ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19വരെ നീളുന്ന നൂറുദിന പരിപാടിയില്‍ പൊതുമരാമത്ത്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാര്‍ഥിക്കു 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങുമെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സംഘം പരമാവധി 5 ലക്ഷം രൂപ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ–ഡിസ്കിന്‍റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്. കെഎസ്ഐഡിസി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും. ഒരു വ്യക്തിക്കു 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും.

ഗെയില്‍ പൈപ്പ് ലൈന്‍ (കൊച്ചി-പാലക്കാട്) നൂറു ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുങ്ങും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. സ്പെഷൽ ഓഫിസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ ബസ് സ്റ്റാന്‍ഡുകളില്‍നിന്നും വീടുകളില്‍ എത്തിക്കുന്ന ഇ–ഓട്ടോറിക്ഷാ ഫീഡര്‍ സര്‍വീസ് തുടങ്ങും. പട്ടിക ജാതി വികസന വകുപ്പ് പൂര്‍ത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിര്‍മാണം, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ 1000 എണ്ണം പൂര്‍ത്തീകരിക്കും.

1,519 കോടിയുടെ പദ്ധതികൾ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികൾ പൂർത്തിയാക്കും. നൂറുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകള്‍ ആരംഭിക്കും. നവീകരിച്ച 90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. കശുവണ്ടി മേഖലയിൽ നൂറു ദിവസം തൊഴിൽ ഉറപ്പാക്കും. കൃഷി വകുപ്പ് 25,000 ഹെക്ടറിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കും.

ലൈഫ് മിഷൻ പദ്ധതിയിൽ നൂറു ദിവസത്തിനകം പതിനായിരം വീടുകൾ പൂർത്തിയാക്കും. കണ്ണൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. 250 പഞ്ചായത്തുകളിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ മത്സ്യകൃഷി നടപ്പാക്കും. 2254 അംഗൻവാടികൾ വൈദ്യുതികരിക്കും. സംഭരണ, സംസ്കരണ, വിപണന സാധ്യത ഉറപ്പാക്കി കുട്ടനാട്ടിൽ രണ്ടു പുതിയ റൈസ് മില്ലുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

English Summary: CM Pinarayi Vijayan Announces 100 Day Programme in Kerala
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com