ADVERTISEMENT

പാലക്കാട്∙ പത്തുകൊല്ലം ഒരു മുറിയിലാണ് സജിത താമസിച്ചു എന്നത് ആരെയും വിശ്വസിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്ന നിലപാടിൽ ഉറച്ച് പാലക്കാട് നെന്മാറ സ്വദേശി റഹ്മാൻ. ‘വീട്ടിൽ ഞാനില്ലാത്തപ്പോൾ നടന്ന കാര്യങ്ങൾ ഇപ്പോഴും ഓർത്തെടുത്ത് അവൾക്കു പറയാൻ സാധിക്കും. എനിക്ക് അതൊന്നും ഓർക്കാൻ കഴിയില്ല. ഇഷ്ടവുമില്ല. അവർ പറഞ്ഞത് എന്നെ കുറിച്ചായിരുന്നു. അപ്പോൾ അതു കേട്ട് വിഷമിച്ച ശേഷം വിട്ടുകളയുകയാണ് ചെയ്തിരുന്നത്. അവളെ പത്തുകൊല്ലം മുറിയിൽ താമസിപ്പിച്ച് ഇന്ന ദിവസം പുറത്തിറങ്ങാം എന്നു കണക്കുവച്ചു തീരുമാനിച്ചു ചെയ്തതൊന്നുമല്ല. സാഹചര്യം കൊണ്ടു സംഭവിച്ചു പോയതാണ്’– റഹ്മാൻ പറയുന്നു. 

അവളെയും കൂടി സ്വീകരിച്ച് വീട്ടുകാർ ക്ഷണിച്ചാൽ മാതാപിതാക്കൾക്കൊപ്പം പോയി സന്തോഷമായി ജീവിക്കാൻ തയാറാണ്. പക്ഷേ വീട്ടുകാർ അതു അംഗീകരിക്കല്ലെന്ന് ഉറപ്പാണ്. കുറച്ചു ദിവസം കാണാതിരുന്ന് പിന്നീടു കണ്ടപ്പോൾ മാതാപിതാക്കൾ സങ്കടം പ്രകടിപ്പിച്ചു. പക്ഷേ കൂടെ താമസിക്കുന്നത് വേലായുധന്റെ മകൾ സജിതയാണെന്ന് അറിഞ്ഞപ്പോൾ സ്വഭാവം മാറി. അവർക്കു രോഷം വന്നു. അത്രയേ ഉള്ളൂ. പൊലീസ് സ്റ്റേഷനിൽനിന്നു കണ്ടപ്പോഴും അവളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പത്തു വർഷം മുൻപ് സജിതയോട് അടുപ്പമാണെന്ന് അറിഞ്ഞപ്പോഴും ഇതുപോലെയാണ് പെരുമാറിയത്. ആ ബന്ധം മാത്രം വേണ്ട എന്നു പറഞ്ഞു വഴക്കുണ്ടാക്കി. അവളുമായി ബന്ധമുണ്ടെന്ന് അറിയുന്നതു വരെയും വീട്ടുകാർക്കു സ്നേഹമായിരുന്നു. അതു അറിഞ്ഞ ഉടനെ അവരുടെ വീട്ടിൽ പോയി വഴക്കുണ്ടാക്കി. എന്റെ മകനെ വശീകരിക്കാൻ നോക്കുന്നു എന്നു പറഞ്ഞാണ് വഴക്കുണ്ടാക്കിയത്. പിന്നെ സജിത വരുന്നതു നിന്നു. ഈ സമയത്ത് ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു ചെയ്തിരുന്നത്. പെട്ടെന്ന് ഒരു ദിവസം വീട്ടിലേക്ക് വരികയായിരുന്നു. ഒരു പൈസപോലും കയ്യിൽ ഇല്ലാതിരുന്നതിനാലാണ് മറ്റെവിടെയെങ്കിലും താമസിക്കാൻ പോകാതിരുന്നത്. കുറച്ചു പൈസ കിട്ടാനുണ്ടായിരുന്നു. അതു കിട്ടിയിട്ടു പോകാമെന്നു വച്ചിട്ടു കിട്ടിയില്ല. അത് ഇങ്ങനെ നീണ്ടു പോയതാണ്.

സ്നേഹം മാത്രം മതി; കളഞ്ഞിട്ടു ചെല്ലില്ല

എന്നെ മാത്രം കാണാനില്ലെന്നാണ് അവർ വിചാരിച്ചത്. എന്നിട്ടും ഞാനെവിടെയാണെന്ന് അവർ അന്വേഷിച്ചില്ല. അല്ലെങ്കിലും വീട്ടിൽ ആരും എന്നോടു മിണ്ടാറില്ലായിരുന്നു. ഞാനും മിണ്ടാറില്ലായിരുന്നു. ഒരു കൊല്ലം മുകളിലായി വീട്ടിൽ ആരും മിണ്ടാറില്ല. വീട്ടിൽ ബേക്കറിയോ എന്തെങ്കിലും വാങ്ങി അവരു കഴിക്കുകയല്ലാതെ ഒന്നും തരില്ലായിരുന്നു. അതാണ് അവിടെ നിന്നിട്ടു കാര്യമില്ല എന്നു തോന്നിയത്. പണിക്കു പോവുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. ഇത്രയും ദിവസം വരെ സന്തോഷമായാണ് കഴിഞ്ഞത്. അങ്ങനെ തന്നെ കഴിയും. വീട്ടുകാർ വിളിച്ചാൽ അവളെ കളഞ്ഞിട്ടാണെങ്കിൽ ചെല്ലില്ല. നമുക്ക് സ്നേഹം മാത്രം മതി. വേറെ ഒന്നും വേണ്ട. പക്ഷേ അവർക്ക് ഇവരെ താൽപര്യമില്ല. മാധ്യമങ്ങൾ ചെന്നപ്പോഴും മോശമായാണ് പറയുന്നത്.

Sajitha-Rahman-1
സജിത, റഹ്മാന്‍

വഴക്കുണ്ടാകാറുണ്ടായിരുന്നു; ഭക്ഷണം വാരിക്കൊടുത്തു

ഞങ്ങൾ ഇത്ര നാളും ഒരു മുറിയിൽ കഴിഞ്ഞിട്ട് വഴക്കുണ്ടാക്കാറില്ലായിരുന്നോ എന്നാണ് പലർക്കും അറിയേണ്ടത്. അത്ര വലിയ വഴക്കൊന്നും ഉണ്ടാക്കാറില്ലായിരുന്നു. ഭക്ഷണം കഴിക്കാത്തതിനു ഞാൻ വഴക്കു പറയും. അതിനു പിണങ്ങാറുണ്ടെന്നല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. ഭക്ഷണം ഞാൻ വാരിയാണ് കൊടുക്കാറ്. എന്നിട്ടും കഴിക്കാതിരിക്കുമ്പോൾ ചീത്ത പറയും. ആർക്കു വേണ്ടിയാണ് ഞാൻ ഇത് കഷ്ടപ്പെട്ടു കൊണ്ടു വരുന്നതെന്നു പറയും. കുറച്ചു കഴിയുമ്പോൾ അവൾ കഴിക്കും. പിണക്കം മാറും. അങ്ങനെയൊക്കെയായിരുന്നു. പിന്നെ ഉള്ള കാര്യങ്ങൾ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞിട്ടുണ്ട്. കേസുമായി ഇതുവരെയും ആരും വന്നിട്ടില്ല. മാധ്യമങ്ങൾക്കു മുന്നിൽ വന്നപ്പോൾ തലയിൽ തുണി ഇട്ടു എന്നല്ലാതെ അവൾ മുസ്‌ലിമൊന്നുമല്ല, ശരിക്കും ഹിന്ദു തന്നെയാണ്. അത് മാറാൻ ഒരിക്കലും പറഞ്ഞിട്ടുമില്ല. കൂടെ ഉണ്ടാകണം എന്നു മാത്രമേ ഉള്ളൂ.

പറയുന്നതെല്ലാം പച്ചക്കള്ളം; വിഡ്ഢികളല്ലെന്നു മാതാപിതാക്കൾ

മുറിയില്‍ ഒരു പെണ്ണിനെ താമസിപ്പിച്ചെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങള്‍ അത്ര വിഡ്ഢികളാണോ എന്നാണ് റഹ്മാന്റെ മാതാപിതാക്കളുടെ പ്രതികരണം. അവളെ എപ്പോഴെങ്കിലും കൊണ്ടു വന്നിട്ടുണ്ടാകുമെന്നല്ലാതെ പത്തു വര്‍ഷമൊന്നും ഇവിടെ താമസിപ്പിച്ചിട്ടുണ്ടാകില്ല. പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അതു വിശ്വസിച്ചിരിക്കുകയാണ് പൊലീസ്. വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ മുറിയിൽ ആരെയും കണ്ടിട്ടില്ല. ടിവിയുടെ ഒരു പെട്ടിയും ചെറിയൊരു ടീപോയും മാത്രമാണ് മുറിയിലുണ്ടായിരുന്നത്. തുണികൊണ്ട് അതു മൂടിയിട്ടിരുന്നു എന്നതു ശരിയാണ്. പെണ്‍കുട്ടിയെ മറ്റെവിടെയെങ്കിലും താമസിപ്പിച്ച ശേഷം ഇവിടെ കൊണ്ടു വന്നിട്ടുണ്ടാകും എന്നും ഇവർ പറയുന്നു. 

English Summary: Rahman sharing his love story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com