ADVERTISEMENT

പാലക്കാട് ∙ പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ, പുറത്തെത്തിയ പെൺകുട്ടി സാജിതയും അവളെ ഒളിപ്പിച്ച റഹിമാനും ആ പത്തു വർഷത്തെ അനുഭവങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നു. തന്റെ വീട്ടുകാരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിക്കേണ്ടിവന്നതെന്ന് റഹിമാൻ പറയുന്നു.

‘രണ്ടു കൊല്ലം പ്രണയിച്ചു. പെട്ടെന്ന് ഒരു ദിവസം അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. എനിക്കു കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയപ്പോൾ വൈകി. പക്ഷേ ആ പണം വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ ഞങ്ങൾക്ക് എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്നത് ഓർക്കാൻപോലും വയ്യ. ഭാര്യയ്ക്കു ഞാൻ ഭക്ഷണമൊക്കെ എത്തിച്ചു കൊടുത്തിരുന്നു.

ഇലക്ട്രോണിക്സ് കാര്യങ്ങളോട് എനിക്കു താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ തൊട്ടാൽ ഷോക്ക് അടിക്കുന്ന സംവിധാനം ഒരുക്കിയത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തും കൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിയൊക്കെ വരുമ്പോൾ പാരസെറ്റമോളും മറ്റും വാങ്ങിക്കൊടുത്തു.’– റഹിമാന്റെ വാക്കുകൾ.

പത്തുവർഷം ഒരൊറ്റമുറിയില്‍ത്തന്നെ കഴിയേണ്ടിവന്ന അനുഭവം മറ്റൊരാളെ പറഞ്ഞുമനസ്സിലാക്കാനാകില്ലെന്ന് സാജിത പറയുന്നു. ‘ഭര്‍ത്താവ് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടിവി വച്ചിരുന്നു. ഹെഡ്സെറ്റ് വച്ച് അത് കേൾക്കും. അങ്ങനെയാണ് റഹിമാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിച്ചിരുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായി’ – സാജിത പറയുന്നു.

English Summary : Rahiman and Sajitha about their 10 years stay in one room experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com