ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് രണ്ടാംതരംഗത്തിൽ ആടിയുലഞ്ഞ രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) കേസുകളും വർധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളിൽ 150 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെ 31,216 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 2109 പേർ മരണത്തിനു കീഴടങ്ങി. രോഗികൾ കൂടിയതിനെ തുടർന്നു ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിൻ– ബി മരുന്നിനു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾ ഉള്ളത്. സംസ്ഥാനത്ത് 7057 പേർക്ക് രോഗം ബാധിച്ചപ്പോൾ 609 പേർ മരിച്ചു. ഗുജറാത്തിൽ 5418 പേർക്കു രോഗം ബാധിക്കുകയും 323 പേർ മരിക്കുകയും ചെയ്തു. 2976 രോഗികളുമായി രാജസ്ഥാനാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെങ്കിലും 188 പേർ മരിച്ച കർണാടകയാണ് മരണസംഖ്യയിൽ മൂന്നാമത്. മേയ് 25ന് മഹാരാഷ്ട്രയിൽ 2770 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ അതേദിവസം 2859 പേർക്കാണ് രോഗം ബാധിച്ചത്.

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇതുവരെ 1744 പേർക്കാണ് ബാധിച്ചത്. 142 പേർ മരിച്ചു. ഡൽഹിയിൽ 1200 പേർക്ക് രോഗം ബാധിക്കുകയും 125 പേർ മരിക്കുകയും ചെയ്തു. ബ്ലാക്ക് ഫംഗസ് ബാധ പകർവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ ബാക്ക് ഫംഗസ് സംശയിക്കുന്ന എല്ലാ കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു റിപ്പോർട്ടു ചെയ്യണം.

പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണു ബാധിക്കുന്നത്. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാകാം. വായുവിൽനിന്നാണു പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്. പ്രതിരോധ ശേഷിയുള്ളവർക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല.

English Summary: Black Fungus Cases Grow 150% In 3 Weeks To 31,000, Deaths Over 2,100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com