ADVERTISEMENT

കൊച്ചി∙ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിനു പൊലീസ് തിരയുന്ന മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ഇയാൾ ദേഹോപദ്രവം ഏൽപിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിലുള്ളത്. പ്രതിക്കെതിരെ പീഡനക്കേസ് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും കമ്മിഷണർ വെളിപ്പെടുത്തി. ഇതേവിവരം തന്നെ ഡിസിപി ഐശ്വര്യ ഡോങ്റെയും മാധ്യമങ്ങളോടു പറഞ്ഞു. 

പ്രതി മാർട്ടിൻ ജോസഫിനെ പല സ്ഥലങ്ങളിൽ മാറി താമസിക്കുന്നതിനും ഒളിവിൽ കഴിയുന്നതിനും സഹായിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തതായി കമ്മിഷണർ വെളിപ്പെടുത്തി. ഇവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തുന്നത് നടപടിക്കു ഗുണകരമാകില്ല എന്നതിനാലാണ് പുറത്തു വിടാത്തത്. ഇയാൾ ഉപയോഗിച്ച ഏതാനും വാഹനങ്ങളും പിടിച്ചെടുത്തു. മാർട്ടിനെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റു ചെയ്യുന്നതിനു കോടതിയുടെ വിലക്കില്ലാത്തതിനാൽ ഏതു സമയവും അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതി കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്. എന്നാൽ ഇയാൾ ഒരു മാസത്തോളമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊച്ചി പൊലീസ് ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസവും പരിശോധന നടത്തുകയും സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സഹോദരൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇന്നലെയാണ് വിട്ടയച്ചതെന്ന് പിതാവ് ജോസഫ് പുലിക്കോട്ടിൽ മനോരമ ഓൺലൈനോടു പറഞ്ഞു. പിടിച്ചെടുത്ത വാഹനം പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതായും ഇയാൾ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്ലാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയിരുന്നു. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും. എന്നാൽ ഇതിനകം പ്രതിയെ കണ്ടെത്താനായാൽ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

English Summary: More complaints against Kochi Marine drive flat rape case culprit Martin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com