ADVERTISEMENT

കൊച്ചി ∙ അടുത്തിടെ പ്രചാരം നേടിയ ഓഡിയോചാറ്റ് ആപ്പ് ക്ലബ് ഹൗസിൽ ഹാക്കർമാരുടെ നുഴഞ്ഞു കയറ്റം. ‘1കെ ഫോളോവേഴ്സ് വേണ്ടവർ കയറിവരൂ’ – എന്ന തലക്കെട്ടിൽ 500ൽ അധികം അംഗങ്ങളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മനസിലാകാത്ത ഭാഷകളിലുള്ള സംഭാഷണവും അസഭ്യവാക്കുകളും കേട്ടാണ് ശ്രദ്ധിക്കുന്നതെന്ന് മോഡറേറ്ററായിരുന്ന സൽമാൻ പറയുന്നു.

പരിപാടിയിൽ പങ്കെടുത്ത 250 പേരെങ്കിലും ഈ സമയം സ്പീക്കർ നിരയിലായിരുന്നു. ഇവരെ എല്ലാം മ്യൂട്ടു ചെയ്ത് അസഭ്യം പറയുന്നത് ആരാണെന്നു കണ്ടു പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെയാണ് ഹാക്കർമാരാകാമെന്ന സംശയം ഉയർന്നത്.

മോഡറേറ്റർമാരുടെ എണ്ണം ഒന്നിലേയ്ക്കു കുറച്ച് ഗ്രൂപ്പിലെ മുഴുവൻ സ്പീക്കർമാരെയും ഓഡിയൻസിന്റെ നിരയിലേയ്ക്കു മാറ്റിയെങ്കിലും അസഭ്യവാക്കുകൾ കേൾപ്പിക്കുന്നതു തുടരുകയായിരുന്നു. കുറഞ്ഞത് രണ്ടു പേരെങ്കിലുമുള്ള സംഘമാണ് മോഡറേറ്റർമാരുടെ പേരെടുത്തു വിളിച്ച് അസഭ്യ വർഷം നടത്തിയതെന്നു ചർച്ചയിൽ ഓഡിയൻസ് നിരയിലുണ്ടായിരുന്ന വ്ലോഗർ സാൻഡി സ്റ്റീഫൻ പറയുന്നു.

clubhouse-2

അതേസമയം അനിയന്ത്രിതമായി അപരിചിതരായ പ്രൊഫൈൽ സ്പീക്കർമാരെ ക്ഷണിക്കുന്നതാവാം ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾക്കു വഴി തെളിക്കുന്നതെന്നാണ് സൈബർ സുരക്ഷാ വിദഗ്ധനും ടെക്നിസാങ്റ്റ് ഫൗണ്ടർ സിഇഒയുമായ നന്ദകിഷോർ ഹരികുമാറിന്റെ വിലയിരുത്തൽ. അപരിചിതരെ സ്പീക്കർ പദവിയിലേയ്ക്കു ക്ഷണിക്കുമ്പോൾ ആപ്പിലെ സുരക്ഷാ പിഴവുകൾ മുതലെടുക്കുന്നുണ്ടോ സംശയിക്കണം അതോടൊപ്പം എപിഐ സുരക്ഷയും  വാലിഡേഷൻ പ്രശ്നങ്ങളും ആവാം ഹാക്കർമാർക്ക് അവസരം ഒരുക്കുന്നത്. കഴിഞ്ഞ കുറെ മണിക്കൂറുകളായി നിരവധി ക്ലബ്ഹൗസ് ഗ്രൂപ്പുകളിൽ സമാന സംഭവം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 

ക്ലബ് ഹൗസിന്റെ സാങ്കേതികതയിലുള്ള ഈ പ്രശ്നം പരിഹരിക്കേണ്ടതും ക്ലബ് ഹൗസ് അണിയറ പ്രവർത്തകരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ചൈനയിൽ നിന്നുള്ള സംഭാഷണങ്ങൾ ചില ക്ലബ്ബുകളിൽ വരുന്നതായും ഹാക്ക് ചെയ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പ്രശ്നങ്ങൾ സൈബർ സുരക്ഷാ വിദഗ്ധർ ഉൾപ്പടെ പലപ്പോഴായി ചൂണ്ടിക്കാണിച്ചെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നു പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ചൈനീസ് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കമ്പനി, അഗോരയുടെ പ്ലാറ്റ്ഫോം ക്ലബ് ഹൗസിനു വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഒരു പറ്റം വിദഗ്ധരുടെ അഭിപ്രായം. ഇതിന്റെ ദീർഘകാല എപിഐ ടോക്കണുകൾ കരസ്ഥമാക്കിയവർ ക്ലബ് ഹൗസ് സ്ട്രീമുകളിലേയ്ക്ക് ഈ ടോക്കൺ ഉപയോഗിച്ച് കടന്നു കയറുന്നുണ്ടെന്നും ദുരുപയോഗം ചെയ്യുകയാണെന്നുമാണ് ഇവർ പറയുന്നത്.

clubhouse-1

ക്ലബ്ഹൗസ് എന്ന നവ സമൂഹമാധ്യമം വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നുണ്ടെന്നും ഇവ റിപ്പോർട്ടു ചെയ്താലും കൃത്യമായി പ്രതികരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സെലിബ്രിറ്റികളുടെയൊ സമൂഹത്തിൽ ഉയർന്ന നിലയിലുള്ളവരുടെയൊ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഗ്രൂപ്പുകളിൽ ചർച്ചയ്ക്ക് ആളെ കൂട്ടുന്നതു പോലെയുള്ള കൃത്രിമങ്ങളും ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. 

സ്വകാര്യ റൂമുകളിൽ നടക്കുന്ന ചർച്ചകൾ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമില്ലാത്തത് ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യതകളും വിലയിരുത്തുന്നു. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഐബി, റോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾെപ്പടെ ഡസനോളം സുരക്ഷാ ഏജൻസികളും ക്ലബ് ഹൗസ് ചർച്ചകൾ നിരീക്ഷിച്ചു വരുന്നതായും റിപ്പോർട്ടുണ്ട്.

English Summary: Hacking in Clubhouse, social networking site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com