ADVERTISEMENT

കൊച്ചി∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായ കേസിലെ പ്രതി പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിനെ പിടികൂടുന്നതിൽ പൊലീസിനുണ്ടായ വീഴ്ച തുറന്നു സമ്മതിച്ച് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. ദൃശ്യങ്ങൾ കണ്ടപ്പോഴാണ് യുവതിക്കു നേരെയുണ്ടായ ക്രൂരത വ്യക്തമായത്. കേസ് മേലേ തട്ടിലേക്കു റിപ്പോർട്ടു ചെയ്യുന്നതു വൈകി. ഇനി അങ്ങനെ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

ഇത്രയും ഗുരുതര പരിക്കുള്ള കേസായിട്ടും എഫ്ഐആർ ഇട്ട പൊലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണു വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് എന്നതിനെക്കുറിച്ചു വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസം ഉണ്ടായ ഫോക്കസ് കേസന്വേഷണത്തിൽ ആദ്യം ഇല്ലാതെ പോയതാണ് പ്രതി പിടിയിലാകാൻ വൈകിയത്. താഴെ തട്ടിൽ പരാതി ലഭിക്കുന്ന ഉടനെ കേസ് ഉയർത്തിക്കൊണ്ടു വരുന്നതിനു നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സ്വദേശിയായ യുവതി ലിവിങ് ടുഗതറിലായിരുന്ന പുലിക്കോട്ടിൽ മാർട്ടിൻ ജോസഫ് എന്നയാൾക്കെതിരെ പരാതി നൽകി രണ്ടു മാസം കഴിഞ്ഞിട്ടും നടപടി ഇല്ലാതെ വന്നതോടെയാണു മാധ്യമങ്ങളെ സമീപിക്കുന്നതും വാർത്ത പുറത്തു വരുന്നതും. ഇതോടെ സംഭവം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും അന്വേഷണം ധൃതഗതിയിലാകുകയുമായിരുന്നു. ഇതു സംബന്ധിച്ച വാർത്ത വന്ന ദിവസം വരെ പ്രതി കൊച്ചിയിലെ ഇതേ ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതും പൊലീസിനു നാണക്കേടായി.

ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിലും അന്വേഷണം വൈകുന്നത് ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകുമെന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം. നിലവിലുള്ള സാഹചര്യത്തിൽ ഓരോ മാസവും കുറ‍ഞ്ഞത് പത്തു കേസെങ്കിലും ഇത്തരത്തിൽ റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നും ഇതിൽ ഗൗരവമായി പരിഗണിക്കേണ്ട കേസുകൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്നാണു കമ്മിഷണറുടെ മറുപടി. സമാന വകുപ്പുകൾ ഉള്ള കേസുകളിൽ പരാതിക്കാർക്കു മുറിവേറ്റിട്ടുള്ള കേസുകൾ പ്രത്യേകം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.

പലപ്പോഴും ഇരകളാക്കപ്പെടുന്ന പെൺകുട്ടികളെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതാണ് വിവരം പുറത്തു വരാൻ തടസമാകുന്നത്. മാർട്ടിനെതിരായ കേസിൽ പൊലീസ് നടപടികൾ സ്വീകരിക്കുന്നുണ്ടായിരുന്നു എന്നാണ് കമ്മിഷണറുടെ നിലപാട്. പ്രതിയുടെ പാസ്പോർട് പിടിച്ചെടുക്കുകയും ജാമ്യാപേക്ഷ എതിർത്തു കോടതിയിൽ പോകുകയുമെല്ലാം പൊലീസ് ചെയ്തിരുന്നു. സെഷൻസ് കോടതിയിൽ ജാമ്യം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചപ്പോഴും പ്രതിക്കെതിരായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പ്രതി രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതും പൊലീസ് പ്രതിക്കൊപ്പം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്നും വിശദീകരിക്കുന്നു.

മാർട്ടിനെ പിടികൂടുന്നതിനായി പൊലീസിന്റെയും പൊതു ജനങ്ങളുടെയും ഭാഗത്തുനിന്നു കൂട്ടായ ശ്രമമാണ് ഉണ്ടായത്. സംഭവത്തിൽ പ്രതിയെ സഹായിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയവരാണ് പിടിയിലായത്. രണ്ടു പേർ കൂടി പ്രതിയെ സഹായിച്ചത് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ഒളിവിൽ പോയിരിക്കുകയാണ്. ഈ കേസിൽ പ്രതി ഉപയോഗിച്ച ബിഎംഡബ്ല്യു  ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിയുടെ മറ്റ് ഇടപാടുകളെക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷിക്കും. ഇവരുടെ സാമ്പത്തിക ഇടപാടുകളും വരുമാന മാർഗങ്ങളും പരിശോധിക്കും. ഇത്രയും ചെലവേറിയ ഫ്ലാറ്റിൽ താമസിക്കുന്നതിനുള്ള സാമ്പത്തിക ഉറവിടം അന്വേഷിക്കും. പ്രതിക്കെതിരെ മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർട്ടിൻ ജോസഫ് ഉപദ്രവിച്ചതിനു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ ഇരകളുണ്ടോ എന്നു പരിശോധിക്കും.

ഇയാൾക്ക് ഇത്രയും ക്രിമിനൽ ഇടപാടുകൾ ഉണ്ടായിട്ടും ഒരു കേസിലും പെടാതെ രക്ഷപെട്ടു നടന്നത് എങ്ങനെ എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. ഇതിനെല്ലാം നാട്ടുകാരുടെ സഹായം ആവശ്യമാണ്. 250ൽ പരം ആളുകളുടെ കൂട്ടായ അന്വേഷണമാണ് കഴിഞ്ഞ ദിവസം പ്രതിക്കെതിരെ ഉണ്ടായത്. സിവിൽ ഡിഫൻസ് വളന്റിയേഴ്സ് ഉൾപ്പടെയുള്ളവർ വാശിയോടെ രംഗത്തിറങ്ങി. ചതുപ്പും കാടും ഇരുട്ടും നിറഞ്ഞ സാഹചര്യത്തിലായിരുന്നു പരിശോധനകൾ. പുഴയും കാടും മറ്റും പൊലീസിന് അത്ര പരിചയമില്ലാത്ത മേഖലയാണ്. എറണാകുളം സെൻട്രൽ എസ്എച്ച്ഒ നിസാർ, തൃശൂർ സിറ്റി എസ്എച്ച്ഒ അനന്തലാൽ തുടങ്ങിയവരുടെ പേരുകൾ എടുത്തു പറഞ്ഞ് കമ്മിഷണർ അഭിനന്ദനം അറിയിച്ചു.

English Summary: Commissioner CH Nagaraju accepts failures in Kochi Marine Drive flat rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com