ADVERTISEMENT

തിരുവനന്തപുരം∙ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. മുട്ടിൽ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ധനേഷ് കുമാറിനെ പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിൽ നിന്നു മാറ്റിയതു വിവാദമായിരുന്നു. കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ സജു വർഗീസിനെയും ഉൾപ്പെടുത്തി. 

മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലൻസ് നിയമിച്ചിരുന്നു. ഇതിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അന്വേഷണ സംഘത്തിലാണ് സജു വർഗീസിനെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് കൺസർവേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം.

വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. സ്വന്തം ജില്ലകളിൽ അന്വേഷണം വരാത്ത വിധത്തിൽ മേഖലകൾ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഈ മാസം 22ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘങ്ങളോട് നിർദേശിച്ചിരിക്കുന്നത്.

English Summary: Illegal tree felling: Two DFO's were included in special investigation team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com