എന്തുകൊണ്ട് എൽഡിഎഫിന് എറണാകുളം പിടിക്കാനാവുന്നില്ല?; കാരണങ്ങൾ ഇതാ...

LDF
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
SHARE

കൊച്ചി∙ പതിനെട്ടടവും പയറ്റിയിട്ടും എന്തുകൊണ്ടാണ് എറണാകുളം ജില്ല ഇടതുപക്ഷത്തിനു ബാലികേറാമലയായി തുടരുന്നത്? കേരളം മുഴുവൻ വീശിയടിക്കുന്ന ഇടതുകാറ്റിൽ മറ്റു ജില്ലകളിൽ വലതുകോട്ടകൾ നിലംപരിശാകുമ്പോഴും ഇതൊന്നുമറിഞ്ഞില്ലെന്ന മട്ടിലുള്ള എറണാകുളത്തിന്റെ നിൽപുകാണുമ്പോൾ ഇടതു ക്യാംപിലുണ്ടാവുന്ന നിരാശ ആഴത്തിലുള്ളതാണ്. പരിശ്രമിക്കാഞ്ഞിട്ടല്ല, പക്ഷേ പറ്റുന്നില്ല. അതിനു ചില കാരണങ്ങളുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പു ചരിത്രം ആ കാരണങ്ങൾ ശരിവയ്ക്കുന്നു. മലപ്പുറമാണ് എറണാകുളം പോലെ യുഡിഎഫിന് എന്നും ആശ്വസിക്കാൻ വാർത്ത നൽകുന്ന മറ്റൊരു ജില്ല. കോട്ടയവും ഇതുപോലൊക്കെയായിരുന്നെങ്കിലും അതിൽ നേരിയ മാറ്റം വന്നു. മലപ്പുറം കോൺഗ്രസിന്റെയല്ല, ലീഗിന്റെ കോട്ടയാണ്. ലീഗിന്റെ ഒൗദാര്യമുള്ളിടത്തോളം കാലം അതിന്റെ പങ്കുപറ്റാം. പക്ഷേ, അന്നും ഇന്നും എറണാകുളത്തിന്റെ മനസ്സ് വേറൊന്നാണ്. 

ഒപ്പമെത്തിയത് 5 തവണ മാത്രം

നിലവിൽ 14 മണ്ഡലങ്ങളാണ് എറണാകുളത്തുള്ളത്. എൽഡിഎഫ് തരംഗം ആഞ്ഞുവിശീയ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സീറ്റു ലഭിച്ചത് യുഡിഎഫിന്– ഒൻപതു സീറ്റ്. എൽഡിഎഫിന് 5. 2016ലെ അതേ നില. രണ്ടു സീറ്റ് സ്വന്തം കയ്യിലിരിപ്പുകൊണ്ടു കൈവിട്ടു പോയതാണെന്നു സിപിഎം നേതാക്കൾ തന്നെ സമ്മതിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കേരളം തൂത്തുവാരിയപ്പോഴും എറണാകുളത്തിന്റെ രാഷ്ട്രീയ നിലയിൽ മാത്രം മാറ്റമില്ലായിരുന്നു.

കേരള സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന 16 നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ 5 തിരഞ്ഞെടുപ്പുകളിൽ മാത്രമാണു എൽഡിഎഫിനു യുഡിഎഫിന് ഒപ്പമെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇതിൽ 1967ലും 80ലും 2006ലും മാത്രം യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റും നേടാൻ കഴിഞ്ഞു. ഇൗ മൂന്നു തിരഞ്ഞെടുപ്പിലും പക്ഷേ യുഡിഎഫിനെ ക്ഷീണിപ്പിച്ച  പ്രത്യേക രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടായിരുന്നു. സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ 9 മണ്ഡലങ്ങളായിരുന്നു. ഇതിൽ ആറു സീറ്റിലും കോൺഗ്രസ് ജയിച്ചു. 60ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിക്കാതെ കമ്യൂണിസ്റ്റ് പാർട്ടി തകർന്നടിഞ്ഞുപോയി. 

1967ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ 3 സീറ്റിലൊതുക്കി കമ്യൂണിസ്റ്റ് പാർട്ടി മുന്നിലെത്തി. കോൺഗ്രസ് പിളർന്നു കേരളാ കോൺഗ്രസ് രൂപീകരിച്ച ശേഷം നടന്ന രണ്ടാം തിരഞ്ഞെടുപ്പായിരുന്നു അത്. 65ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാഞ്ഞതിനാൽ നിയമസഭ ചേർന്നില്ല. പാർട്ടി പിളർപ്പിന്റെ കേന്ദ്രബിന്ദു ജില്ലയുടെ കിഴക്കൻമേഖലയായിരുന്നു. 1977 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസ് മുന്നണിയും 7 സീറ്റു വീതം പങ്കിട്ടു. 80ൽ എൽഡിഎഫിനു മേൽക്കൈ ലഭിച്ചു. 8 സീറ്റ്. കോൺഗ്രസ് സഖ്യത്തിന് 6. ആന്റണി കോൺ‌ഗ്രസ് സിപിഎമ്മിന് ഒപ്പം നിന്ന കാലമാണത്.

1987ൽ ഇരു മുന്നണികളും 7 സീറ്റു വീതം പങ്കിട്ടു. സമീപകാല ചരിത്രത്തിൽ 2006ൽ ഇടതുപക്ഷത്തിനു ജില്ലയിൽ മേധാവിത്വം ലഭിച്ചിട്ടുണ്ട്– 8 സീറ്റ്. യുഡിഎഫിന് 6. കരുണാകരന്റെ ഡിഐസിയെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെയുള്ള ജനരോഷത്തിന്റെ ചൂടാറും മുൻപു നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. 1960ൽ സീറ്റൊന്നും നേടാനാവാത്തതുപോലെ ദയനീയമായ മറ്റൊരു പരാജയവുമുണ്ട്, ഇടതിന്.  2001ലെ ഒരു സീറ്റ് വിജയം. അന്നു യുഡിഎഫ് 99 സീറ്റു നേടിയാണ് ആന്റണി സർക്കാർ അധികാരത്തിലേറിയത്. 

എന്തുകൊണ്ട് എറണാകുളം മാറിച്ചിന്തിക്കുന്നു?

സംസ്ഥാനം മൊത്തം ഒരേ തരത്തിൽ ചിന്തിക്കുമ്പോൾ എറണാകുളം ജില്ല രാഷ്ട്രീയമായി വേറെ വഴി പോകാൻ കാരണം ജില്ലയുടെ ചരിത്രവും സാമുദായിക പ്രത്യേകതകളുമാണ്. സംഘടനാ ദൗർബല്യവും മണ്ഡല അതിർത്തി നിർണയവും അതിനു കാരണമാവുന്നു. ക്രൈസ്തവ മത വിശ്വാസികൾക്കു കൂടുതൽ മേധാവിത്വമുള്ള ജില്ലയാണ് എറണാകുളം. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിലും ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വോട്ടർമാർ എറണാകുളത്താണ്. സംസ്ഥാനത്തെ ക്രൈസ്തവ വോട്ടർമാരിൽ ശതമാനക്കണക്കിൽ കോട്ടയമാണ് മുന്നിൽ (43.48%). 

kollam-karunagapally-election-campaign

എറണാകുളം ജില്ലയിൽ മൊത്തം വോട്ടർമാരുടെ 45.99% ഹിന്ദുക്കളും 38.03% ക്രൈസ്തവരുമാണ്. കോട്ടയത്ത് ക്രൈസ്തവ വോട്ടർമാരുടെ എണ്ണം 8,58,534 എങ്കിൽ എറണാകുളം ജില്ലയിൽ 12,482,92 ആണ്. ആ  വിഭാഗത്തിലേക്കു കയറിച്ചെല്ലാനും അവരുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനും കഴിയാത്തതാണു പ്രധാന പ്രശ്നം. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 12ലും ക്രൈസ്തവ സഭകളിലെ ഏതെങ്കിലും ഒരു വിഭാഗം ഒറ്റക്കെട്ടായി നിന്നാൽ ജയ–പരാജയം  നിശ്ചയിക്കാം. കോതമംഗലം, അങ്കമാലി, ആലുവ, പെരുമ്പാവൂർ മൂവാറ്റുപുഴ, തൃക്കാക്കര മണ്ഡലങ്ങളിൽ സിറോ മലബാർ സഭയ്ക്കും കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ യാക്കോബായ സഭയ്ക്കും പറവൂർ, എറണാകുളം, വൈപ്പിൻ, കൊച്ചി , കളമശേരി മണ്ഡലങ്ങളിൽ ലത്തീൻ സഭയ്ക്കും നിർണായക സ്വാധീനമുണ്ട്. ഹിന്ദു ഭൂരിപക്ഷം കാര്യമായുള്ള രണ്ടു മണ്ഡലങ്ങൾ തൃപ്പൂണിത്തുറയും വൈപ്പിനുമാണ്. 

വോട്ടിന്റെ കാര്യത്തിൽ സിറോ മലബാർ സഭതന്നെയാണ് ഒന്നാമത്. വിമോചന സമര കാലം മുതൽ കമ്യൂണിസ്റ്റു പാർട്ടിയുമായി ശത്രുതയിലായിരുന്ന അവർ അടുത്തകാലത്തായി  ആ ശത്രുത അവസാനിപ്പിക്കുന്നതിന്റെ സൂചന കാണാം. വിമോചന സമരത്തിന്റെ ഭാഗമായ അങ്കമാലി വെടിവയ്പ് ഏറെക്കാലം ചർച്ചയായിരുന്നു. വിമോചന സമരം ഓർത്തിരിക്കുന്ന തലമുറ മാഞ്ഞുപോകുന്നത് ആ അടുപ്പം വർധിപ്പിക്കാൻ സഹായിക്കും. സിറോ മലബാർ സഭ യുഡിഎഫിനൊപ്പമാണ് എന്നും നിലനിന്നതെങ്കിലും അതു കോൺഗ്രസിനോടു ചേർന്നായിരുന്നില്ല. 1965ൽ കോൺഗ്രസ് പിളർത്തി കേരള കോൺഗ്രസുണ്ടാക്കിയത് സഭാംഗങ്ങളായിരുന്ന നേതാക്കളാണ്. അതിനാൽ കേരളാ കോൺഗ്രസുകളിലെ മാറ്റങ്ങൾ ഒരു പക്ഷേ വരും കാലങ്ങളിൽ ഇടതുപക്ഷത്തിനു ഗുണം ചെയ്തേക്കാം. 

Election
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മമാർ. ചിത്രം: മനോരമ

ജില്ലയിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കൾ എല്ലാം തന്നെ യാക്കോബായ, ലത്തീൻ, മുസ്‌ലിം സമുദായങ്ങളിൽനിന്നാണ്. അതിനാൽ ഇൗ സമുദായങ്ങൾക്കു കൂടുതൽ അടുപ്പം കോൺഗ്രസിനോടുണ്ടായി. എം.എം. ലോറൻസും എ.പി.വർക്കിയും സിപിഎം ജില്ലാ സെക്രട്ടറിമാരായിരുന്നെങ്കിലും അത്തരം അടുപ്പത്തിന് ഇരു വിഭാഗത്തിൽനിന്നും ശ്രമമുണ്ടായില്ല. സഭാ തർക്കത്തിന്റെ പേരിൽ യാക്കോബായ സഭ ഇടതുപക്ഷത്തോട് അടുക്കുന്നുവെന്നു പൊതുവെ വിലയിരുത്തിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലോ, നിയമസഭാ തിരഞ്ഞെടുപ്പിലോ അതിന്റെ സൂചനകൾ കണ്ടില്ല. എന്നാൽ ഇടതുപക്ഷം യാക്കോബായ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിച്ചപ്പോൾ ആ പിന്തുണ ദൃശ്യമായിരുന്നു. 

രാഷ്ട്രീയ നിലപാടുകളേക്കാൾ, സമുദായത്തിന്റെ പിന്നാക്കാവസ്ഥയും പ്രദേശിക വികാരങ്ങളുമാണ് ലത്തീൻ സമുദായം പൊതുവെ സ്വീകരിച്ചു വരുന്നതെങ്കിലും പൊതുവെ യുഡിഎഫിനൊപ്പം നിൽക്കുന്ന നിലപാടുതന്നെയാണ് അവർക്കും. സമുദായവുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പാർട്ടി നേതാക്കൾ പണ്ടുകാലം മുതലേ  കോൺഗ്രസിനുണ്ട്. സഭാംഗങ്ങളായ സ്വതന്ത്രരെ മുൻനിർത്തിയുള്ള മത്സരമല്ലാതെ, ആരെയെങ്കിലും പാർട്ടി നേതൃനിരയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. സുദായങ്ങളുമായി സംഘടനാപരമായിതന്നെ അടുക്കാൻ കോൺഗസിന് എളുപ്പമാണ്. എന്നാൽ അത്തരമൊരു വഴി വെട്ടിത്തുറക്കാൻ എൽഡിഎഫിനു കഴിഞ്ഞിട്ടില്ല. ചില സ്ഥലങ്ങളിൽ അത്തരമൊരു ബന്ധം സ്ഥാനാർഥി നിർണയത്തിലൂടെ സിപിഎം സ്ഥാപിച്ചെടുത്തു. അവിടെ വിജയമുണ്ടായി. 

വിഭാഗീയതയാണോ കാരണം?

എറണാകുളം ജില്ലയിലെ മുസ്‌ലിം സമുദായം മുസ്‌ലിം ലീഗ് അല്ല. അവർ പണ്ടുമുതലേ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചുവരുന്നവരാണ്. പശ്ചിമകൊച്ചിയിൽ മാത്രമാണു മുസ്‌ലിം മേഖലയിൽ സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്നത്. മലബാറിൽനിന്നു വന്ന നേതാക്കൾ വഴിയായിരുന്നു ഇൗ സ്വാധീനം. മുസ്‌ലിം സമുദായത്തിൽനിന്ന് ഒന്നോ രണ്ടോ നേതാക്കളേ ഇതുവരെ സിപിഎമ്മിനുണ്ടായിട്ടുള്ളൂ. ക്രൈസ്തവ വിശ്വാസികളെപ്പോലെ മുസ്‍ലിം വിഭാഗത്തിൽനിന്നു യുഡിഎഫിനു പൂർണ പിന്തുണ എപ്പോഴും ഉണ്ടാവാറില്ല. ദേശീയ, രാജ്യാന്തര പ്രശ്നങ്ങളോടുള്ള അവരുടെ പ്രതികരണം ചിലപ്പോൾ എൽഡിഎഫിനു ഗുണകരമായി വരാറുണ്ടെങ്കിലും ഭൂരിഭാഗം മണ്ഡലങ്ങളിലും മുസ്‌ലിം വോട്ടുകൾ എണ്ണത്തിൽ  കുറവാണ്. 

Old woman
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സഹായിക്കുന്ന വോട്ടർമാർ. ചിത്രം: മനോരമ

സംസ്ഥാനത്തെ വ്യവസായ, വാണിജ്യ തലസ്ഥാനമാണ് എറണാകുളം എന്നതിനാൽ എറണാകുളത്തെ പാർട്ടിയിലും അതിന്റെ സ്വാധീനം ഉണ്ടാവും. കോഴിക്കോട്ടെയോ ആലപ്പുഴയിലെയോ പാർട്ടി ഘടകം പോലെയല്ല എറണാകുളത്തെ ഘടങ്ങളുടെയും നേതാക്കളുടെയും പ്രവർത്തനവും ജീവിതവും. 1000 രൂപ പാർട്ടി ഫണ്ട് പിരിക്കാൻ തീരുമാനിച്ചാൽ പിരിവിനിറങ്ങാൻ മടി മൂലം പോക്കറ്റിൽ നിന്നിടുന്നതാണ് ഇവിടെ പല ഘടകങ്ങളിലെയും രീതി. വിഭാഗീയത ആകെ ഉലച്ചുകളഞ്ഞ ഘടകമാണ് ജില്ലയിലേത്. ഇപ്പോഴും അതിന്റെ ദോഷങ്ങൾ തീർന്നിട്ടില്ല. ലളിതജീവിതം ജില്ലയിലെ നേതാക്കളിൽനിന്ന് ഏറെക്കുറെ അന്യമായി. പണത്തിന്റെയും സുഖ സൗഭാഗ്യങ്ങളുടെയും താൽപര്യം സ്വാഭാവികമായും വരാം. പ്രവർത്തന രീതി ഇതാവുമ്പോൾ സാധാരണ പ്രവർത്തകർക്കു പാർട്ടിയോടും നേതാക്കളോടുമുള്ള മതിപ്പു കുറയുന്നു. അതിലും എത്രയോ കുറവായിരിക്കും സാധാരണ ജനങ്ങൾക്കു പാർട്ടിയോട് ഉണ്ടാവുക. 

നിയമസഭാ മണ്ഡലങ്ങളുടെ അതിരുകൾ പുനർനിർണയിച്ച രീതി എറണാകുളം ജില്ലയിൽ ഇടതുമുന്നണിക്കു വലിയ തിരിച്ചടിയായി. മണ്ഡല പുനർനിർണയ സമയത്തു പാർട്ടി നൽകിയ നിർദേശങ്ങൾ പാടേ അവഗണിച്ചതായി സിപിഎം നേതാക്കൾ പറയുന്നു. എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളുടെ അതിരുകൾ പരിശോധിച്ചാൽതന്നെ ഇക്കാര്യം വ്യക്തമാവും. മറ്റു ജില്ലകളിൽനിന്നു വ്യത്യസ്തമായി യുഡിഎഫിനോടു ചേർന്നു നിൽക്കുന്ന മത, സാമുദായിക സമവാക്യമാണു ജില്ലയിൽ എൽഡിഎഫിനു കീറാമുട്ടിയായി നിൽക്കുന്നത്. സമുദായങ്ങളുമായി നേരിട്ട് ഇടപെടാൻ എൽഡിഎഫിന് എന്നു കഴിയുമോ, അന്ന് എറണാകുളം ജില്ലയിലും ഇരു മുന്നണികളും തമ്മിൽ ബലാബലം ഉറപ്പാക്കാം. അത്തരം നീക്കം നടത്തിയ ചില മണ്ഡലങ്ങളിൽ ഇൗ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ജയിക്കാനുമായിട്ടുണ്ട്. 

English Summary: Why Does CPM Fail to Get Majority in Ernakulam in Assembly Elections?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA