ADVERTISEMENT

കൊച്ചി ∙ കോവിഡ് രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ, മരിച്ച ശേഷം എത്തിച്ച് കുറ്റം ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാവേലിക്കരയിൽ ഉണ്ടായതെന്ന് പൊലീസുകാരന്റെ ആക്രമണത്തിന് ഇരയായ ഡോ. രാഹുൽ മാത്യു. രോഗിയുടെ ഓക്സിജൻ നില 75 വരെ താണിട്ടും ആശുപത്രിയിൽ എത്തിക്കാതിരുന്ന പൊലീസുകാരനായ മകനും, ചൂടുവെള്ളം കൊടുത്താൽ മതിയെന്നു നിർദേശിച്ച നഴ്സായ ബന്ധുവുമാണ് സംഭവത്തിലെ ഒന്നും രണ്ടും പ്രതികൾ.

കുറ്റം ഡോക്ടറുടെ തലയിൽ കെട്ടിവയ്ക്കാനാണ് ആക്രമണവും അസഭ്യവർഷവും നടത്തിയത്. സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ കോവിഡ് രോഗിയെ പരിശോധിച്ചിട്ടും ക്രൂരമായി മർദനമേൽക്കേണ്ടി വന്നതിന്റെ സങ്കടം മാത്രമാണുള്ളതെന്നും ഡോക്ടർ പറയുന്നു. ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിക്കുമ്പോൾ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല. ഇയാൾക്കു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കേസിൽ കെഡിഎംഒഎ അഭിഭാഷകൻ ശ്രീകുമാർ വഴി ഡോക്ടർ കക്ഷി ചേർന്നിട്ടുണ്ട്.

കോവിഡിന്റെ പേരിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെയും ഡോക്ടർമാർക്കിടയിൽ ഇതിനിടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണം തടയുന്നതിനായി നിർമിച്ച മെഡിക്കൽ പ്രൊട്ടക്‌ഷൻ നിയമപ്രകാരം 3 വർഷം വരെ പ്രതിക്കു തടവു കിട്ടാവുന്ന കേസാണ് ഇതെന്ന് ഹൈക്കോടതിയിൽ അഭിഭാഷകനായ ശ്രീകുമാർ പറയുന്നു. ഐപിസി പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുള്ളതു കൊണ്ടു തന്നെ ഇയാളെ വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്നിരിക്കെയാണ് പൊലീസ് നട‌പടി വൈകിപ്പിക്കുന്നത്. നാശനഷ്ടങ്ങൾക്ക് ഇരട്ടി തുക ഈടാക്കാനും നിയമം അനുവദിക്കുന്നുണ്ട്.

മാവേലിക്കര ജില്ലാ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് ആർ.ചന്ദ്രന്റെ ആക്രമണത്തിൽ ഡോക്ടർക്കു പരുക്കേറ്റത്. ഡോക്ടറെ പ്രകോപിപ്പിച്ച് തിരിച്ച് ആക്രമിപ്പിക്കുന്നതിനും അതു വിഡിയോയിൽ പകർത്താൻ പ്രതി ശ്രമിച്ചതായും ഡോക്ടർ പറയുന്നു.

‘കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. രാത്രിയിൽ വാർഡിലുള്ള രോഗികളെ നോക്കുന്ന ചുമതലയായിരുന്നു അന്ന്. മാവേലിക്കര ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി അല്ലാത്തതിനാൽ കോവിഡ് ചികിത്സ നടക്കുന്നില്ല. പകരം മറ്റു രോഗികളും പ്രസവം കഴിഞ്ഞവരുമെല്ലാമാണ് വാർഡിലുള്ളത്. ക്വാറന്റീനിൽ ഇരിക്കുന്നർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ടെലി മെഡിസിൻ നൽകുന്നതും ചികിത്സാ നിർദേശം നൽകുന്നതും ഡ്യൂട്ടിയാണ്. അടിയന്തര സാഹചര്യത്തിൽ കോവിഡ് രോഗികൾ എത്തിയാൽ ചികിത്സിക്കുന്നുമുണ്ട്. ഇതിനു നേരത്തേ പ്രോട്ടോക്കോൾ പ്രകാരം ആശാ വർക്കറെയോ ജനപ്രതിനിധികളെയോ അറിയിച്ച് എത്തുകയാണ് വേണ്ടത്.

രാത്രി 11 വരെയുള്ള ഡ്യൂട്ടികൾ കഴിഞ്ഞ് വാർഡ് ഡ്യൂട്ടിക്കു പോയി അവിടെ ഇരിക്കുമ്പോൾ പുലർച്ചെ 4.21നാണ് കാഷ്വാലിറ്റിയിൽനിന്ന് ഒരു കോൾ വരുന്നത്. അവിടെ ബഹളം നടക്കുന്നു, ഒരു രോഗിയെ കൊണ്ടു വന്നിട്ടുണ്ടെന്ന്. പെട്ടെന്ന് സമയം നഷ്ടപ്പെടാതിരിക്കാൻ മുഴുവൻ പിപിഇ കിറ്റ് ധരിക്കാതെ അത്യാവശ്യ സുരക്ഷയ്ക്കു വേണ്ടതു മാത്രം ധരിച്ച് സ്ഥലത്തെത്തി. ഈ സമയം രോഗിയുടെ ബന്ധുക്കളായി നാലുപേർ ബഹളം വയ്ക്കുന്നു. കസേര മറിച്ചിടുകയും ടേബിൾ പൊട്ടിച്ചിടുകയുമെല്ലാം ചെയ്തിട്ടുണ്ട്. രോഗിയെ പരിശോധിക്കുമ്പോൾ ജീവനുള്ളതിന്റെ ഒരു ലക്ഷണവുമില്ല. എന്നിട്ടും എന്തെങ്കിലും സാധ്യതയുണ്ടോ എന്നു പരിശോധിച്ചു.

മരണം ബോധ്യപ്പെട്ടതോടെ ഇക്കാര്യം അവരോടു പറയുകയും ചെയ്തു. പിന്നെ കാര്യമായി ബഹളമുണ്ടായില്ല. മരിച്ചയാളുടെ ഭർത്താവാണ് കാര്യങ്ങൾ വിശദമായി പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിൽ പൾസ് താഴ്ന്നു പോയതാണെന്നും ബന്ധുവായ നഴ്സിങ് സ്റ്റാഫിന്റെ നിർദേശം അനുസരിച്ച് പ്രോണിങ് പോലെയുള്ള കാര്യങ്ങൾ ചെയ്തുവെന്നും ചൂടുവെള്ളം കൊടുത്തെന്നും പറഞ്ഞു. രാത്രി 12 മണി കഴിഞ്ഞതോടെ പൾസ് ഓക്സിമീറ്ററിൽ ഒട്ടും റീഡിങ് കിട്ടാതായി. ആ സമയത്താണ് ഇവരെ ആശുപത്രിയിലേക്കു മാറ്റാൻ ആലോചിക്കുന്നത്.

ആംബുലൻസ് വിളിച്ചിട്ടു കിട്ടാതിരിക്കുകയും ചെയ്തു. തലേ ദിവസം ഓക്സിജൻ നില 75 ആയിട്ടു പോലും രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ല. ബന്ധു നഴ്സിങ് സ്റ്റാഫോ, പൊലീസിലുള്ള മകനോ തയാറായില്ല. പകരം മരിച്ചു കഴിഞ്ഞ് ആശുപത്രിയിലെത്തിച്ച് കുറ്റം മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു ശ്രമം. സംഭവത്തിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ഇവർ രണ്ടു പേരുമാണ്.

ആശുപത്രിയിൽ എത്തുമ്പോൾ മരിച്ചിരുന്നു എന്നതിനാൽ പൊലീസിൽ വിവരം അറിയിക്കുന്നത് ഉൾപ്പടെ ആശുപത്രിക്കു പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. മറ്റെന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്നു പരിശോധിച്ച് ഉറപ്പു വരുത്തുകയും ബുക്കിൽ എഴുതുകയും വേണം. ഇതു ചെയ്തു കൊണ്ടിരിക്കുമ്പോൾ രാവിലെ ഏഴരയോടെയാണ് ഡ്യൂട്ടി റൂമിലെത്തി നിങ്ങളാണോ അമ്മയെ പരിശോധിച്ച ഡോക്ടർ എന്നു ചോദിച്ചു. അതേ എന്നു പറഞ്ഞ ഉടനെ കോളറിനു പിടിച്ച് അസഭ്യവർഷം നടത്തി.

തെറിവിളിച്ച് ചെവിക്കുറ്റിക്ക് ആദ്യ അടി അടിച്ചു. നെഞ്ചിലും ശരീരത്തുമെല്ലാം ഇടിച്ചു. അങ്ങോട്ടു പറയുന്നത് ഒന്നും കേൾക്കാതെയാണ് ആക്രമണം. ഇതിനിടെ ആൾക്കാർ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഈ സമയം നഴ്സുമാരെയെല്ലാം അസഭ്യം പറയുകയാണ്. കൂടെയുള്ള ആളോടു ചോദിച്ചു നിങ്ങൾ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്, നിങ്ങൾക്കു പരാതിയുണ്ടെങ്കിൽ അതിനു സംവിധാനങ്ങളുണ്ടല്ലോ എന്നു പറഞ്ഞപ്പോൾ വിഡിയോ റെക്കോർഡ് ചെയ്യാനാവശ്യപ്പെട്ട് തന്നെ പ്രകോപിപ്പിക്കാനായി ശ്രമം. സംഭവം നടക്കുമ്പോൾ സർക്കാർ സർവീസിൽ തന്നെ നഴ്സായ പ്രതിയുടെ ബന്ധുവും സ്ഥലത്തുണ്ട്.

സംഭവ സമയത്ത് പ്രതി കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു എന്നതിനാൽ അറസ്റ്റു ചെയ്യാൻ പൊലീസ് വിസമ്മതിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇയാൾക്കു കോവിഡ് സ്ഥിരീകരിച്ചെങ്കിലും നെഗറ്റീവായിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ പ്രതികരണങ്ങൾ ഉയർന്നതോടെയാണ് പ്രതിയെ സസ്പെൻഡ് ചെയ്യുന്നതു പോലും.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഉള്ളതിനാൽ അറസ്റ്റു ചെയ്യുന്നതിനു തടസമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടക്കാല ജാമ്യം പോലും നൽകാത്ത സാഹചര്യത്തിൽ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധമുണ്ട്. കടുത്ത കോവിഡ് പ്രതിസന്ധിയിലും ഡോക്ടർമാർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നതാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉയർത്തുന്നതെന്നും ഡോക്ടർ പറയുന്നു.

English Summary: Attack after death of COVID-19 infected patient; Doctor explaining what really happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com