മോദിയുടെ നയംമാറ്റത്തിനാകുമോ ‘ഡാമേജ്’ തീർക്കാൻ? എവിടെ വാക്സീൻ ലോകശക്തി?

india vaccine
കോവിഷീൽഡ്‌ വാക്സീൻ സ്വീകരിക്കുന്ന യുവതി. ഹൈദരാബാദിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: NOAH SEELAM / AFP
SHARE

ഇംഗ്ലിഷിലെ ‘ഡാമേജ് കൺട്രോൾ’ എന്ന പ്രയോഗത്തിന്റെ അർഥം, പ്രശ്നം ഒഴിവാക്കാനുള്ള സത്വര നടപടി, ആഘാതം കുറയ്ക്കാൻ പെട്ടെന്നു നടത്തുന്ന ഇടപെടൽ, സൽപേരിനോ വിശ്വാസ്യതയ്ക്കോ ഒക്കെ സംഭവിച്ച കേടു പരിഹരിക്കാനോ ഉള്ള ശ്രമം, മോശം പരാമർശം/ വിവാദ നടപടി എന്നിവ വഴിയുണ്ടായ പരുക്കു കുറയ്ക്കാനുള്ള നടപടി എന്നിങ്ങനെയൊക്കെയാണ്. ഇന്ത്യയിൽ വാക്സീൻ നയത്തിൽ വരുത്തിയ പുതിയ മാറ്റത്തിന് ഈ വ്യാഖ്യാനങ്ങളെല്ലാം ചേരും. തികച്ചും ഒരു ‘ഡാമേജ് കൺട്രോൾ’ നടപടിയാണ് കേന്ദ്രത്തിന്റേത്. അൽപം വൈകിയെങ്കിലും പുതിയ നയം ഫലപ്രദമായി നടപ്പായാൽ വരാനിരിക്കുന്ന പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ കഴിയുമെന്നുറപ്പാണ്.

പടി തെറ്റിച്ച ചാട്ടം

കാലുറപ്പിച്ച്, പടികൾ ഒന്നൊന്നായി കയറുകയെന്നതായിരുന്നു വാക്സീൻ കുത്തിവയ്പിന്റെ തുടക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയം. അതായതു മുൻഗണന നിശ്ചയിച്ചു ഘട്ടംഘട്ട‌മായി വാക്സീൻ നൽകുക. കോവിഡിന്റെ ‘റിസ്ക്’ വിഭാഗത്തിൽ പെടുന്ന 30 കോടിയാളുകൾക്ക് ജൂൺ‍ 30ന് മുൻപായി വാക്സീൻ നൽകുകയെന്നതായിരുന്നു വിദഗ്ധ സമിതി മുന്നോട്ടുവച്ച ലക്ഷ്യം.

ഒരു മാസം തികയും മുൻപേ നയത്തിൽ ആദ്യ മാറ്റം കൊണ്ടു വന്ന സർക്കാർ, പിന്നീടു വാക്സീൻ നയത്തിന്റെ അടിസ്ഥാന ഘടനയിൽ തുടരെ ഭേദഗതി വരുത്തി. അപ്പോഴേക്കും പല പടികളിലേക്കു കാലൂന്നി, നില തെറ്റി, വീണുപരുക്കേറ്റ അവസ്ഥയിലായി ഇന്ത്യ. അടിസ്ഥാന വിഭവമായ വാക്സീനില്ലാതെ സർക്കാർ കാട്ടിയ ഈ ധൃതിപിടിക്കൽ പിഴച്ചതോടെ നരേന്ദ്ര മോദി സർക്കാർ വിമർശന മുനയിലായി. ഇതിനു പിന്നാലെയാണു കേന്ദ്രം കുത്തിവയ്പിന്റെ അടിസ്ഥാന ഘടനയിലേക്കു മടങ്ങുന്നത്.

ലാസ്റ്റ് ബസ്

‘ഇടയ്ക്കിടെ വന്നു ബുദ്ധിമുട്ടിക്കാൻ ഇടയുള്ള സീസണൽ വൈറസ് രോഗമായി കോവിഡ് മാറും. എന്നാൽ, ഇപ്പോഴുണ്ടായ രണ്ടു കോവിഡ് തരംഗങ്ങൾ പോലെ അതിശക്തമായൊരു കോവി‍ഡ് വ്യാപനം ഇനിയുണ്ടാകില്ല’– മനോരമ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് പറഞ്ഞ കാര്യം ഏവർക്കും പ്രതീക്ഷ നൽകിയിരുന്നു. ഈ പ്രവചനത്തിന് ഡോ. ഗഗൻദീപ് കാങ്ങിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ‘വാക്സീൻ കവറേജ്’ ആണ്. അതായത് കൂടുതൽ ആളുകളിലേക്ക് വാക്സീനെത്തുന്നു. സമൂഹത്തിന് പൊതുവിൽ ലഭിക്കുന്ന ഹേർഡ് ഇമ്യൂണിറ്റിയിലേക്ക് നാം കൂടുതൽ അടുക്കുന്നു. 

ഈ പ്രതീക്ഷയിലേക്കുള്ള ഏറ്റവും വലിയ വിലങ്ങുതടി വാക്സീൻ ഡോസുകളുടെ ലഭ്യതക്കുറവായിരുന്നു. മറ്റു പല രാജ്യങ്ങളും ഉൽപാദകർക്കു പണം നൽകി വാക്സീൻ ഡോസും കരാറുകളും ആദ്യമേ ഉറപ്പിച്ചപ്പോൾ ആസൂത്രണത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്നിൽപോയി. വാക്സീൻ ഉൽപാദനത്തിലെ ലോകശക്തിയെന്ന പ്രഖ്യാപനവും നാം പലവട്ടം നടത്തിയെങ്കിലും വാക്സീനുകൾക്കു വേണ്ടിയുള്ള ഓർഡറുകൾ നൽകിത്തുടങ്ങിയത് ഇന്ത്യയിലെ 2 വാക്സീനുകൾക്ക് അനുമതി നൽകിയ 2020 ജനുവരി 3നു ശേഷം മാത്രമായിരുന്നു.

അടിക്കടി മാറ്റം

VACCINE
ഹൈദരാബാദിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഊഴം കാത്തുനിൽക്കുന്ന സ്ത്രീകൾ. ചിത്രം: NOAH SEELAM / AFP

വാക്സീനു വേണ്ടി വൈകി മാത്രം നൽകിയ ഓർഡർ എന്ന അടിസ്ഥാന പ്രശ്നത്തിൽനിന്നാണ് ഇന്ത്യ തങ്ങളുടെ വലിയ ജനസംഖ്യയ്ക്ക് കുത്തിവയ്പ് ആരംഭിച്ചത്. ജൂൺ‍ 30 ആകുമ്പോഴേക്ക് ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, 60 വയസ്സിനു മുകളിലുള്ള മുഴുവൻപേരും, 45–60 പ്രായക്കാർക്കിടയിൽ മറ്റ് ഗുരുതര രോഗമുള്ളവർ എന്നിങ്ങനെ 30 കോടി പേർക്കു വാക്സീൻ നൽകുക എന്നതായിരുന്നു ആദ്യ തീരുമാനം. അതിൽതന്നെ മുൻഗണന പ്രകാരം, ജനുവരി 16ന് തുടങ്ങിയ വാക്സിനേഷൻ ദിവസങ്ങളോളം ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും മാത്രമായിരുന്നു. അതും സർക്കാർ സംവിധാനം വഴി മാത്രം. 

മാർച്ച് 1 മുതൽ 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള മറ്റ് ഗുരുതര രോഗമുള്ളവർക്കും കൂടിയാക്കി. സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കി. ഏപ്രിൽ 1 ആയപ്പോഴേക്ക് 45 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കുമെന്ന ഇളവു വന്നു. മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പ്രഖ്യാപിച്ചു. ഒപ്പം, 18–44 പ്രായക്കാർക്കു വാക്സീൻ നൽകണമെങ്കിൽ സംസ്ഥാന സർക്കാർ നേരിട്ടു കമ്പനികളിൽനിന്നു വാങ്ങണമെന്നും കേന്ദ്രം നിർദേശിച്ചു. ഈ മാറ്റങ്ങൾക്കിടയിൽ വാക്സീൻ ലഭ്യത പ്രശ്നമായതോടെ നില കുഴഞ്ഞുമറിഞ്ഞു. പല സംസ്ഥാനങ്ങളിലും വാക്സീൻ കിട്ടാത്ത സ്ഥിതി വന്നു, കുത്തിവയ്പ് കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നു.

കയ്യൊഴിഞ്ഞു, വേഗം കുറ‍ഞ്ഞു

സംസ്ഥാന സർക്കാരുകൾക്കു വാക്സീൻ വാങ്ങാനുള്ള സാധ്യത തുറന്നു കൊടുക്കുന്ന ഉദാര സമീപനമാണ് സ്വീകരിച്ചതെന്ന് വ്യാഖ്യാനിച്ചെങ്കിലും കേന്ദ്രത്തിന്റെ കൈകഴുകലായിരുന്നു അടിസ്ഥാന പ്രശ്നം. കോവിഡ് പ്രതിരോധത്തിലെ പൂർണ ഉത്തരവാദിത്തവും കനത്ത സാമ്പത്തിക ഭാരവും ഒരുപോലെ സംസ്ഥാനങ്ങളുടെ തലയിൽ വന്നു. യഥാസമയം സംസ്ഥാനം വാങ്ങാതിരുന്നതാണു പ്രശ്നങ്ങൾക്ക് കാരണമെന്ന പ്രതീതിയിലേക്കു കാര്യങ്ങൾ പോകുമെന്നു കേന്ദ്രം കണക്കുകൂട്ടി. എന്നാൽ, 45 വയസ്സിനു മുകളിലുള്ളവർക്കു തങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ച 50% വാക്സീന്റെ കാര്യത്തിൽ കേന്ദ്രവും പരുങ്ങലിലായതോടെ ലഭ്യത കനത്ത പ്രതിസന്ധിയായി. കുത്തിവയ്പിന്റെ വേഗം കുറഞ്ഞു.

സൗജന്യം ആരുടേത് ?

Nirmala Sitharaman
ചിത്രം: AFP

ഇന്ത്യയിൽ വാക്സീൻ വിതരണത്തിന്റെ കാര്യത്തിൽ ആദ്യ ഔദ്യോഗിക സൗജന്യ പ്രഖ്യാപനം നടത്തിയത് ബിജെപി സർക്കാരിലെ ധനമന്ത്രി നിർമല സീതാരാമനാണ്. ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പു വാഗ്ദാനമായി ഇത് അവതരിപ്പിച്ചെങ്കിലും ഇക്കാര്യം നടപ്പാക്കാൻ കേന്ദ്രത്തിന് ഇടയ്ക്കു കഴിയാതെ പോയി. കുത്തിവയ്പു തുടങ്ങി ഒരു ഘട്ടത്തിൽ, 45 വയസ്സിനു മുകളിൽ മാത്രമുള്ളവർക്കു സൗജന്യ വാക്സീൻ എന്നു കേന്ദ്രം നിലപാട് മാറ്റി. അതിരൂക്ഷമായ വിമർശനങ്ങളിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള ആവശ്യങ്ങളിലും കേന്ദ്രം കുലുങ്ങിയില്ല. തുടർന്നാണ്, സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ബാധ്യത ഏറ്റെടുത്തതും എല്ലാവർക്കും സൗജന്യ വാക്സീൻ പ്രഖ്യാപനം ഏറ്റെടുത്തതും. 

18–44 പ്രായക്കാരുടെ വാക്സീൻ ബാധ്യത സംസ്ഥാന സർക്കാരിന്റേതാക്കി മാറ്റിയ കേന്ദ്രം പക്ഷേ, കോടതിയിൽ ഉരുണ്ടു കളിച്ചു. ഈ പ്രായക്കാർക്കു വാക്സീൻ സൗജന്യമായി നൽകാത്തതു കോടതി ചോദ്യം ചെയ്തപ്പോൾ, സംസ്ഥാനങ്ങൾ സൗജന്യമായി നൽകുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ആളുകൾക്ക് ബാധ്യത വരുന്നില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി. എന്നാൽ, ഇതു രാഷ്ട്രീയമായി തങ്ങളെ തന്നെയാണു ബാധിക്കുകയെന്ന തിരിച്ചറിവും സുപ്രീംകോടതി, ആർഎസ്എസ് നേതൃത്വം, സംസ്ഥാനങ്ങളുടെ സമ്മർദം തുടങ്ങി പല പ്രശ്നങ്ങളുമായപ്പോൾ കേന്ദ്രം വഴങ്ങി.

തുടർന്നാണ് രാജ്യത്തു 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും 21 മുതൽ സൗജന്യ വാക്സീൻ എന്ന നയത്തിലേക്കു കേന്ദ്രം മാറിയത്. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം കേന്ദ്രം നൽകുന്നുവെന്ന ആരോപണങ്ങളിലും കേന്ദ്രം ഇടപെട്ടു. 150 രൂപ സർവീസ് ചാർജ് നിശ്ചയിച്ചത് ഇതു പരിഗണിച്ചാണ്. സ്വകാര്യ മേഖലയിലേക്ക് വിൽക്കുന്ന വാക്സീന്റെ വിലയുടെ കാര്യത്തിൽ പക്ഷേ, കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന പ്രശ്നം ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഇതിൽ ഇടപെടേണ്ടതില്ലെന്ന വാദമാണു സർക്കാരിന്.

മൂന്നാം തരംഗം എന്ന ആശങ്ക

ഒന്നാം തരംഗം കുറഞ്ഞു തുടങ്ങിയപ്പോൾ ഇനിയൊരു പ്രശ്നമുണ്ടാകില്ലെന്നു കരുതിയ ലാഘവം, 2 വാക്സീനുകളെ മാത്രം ആശ്രയിച്ചുള്ള കുത്തിവയ്പിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽ അതിരൂക്ഷമായ രണ്ടാം തരംഗം സൃഷ്ടിച്ചത്. ഈ പാഠം തിരിച്ചറി‍ഞ്ഞാണ് സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് വാക്സീൻ വിതരണം ശക്തമാക്കി മൂന്നാം തരംഗത്തെ ചെറുക്കാനുമുള്ള ശ്രമം. പ്രഖ്യാപനത്തിനു പുറമേ സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ ലഭ്യത ഒട്ടുംവൈകാതെ കൂട്ടണമെന്നു മാത്രം. നിലവിൽ, 45 വയസ്സിനു മുകളിലുള്ളവർക്കുള്ള ഭാഗിക വിതരണം മാത്രമാണ് കേന്ദ്രം നേരിട്ടു നടത്തിയിരുന്നത്. അടുത്ത മാസത്തോടെ പ്രതിദിനം ഒരു കോടിയാളുകൾക്കു വാക്സീൻ കുത്തിവയ്പു നൽകാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

വാക്സീൻ വൈകിയാൽ

vaccine
ന്യൂഡൽഹിയിലെ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തിൽ നടക്കുന്ന വാക്സീൻ കുത്തിവെയ്പ്പ്. ചിത്രം: Prakash SINGH / AFP

വാക്സീൻ ആളുകളിലേക്ക് എത്തുന്നതിലെ കുറഞ്ഞ വേഗവും പല മേഖലയിലും വാക്സീൻ ലഭ്യത ഏറിയും കുറഞ്ഞുമിരിക്കാമെന്നതുമാണു വികേന്ദ്രീകൃത രീതിയുടെ പ്രശ്നം. ഇതു പരിഹരിക്കാൻ കേന്ദ്രീകൃത രീതിക്കു കഴി‍ഞ്ഞേക്കും. ഉൽപാദക കമ്പനികളിൽനിന്നെത്തുന്ന വാക്സീനുകളുടെ പരിശോധന മുതൽ സംസ്ഥാനങ്ങളിൽ നേരിട്ടെത്തിക്കുമ്പോൾ വരാവുന്ന കാലതാമസം വരെയുള്ള  പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാം. ഉൽപാദക കമ്പനികളിൽനിന്നു മുൻകൂറായി വാക്സീൻ സംഭരിക്കാനും യഥാസമയം സംസ്ഥാന സർക്കാരുകൾക്കു കൈമാറാനും കേന്ദ്രത്തിന് എളുപ്പമാകും. 

ഭാഗികമായെങ്കിലും കേന്ദ്ര വിതരണം തുടർന്നിരുന്നതിനാൽ കോൾഡ് സ്റ്റോറേജ്, വാക്സീൻ കൈമാറ്റം തുടങ്ങിയവയുടെ കാര്യത്തിൽ പുതിയ ഒരുക്കത്തിന്റെ ആവശ്യവുമില്ല. വാക്സീനുകൾ ആളുകളിലേക്ക് എത്താൻ വൈകുന്നതു വൈറസുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കും. ജനിതക മാറ്റത്തോടെ പ്രതിരോധ ശേഷിയെ മറികടന്നു മുന്നേറാൻ തക്കവിധം വൈറസുകള്‍ നേടിയെടുത്ത ‘ഇമ്യൂൺ എസ്കേപ്’ സ്വഭാവത്തെ പ്രതിരോധിക്കാൻ വാക്സീൻ കവറേജ് കൂട്ടുകയാണ് നിലവിൽ ആശ്രയിക്കാവുന്ന ഏക മാർഗവും.

English Summary: Does Covid Vaccine Policy Change Help Modi Govt for Damage Control?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA