ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ചികിത്സയുടെയും വാക്സിനേഷന്റെയും ആവശ്യങ്ങൾക്കായി ഒരു കോടി കയ്യുറകൾ അമിത വിലയ്ക്കു വാങ്ങാൻ നീക്കം. മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ഉന്നതരും ചില സിപിഎം നേതാക്കളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നടക്കുന്ന കച്ചവടത്തിൽ 5 കോടി രൂപയുടെ ക്രമക്കേടിനാണു കളമൊരുങ്ങുന്നത്. 

തിരുവനന്തപുരത്തെ ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ള കമ്പനി മുഖേനയുള്ള കയ്യുറ കരാറിന് അന്തിമ നടപടികൾ ആരംഭിച്ചു. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഈ ഡോക്ടർ നൽകുന്ന കയ്യുറയ്ക്കു 14 രൂപയാണു നിരക്കു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 8.50 രൂപ മുതൽ 12.50 രൂപ നിരക്കിൽ കയ്യുറ നൽകാമെന്നു പല കമ്പനികളും കോർപറേഷനെ അറിയിച്ചു. ഇതു നിലനിൽക്കെയാണ് ഡോക്ടറുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് കോർപറേഷൻ കൈകൊടുക്കുന്നത്.

ഈ കമ്പനി ഇതിനു മുൻപ് കോർപറേഷനു കയ്യുറ നൽകിയിട്ടില്ല. മുൻപരിചയമില്ലാത്ത കമ്പനിക്കു കരാർ നൽകരുതെന്ന് കോർപറേഷനിലെ ഉന്നതരിൽ ചിലർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. കോർപറേഷൻ ഗുണമേന്മയില്ലാത്ത പിപിഇ കിറ്റുകൾ വാങ്ങിയതിനെതിരെ ആരോപണം നിലനിൽക്കെയാണു കയ്യുറയിൽ നിന്നു കയ്യിട്ടുവാരാൻ ശ്രമം നടക്കുന്നത്.

സിപിഎം അനുകൂല നഴ്സുമാരുടെ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷനാണ് പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്. ഇതിന്റെ വിശദാംശങ്ങൾ അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

രണ്ട് കമ്പനികളുടെ പിപിഇ കിറ്റുകൾക്കെതിരെയാണു പരാതി ഉയർന്നത്. ഇതിൽ ഒരു കമ്പനിയുടെ കിറ്റിൽ ഏതു കമ്പനിയാണെന്നുപോലും രേഖപ്പെടുത്തിയിരുന്നില്ല. പിപിഇ കിറ്റ് ധരിച്ച് 4 മുതൽ 6 മണിക്കൂർവരെ ജോലി ചെയ്യണം. വെള്ളം കുടിക്കാനോ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. കോർപറേഷൻ നൽകിയ 2 കമ്പനികളുടെ കിറ്റുകൾ ധരിച്ച് ഒരു മണിക്കൂർ പോലും ജോലി ചെയ്യാനാവില്ല.

നിർജലീകരണം സംഭവിക്കുകയും ജീവനക്കാർ തളർന്ന് വീഴുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായെന്നും അസോസിയേഷന്റെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ സ്വാധീനിച്ച് അന്വേഷണം ഒഴിവാക്കാനാണ് ഇപ്പോൾ നീക്കം നടത്തുന്നത്.

സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്തശേഷം 1,200 കോടി രൂപയുടെ മെഡിക്കൽ സാമഗ്രികൾ കോർപറേഷൻ വാങ്ങിയിട്ടുണ്ട്. ഇതിൽ പല ഫയലുകളിലും ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് മുൻ മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു മാതൃസ്ഥാപനത്തിലേക്കു മടങ്ങിയിരുന്നു.

English Summary: Irregularities on purchase of hand gloves for Covid prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com