മനോരമ ഓൺലൈൻ ഇംപാക്ട്: കയ്യുറയിൽ 5 കോടി തട്ടിപ്പ് തടഞ്ഞു; വിലപേശി വാങ്ങും

impact-glove
SHARE

തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളുടെ ആവശ്യത്തിനുവേണ്ടി അമിത വിലയ്ക്ക് ഒരു കോടി കയ്യുറ വാങ്ങി കോടികൾ തട്ടാനുള്ള പദ്ധതി പൊളിഞ്ഞു. ഇനി താൽപര്യമുള്ള ഉൽപാദകരിൽ നിന്നെല്ലാം നിരക്കു വാങ്ങി കരാർ ഉറപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി 50 ലക്ഷം കയ്യുറകൾ വിലപേശി വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കു ഗുണമേന്മയില്ലാത്ത പിപിഇ കിറ്റ് കൊടുത്ത സംഭവത്തെക്കുറിച്ചും അന്വേഷണം നടത്തും. കയ്യുറ കച്ചവടത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ഉന്നതരും ചില സിപിഎം നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ വിശദാംശങ്ങൾ മനോരമ ഓൺലൈനാണു പുറത്തുകൊണ്ടു വന്നത്. കച്ചവടത്തിൽ 5 കോടി രൂപയുടെ ക്രമക്കേടിനുള്ള എല്ലാ ഒരുക്കങ്ങളും മനോരമ ഓൺലൈൻ വാർത്തയെത്തുടർന്നു തകിടംമറിയുകയായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ഒരാഴ്ചയിലേറെയായി കയ്യുറ കിട്ടാനില്ല. കയ്യുറക്ഷാമം കെഎംഎസ്‌സിഎലിന്റെ സൃഷ്ടിയായിരുന്നു. ഇതിന്റെ മറവിൽ താൽപര്യമുള്ള കമ്പനിയിൽ നിന്ന് അമിത വിലയ്ക്കു കയ്യുറ വാങ്ങി കോടികൾ തട്ടിയെടുക്കാനാണു ശ്രമം നടത്തിയത്. കയ്യുറ കിട്ടാനില്ലാത്തതിനാൽ എവിടെ നിന്നെങ്കിലും അതിവേഗം സംഭരിക്കാൻ സർക്കാർ നിർദേശിച്ചു.

അടിയന്തര സാഹചര്യം സൃഷ്ടിച്ച കോർപറേഷനിലെ ഉന്നതർ തിരുവനന്തപുരത്തെ ഒരു കമ്പനിയിൽ നിന്നു കയ്യുറ വാങ്ങാൻ തീരുമാനിച്ചു. ഒരു ഡെന്റൽ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് ഒരു കയ്യുറ 14 രൂപയ്ക്കു വാങ്ങാനായിരുന്നു ധാരണ. കോർപറേഷൻ കയ്യുറ സംഭരിക്കുന്നെന്ന വിവരം അറിഞ്ഞു വർഷങ്ങളായി ഈ രംഗത്തുള്ള കമ്പനികൾ താൽപര്യം അറിയിച്ചു. ഇവർ 8.50 രൂപ മുതൽ 12.50 രൂപ നിരക്കിൽ കയ്യുറ വിതരണം ചെയ്യാൻ തയാറാണെന്ന് അറിയിച്ചെങ്കിലും കോർപറേഷനിലെ ഉന്നതർ അടുപ്പിച്ചില്ല. അടിയന്തര സാഹചര്യത്തിൽ തിരുവനന്തപുരത്തെ കമ്പനിയുമായി കൈ കൊടുത്തുകഴിഞ്ഞെന്നായിരുന്നു വിശദീകരണം. മാത്രമല്ല, വാങ്ങാൻ നിശ്ചയിച്ച കമ്പനിയോടു തിരുവനന്തപുരത്തും കൊച്ചിയിലും 10 ലക്ഷം കയ്യുറ വീതം എത്തിക്കാനും ആവശ്യപ്പെട്ടു.

gloves-like

ഇതിന്റെ വിശദാംശങ്ങളാണു മനോരമ ഓൺലൈനിലൂടെ പുറത്തുവന്നത്. ഉടൻ സർക്കാർ ഇടപെട്ടു. വിവരങ്ങൾ അന്വേഷിച്ചപ്പോൾ ക്ഷാമം ഉള്ളതിനാൽ വിലപേശൽ നടത്താൻ സാധിച്ചില്ലെന്ന ന്യായീകരണത്തിലായിരുന്നു കോർപറേഷനിലെ ഉദ്യോഗസ്ഥർ. വില കുറച്ചു കയ്യുറ നൽകാൻ കമ്പനികൾ തയാറുണ്ടോ? വാങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിക്കു കയ്യുറ ഉൽപാദന,വിതരണ മേഖലയിൽ അനുഭവ പരിചയം ഉണ്ടോ? എന്നീ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കു സാധിച്ചില്ല. തുടർന്നാണു കോർപറേഷൻ കയ്യുറ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ കമ്പനികളിൽ നിന്നും കയ്യുറ നൽകാൻ താൽപര്യമുണ്ടോയെന്ന് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇവരിൽ നിന്നു വില എടുത്തശേഷം കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.

കെഎംഎസ്‌സിഎൽ ക്രമക്കേട്: അന്വേഷണവും മറ്റാരുമല്ല

mby-investigation

കെഎംഎസ്‌സിഎൽ ഗുണമേന്മയില്ലാത്ത പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത് കെഎംഎസ്‌സിഎല്ലിലെ തന്നെ ഉന്നതർ! അഴിമതിക്കു ചൂട്ടുപിടിച്ചവർ തന്നെ അതേക്കുറിച്ച് അന്വേഷിക്കുന്നതാണ് ഇവിടത്തെ പതിവ്. സർക്കാർ ആശുപത്രികൾക്കുവേണ്ടി മരുന്നും മെഡിക്കൽ ഉൽപന്നങ്ങളും സംഭരിച്ചു വിതരണം ചെയ്യുന്നതാണു കോർപറേഷന്റെ ചുമതല. 

ഗുണമേന്മയില്ലാത്ത മരുന്നുകളും ഉൽപന്നങ്ങളും ലഭിക്കുമ്പോൾ ആശുപത്രി ജീവനക്കാർ പ്രശ്നമുണ്ടാക്കും. ഉടൻ അതതു കാലത്തെ മന്ത്രിയുടെ ഓഫിസ് അന്വേഷണം പ്രഖ്യാപിക്കും. അന്വേഷിക്കുന്നതാകട്ടെ ഗുണമേന്മയില്ലാത്തവ വാങ്ങിയ കെഎംഎസ്‌സിഎല്ലിന്റെ ഉദ്യോഗസ്ഥരും. അന്വേഷണം എന്തായെന്നോ കുറ്റക്കാർ ആരാണെന്നോ പിന്നീട് ആരും അന്വേഷിക്കാറുമില്ല.

കോർപറേഷൻ അടുത്തിടെ രണ്ടു തരം പിപിഇ കിറ്റുകൾ വിതരണം ചെയ്തിരുന്നു. ഒരു കിറ്റിൽ ബ്രാൻഡ് നാമം പോലുമില്ല. ഈ കിറ്റുകൾ ഉപയോഗിച്ച നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നിർജലീകരണം സംഭവിച്ചു കുഴഞ്ഞുവീഴാൻ തുടങ്ങി. സാധാരണ ഒരു കിറ്റ് 4 മുതൽ 6 മണിക്കൂർവരെ ഉപയോഗിക്കാനാകും. എന്നാൽ കോർപറേഷൻ നൽകിയ 2 ഇനം പിപിഇ കിറ്റുകളും ഒരു മണിക്കൂറിലധികം ഉപയോഗിക്കാനാവില്ല.

ഇതേക്കുറിച്ച് സിപിഎം അനുകൂല സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ഈ സംഭവത്തെക്കുറിച്ച് കോർപറേഷനോട് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസ്. ക്രമക്കേടു നടത്തിയവർ തന്നെയാണ് അന്വേഷണം നടത്തുന്നത്.

English Summary: Government to buy gloves taking price quote from companies - Manorama Online Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA