യുപിയിൽ അപ്രസക്തമായി ബിഎസ്പി; ബിജെപിയുമായി കൈകോർക്കുമോ മായാവതി?

Mayawati | BSP | (Photo by Prakash SINGH / AFP)
മായാവതി (Photo by Prakash SINGH / AFP)
SHARE

ആഗ്ര∙ ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബിഎസ്പിക്ക് കൈത്താങ്ങ് നൽകുമോ ബിജെപിയെന്നാണ് രാഷ്ട്രീയവൃത്തങ്ങളിലെ ചർച്ച. ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് മായാവതിയുടെ പരസ്യനിലപാട്. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ ബിഎസ്പിക്കു കഴിഞ്ഞില്ല. 2019ലാകട്ടെ സമാജ്‌വാദി പാർട്ടിയുടെ സഖ്യത്തിൽ മത്സരിച്ചതിനാൽ 10 ലോക്സഭാംഗങ്ങളെ പാർട്ടിക്കു കിട്ടി. എന്നാൽ ഫലം വന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും സഖ്യം വേർപിരിഞ്ഞു. പിന്നീട് വിവിധ സാഹചര്യങ്ങളിൽ ബിജെപി അനുകൂല നിലപാടാണ് മായാവതി സ്വീകരിച്ചിരുന്നതും.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം ശക്തമാക്കി പാർട്ടിയെ ശക്തിപ്പെടുത്താൻ മായാവതി ശ്രമിക്കുമ്പോഴും പ്രവർത്തകർക്കിടയിൽ കാര്യമായ ആവേശം കാണുന്നില്ല. അവസാന കുറച്ച് തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തോടെ പാർട്ടി മുഴുവനായി പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിലാണ്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ പാർട്ടിയുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോയെന്ന ചിന്ത നേതാക്കളിലും പ്രവർത്തകരിലും ഒരുപോലെയുണ്ട്. മായാവതിയെപ്പോലും വളരെ ഊർജിതാവസ്ഥയിൽ പ്രവർത്തകർ കാണുന്നില്ല. അതേസമയം, മായാവതിയുടെ പതുങ്ങൽ യോഗി ആദിത്യനാഥ് സർക്കാരിനുള്ള പിന്തുണ കൊടുക്കലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നു.

ദലിത്, മുസ്‌ലിം വോട്ടുകളാണ് ബിഎസ്പിയുടെ ശക്തി. എന്നാൽ നിലവിലെ സാഹചര്യത്തിൽ മുസ്‌ലിം വോട്ടുകൾ സമാജ്‌വാദി പാർട്ടിയിലേക്കു പോയിട്ടുണ്ടെന്നാണ് പ്രവർത്തകർക്കിടയിലെ പറച്ചിൽ. ലക്നൗവിലെ ഒൻപത് നിയമസഭാ സീറ്റുകളും നിലവിൽ ബിജെപിയുടെ കൈവശമാണ്. ജില്ലയില്‍നിന്ന് രണ്ട് ലോക്സഭാ, ഒരു രാജ്യസഭാ എംപിയും ബിജെപിക്കുണ്ട്.

Mayawati ​| BSP |(Photo by MONEY SHARMA / AFP)
മായാവതി (Photo by MONEY SHARMA / AFP)

2007ൽ മായാവതി അധികാരത്തിലേറിയത് 403ൽ 206 സീറ്റുകളും 30.43% വോട്ടു വിഹിതവും നേടിയാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളേ മായാവതിക്ക് നേടാനായുള്ളൂ. ബിഎസ്പിയുടെ വോട്ടുവിഹിതം 25.91 ശതമാനമായി കുറഞ്ഞു. 2017 ആയപ്പോൾ വെറും 19 സീറ്റായി നിയമസഭയിലെ പ്രാതിനിധ്യം. വോട്ട് വിഹിതം 22.14 ശതമാനമായി. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും അതിദയനീയ പ്രകടനമാണ് ബിഎസ്പി നടത്തിയത്.

ഈ വോട്ട് വിഹിത നഷ്ടം ബിജെപി നേടിയെടുത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദു വിഭാഗത്തെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനാൽ ഏതു പാർട്ടിയുമായി കൈകോർക്കാനും അവർ തയാറാകും. 2017ൽ മായാവതിയുടെ വിജയത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ദലിത് – ബ്രാഹ്മണ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലെ സ്ഥാനാർഥി നിർണയം ആയിരുന്നു. 139 സീറ്റുകളിൽ ഉയർന്ന ജാതിയിലെ സ്ഥാനാർഥികളെ നിർത്തി. എന്നാൽ ഇന്ന് ബ്രാഹ്മണർ ബിഎസ്പിയെ പൂർണമായി കൈവിട്ടു. ബിജെപിയിലേക്കാണ് ആ വോട്ട് വിഹിതം എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉയർത്തുന്ന ഹിന്ദുത്വ അജൻഡയിലാണ് അവർക്ക് താൽപര്യം.

Mayawati | BSP | (Photo by PRAKASH SINGH / AFP)
മായാവതി (Photo by Prakash SINGH / AFP)

ദലിത് വോട്ടുകളിലും ബിജെപി കണ്ണുവച്ചു തുടങ്ങിയതോടെയാണ് മായാവതി അപ്രസക്തമായിപ്പോയത്. മായാവതി ഉൾപ്പെടുന്ന ജാതവ് വിഭാഗത്തിനായിരുന്നു ബിഎസ്പി ഭരണത്തിൽ വന്നപ്പോൾ സർവ അധികാരവും. സർക്കാർ ടെൻഡറുകൾ, ലൈസൻസുകൾ, ഉയർന്നതാണെങ്കിലും താഴ്ന്നതാണെങ്കിലുമുള്ള സർക്കാർ തൊഴിലുകൾ തുടങ്ങിയവയിൽ ജാതവ് വിഭാഗത്തിന് വലിയ പ്രാധാന്യം ലഭിച്ചു. പാർട്ടിയിൽപ്പോലും ഇവർക്ക് എല്ലാത്തിലും മുൻഗണന ലഭിച്ചു. മന്ത്രിമാരാക്കിയതും ഈ വിഭാഗക്കാരെയാണ്. ഇതു മറ്റ് ദലിത് വിഭാഗത്തിൽനിന്ന് എതിർപ്പ് ഉയർത്തിയിരുന്നു. ഈ വോട്ടുകൾ ബിജെപി തങ്ങളുടെ പക്ഷത്തേക്കു ചേർത്തു.

ഡൽഹിയിലെ വസതിയിലെ താമസം ഉൾപ്പെടെ നേരിട്ട് ജനങ്ങളുമായി ഇടപെടുന്ന സാഹചര്യം മായാവതി കുറയ്ക്കുകയും ചെയ്തു. പാർട്ടി നേതാക്കൻമാർക്കുപോലും അവരെ കാണാൻ സാധിക്കാതെ വന്നു. പ്രധാനപ്പെട്ട പ്രതിഷേധ പരിപാടി പോലും സംഘടിപ്പിക്കാൻ മായാവതിക്ക് കഴിയാതെവന്നു. ഈ ഒരു ഒഴിവിലേക്കാണ് പുതുതലമുറ ദലിത് നേതാവായ ചന്ദ്രശേഖർ ആസാദ് ഭീം ആർമിയുമായി എത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏതു പ്രതിഷേധത്തിന്റെ മുൻനിരയിലും തെരുവിലിറങ്ങി ആസാദ് നിൽപ്പുണ്ടാകും. മായാവതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ദലിതരിൽ കുറച്ച് വിഭാഗങ്ങൾ ആസാദിലേക്കും ബാക്കി ബിജെപിയിലേക്കുമാണ് പോയിട്ടുണ്ടാകുക.

Mayawati | BSP | (Photo by Prakash SINGH / AFP)
മായാവതി (Photo by Prakash SINGH / AFP)

സാഹചര്യങ്ങൾ ഇങ്ങനായിരിക്കെ യോഗി സർക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് മായാവതിക്ക് ഈ ഘട്ടത്തിൽ ചെയ്യാനാകുക എന്ന നിലപാടാണ് രാഷ്ട്രീയനിരീക്ഷകർ വച്ചുപുലർത്തുന്നത്. പകരം എൻഡിഎ സഖ്യകക്ഷിയായി ഉപരാഷ്ട്രപതി സ്ഥാനമോ മറ്റോ ഇവർ ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

English Summary: Will BJP strike a deal with BSP supremo Mayawati?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA