ADVERTISEMENT

തിരുവനന്തപുരം ∙ ഈവർഷവും സെക്രട്ടേറിയറ്റിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റില്‍ പച്ചക്കറി തൈ നട്ട് നിർവഹിച്ചു. തക്കാളി തൈയാണ് മുഖ്യമന്ത്രി നട്ടത്. സെക്രട്ടേറിയറ്റ് ഗാർഡനിൽ 800 ഓളം ചട്ടികളിലാണ് തൈ നടുക. തക്കാളി, രണ്ടിനം മുളക്, വഴുതന, കത്തിരിക്ക, പയർ, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികൾ ഇവിടെ കൃഷിചെയ്യും.

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനും മുഖ്യമന്ത്രിയെത്തി. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തിൽപ്പെട്ട തെങ്ങാണ് 18 കുല തേങ്ങയുമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ നിൽക്കുന്നത്.

2016 സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി ഗാർഡനിൽ തെങ്ങിൻ തൈ നട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു. ഇത്തരത്തിൽ നട്ട കോട്ടൂർക്കോണം മാവും മികച്ച രീതിയിൽ വളരുന്നുണ്ട്. ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ സെക്രട്ടേറിയറ്റ് ഗാർഡനിൽ എത്തിയപ്പോഴാണ് ഇതേ ഗാർഡനിൽ ആദ്യമായി നട്ട തെങ്ങ് കാണാന്‍ മുഖ്യമന്ത്രി കൗതുകത്തോടെ ചെന്നത്.

തെങ്ങ് വളർന്നതും 18 കുലയോളം തേങ്ങയുമായി നിൽക്കുന്നത് കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഗാർഡനിലെ മരങ്ങളും കൃഷിയും പരിപാലിക്കുന്നത്.

‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടന ച‌ടങ്ങിൽ കൃഷിമന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള ജനകീയ ക്യാംപെയ്നാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് ഈ മാസം വിതരണം ചെയ്യുന്നത്. ഓണം സീസൺ മുന്നിൽകണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി.

പദ്ധതി പ്രകാരം കർഷകർക്കും വിദ്യാർഥികൾക്കും വനിത ഗ്രൂപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കും കൃഷിഭവൻ മുഖേന സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉൽപാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാനായി.

ഇത് വർധിപ്പിച്ച് എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കാനാണ് ശ്രമം. കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖേനയാണ് വിത്തുകളും തൈകളും വിതരണത്തിന് തയാറാക്കിയിട്ടുള്ളത്.

പച്ചക്കറി തൈ നടീൽ ചടങ്ങിൽ കാർഷികോൽപാദന കമ്മിഷണർ ഇഷിത റോയി, കൃഷിവകുപ്പ് സെക്രട്ടറി ഡോ: രത്തൻ യു.ഖേൽക്കർ, കൃഷി ഡയറക്ടർ ഡോ. കെ.വാസുകി, പൊതുഭരണ (ഹൗസ് കീപ്പിങ്) അഡീ. സെക്രട്ടറി പി.ഹണി തുടങ്ങിയവരും പങ്കെടുത്തു.

English Summary: CM Pinarayi Vijayan inaugurated Onathinu oru muram pachakkari programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com