ADVERTISEMENT

ന്യൂഡൽഹി ∙ ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടിസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ.എം.ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ സഭാ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണു നോട്ടിസ് നൽകിയത്.

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്നാണ് എംപിമാർ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു തീരുമാനം.

സന്ദർശിക്കാൻ അനുമതിക്കായി ബന്ധപ്പെട്ടവർക്ക് കത്തു നൽകിയിരുന്നു. എന്നാൽ, കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കണമെന്ന നിർദേശമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഭരണകൂടത്തിന്റെ നിലപാട് ദൗർഭാഗ്യകരവും പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്. ഇതിനെതുടർന്ന്, എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കണം എന്ന് എംപിമാർ സംയുക്തമായി ആവശ്യപ്പെടുകയും വീണ്ടും കത്ത് നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഈ കത്തിന് മറുപടി തരാൻ പോലും ദ്വീപ് ഭരണകൂടം തയാറായില്ല. ഇത് പാർലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണ്. അഡ്മിനിസ്ട്രേറ്ററോട് പാർലമെന്റ് വിശദീകരണം തേടണമെന്നും ഗുരുതരമായ കൃത്യവിലോപം കാണിച്ച മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

English Summary: MP's issued notice against Lakshadweep administrator Praful Khoda Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com