ADVERTISEMENT

ന്യൂഡൽഹി∙ യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട സംരക്ഷണം ഉള്ളതിനാൽ കോവിഡ് വാക്സീൻ വേണ്ടെന്ന നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് യോഗാ ഗുരു ബാബാ രാംദേവ്. ഉടൻ തന്നെ വാക്സീൻ സ്വീകരിക്കുമെന്നു പറഞ്ഞ രാംദേവ് ‘ഭൂമിയിലെ ദൈവ ദൂതന്മാരാണ് ഡോക്ടർമാരെ’ന്നും വിശേഷിപ്പിച്ചു.

കോവി‍ഡിനെ പ്രതിരോധിക്കാനുള്ള അലോപ്പതി ചികിത്സയ്ക്കും മരുന്നുകൾക്കുമെതിരെ എതിർപ്പ് ഉന്നയിച്ച് രാംദേവ് നേരത്തേ രംഗത്തുവന്നിരുന്നു. ഇതു ആരോഗ്യരംഗത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സീൻ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ‘ചരിത്രപരമായ’ ചുവടുവയ്പ്പാണെന്നും എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും പറയുകയായിരുന്നു.

‘യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട സംരക്ഷണത്തിന്റെയൊപ്പം വാക്സീൻ ഇരട്ട ഡോസും കൂടിയാകുമ്പോൾ കോവിഡിൽനിന്ന് ആരും മരിക്കാത്തവണ്ണമുള്ള സംരക്ഷമാണ് ലഭിക്കുക’ – ഹരിദ്വാറിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നു വാക്സീൻ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഉടൻതന്നെ എന്ന മറുപടിയും അദ്ദേഹം നൽകി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള (ഐഎംഎ) ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചോദ്യത്തോട് തനിക്ക് ഒരു സംഘടനയുമായി വിരോധമില്ലെന്നും ഏതെങ്കിലും മരുന്നിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി. അടിയന്തര ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും അലോപ്പതി തന്നെയാണ് മികച്ചത്. അതിൽ രണ്ട് അഭിപ്രായമില്ല. ജനറിക് മരുന്നുകളുടെ പേരിനു പകരം വിലകൂടിയ മരുന്നുകൾ ഡോക്ടർമാർ എഴുതുന്നതിനാലാണ് പ്രധാൻ മന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കേണ്ടിവന്നതെന്നും രാംദേവ് കൂട്ടിച്ചേർത്തു.

English Summary: Ramdev Changes His Mind, Says Will Take Covid Jab; Calls Doctors God's Envoys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com