വിശന്ന വയറുകള്‍ക്ക് അന്നമൂട്ടാന്‍ സ്‌നേഹം നിറച്ച പൊതിച്ചോര്‍; ജൂഡ്‌സന്റെ സെഹിയോന്‍

mx judeson kochi
സെഹിയോൻ പ്രേഷിത സംഘം പ്രസിഡന്റ് എം.എക്സ്.ജൂഡ്സൻ വഴിയിൽ അലഞ്ഞു തിരിയുന്നയാളെ കണ്ടെത്തി വാഹനത്തിലേയ്ക്ക് എടുത്തു കയറ്റുന്നു. – ഫയൽ ചിത്രം.
SHARE

കൊച്ചി ∙ 1997 ജൂണിലെ ഒരു ദിവസം. പെരുമ്പടപ്പിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് പതിവുപോലെ ജോലിക്കു പോകുകയായിരുന്നു എം.എക്സ്. ജൂഡ്സൺ. അൽപം ധൃതി പിടിച്ചുള്ള യാത്രയ്ക്കിടെ, വഴിയരികിൽ നിന്ന ഒരാളുടെ മുഖത്ത് യാദൃച്ഛികമായി കണ്ണുടക്കി. ആശുപത്രിയിൽനിന്ന് തലേന്നു ഡിസ്ചാർജായി പോയ ജോണി. അമരാവതി പള്ളിക്കു മുന്നിലെ വഴിയരികിൽനിൽക്കുന്ന ജോണിയുടെ കണ്ണിലെ നനവിന്റെ തിളക്കമാണ് ജൂഡ്സന്റെ കണ്ണിൽപെട്ടത്. കാര്യമന്വേഷിച്ചപ്പോൾ ജോണി പതിയെപ്പറഞ്ഞു: ‘ഇന്നലെ ഡിസ്ചാർജാവുംമുമ്പ് ആശുപത്രിയിൽനിന്നു കിട്ടിയ ഒരു ചായയല്ലാതെ ഇതുവരെ ഒന്നുംകഴിച്ചിട്ടില്ല.’ പഴുത്തൊരു മുറിവിൽ മുള്ളുകൊണ്ടാലെന്ന പോലെ ജൂഡ്സണ് നൊന്തു.

ആരുമില്ലാത്ത ജോണിക്ക് അടുത്ത ഹോട്ടലിൽനിന്ന് ഒരു ചോറുപൊതി വാങ്ങി നൽകി. പിറ്റേന്ന് വീട്ടിൽനിന്നിറങ്ങുമ്പോൾ ജൂഡ്സണ് ജോണിയുടെ മുഖം ഓർമവന്നു. ചൊറുപൊതിയെടുത്തപ്പോൾ ജോണിക്കുകൂടി ഒരെണ്ണമെടുത്തു. അടുത്ത ദിവസം ഒരാൾ കൂടി ചോറിനു പങ്കു ചോദിച്ചു; ഒരു അന്തോണിച്ചേട്ടൻ. അതോടെ രണ്ടു പേർക്കുള്ള ഭക്ഷണം എടുക്കേണ്ടി വന്നു. വീട്ടിൽനിന്നു ഭക്ഷണം കൊടുത്തു തുടങ്ങിയപ്പോൾ ആവശ്യക്കാരുടെ എണ്ണം കൂടി. അവർക്കെല്ലാം ജൂഡ്സൺ ഓരോ പൊതി ചോറു വീതം കരുതി.

കാൽനൂറ്റാണ്ടു മുമ്പ് ഒരാൾക്ക് ഊണു വാങ്ങി നൽകിയ കൈകൾ ഇന്നു പ്രതിദിനം പോറ്റുന്നത് 2000 ലേറെ ആളുകളെ. പശ്ചിമ കൊച്ചിയിൽ ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാത്ത ആരുമില്ലെങ്കിൽ അതിനു കാരണക്കാരൻ സെഹിയോൻ ഊട്ടുശാലയുടെ നായകൻ ഇടക്കൊച്ചി സ്വദേശി ജൂഡ്സൺ ആണ്.

judeson-kochi
എം.എക്സ്.ജൂഡ്സൻ വഴിയോരത്ത് ഭക്ഷണ വിതരണം നടത്തുന്നു. – ഫയൽ ചിത്രം.

ഇപ്പോൾ, ഈ കോവിഡ് കാലത്ത് രാവിലെ 50 പേർക്കു ഭക്ഷണം നൽകുന്നു. ഉച്ചയ്ക്ക് 1600 മുതൽ 1800 വരെ പേരുടെ വിശപ്പു മാറ്റുന്നു. രാത്രിയിൽ നൂറിൽ താഴെ പേർക്കാണ് ഭക്ഷണം. ഒന്നര വർഷം മുമ്പു വരെ സെഹിയോൻ ഊട്ടുശാല എന്ന പേരിലുള്ള ഭക്ഷണ കേന്ദ്രങ്ങളിൽ 50 – 60 പേർ വീതം എത്തി കഴിക്കുന്ന രീതിയായിരുന്നു. ഇപ്പോൾ അതു നിർത്തി വച്ചിരിക്കുകയാണ്. പകരം ആവശ്യക്കാർക്ക് ആശാവർക്കർമാരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ഭക്ഷണം എത്തിക്കുന്നു. പശ്ചിമ കൊച്ചിയിലാണ് ഭക്ഷണ വിതരണമെങ്കിലും രാത്രിയിൽ എറണാകുളം നഗരത്തിലൂടെ ജൂഡ്സൺ ഒന്നു കറങ്ങും. തെരുവിലുറങ്ങുന്ന കുറേ പേർക്കു ഭക്ഷണം നൽകും.

ഡ്രൈവർ, കുഷ്ഠരോഗികളുടെ സഹായി

പെരുമ്പടപ്പിൽ കൊച്ചി രൂപതയുടെ കീഴിലെ കുഷ്ഠരോഗാശുപത്രിയിൽ 1988 മുതൽ ഡ്രൈവറും സഹായിയും എല്ലാമായിരുന്നു ജൂഡ്സൺ. നേരത്തേ അവിടെ രോഗികളെ പരിചരിക്കാനും മുറിവു വച്ചു കെട്ടാനുമെല്ലാം പോകുമായിരുന്നു. 750 രൂപയാണ് അന്നു മാസ ശമ്പളം. 20 വർഷം കഴിഞ്ഞപ്പോഴും അത് 2000 രൂപ മാത്രം. അന്നു കൊച്ചിയിൽ ധാരാളം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. അവരുടെ മുടി വെട്ടുകയും മുറിവുകൾ വച്ചു കെട്ടുകയുമെല്ലാമായിരുന്നു ജോലി. അങ്ങനെയിരിക്കെയാണ് 1997 ൽ ജോണി ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയതും അനാഥനായ ജോണിക്കു ഭക്ഷണം വാങ്ങി നൽകി ദൗത്യം ആരംഭിക്കുന്നതും. ആ വർഷം ഡിസംബർ ആയപ്പോഴേയ്ക്ക് 65 പേർക്കെങ്കിലും ഭക്ഷണം കൊടുക്കേണ്ടി വന്നു. രണ്ടാം വർഷം അത് 250 പേർ വരെയായി.

ഭക്ഷണപ്പൊതി വാങ്ങാൻ കിലോമീറ്ററുകൾ ദൂരെ നിന്നുപോലും ആളുകൾ വരുന്നുണ്ടെന്നു മനസ്സിലാക്കിയാണ് സെഹിയോൻ ഊട്ടുശാല എന്ന ആശയം നടപ്പാക്കുന്നത്. ചിലർ ഏഴു കിലോമീറ്ററൊക്കെ നടന്നുവന്നാണ് ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത് എന്നറിഞ്ഞത് വല്ലാത്ത സങ്കടമുണ്ടാക്കി. പള്ളുരുത്തിയിലെ ചിറയ്ക്കലിലായിരുന്നു സെഹിയോന്റെ തുടക്കം. ആദ്യ ഊട്ടുശാലയിൽ കഴിക്കാൻ 80 പേരിലധികമുണ്ടായിരുന്നു. ഉച്ചയ്ക്കു കഴിച്ചാൽ അടുത്ത ദിവസം ആ നേരം വരെ കാത്തിരിക്കണം വീണ്ടും ഭക്ഷണം ലഭിക്കാൻ. ഇതോടെ കാട്ടിപ്പറമ്പിൽ ഒരെണ്ണം ചെറിയ തോതിൽ തുടങ്ങി, തുടർന്ന് നസ്രത്തിൽ. അങ്ങനെ കൊച്ചിയിൽ പലഭാഗങ്ങളിലായി 25 ഊട്ടുശാലകളായി. കോവിഡ് വ്യാപിച്ചതോടെ ഊട്ടുശാല പൂർണമായും നിർത്തേണ്ടി വന്നു. പ്രായമുള്ളവരാണ് അവിടെ ഏറെയും വന്നിരുന്നത് എന്നതിനാൽ അവരുടെ വീടുകളിലേക്കു ഭക്ഷണം എത്തിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ എല്ലായിടത്തും എത്തിച്ചു നൽകുകയാണ്.

judeson-kochi3
സെഹിയോൺ ഊട്ടുശാലയുടെ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തുന്നു

അയൽക്കാരുടെ കൈനീട്ടങ്ങൾ

കൂടുതൽ പേർക്കു ഭക്ഷണം നൽകേണ്ടി വന്നതോടെ സഹായത്തിന്റെ കൈ നീട്ടിയത് തന്റെ പരിസരവാസികളാണെന്നു ജൂഡ്സൺ. ഓരോ വീട്ടിലും നടക്കുന്ന വിവാഹം മുതൽ അടിയന്തിരവും ജൻമദിനാഘോഷവുംവരെ എന്തു ചടങ്ങായാലും ഒരു നിശ്ചിത തുക ഊട്ടുപുരയ്ക്കു സഹായമായി നൽകും. ആദ്യം 300 രൂപയായിരുന്നു. പീന്നീടത് 500 രൂപയായി. ലോക്ഡൗൺ തുടങ്ങുന്നതിനു മുമ്പ് 1000 രൂപ വീതമൊക്കെ തരുമായിരുന്നു. ഇതെല്ലാമായിരുന്നു ഊട്ടുശാലയുടെ സാമ്പത്തിക സ്രോതസ്സ്.

ജീവിതത്തിലേക്കൊരു സ്നേഹസ്നാനം

ഭക്ഷണ വിതരണം തുടങ്ങി അഞ്ചു വർഷമായപ്പോൾ, 2002 ജൂൺ 29 നാണ് മൊബൈൽ ബാത്ത് എന്ന പേരിൽ ഒരു പദ്ധതി തുടങ്ങുന്നത്. അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി മുടിവെട്ടി, കുളിപ്പിച്ച് അഗതി മന്ദിരത്തിൽ എത്തിക്കും. ആദ്യ വർഷം തന്നെ നിരവധിപ്പേരെ ഇങ്ങനെ അഗതി മന്ദിരങ്ങളിൽ എത്തിക്കാൻ സാധിച്ചു. പിന്നീടത് കൊച്ചിയിൽനിന്നു തിരുവനന്തപുരം വരെയുള്ള ജില്ലകളിലേക്കു വ്യാപിപ്പിച്ചു. കാസർകോട് വരെ നാലു തവണ പോയിട്ടുണ്ട്. ഇതിനായി നാലഞ്ചു ദിവസം നീളുന്ന യാത്രകൾ പോകാറുണ്ട്. കാസർകോട്ടു പോകുമ്പോൾ 12 ദിവസം വരെ വേണ്ടി വരും. ഒരു യാത്രയിൽ 200 മുതൽ 300 പേരെ വരെ ഇങ്ങനെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാനായിട്ടുണ്ട്.

judeson-kochi2
സെഹിയോൺ ഊട്ടുശാലയുടെ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തുന്നു

ആരു കൈനീട്ടിയാലും നൽകും

ഭക്ഷണത്തിന് അർഹരെ എങ്ങനെ കണ്ടെത്തും എന്നൊരു ചോദ്യം ജൂഡ്സണു മുമ്പിലില്ല. ആരു കൈ നീട്ടിയാലും നൽകും. വാങ്ങുന്നവരിൽ അലഞ്ഞു നടക്കുന്നവരുണ്ട്, 25 വർഷമായി ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന വീടുകളുണ്ട്. ഇതിൽ 85 – 90 ശതമാനം പേരും അർഹതയുള്ളവരാണെന്നു പൂർണ ബോധ്യമുണ്ട്. പത്തു ശതമാനത്തോളം മദ്യപാനികളോ അനർഹരോ ആണ്. പക്ഷേ ഭക്ഷണത്തിനു വേണ്ടി ആരു കൈനീട്ടിയാലും കൊടുക്കണം എന്നതാണ് നയം. ചില മദ്യപാനികളും മറ്റും ഭക്ഷണം വാങ്ങിയിട്ട് കറി ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്മൾ കേൾക്കാതെ ചീത്ത പറയാറുണ്ട്. അതു കാര്യമാക്കാറില്ല. 90 ശതമാനം അർഹരുടെ വിശപ്പുമാറ്റാനാകുന്നു എന്നതാണ് സന്തോഷം.

ചില വീടുകളിൽ മൂന്നും നാലും പൊതി കൊടുക്കേണ്ടി വരും. പുറത്തുനിന്നു നോക്കുമ്പോൾ, ഇവിടെ എവിടെയാണ് പാവപ്പെട്ടവരെന്നു ചോദിക്കും ചിലർ. എന്നാൽ കൂടെയൊന്നു വരൂ എന്നു പറ‍ഞ്ഞാൽ അവർക്കു നേരവുമില്ല. വിമർശിച്ച ചിലരെ നിർബന്ധിച്ചു കൂടെ കൊണ്ടു പോയി. അവർ ഇപ്പോഴും സഹായവുമായി കൂടെയുണ്ട്. സ്കൂൾ കുട്ടികളെയും അധ്യാപകരെയുമെല്ലാം ഭക്ഷണം കൊടുക്കാൻ ഒപ്പംകൊണ്ടു പോകുന്നതും അതുകൊണ്ടാണ്. ഈ കുട്ടികൾ സ്കൂളിൽ ചെന്നു കൂട്ടുകാരോടൊക്കെ ഇതിനെപ്പറ്റി പറയും. ചിത്രങ്ങൾ എടുത്തു ചിലപ്പോൾ അധ്യാപകരെ കാണിക്കും. ഇവരെല്ലാം പലപ്പോഴും തുടർ സഹായവുമായി എത്തുന്നുണ്ട്. ഈ പദ്ധതി തുടർന്നും നടത്തിക്കൊണ്ടു പോകാൻ വിദ്യാർഥികളടക്കം മുന്നോട്ടു വരണം എന്നതിനാലാണ് ഇതു ചെയ്യുന്നത്.

സ്കൂൾകുട്ടികളിൽനിന്ന് ഓരോ പൊതി ചോറു വാങ്ങി, അവരെയും കൂട്ടി പാവപ്പെട്ടവരുടെ വീടുകളിൽ ഭക്ഷണമെത്തിക്കുന്ന രീതിയും നടപ്പാക്കിയിരുന്നു. ഇത് നല്ല ഫലമുണ്ടാക്കി. പിന്നീട് കോളജുകളിൽ നിന്നെല്ലാം വിദ്യാർഥികളുടെ സഹായം ലഭിച്ചു. 20 സ്കൂളുകളും എട്ടു കോളജുകളും ഇതിനു പിന്തുണയുമായി ഒപ്പം നിന്നു.

രാവിലെ ഭക്ഷണം കൊടുക്കുന്നത് കൈനീട്ടാത്തവർക്കാണ്. കിട്ടിയാലും കിട്ടിയില്ലെങ്കിലും ഒന്നും മിണ്ടാതെ ഇരിക്കുന്നവർ. നമ്മൾ കൊടുത്തില്ലെങ്കിൽ അവർ ഒന്നും കഴിക്കില്ല. കടയിൽനിന്നു ചോദിച്ചുവാങ്ങി ഒരു ചായ പോലും കുടിക്കില്ല. അതുകൊണ്ടാണ് കൊടുക്കുന്നത്. പിന്നെ വീടുകളിൽ രോഗബാധിതരായി കിടപ്പിലായ വയോധികരുണ്ട്. ഉച്ചഭക്ഷണം പലർക്കും കൊടുക്കുന്നുണ്ട്. അവരിൽ അനർഹരുമുണ്ടാകാം. എന്നാലും അർഹതപ്പെട്ടവർക്കു ഭക്ഷണം നൽകാൻ പ്രവർത്തകർ പരമാവധി ശ്രദ്ധിക്കാറുണ്ട്.

judeson-kochi4
സെഹിയോൺ ഊട്ടുശാലയുടെ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തുന്നു

വിശന്ന കാലത്തിന്റെ ഓർമകളുള്ളവർ; അവരുടെ സ്നേഹം

ഒന്നുമില്ലായ്മയുടെ കാലത്ത് സെഹിയോനിൽനിന്നു ഭക്ഷണം കഴിച്ചിരുന്നവരിൽ പലരുടെയും മക്കൾ നല്ല നിലയിലായിട്ടുണ്ട്. അങ്ങനെ കുറച്ചു പേരെയെങ്കിലും വ്യക്തിപരമായി അറിയും. കാണുമ്പോൾ സ്വകാര്യമായി പറയുമെങ്കിലും പരസ്യമായി പറയാറില്ല പലരും. ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലത്ത് കാലടിയിൽ പോകുന്നുണ്ടായിരുന്നു. അന്ന് നാലഞ്ചു കുടുംബങ്ങൾക്ക് ഏത്തപ്പഴവും അരിയുമൊക്കെ വാങ്ങി നൽകുമായിരുന്നു. പലപ്പോഴും അതിന് ആശുപത്രിയിൽനിന്നു കടം വാങ്ങേണ്ടിവരും. അവരിൽ ഒന്നു രണ്ടുപേർ നല്ല നിലയിലായപ്പോൾ ഇടയ്ക്കൊക്കെ എന്തെങ്കിലും വാങ്ങി നൽകുന്നുണ്ട്. ‘മറക്കാൻ പറ്റില്ല, അന്നത്തെ അവസ്ഥ ജൂഡ്സണേ അറിയുമായിരുന്നുള്ളൂ’ എന്ന് അവർ പറയുമ്പോൾ മനസ്സു നിറയുമെന്ന് ജൂഡ്സൺ.

അലഞ്ഞു നടക്കുന്നർക്കും വീടുകളിൽ സുഖമില്ലാതെ കിടക്കുന്നവർക്കും ചെല്ലാനം ഭാഗത്ത് വളരെ ബുദ്ധിമുട്ടിലായവർക്കും ഭക്ഷണം കൊടുക്കുകയാണ് ഇപ്പോൾ. കോവിഡുള്ളവർക്ക് 700, 800 പൊതി വീതമെങ്കിലും പോകുന്നുണ്ട്. വച്ചു കഴിക്കാൻ വയ്യാത്തവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നു. കോവിഡിന്റെ തുടക്ക കാലത്ത് സ്വന്തമായി എത്തിച്ചു കൊ‍ടുക്കുമായിരുന്നു. പിന്നീട് സഹായം വേണ്ടവരുടെ എണ്ണം കൂടിയപ്പോഴാണ് ആശാ വർക്കർമാരോടു സഹായം ചോദിച്ചത്. പൊതി തയാറാക്കാനും എത്തിക്കാനും മറ്റും അവരിൽ നിന്നു നല്ല സഹായമുണ്ട്.

ആരും അടുപ്പിക്കാത്ത 20 വർഷങ്ങൾ

കുഷ്ഠരോഗാശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും നല്ല സമയമെന്ന് ജൂഡ്സണ്‍. സ്ത്രീകളും പുരുഷൻമാരുമായി 25 പേരെങ്കിലും ഉണ്ടാകും. അറ്റൻഡറും സഹായിയും എല്ലാമായ ജൂഡ്സണായിരുന്നു രോഗികളെ കുളിപ്പിക്കുന്നതും ഭക്ഷണം നൽകുന്നതുമെല്ലാം. അതുകൊണ്ടുതന്നെ ആരും അടുപ്പിച്ചിരുന്നില്ല. ആശുപത്രിമണമാണെന്നു പറഞ്ഞു പലരും മാറ്റി നിർത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോൾ ആശുപത്രി ക്വാർട്ടേഴ്സ് നൽകി. രാവിലെ അഞ്ചു മണിക്ക് ആശുപത്രിയിലെത്തി രോഗികൾക്കു ചായയിട്ടു നൽകുമായിരുന്നു.

മുറി തുറക്കുമ്പോൾത്തന്നെ ദുർഗന്ധമാണ്. ആശുപത്രിയിലേക്കിറങ്ങുന്നതിനു പിന്നാലെ, മൂത്ത മകനും അവിടെവരും. രോഗികൾക്കൊപ്പമിരുന്നു വർത്തമാനം പറയുന്നതായിരുന്നു അവനിഷ്ടം. രോഗം വരാനായിരുന്നെങ്കിൽ അന്ന് കുടുംബത്തിലെല്ലാവർക്കും വരണമായിരുന്നു. രണ്ടു മക്കൾക്കും കുഷ്ഠരോഗികളായിരുന്നു കൂട്ട്. പക്ഷേ ആർക്കും ശരീരത്ത് ഒരു ചെറിയ പാടു പോലും വന്നിട്ടില്ല. ഭക്ഷണ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ അവരും സഹായത്തിനു വരുമായിരുന്നു. ഇപ്പോൾ അവർ തന്നെ പല കാര്യങ്ങളും ഏറ്റെടുത്തു ചെയ്യുന്നുണ്ട്.

പുതിയ വെളിച്ചവുമായി ഡോക്ടർ

ഒരിക്കൽ അലഞ്ഞുനടന്ന ഒരാളെ കുളിപ്പിക്കാൻ പൊലീസിന്റെ സഹായം ചോദിച്ചപ്പോൾ തോപ്പുംപടി സ്റ്റേഷനിലെത്തിക്കാൻ പറഞ്ഞു. അവിടെയെത്തിച്ച് മുടിയും താടിയും വെട്ടി. പൊലീസ് മാറിയ സമയത്ത് അയാൾ ജൂഡ്സണെ ഇടിച്ചിട്ടു. നാലു മാസം കിടപ്പിലായി. ആ സമയത്തു പരിചയപ്പെട്ട റാൻസി അംബ്രോ എന്ന ആൾ വഴിയാണ് വഴി ഡോ. അരുൺ ഉമ്മനെ പരിചയപ്പെടുന്നത്. റാൻസിയും ഡോക്ടറും വന്നതിനു ശേഷം ഊട്ടുശാലയുടെ പ്രവർത്തകർക്ക് പുതിയ ഊർജം ലഭിച്ചെന്ന് ജൂഡ്സൺ പറയുന്നു.

ഒരു ഡോക്ടറുടെ കരുതൽ എന്നതിനു പുറമേ ഒരുപാടു കാര്യങ്ങളിൽ ഡോ. അരുൺ ഉമ്മനെ സഹായിച്ചു. ഡോക്ടർ വഴി മുത്തൂറ്റിൽ നിന്ന് ഒരു ആംബുലൻസും വാനും ലഭിച്ചു. ഭക്ഷണം തയാറാക്കുന്നവർക്കും പൊതിയുന്നവർക്കും തൊപ്പിയും ഗ്ലൗസും വേണം എന്നു നിർദേശിച്ചതും അതു പ്രായോഗികമാക്കിയതും ഡോക്ടറായിരുന്നു. 2017 ലാണ് സെഹിയോൻ പ്രേഷിത സംഘം എന്ന പേരിൽ സൊസൈറ്റി റജിസ്റ്റർ ചെയ്തത്. ഇപ്പോൾ സെഹിയോന്റെ മാനേജിങ് ട്രസ്റ്റിയാണ് ഡോ. അരുൺ ഉമ്മൻ. റാൻസി അംബ്രോയാണ് ട്രഷറർ. ജൂഡ്സൺ പ്രസിഡന്റും മോൺ. ഫാ. ആന്റണി കൊച്ചുകരിയിൽ ഡയറക്ടറുമാണ്. മുമ്പ് ഭക്ഷണവിതരണത്തിനു പണമില്ലാതെ വരുമ്പോൾ പലയിടത്തുനിന്നും കടം വാങ്ങുമായിരുന്നു. ഡോക്ടർ എത്തിയ ശേഷമാണ് കാര്യങ്ങൾക്കൊരു മാറ്റമുണ്ടായത്.

കാര്യങ്ങൾ മുടക്കമില്ലാതെ നടത്താനാവണം എന്നുമാത്രമാണ് പ്രാർഥന. ഇത്രയും പേർക്കു ഭക്ഷണം നൽകാനാകുമെന്നോ അതിന് ഇത്രയേറെപ്പേർ സഹായിക്കുമെന്നോ കരുതിയിരുന്നില്ല. പല സ്ഥലത്തു നിന്നും ആളുകളെത്തി ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനും സഹായിക്കുന്നുണ്ട്.

തുടക്കകാലത്ത് ഭാര്യയ്ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് പൂർണ പിന്തുണയുമായി കൂടെയുണ്ടെന്ന് ജൂഡ്സൺ. മക്കളിൽ ഒരാൾ ഒരു സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ ജീവനക്കാരനാണ്. ഒരാൾ മെക്കാനിക്കും. ഇരുവരും ഒഴിവുസമയത്ത് സെഹിയോനൊപ്പമുണ്ടാകും. സെഹിയോനൊപ്പം പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അതിന് അവസരമുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം ആർക്കും എപ്പോൾ വേണമെങ്കിലും നേരിട്ടെത്തി പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. സാമ്പത്തിക സഹായം നൽകുന്നവർക്ക് നിയമപരമായ നികുതി ഇളവും ലഭിക്കും.

English Summary: Feeding destitues MX Judeson Sehion Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA