഘട്ടം അതും ആവശ്യപ്പെടുന്നു.  പാർട്ടിയുടെ വരാൻ പോകുന്ന നേതൃസമ്മേളനം ഇതിനായി കർമ്മപരിപാടി ചർച്ച ചെയ്യും.

nk-premachandran-3
എൻ.കെ. പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

∙ എൽഡിഎഫ് വിടാനുള്ള തീരുമാനം തെറ്റിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ ?

ഒരിക്കലുമില്ല. അത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമായിരുന്നു. അല്ലായിരുന്നുവെങ്കിൽ പാർട്ടിയിൽ വലിയ സംഘടനാപ്രശ്നം ഉണ്ടായേനെ. പ്രസ്ഥാനത്തിന്റെ തന്നെ നിലനിൽപ് അപകടത്തിലാകുമെന്ന ഘട്ടത്തിലാണു 2014 ൽ എൽഡിഎഫ് വിടാനുള്ള തീരുമാനമെടുത്തത്. 1998 ൽ കൊല്ലം ലോക്സഭാ സീറ്റ് സിപിഎം ഏകപക്ഷീയമായി പിടിച്ചെടുക്കുമ്പോൾ ആർഎസ്പി ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനിച്ചത്. ചുവരെഴുത്തു നടത്തി പോസ്റ്ററുകളും അച്ചടിക്കാൻ വരെ കൊടുത്തു. ഒരു ഘട്ടം വന്നപ്പോൾ മുന്നണിയുടെ പൊതുതാൽപര്യത്തിനു വേണ്ടിയാണു വിട്ടുവീഴ്ച ചെയ്തു തുടരാൻ തീരുമാനിച്ചത്. 2004 ലും ഇതേപോലെ പ്രശ്നമുണ്ടായി.  അന്ന് എൽഡിഎഫ് ചർച്ച ചെയ്തുവെന്ന വ്യത്യാസം മാത്രം. അന്നും ആർഎസ്പി വിട്ടുവീഴ്ച ചെയ്തു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ, മന്ത്രിസഭയിൽ നിന്നു മന്ത്രിയെ പിൻവലിക്കാൻ വരെ പാർട്ടി തീരുമാനിച്ചു. അന്നു ഞാൻ ആയിരുന്നു പാർട്ടിയുടെ മന്ത്രി. രാജിവയ്ക്കാൻ് ഞാൻ സന്നദ്ധതയും പ്രകടിപ്പിച്ചു. പിറ്റേ ദിവസമാണ് ‘മന്ത്രിയെ പിൻവലിക്കാനുള്ള തീരുമാനം പിൻവലിച്ചു’ എന്ന അന്നത്തെ പാർട്ടി സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ളയുടെ വിഖ്യാതമായ അറിയിപ്പു വരുന്നത്. അന്നും ആർഎസ്പി വിട്ടുവീഴ്ച ചെയ്ത് എൽഡിഎഫിൽ തുടർന്നു. 2014 എത്തിയപ്പോൾ എൽഡിഎഫിൽ സീറ്റു വിഭജന ചർച്ച പോലും നടത്തിയില്ല. രേഖാമൂലം കത്തു കൊടുത്തു. പലരെയും കണ്ടു സീറ്റു ചോദിച്ചു. എന്നിട്ടും ഒരു ചർച്ച പോലും നടത്തിയില്ല. 2014 മാര്‍ച്ച് ഒന്ന്, 2, 3 തീയതികളാണെന്നാണോർമ്മ. സിപിഎമ്മിന്റെയും ആർഎസ്പി യുടെയും കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ഡൽഹിയിൽ ചേരുന്നു. ഞാൻ കോടിയേരി ബാലകൃഷ്ണൻ, വൈക്കം വിശ്വൻ തുടങ്ങിയ നേതാക്കളെ കണ്ടു ചർച്ച നടത്തി. മുന്നണിയിൽ ചർച്ച നടത്തി സീറ്റ് ഇല്ല എന്നെങ്കിലും പറയൂ എന്നുവരെ പറഞ്ഞു നോക്കി. സീറ്റില്ലെങ്കിൽ മുന്നണി വിടണമെന്നു പാർട്ടിയിൽ ഇതോടെ ശക്തമായ ആവശ്യമുയർന്നു. ചർച്ച പോലും ഇല്ലാതെ സീറ്റ് എടുക്കാൻ സിപിഎം യോഗം തീരുമാനിച്ചു. എൽഡിഎഫ് കൂടുകയോ ഉഭയ കക്ഷി ചർച്ച നടത്തുകയോ ചെയ്യുംമുൻപ് എം.എ. ബേബിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു. (പിന്നീട് കൊല്ലം നിയമസഭാ സീറ്റും സിപിഎം എടുത്തു). എന്നിട്ടാണ് ഞങ്ങൾ ആവശ്യപ്പെട്ടതു പ്രകാരം ഉഭയകക്ഷിചർച്ചയ്ക്കു പോലും സിപിഎം തയാറായത്. ആ ചർച്ചയിൽ പിണറായി വിജയന്‍ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമ്മയിലുണ്ട്. ‘ഇനി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ സീറ്റ് ഒന്നും എടുക്കില്ല...’ എന്ന പിണറായിയുടെ വാക്കുകൾ കേട്ടു പാർട്ടി സെക്രട്ടറി എ.എ .അസീസ് പൊട്ടിത്തെറിച്ചു. അങ്ങനെയാണ് ഞങ്ങൾ ഇറങ്ങി വന്നത്. തുടർന്നു ദേശീയ നേതൃത്വവുമായും സംസ്ഥാന സെക്രട്ടേറിയറ്റിലും ചർച്ച  ചെയ്തു. മുന്നണി വിട്ട് ഒറ്റയ്ക്കു മത്സരിക്കാനാണ് അപ്പോഴും ഞങ്ങൾ തീരുമാനിച്ചത്. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ പാർട്ടി ശിഥിലമായിപ്പോയേനെ. ആർഎസ്പി യുമായി കൂടിയാലോചിക്കാൻ പോലും സിപിഎം തയാറാകാത്ത ഏകപക്ഷീയ നടപടി പ്രവർത്തകര്‍ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല.. സീറ്റു തന്നില്ലെന്നതു മാത്രമല്ല, ഉഭയകക്ഷി ചർച്ച പോലും നടത്താൻ പോലും സിപിഎം തയാറായിരുന്നില്ല. 

∙ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയ നിലപാടു മാറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിയുന്നുവെന്നു തോന്നുന്നുണ്ടോ ?

തിരഞ്ഞെടുപ്പിൽ തോറ്റുവെന്നതു മുന്നണി മാറ്റത്തിനുള്ള കാരണമായി വിലയിരുത്തുന്നതു തന്നെ ഏറ്റവും വലിയ അരാഷ്ട്രീയ വാദമാണ്. അപ്പോൾ അധികാരരാഷ്ട്രീയത്തിനു വേണ്ടി നിൽക്കുന്നുവെന്നു വരും. തോറ്റവരോടൊപ്പമല്ല, ജയിച്ചവരോടൊപ്പമേ നിൽക്കൂവെന്നു പറയുന്നത് ഒരുക്കലും നീതീകരിക്കാൻ കഴിയുന്നതല്ല. ഭാവിയിൽ എന്താകും എന്നു പ്രവചിക്കാനാവില്ല. രാഷ്ട്രീയ സംഭവവികാസങ്ങൾ നമ്മാളാരും വിചാരിക്കുന്നതു പോലെയല്ല ഉരുത്തിരിയുന്നത്. ദേശീയതലത്തിൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണു നിൽക്കുന്നത്, കേരളം ഒഴികെ. ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ മുന്നണി രാഷ്ട്രീയത്തിനു യാതൊരു പ്രസക്തിയുമില്ല. 

nk-premachandran-2
എൻ.കെ. പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

∙ മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസിലെ പ്രതിസന്ധി ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യതകളെ എങ്ങനെയൊക്കെയാണു ബാധിച്ചത് ?

കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ 10 ദിവസത്തോളം ചർച്ച നടന്നു. സ്ഥാനാർഥിപ്പട്ടിക വളരെ മെച്ചമായിരുന്നു. എന്നാൽ ആ സ്ഥാനാർഥിപ്പട്ടിക രണ്ടാഴ്ച മുൻപ് തർക്കമില്ലാതെ പ്രഖ്യാപിച്ചു സ്ഥാനാർഥികൾക്കു പ്രവർത്തിക്കാൻ അവസരം നൽകിയിരുന്നുവെങ്കിൽ ഏറ്റവും കുറഞ്ഞത് 60-65 സീറ്റുകളെങ്കിലും കിട്ടിയേനെ. തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസിൽ ഉണ്ടാകുന്ന സംഘടനാപരമായ പ്രശ്നങ്ങള്‍ പലപ്പോഴും വളരെ പ്രതികൂലമായി വരുന്നുണ്ട്. കെ. കരുണാകരന്റെ കാലത്ത്, സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി പോസ്റ്ററൊട്ടിപ്പും കഴിഞ്ഞ ശേഷം 4 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും അവരെ വിജയിപ്പിക്കുകയും ചെയ്ത കഥ ചില കോൺഗ്രസുകാരെങ്കിലും പറയാറുണ്ട്. അക്കാലം പോയി. ഇന്ന് യുഡിഎഫ് മത്സരിക്കുന്നത് കേഡർ സ്വഭാവമുള്ള 2 പാർട്ടികളോടാണ്. ആളുകൾക്ക് ഇന്നു മൂന്നാമതൊരു ഓപ്ഷൻ ഉണ്ട്. പണ്ടൊക്കെ, യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്ന  രാഷ്ട്രീയ ധ്രുവീകരണം കേരളത്തിൽ കൃത്യമായി നടക്കുമായിരുന്നു. ഇപ്പോൾ ബിജെപി എന്ന മൂന്നാമതൊരു ഓപ്ഷൻ നിൽക്കുന്നതു കൊണ്ട് ആളുകൾക്കു പോകാൻ മറ്റൊരിടമുണ്ട്, വോട്ടു ചെയ്യാനും മറ്റൊരിടമുണ്ട്. വോട്ടിന്റെ ചോർച്ച സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. നേരത്തെ സിപിഎം വിരുദ്ധൻ ഒരിക്കലും സിപിഎമ്മിനു വോട്ടു ചെയ്യില്ല. അയാൾ കോൺഗ്രസിനു വോട്ടു ചെയ്യാൻ നിർബന്ധിതനാകും. ആ സാഹചര്യം മാറി. വിഭാഗീയതയും ഗ്രൂപ്പിസവും പല തിരഞ്ഞെടുപ്പുകളിലും ഉണ്ടാക്കുന്ന സംഘടനാപരമായ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പു  വിജയത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത്  ഈ തിരഞ്ഞെടുപ്പിലും ബാധിച്ചു. സീറ്റു കിട്ടാത്ത വലിയൊരു വിഭാഗം കോൺഗ്രസിലുണ്ട്. ഇവരെയൊക്കെ നേരത്തെ തന്നെ വിശ്വാസത്തിലെടുത്തു മുന്നോട്ടു കൊണ്ടുപോകാൻ എന്തുകൊണ്ടു കഴിഞ്ഞില്ല ? രണ്ടു ഗ്രൂപ്പുകളായി നിൽക്കുമ്പോൾ ഒരിക്കലും അതിനു കഴിയില്ല. അതു ചെയ്തപ്പോഴേക്കും വളരെ വൈകിപ്പോയി. മാത്രമല്ല, പരിണത പ്രജ്ഞരായ പാലോട് രവി, തമ്പാനൂർ രവി, വർക്കല കഹാർ, എം.എ. വാഹിദ്... തുടങ്ങിയവരൊക്കെ തിരുവനന്തപുരത്തെ പ്രമാണികളാണ്. അവസാന നിമിഷം വരെ ഇവർക്കു സീറ്റു പ്രതീക്ഷയുണ്ടായിരുന്നു. കേരളത്തിലാകെ പരിശോധിച്ചാൽ ഇത്തരം അനുഭവങ്ങളുടെ കാലുഷ്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകാം.. 

∙ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ നിലനിൽക്കുന്ന ദൗർബല്യങ്ങൾ ആ പാർട്ടി പോലും തിരിച്ചറിയുന്നില്ല എന്നു വരുന്നില്ലേ...?

തിരിച്ചറിയുന്നില്ല എന്നല്ല. അവർക്കറിയാം. പക്ഷേ പരിഹരിക്കാൻ കഴിയാത്ത നിലയ്ക്കുള്ള വിഭാഗീയത പാർട്ടിയിൽ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. എല്ലാറ്റിനും മീതെ ഗ്രൂപ്പുതാൽപര്യമാണു മുഴച്ചു നിൽക്കുന്നത്. പാർട്ടി നേരിടുന്ന പ്രതിസന്ധി നേതാക്കൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല. ഗ്രൂപ്പു താൽപര്യങ്ങൾക്കപ്പുറത്തു പാർട്ടി താൽപര്യങ്ങൾ പലപ്പോഴും നഷ്ടപ്പെടുന്നുവെന്നതാണ് കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി. പാർട്ടിക്കു പ്രഥമ പരിഗണന നഷ്ടപ്പെടുന്നിടത്തോളം ഗ്രൂപ്പു താൽപര്യങ്ങൾ വളർന്നു. ഗ്രൂപ്പ് ഉള്ളതുകൊണ്ടാണു പാർട്ടി ശക്തമായി നിൽക്കുന്നതെന്നാണു നേരത്തെ പറഞ്ഞിരുന്നത്. ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്കു പോകുന്നതല്ലാതെ, എൽഡിഎഫിലേക്ക് ആരും പോകില്ലായിരുന്നു. ഇന്ന് ഒരു ഗ്രൂപ്പിൽ നിന്നു മറ്റൊരു ഗ്രൂപ്പിലേക്കല്ല, ഒരു പാർട്ടിയിൽ മറ്റൊരു പാർട്ടിയിലേക്കു പോകാൻ വേറെ പാർട്ടികളുണ്ട് ഇവിടെ. സിപിഎമ്മിന്റെ ശൈലി മാറിയതും കാണാതെ പോകരുത്. കോൺഗ്രസിൽ നിന്നുള്ള എത്രയോ പേരെ സിപിഎം സ്വാഗതം ചെയ്തു. മുൻപായിരുന്നെങ്കിൽ ബ്രാഞ്ച് കമ്മിറ്റിയിൽപോലും ഉൾപ്പെടുത്തില്ലായിരുന്നു. 2 വർഷം പാർട്ടിക്കു വേണ്ടി പണിയെടുക്കാൻ പറഞ്ഞേനെ. അവർ നയവും ശൈലിയും പാടെ മാറ്റി. 

∙ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു വന്ന മാറ്റം യുഡിഎഫിന്റെ പ്രകടനത്തെ എങ്ങനെ സ്വാധീനിക്കും ? 

പരമ്പരാഗത രീതിയിൽ നിന്നും ശൈലിയിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ശൈലി രൂപപ്പെടാൻ എല്ലാ സാധ്യതയും കാണുന്നു. പുതിയ രൂപവും ഭാവവും പ്രവർത്തന ശൈലിയും സ്വീകരിക്കുന്നതിനൊപ്പം കാലത്തിനനുസൃതമായ മാറ്റത്തിനു വിധേയമാകുകയും ചെയ്യും. അതു യുഡിഎഫിന്റെ മുന്നേറ്റത്തിനു സഹായകമാകും. സിപിഎം വളരെയധികം ഹൈ ടെക്കും പ്രഫഷനലും ആയി. പൊളിറ്റിക്കൽ പ്രഫഷനലിസത്തിലേക്കു കോൺഗ്രസിനെ മാറ്റിയെടുക്കാൻ ഈ നേതൃമാറ്റം വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. ഗ്രൂപ്പുതാൽപര്യങ്ങൾക്കപ്പുറത്തു നിന്നു വന്നവരായതിനാൽ പാർട്ടിയുടെ താൽപര്യങ്ങളുമായി അവർക്കു മുന്നോട്ടുപോകാനാവും. വി.‍‍ഡി. സതീശനും കെ. സുധാകരനും കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്നവരാണ്. അതിനു ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കളും സഹായിക്കണം. ഈ നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടുകൊണ്ടുപോകാൻ ഈ രണ്ടു പേർക്കും കഴിയുകയും വേണം. ആ തലത്തിലേക്ക് ഇവര്‍ ഉയരുമെന്നാണു പ്രതീക്ഷ. കാലഘട്ടത്തിന്റെ മാറ്റം മുതിർന്ന നേതാക്കൾ ഉൾക്കൊള്ളുമെന്ന പ്രതീക്ഷയും ഉണ്ട്.

nk-premachandran-1
എൻ.കെ. പ്രേമചന്ദ്രൻ (ഫയൽ ചിത്രം)

∙ ഘടകകക്ഷികളുമായി ഉള്ളുതുറന്ന ചർച്ച കോണ്‍ഗ്രസ് നടത്തുന്നില്ല എന്ന പരാതി ഉണ്ടോ ആർഎസ്പിക്ക് ?

മുന്നണി സംവിധാനത്തിൽ കുറെയധികം മാറ്റങ്ങൾ വേണം. കോൺഗ്രസിൽ മാത്രം ഉണ്ടായതു കൊണ്ടായില്ല. എൽഡിഎഫിൽ ആണെങ്കിൽ ഒരു  പരിപാടി വന്നാൽ ഘടകകക്ഷിയുടെ ആളാകും അധ്യക്ഷൻ. ഉദ്ഘാടനം സിപിഎമ്മിനാകും. പിന്നെ എല്ലാ പ്രസംഗിക്കാൻ ഘടകകക്ഷികൾക്കും അവസരം നൽകും. ഇവിടെ അങ്ങനെയല്ല. കോണ്‍ഗ്രസിലെ 10 പേരും മുസ്‌ലിം ലീഗും സംസാരിച്ചു കഴിഞ്ഞാൽ പിന്നെ ഘടകകക്ഷികള്‍ക്കു ഒരു റോളുമില്ല. ഈ ശൈലിയിലും മാറ്റം വേണം. 

∙ കേരളത്തിൽ ഇനിയൊരു തിരിച്ചുവരവിനു യുഡിഎഫിനും കോൺഗ്രസിനും അടിയന്തരമായി എന്താണു ചെയ്യാൻ കഴിയുക ?

പ്രാദേശിക തലങ്ങളിൽ സംഘടന ശക്തിപ്പെടുത്തുക എന്നതു തന്നെയാണു പരമപ്രധാനം. പ്രക്ഷോഭങ്ങളും പരിപാടികളും മാത്രമല്ല വേണ്ടത്. ഒരു വർഷക്കാലത്തേക്കു ജനങ്ങളുമായി ബന്ധപ്പെട്ടു പാർട്ടികളെ ശക്തിപ്പെടുത്തണം. രാഷ്ട്രീയ പ്രശ്നങ്ങൾ ജനങ്ങളിൽ എത്താതെ പോയതു സംഘടന  ഇല്ലാത്തതുകൊണ്ടാണ്.

∙ ദേശീയതലത്തിൽ പ്രതിപക്ഷ നിരയിൽ വേണ്ടത്ര ഏകോപനമോ ഒരുമയോ ദൃശ്യമാകുന്നില്ല. 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ എന്തു ശക്തിയാണു പ്രതിപക്ഷത്തിനു കാണിക്കാനുള്ളത് ?

യോജിച്ച, ശക്തമായ ഒരു രാഷ്ട്രീയ ബദൽ രൂപപ്പെടുക തന്നെ ചെയ്യും. അതു ഒഴിവാക്കാനാവില്ല. ആരുടെയും കഴിവു കൊണ്ടാകില്ല അത്. 1977 ൽ അടിയന്തരാവസ്ഥക്കാലത്തു വന്നതു പോലെ, പിന്നീട് വി.പി സിങ് വന്നതു പോലെ ഒരു  ബദൽ വരിക തന്നെ ചെയ്യും. കാരണം, ബിജെപി സർക്കാരിനെ ജനം മടുത്തു, വെറുത്തു. ഒരു ബദൽ ഇല്ല എന്നതിന്റെ പേരിലുള്ള ധിക്കാരമാണു കേന്ദ്രസർക്കാരിന്റേത്. പെട്രോൾ- ഡീസൽ വിലവർധനവിന്റെ കാര്യത്തിലായാലും, വാക്സിനേഷന്റെ കാര്യത്തിലായാലും ലക്ഷദ്വീപിന്റെ കാര്യത്തിലായാലും എന്തു നിഷേധ നിലപാടും സ്വീകരിക്കാമെന്നായി. മമത ബാനർജി, എം.കെ സ്റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നിരയ്ക്കൊപ്പം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വന്നാൽ അത്ഭുതകരമായ മാറ്റം സംഭവിക്കും. അതിനു കോമൺ പ്ലാറ്റ്ഫോം ഉണ്ടാകണം. അതു ഉണ്ടാകുക തന്നെ ചെയ്യും. 

∙ ഇക്കാര്യത്തിൽ കോൺഗ്രസിനു നേതൃപരമായ പങ്ക് വഹിക്കാനില്ലേ ?

കോൺഗ്രസ് തന്നെയാണു നേതൃത്വം വഹിക്കേണ്ടത്. നിർഭാഗ്യവശാൽ അത് ഉണ്ടാകുന്നില്ല. അവർ അതിനു മുൻകയ്യെടുക്കണം. 

∙ സ്ഥിരതയില്ലാത്ത നേതാവ് എന്ന പഴി രാഹുൽ ഗാന്ധി വീണ്ടും വീണ്ടും കേൾപ്പിക്കുകയല്ലേ ? പ്രവർത്തന ശൈലിയിൽ രാഹുൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചുവെന്നു തോന്നുന്നുണ്ടോ ? 

രാഹുൽ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു സംഘടനാരംഗത്തും രാഷ്ട്രീയരംഗത്തും സജീവമാകണം. പ്രതികരണങ്ങളിലും കാംപെയ്നുകളിലും മാത്രം പോരാ, എഐസിസി പ്രസിഡന്റായി ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാകണം. അതിന് ആദ്യം ചെയ്യേണ്ടത് നേരത്തെ പറഞ്ഞ നേതാക്കളെ ഒന്നിപ്പിക്കാൻ യത്നിക്കണം. ഇവരെയെല്ലാവരും രാഹുൽ ഗാന്ധിയ്ക്കു മാനേജ് ചെയ്യാന്‍ കഴിയുന്നവരാണ്. മമത ബാനർജി മാത്രമാണു വ്യത്യസ്തം. എന്നാലും അവർക്ക് ഒരു പരിധി വിട്ടു പോകാൻ പറ്റില്ല. ശരദ് പവാർ ഉൾപ്പെെടയുള്ളവരെ കോർത്തിണക്കണം. മഹാരാഷ്ട്രയിൽ സഖ്യമുള്ളതു കൊണ്ടു അതു പ്രശ്നവുമല്ല. 

English Summary: Exclusive interview with RSP leader NK Premachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA