വിവാഹനാൾ യുഎസിലേക്കു പറന്ന ഡെന്നിസ്; സ്നേഹക്കുടയായി നൂറ്റാണ്ട് മുൻപത്തെ നിയമം

special wedding
കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹത്തിനെത്തിയ ബെഫി ജീസൻ, ഡെന്നിസ് ജോസഫ്.
SHARE

കൊച്ചി ∙ ചില നിയമങ്ങൾ അങ്ങനെയാണ്. അത്രയങ്ങ് ആരും ശ്രദ്ധിച്ചെന്നു വരില്ല. പക്ഷേ, ചിലപ്പോൾ അത് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ വലിയ കുടയായി നമുക്കായി നിവരും. തൃശൂർ സ്വദേശി ബെഫി ജീസന്റെയും യുഎസ് പൗരത്വമുള്ള പൂഞ്ഞാർ സ്വദേശി ഡെന്നിസ് ജോസഫിന്റെയും ജീവിതത്തിൽ കൃത്യസമയത്തു മനോഹരമായി വിടർന്ന കുടയാണു കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് നിയമം. ഈ നിയമത്തിന്റെ തണലിലാണു തൃശൂർ കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ ഇരുവരും ഈ മാസം നാലിനു വിവാഹ റജിസ്റ്ററിൽ ഒപ്പിട്ടത്. അനിശ്ചിതത്വങ്ങളുടെ കാർമേഘം അകന്ന്, ഹൈക്കോടതി ഉത്തരവിന്റെ കരം പിടിച്ച് അവർ വിവാഹ ജീവിതത്തിലേക്കു കാലെടുത്തുവച്ച അന്നുതന്നെ ഡെന്നിസ് യുഎസിലേക്കു പറന്നു.

കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട്

സ്പെഷൽ മാര്യേജ് ആക്ട് പോലെ അത്ര അറിയപ്പെടുന്ന ഒന്നല്ല കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട്. പഴയ കൊച്ചി നാട്ടുരാജ്യത്തിൽ 1920 ജനുവരി 17ന് പ്രാബല്യത്തിലായ നിയമമാണിത്. എന്നാൽ സമയ പരിമിതിയെ മറികടക്കാൻ ബെഫിയെയും ഡെന്നിസിനെയും തുണച്ചത് ഒരു നൂറ്റാണ്ടു പഴക്കമുള്ള ഈ നിയമമാണ്. ഹൈക്കോടതിയും കൃത്യ സമയത്തുതന്നെ ഇടപെട്ടതോടെ കാര്യങ്ങൾ മംഗളകരം. ഒട്ടേറെ പ്രത്യേകതയുള്ളതാണ് കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് 1920.

കൊച്ചി രാജ്യക്കാർക്കു മാത്രം

കൊച്ചി നാട്ടുരാജ്യത്തിന്റെ ഭൂപരിധിയിൽ വരുന്ന ക്രിസ്ത്യാനികൾക്കു മാത്രമാണ് ഇതു ബാധകം. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല, എന്നാൽ സമീപ ജില്ലയുടെ ചില ഭാഗങ്ങൾ ഉണ്ട്. ബെഫി താമസിക്കുന്ന തൃശൂർ മടക്കത്തറ കൊച്ചി നാട്ടുരാജ്യത്തിന്റെ പരിധിയിൽ വരുന്നത‌ാണ്. എന്നാൽ ബെഫിക്കും ഡെന്നിസിനും വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ഫ്രാങ്ക്‌ളിന്റെ സ്വദേശമായ എറണാകുളം ജില്ലയിലെ കൂനമ്മാവ് ഈ പരിധിയിൽ വരുന്നില്ലെന്നതും കൗതുകകരം.

dennis-joseph-bephi-jeesan-1.jpg.image.845.440
തൃശൂർ കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹിതരായ ഡെന്നിസ് ജോസഫും ബെഫി ജീസനും. ചിത്രം: റസൽ ഷാഹുൽ∙മനോരമ.

ഈ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരിൽ ഒരാളെങ്കിലും കൊച്ചി നാട്ടുരാജ്യത്തെ ക്രിസ്ത്യാനിയായിരിക്കണം. വളരെ പ്രത്യേകതയുള്ള മറ്റൊരു വ്യവസ്ഥ കൂടിയുണ്ട്. അഞ്ചാം വകുപ്പ് പ്രകാരം, വിവാഹ റജിസ്ട്രാർ (സബ് റജിസ്ട്രാർ ഓഫിസർ) ക്രിസ്ത്യാനിയായിരിക്കുകയും വേണം.

വിവാഹ റജിസ്ട്രാറുടെ തസ്തിക ഒഴിഞ്ഞു കിടന്നാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ മജിസ്ട്രേട്ടിന് (സബ്‌ ഡിവിഷനൽ മജിസ്ട്രേട്ട്/ആർഡിഒ) അധികാരമുണ്ട്. എന്നാൽ സബ്ഡിവിഷനൽ മജിസ്ട്രേട്ട് ക്രിസ്ത്യാനിയായിരിക്കണമെന്നു പറയുന്നില്ല. ആറാം വകുപ്പ് പ്രകാരം, രാവിലെ ആറുമുതൽ വൈകിട്ട് ഏഴ് വരെ വിവാഹം നടത്താം. നിശ്ചിത ഫോമിൽ റജിസ്ട്രാർ ഓഫിസിൽ നോട്ടിസും മറ്റും രേഖകളും നൽകണമെന്ന് ഏഴാം വകുപ്പ് പറയുന്നു.

കുറഞ്ഞ നോട്ടിസ് സമയം

ബെഫിക്കും ഡെന്നിസിനും ഏറ്റവും പ്രയോജനകരമായത് നോട്ടിസ് കാലാവധിയാണ്. സ്പെഷൽ മാര്യേജ് ആക്ടിൽ നോട്ടിസ് നൽകിയ ശേഷം കുറഞ്ഞത് 30 ദിവസം വേണമെങ്കിൽ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് പത്താം വകുപ്പ് പ്രകാരം കുറഞ്ഞത് നാലുദിവസത്തിനുശേഷം വിവാഹം റജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ ഇവരുടെ കാര്യത്തിൽ നോട്ടിസുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതി ഇളവു ചെയ്തു.

special wedding
ബെഫി ജീസൻ, ഡെന്നിസ് ജോസഫ്. ചിത്രം: റസൽ ഷാഹുൽ∙മനോരമ.

ബെഫിയുടെയും ഡെന്നിസിന്റെയും വിവാഹ നിശ്ചയം വീട്ടുകാരുടെ അനുഗ്രഹാശ്ശിസുകളോടെ കോട്ടയം പൂഞ്ഞാറിൽ 2019 മേയ് 17നാണ് നടത്തിയത്. തുടർന്നു കഴിഞ്ഞ വർഷം മേയ് 15ന് വിവാഹം നടത്താൻ തീരുമാനിച്ചു. കോവിഡും ലോക്ഡൗണും കാരണം നിശ്ചയിച്ച ദിവസം വിവാഹം നടത്താനായില്ല. തുടർന്ന് ഈ വർഷം മേയ് 15ലേക്കു മാറ്റി. യുഎസിലായിരുന്ന ഡെന്നിസ് വിവാഹത്തിനൊരുങ്ങി മേയിൽ നാട്ടിലെത്തി. ജൂൺ അഞ്ചിന് മടങ്ങണമായിരുന്നു. എന്നാൽ ലോക്ഡൗൺമൂലം വീണ്ടും അനിശ്ചിതത്വം. 30 ദിവസം നോട്ടിസ് കാലം എന്ന വ്യവസ്ഥയുള്ളതിനാൽ സമയ പരിമിതിമൂലം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാനും സാധിക്കാത്ത അവസ്ഥ. 

Dennis Joseph
ബെഫി ജീസൻ, ഡെന്നിസ് ജോസഫ്. ചിത്രം: റസൽ ഷാഹുൽ∙മനോരമ.

ഈ ഘട്ടത്തിലാണു കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് സഹായമായത്. മേയ് 25ന് തൃശൂർ സബ്‌ ഡിവിഷനൽ മജിസ്ട്രേട്ട്/ആർഡിഒയ്ക്ക് നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം നോട്ടിസ് നൽകി. തൃശൂർ കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസ് (എസ്ആർഒ) പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണു സബ്ഡിവിഷനൽ മജിസ്ട്രേട്ടിനു നോട്ടിസ് നൽകിയത്. രണ്ടു സാക്ഷികളുടെ സത്യവാങ്മൂലങ്ങൾ അടക്കം ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചു. എന്നാൽ തുടർ നടപടിയുണ്ടായില്ല. തുടർന്ന് അഡ്വ. ജിപ്സൺ ആന്റണി, അഡ്വ. ഫ്രാങ്ക്ളിൻ അറയ്ക്കൽ തുടങ്ങിയവർ വഴി ഹൈക്കോടതിയ സമീപിച്ചു. വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ ആർഡിഒയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മേയ് 27ന് ഹർജി നൽകുകയായിരുന്നു.

കോടതി ഉത്തരവ്

കോവിഡ് മൂലം ഇനിയും വിവാഹം നീട്ടിവയ്ക്കാനാവില്ലെന്നു കോടതി പറഞ്ഞു. കോവിഡ് സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വൈറസുകളെ അതിജീവിച്ചു മനുഷ്യജീവിതവും ബന്ധങ്ങളും മുന്നോട്ടുനീങ്ങണമെന്നും കോടതി പറഞ്ഞു. വിവാഹത്തിന് നോട്ടിസ് വേണമെന്നത് ശരിയാണെങ്കിലും മേയ് 25നു തന്നെ സബ് ഡിവിഷനൽ മജിസ്ട്രേട്ട് നോട്ടിസ് പരസ്യപ്പെടുത്തിയിരുന്നെങ്കിൽ വിവാഹം നടക്കുമായിരുന്നു.

സർട്ടിഫിക്കറ്റ് നൽകി സബ് ഡിവിഷനൽ മജിസ്ട്രേട്ട് ബന്ധപ്പെട്ട എല്ലാ രേഖകളും ജൂൺ നാലിന് രാവിലെ 10.30നകം സബ് റജിസ്ട്രാർ ഓഫിസിലേക്ക് കൈമാറണമെന്നു കോടതി നിർദേശിച്ചു. അന്നുതന്നെ വിവാഹം നടത്താൻ കുട്ടനെല്ലൂർ സബ് റജിസ്ട്രാർക്കു കോടതി നിർദേശം നൽകി. തുടർന്നായിരുന്നു ഇവരുടെ വിവാഹം. ബന്ധപ്പെട്ട പ്രാദേശിക റജിസ്ട്രാർമാർക്കു നോട്ടിസ് നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ കോടതി ഇളവും നൽകി.

English Summary: How Cochin Christian Civil Marriage Act Helped in a Covid Time Marriage!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA