‘ഇനി ഗ്രൂപ്പ് കളിച്ചാൽ സ്വന്തം അണികൾ തള്ളിപ്പറയും, 51 അംഗ സമിതി ലക്ഷ്യം’

HIGHLIGHTS
  • എന്റെ പൂരം പിണറായി വിജയൻ കുറേ കണ്ടതാണ്
  • ഇത്തവണ പ്രസിഡന്റാകാൻ ആഗ്രഹിച്ചില്ല; വർക്കിങ് പ്രസിഡന്റ് നിയമനത്തെക്കുറിച്ച് പ്രതികരിക്കാനില്ല
  • ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടേയും പ്രതിഷേധത്തിൽ ഞാൻ കക്ഷിയല്ല
  • ഓൺലൈൻ അംഗത്വം യൂത്ത് കോൺഗ്രസിനെയും കെസ്‌യുവിനെയും നശിപ്പിച്ചു
K Sudhakaran
കെ.സുധാകരൻ (ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച ചിത്രം)
SHARE

‘കെ.എസ്’എന്ന് അനുയായികൾ വിളിക്കുന്ന കെ.സുധാകരൻ അമരത്തേക്കു വന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ്. കണ്ണൂരിൽനിന്നുള്ള ഈ കരുത്തനായ ലോക്സഭാംഗം എന്നും പ്രവർത്തകർക്ക് ആത്മവീര്യം പകരുന്ന നേതാവാണ്. ജനക്കൂട്ടത്തെ ഏറ്റവും ആകർഷിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിയെ തുടർന്ന് ഉരുത്തിരിഞ്ഞ സംഘടനാ പ്രശ്നങ്ങളും പടലപിണക്കങ്ങളും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധികളിലേക്കു തള്ളി വിട്ട സാഹചര്യത്തിലാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു വരുന്നത്. പുതിയ ദൗത്യത്തെക്കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.സുധാകരൻ മനസ്സു തുറക്കുന്നു:

∙ കെപിസിസി പ്രസിഡന്റായുള്ള താങ്കളുടെ വരവ് വലിയ പ്രതീക്ഷകളാണ് ജനിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് ആ പ്രതീക്ഷകളെ സമീപിക്കുന്നത്?

ആളുകളുടെ വലിയ പ്രതീക്ഷകളെ ‍ഞാൻ തൊട്ടറിയുകയാണ്. അത് എന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നു. പാർട്ടിയുടെ അടിത്തറ ഇളകി നിൽക്കുന്ന സ്ഥിതിയുണ്ട്. ഒന്നു കേടുപാട് തീർത്ത് ശരിയാക്കുക എന്നതു വലിയ ദൗത്യമാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാലേ അതു നടക്കൂ. ഇപ്പോൾ ശരിയാക്കാൻ കഴി‍ഞ്ഞില്ലെങ്കിൽ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. ഇത് അവസാന കൈ ശ്രമം ആണെന്ന് അറിയാവുന്നതിനാൽ എല്ലാവരും ഒത്തു പിടിക്കും. അതൊരു അനുകൂല ഘടകമാണ്.

ജനങ്ങളുമായി അടുത്ത ബന്ധം ഇന്ന് കോൺഗ്രസിനില്ല. മിക്ക കമ്മിറ്റികളും ഏതാണ്ട് മരവിച്ച സ്ഥിതിയാണ്. ഇസ്തിരിയിട്ട ഷർട്ടും ധരിച്ച് അയൽപക്കക്കാരുമായി പോലും ബന്ധമില്ലാതെ നടക്കുന്നവരായി നമ്മുടെ പ്രാദേശിക നേതാക്കളിൽ പലരും മാറി. മറുവശത്ത് ആരാണ് ഞങ്ങളെ സഹായിക്കുന്നത്, കൈത്താങ്ങ് ആകുന്നത് എന്നാണ് ഇന്ന് ജനങ്ങൾ ചിന്തിക്കുന്നത്. വലിയ പ്രത്യയശാസ്ത്ര പ്രശ്നമൊന്നും അവരുടെ മുന്നിൽ ഇല്ല. കോൺഗ്രസ് ഈ മാറ്റം തിരിച്ചറിയണം.

∙ സാധാരണ പ്രവർത്തകരുമായി ദൈനം ദിന ബന്ധം പുലർത്തുന്ന ഒരാൾ അടുത്തയിടെ കെപിസിസി പ്രസിഡന്റ് ആയിട്ടില്ല.ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണോ ലക്ഷ്യം?

ശരിയാണ് വർക്കിങ് പ്രസിഡന്റായിരുന്നപ്പോൾ ആ പദവിയും കയ്യാളി തിരുവനന്തപുരത്തെ ഓഫിസിൽ ഇരിക്കുന്നത് ആയിരുന്നില്ല എന്റെ ശൈലി. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകരുടെ അടുക്കൽ ഓടിയെത്തി അവരെ സഹായിക്കുകയാണ് ഞാൻ ചെയ്യുന്നത്. പ്രവർത്തകർക്ക് ആത്മവിശ്വാസം, രാഷ്ട്രീയ വിദ്യാഭ്യാസം എല്ലാം നൽകാൻ കഴിയണം രാഷ്ട്രീയ അവബോധം ഇല്ലാതെ സ്വന്തം കാര്യം സിന്ദാബാദ് എന്നു ചിന്തിക്കുന്നവരായി പലരും മാറി എന്നതാണ് നമ്മുടെ വലിയ പ്രശ്നം. ഇതിനു മറുമരുന്ന് കിട്ടിയാൽ താഴേതട്ടിൽ പാർട്ടി സജീവമാകും. അതോടെ ജീവൻ തിരിച്ചു കിട്ടിയ സ്ഥിതി ആകും.

∙കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം ഒരിക്കലും കെ.സുധാകരൻ ഒളിപ്പിച്ചു വച്ചിട്ടില്ല.ആ നിലയ്ക്ക് ഇതൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണോ?

ആഗ്രഹം തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും എന്നെ പ്രസിഡന്റ് ആക്കണമെന്ന് ആരുടെയും പിന്നാലെ നടന്ന് അഭ്യർഥിച്ചിട്ടില്ല. കോൺഗ്രസിന്റെ ഏതു നേതാവിനോടും നിങ്ങൾ ചോദിച്ചോളൂ.നേരത്തെ രണ്ടു തവണ ഈ പദവിക്കായി ആഗ്രഹിച്ചപ്പോൾ കിട്ടിയില്ല. അതു കൊണ്ട് ഇത്തവണ ആ മോഹം വേണ്ടെന്നു വച്ചതാണ്. പല വേദികളിലും എന്റെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് എഐസിസി ഈ തീരുമാനം എടുത്തത് എന്നാണു ഞാൻ മനസ്സിലാക്കുന്നത്

k-sudhakaran-mullappally-ramachandran

∙ ജംബോ കമ്മിറ്റികൾ മാറി ചെറിയ സമിതികൾ എന്ന ആശയം സജീവമാണ്. എത്രകണ്ടു സാധ്യമാകും?

ആരോടും ഉത്തരവാദിത്തം ഇല്ലാത്ത ജംബോ സമിതികൾ അവസാനിപ്പിച്ചേ പറ്റൂ. നൂറോളം നേതാക്കന്മാരാണ് ഓരോ ഡിസിസികളിലും ഉള്ളത്. കഴിഞ്ഞ ദിവസം ഒരു കെപിസിസി സെക്രട്ടറി എന്നെ വന്നു പരിചയപ്പെട്ടു. അയാളെ ഞാൻ ആദ്യമായി കാണുകയാണ്. ഈ പാർട്ടിയുടെ അവസ്ഥ! നമ്മൾ തമ്മിൽ ഇത്രയും കാലമായി എന്തു കൊണ്ടു കണ്ടില്ലെന്ന് ആ പയ്യനോട് ഞാൻ ചോദിച്ചു. അക്കൗണ്ടബിലിറ്റി ഇല്ലാത്ത ഭാരവാഹികൾ ഈ പാർട്ടിക്ക് ശാപമാണ്.

∙ ഭാരവാഹി നമ്പർ സംബന്ധിച്ച് എന്തെങ്കിലും ആശയം മനസ്സിലുണ്ടോ?

നിർവാഹക സമിതി അംഗങ്ങൾ അടക്കം പരമാവധി 51 പേർ മതിയാകും. പ്രസിഡന്റ്, വർക്കിങ്പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, നിർ‍വാഹകസമിതി അംഗങ്ങൾ എല്ലാം ചേർന്ന് അത്രയും പേരുള്ള നേതൃ സമിതിയാണ് എന്റെ മനസ്സിൽ.

∙ അപ്പോൾ സെക്രട്ടറിമാർ ഉണ്ടാകില്ലേ?

സെക്രട്ടറിമാർ വേണോ എന്നതിൽ ചില സംശയങ്ങൾ ഉണ്ട്. വേണമെന്നും വേണ്ടെന്നും പറയുന്നവർ ഉണ്ട്. ഒരു പരിശീലനം കിട്ടുന്നതു ചെറുപ്പക്കാർക്ക് നല്ലതാണ്. പക്ഷേ കാര്യങ്ങൾ പഠിക്കാൻ അവർ മനസ്സു കാണിക്കണം. അല്ലാതെ തസ്തിക കിട്ടിയാൽ മതി എന്ന രീതി പറ്റില്ല. സെക്രട്ടറിമാർ വേണമെങ്കിൽതന്നെ വളരെ കുറച്ചു മതി. മൂന്നു വീതം വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും, അഞ്ചിൽ താഴെ സെക്രട്ടറിമാർ. ബാക്കി നിർവാഹകസമിതി അംഗങ്ങൾ എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. അപ്പോൾ അതിൽ ഉള്ളവർക്ക് അധികാരവും അംഗീകാരവും ഉണ്ടാകും. നിലയും വിലയും ഉണ്ടാകും.

K-Sudhakaran-7

∙ പക്ഷേ ഭരണം കൂടി ഇല്ലാത്തപ്പോൾ പാർട്ടി പദവി എങ്കിലും ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തേണ്ടി വന്നാൽ എതിർപ്പിനു വഴിവയ്ക്കില്ലേ? കോൺഗ്രസിൽ ഇതെല്ലാം പ്രായോഗികമാണോ?

ഭാരവാഹിത്വം അല്ലാതെയും ചുമതലകൾ കൊടുക്കാമല്ലോ. ഉദാഹരണത്തിനു മണ്ഡലം കമ്മിറ്റികളുടെ, അല്ലെങ്കിൽ ഡിസിസികളുടെ പ്രവർത്തന മേൽനോട്ടമോ ചാർജോ ഒരു ചുമതലയാണ്. അച്ചടക്ക സമിതികൾ, പരാതി പരിഹാര സമിതികൾ എന്നിവ വിവിധ തലത്തിൽ വരുമ്പോൾ പലരെയും അംഗങ്ങൾ ആക്കാൻ സാധിക്കും. പേരിന് ഭാരവാഹിത്വം നൽകൽ അല്ല, ഉത്തരവാദിത്തം കൈമാറലാണ് ഉദ്ദേശിക്കുന്നത്.

∙ ആൾക്കൂട്ടമായ കോൺഗ്രസിനെ സെമികേഡർ ആക്കി മാറ്റുമെന്ന താങ്കളുടെ പ്രഖ്യാപനം ശ്രദ്ധേയമായി. സെമി കേഡർ എന്നാൽ കോൺഗ്രസിന്റെ അംഗത്വ രീതിയിൽ തൊട്ട് മാറ്റം വരും എന്നല്ലേ?

അതെ. ആർക്കും കോൺഗ്രസിൽ‍ അംഗം ആകാം, അംഗം അല്ലാതാകാം എന്ന സ്ഥിതി മാറണം. എഐസിസിയുമായി കൂടി ഇക്കാര്യം സംസാരിക്കേണ്ടി വരും. ഓൺലൈനിൽ അംഗമാകാം എന്നു വന്നതോടെ കെഎസ്‌യുവും യൂത്ത് കോൺഗ്രസും പോയില്ലേ? അങ്ങനെ അഞ്ച് അംഗങ്ങളെ ചേർക്കുന്ന ആൾക്കാണ് പിന്നീടു ഭാരവാഹി ആകാൻ യോഗ്യത. അതായത് കയ്യിൽ കാശുള്ളവനു കുറേ ആളുകളെ ചേർത്തു സംഘടന പിടിക്കാം. ഇത്രയും ഗുണമില്ലാത്ത, മണമില്ലാത്ത ഒരു രീതി ഒരു രാഷ്ട്രീയ പാർട്ടിയിലും ഉണ്ടാകില്ല. എൻഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡിന്റെ അംഗീകാരം കിട്ടിയാൽ അതു മാറ്റാം എന്നതിലേക്ക് അവർ വന്നിട്ടുണ്ട്.

∙ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുകയാണ് ആദ്യ വെല്ലുവിളി. ഇതിനായി രൂപീകരിക്കുന്ന അഞ്ചംഗ സമിതിയിലെ അംഗങ്ങളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന രീതിയാണ് നേരത്തെയുള്ളത്. മാറ്റം പ്രതീക്ഷിക്കാമോ?

ഗ്രൂപ്പ് നോക്കി വീതം വയ്പ് നടക്കില്ലെന്ന് ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു പ്രാപ്തരായവരെ വയ്ക്കും. പാർട്ടിയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് അവർക്കെല്ലാം ബോധ്യമുണ്ട്.

∙ രണ്ടു ഗ്രൂപ്പുകളും മുറിവേറ്റിരിക്കുകയാണ്. ഗ്രൂപ്പ് നേതാക്കളുടെ കൂടി ആത്മാർഥമായ പിന്തുണ ഇല്ലാതെ തിരിച്ചടികളിൽനിന്നു കരകയറി കോൺഗ്രസിന് മുന്നോട്ടു വരാൻ കഴിയുമോ?

സമീപകാലത്തു ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഈ നേതാക്കന്മാർക്കെതിരെ ആയിരക്കണക്കിനു പാർട്ടിക്കാർ പ്രതികരിച്ചില്ലേ? പലർക്കും ഫെയ്സ്ബുക്കിൽ ലഭിച്ച റിയാക്ഷൻ നിങ്ങളെല്ലാം കണ്ടതല്ലേ? അതെല്ലാം സ്വന്തം അണികളുടെ പ്രതികരണം ആയിരുന്നു. പ്രവർത്തകരുടെ മനസ്സിൽ മാറ്റം വന്നിരിക്കുന്നു. ആ മാറ്റം അംഗീകരിക്കാതെ ഗ്രൂപ്പു നേതാക്കന്മാർക്കു പിടിച്ചുനിൽക്കാൻ കഴിയില്ല. ഗ്രൂപ്പാണ് പാർട്ടിയെ നശിപ്പിച്ചത് എന്ന ചിന്ത കോൺഗ്രസിനെ സ്നേഹിക്കുന്നവരിൽ ഉണ്ട്. അതിനെ അവഗണിച്ചു കൊണ്ട് ആർക്കും മുന്നോട്ടു പോകാ‍ൻ സാധിക്കില്ല. മർക്കട മുഷ്ടി ആരു പിടിച്ചാലും അണികൾ അതു ഗൗനിക്കാതെ മുന്നോട്ടു പോകും. എല്ലാവരും അതു മനസ്സിലാക്കുന്ന സാഹചര്യമാണ് ഉള്ളത്.

VD-Satheesan-and-K-Sudhakaran

∙ ‘ദൈവം കെ.സുധാകരനെ അനുഗ്രഹിക്കും’ എന്ന മട്ടിലുള്ള പിന്തുണയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയിരിക്കുന്നത് എന്നു കരുതുന്നവർ കോൺഗ്രസിൽ ഉണ്ടല്ലോ?

ഞാനുമായി സഹകരിക്കും എന്നു തന്നെയാണ് അവർ രണ്ടും പേരും എന്നോട് പറഞ്ഞത്. ‘സുധാകരൻ വേണ്ട’ എന്ന് എവിടെയും ഞങ്ങൾ പറഞ്ഞിട്ടില്ല എന്നും വ്യക്തമാക്കി. ചില കാര്യങ്ങൾ ചർച്ച ചെയ്യാത്തതിൽ അവർക്കുള്ള അമർഷമാണ് പ്രകടിപ്പിച്ചതെന്നും പറഞ്ഞു. അക്കാര്യങ്ങളിൽ ഞാൻ കക്ഷിയല്ല എന്നാണ് അവരുടെ നിലപാട്.

∙ അപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആണ് അവരുടെ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ഈ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു നീങ്ങണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുമോ?

നിശ്ചയമായും. കെ.സി.വേണുഗോപാലിനോടും താരിഖ് അൻവറിനോടും ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുണ്ട്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും ഒരുമിപ്പിച്ചും നീങ്ങാൻ സാധിക്കുമെന്നു തന്നെയാണ് കരുതുന്നത്. പുറങ്കാലു കൊണ്ട് തൊഴിച്ച് ആളുകളെ ഒഴിവാക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കുകയും വേണം. പാർട്ടി നന്നാകാൻ അനുവദിക്കില്ല എന്ന തോന്നൽ ഉണ്ടായാൽ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നവർ ഒറ്റപ്പെടുകയും ചെയ്യും.

സമീപകാല അനുഭവങ്ങളിൽനിന്ന് അവരെല്ലാം അതു പഠിച്ചു എന്നാണ് ഞാൻ കരുതുന്നത്. അഭിപ്രായ വ്യത്യാസം ഉള്ളവരോടും യോജിച്ചുപോകുന്നതാണ് എന്റെ രീതി. പരസ്യമായി വിമർശിക്കുന്നവരോടും ഞാൻ വൈരാഗ്യം കാണിക്കാറില്ല, മറുപടി പറയാറില്ല. മറ്റുള്ളവരെ വെറുപ്പിക്കുന്ന രീതി എനിക്കില്ല. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാനും പരിഹരിക്കാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം പാർട്ടിയിൽ ഉണ്ടാകും. ഭാരവാഹികളുടെ അംഗസംഖ്യ കുറയുമ്പോൾതന്നെ എല്ലാത്തിനും വ്യവസ്ഥ വരും, കാര്യക്ഷമത ഉണ്ടാകും.

∙ ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്നല്ലോ കെ.സുധാകരൻ. ആ ഗ്രൂപ്പ് പ്രവർത്തനം അപ്പോൾ പൂർണമായും അവസാനിപ്പിച്ചോ?

അവസാനിപ്പിക്കേണ്ടി വന്നതാണ്. അർഹതപ്പെട്ടവരുടെ കയ്യിലേക്ക് ഒന്നും എത്തുന്നില്ലെന്നും കൈമണിക്കാർക്കാണ് എല്ലാം ലഭിക്കുന്നതെന്നും മനസ്സിലായതോടെ നിർത്തി. ഗ്രൂപ്പിന്റെ ഭാഗമാകുമ്പോഴും അഭിപ്രായങ്ങൾ കൃത്യമായി ഞാൻ എക്കാലത്തും പറഞ്ഞിട്ടുണ്ട്. ഇത്തവണയും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിനെതിരെ പ്രതികരിച്ചിരുന്നു. ഞാൻ പറഞ്ഞവർക്ക് സീറ്റു കൊടുത്തിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്നു പിന്നീട് രമേശ് ചെന്നിത്തലയ്ക്കു മനസ്സിലായി. ഉപതിരഞ്ഞെടുപ്പിൽ കോന്നി കൊണ്ടു കളഞ്ഞത് അങ്ങനെ അല്ലേ? അടൂർ പ്രകാശ് മാറിയപ്പോൾ ഈഴവ സമുദായത്തിലെ ഒരാൾക്ക് ആ സീറ്റ് കൊടുക്കേണ്ടിയിരുന്നില്ലേ?

∙ വർക്കിങ് പ്രസിഡന്റുമാർ അടുത്ത കാലത്തെ രീതിയാണ്. താങ്കളും വർക്കിങ് പ്രസിഡന്റായിരുന്നു. കോൺഗ്രസിന് ശക്തനായ ഒരു പ്രസിഡന്റ് ഉള്ളപ്പോൾ മറ്റ് അധികാര കേന്ദ്രങ്ങളുടെ ആവശ്യമില്ലെന്ന് കരുതുന്നവരില്ലേ?

മൂന്നു പേരെയും ഹൈക്കമാൻഡ് നിയോഗിച്ച സാഹചര്യത്തിൽ അക്കാര്യത്തിൽ ഇനി പ്രതികരിക്കാനില്ല. ഒരു ടീമാക്കി മുന്നോട്ടുപോകും. പിന്തിരിഞ്ഞു നോക്കി അവരെ ബാധിക്കുന്ന അഭിപ്രായം പറഞ്ഞിട്ട് ഇനി കാര്യമില്ല. എപ്പോൾ വേണമെങ്കിലും വിളിച്ചാൽ കിട്ടുന്നവരും സഹായിക്കുന്നവരുമാണ് മൂന്നു പേരും. മേഖലാതല ചുമതലയോ ചില പ്രധാനപ്പെട്ട വിഭാഗങ്ങളുടെ മേൽനോട്ടമോ അവരെ ഏൽപ്പിക്കും.

K-Sudhakaran-3

∙ നിലവിൽ ഭാരവാഹികളായി പ്രഖ്യാപിച്ച എല്ലാവരും ജനപ്രതിനിധികളാണ്. ഇനിയുള്ള അഴിച്ചു പണിയിലും ജനപ്രതിനിധികളെ പരിഗണിക്കില്ലേ?

അക്കാര്യത്തിൽ തടസ്സമൊന്നുമില്ല. കഴിവും പ്രാപ്തിയും ഉള്ള ജനപ്രതിനിധികൾക്കും പാർട്ടി ഭാരവാഹികൾ ആകാം. ജനപ്രതിനിധികൾ അല്ലാത്ത മികച്ച നേതാക്കളും നമ്മുക്കുണ്ട്.

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കളുടെ സ്വന്തം ജില്ലയായ കണ്ണൂരിലും ഇത്തവണ തിരിച്ചടിയുണ്ടായി. കണ്ണൂരിൽ സാധിക്കാത്ത മുന്നേറ്റം കേരളത്തിൽ ആകെ കെ.സുധാകരൻ എങ്ങനെ സാധിക്കുമെന്ന് ചോദിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

എന്റെ രണ്ടു സഹോദരന്മാരാണ് ഈ തിരഞ്ഞെടുപ്പു കാലത്ത് മരണമടഞ്ഞത്. അതു മൂലം വേണ്ടവിധം പ്രചാരണത്തിന് ഇറങ്ങാൻ സാധിച്ചില്ല. 18 ദിവസത്തിനിടയിലാണ് രണ്ടു പേർ പോയത്. കണ്ണൂർ അസംബ്ലി സീറ്റിലെ എല്ലാ ബൂത്തുകളും കവർ ചെയ്തു പോകാനായിരുന്നു എന്റെ പരിപാടി. അതു സാധിച്ചെങ്കിൽ സതീശൻ പാച്ചേനി ജയിക്കുമായിരുന്നു. മൂന്നു ദിവസം അഴീക്കോട് നിശ്ചയിച്ച പര്യടനവും നടന്നില്ല. വളരെ സ്നേഹബന്ധമുള്ള ഒരു കുടുംബമാണ് ഞങ്ങളുടേത്. ഒരുമിച്ചാണ് എല്ലാവരും താമസിക്കുന്നത്.ര ണ്ടു പേരും തൊട്ടടുത്തു പോയതോടെ ഞാൻ വല്ലാത്ത മാനസിക തകർച്ചയിലായിപ്പോയി.

∙ ഉമ്മൻചാണ്ടി–രമേശ് ചെന്നിത്തല– മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടുകെട്ടിൽനിന്ന് കെ.സുധാകരൻ– വി.ഡി.സതീശൻ കൂട്ടുകെട്ടിലേക്ക് കോൺഗ്രസിന്റെ മുഖം മാറുന്നു. പുതിയ പ്രതിപക്ഷ നേതാവും താങ്കളും തമ്മിലെ പ്രവർത്തന ബന്ധം എങ്ങനെ ആയിരിക്കും?

ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ട്. നല്ല ടീമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സ് സതീശനുണ്ട്,എ നിക്കുമുണ്ട്. അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

‍∙ പറയാനുള്ളത് എവിടെയും തുറന്നടിക്കുന്ന ആർജവം കെ.സുധാകരൻ കാട്ടാറുണ്ട്. കെപിസിസി പ്രസിഡന്റായതോടെ കുറച്ചുകൂടി സൂക്ഷിച്ചും നോക്കിയും മതി എന്ന് ഉപദേശിക്കുന്നവരോട് എന്താണ് തിരിച്ചു പറയാനുള്ളത്?

ശരി എന്നു തോന്നുന്നത് പരസ്യമായി പറയുന്ന രീതിയാണ് എനിക്കുള്ളത്. അത് എന്റെ ബാധ്യത അല്ലേ? അക്കാര്യത്തിൽ എന്തു പുനപ്പരിശോധനയാണ് വേണ്ടത്? ഞാൻ നേരെ ചിന്തിക്കുന്ന ആളാണ്. കളവു പറയുന്നതോ വിശ്വാസ രാഹിത്യം കാട്ടുന്നതോ എന്റെ സ്വാഭാവമല്ല. ആ സുതാര്യത നല്ല ഗുണമാണ് എന്നാണ് എന്റെ വിശ്വാസം. ഒരു മനുഷ്യന്റെ നല്ല വശം എന്തിനാണ് ഉപേക്ഷിക്കുന്നത്? അത് ഉപയോഗിച്ചുതന്നെ മുന്നോട്ടുപോകും.

∙ തുറന്നടിച്ചു പ്രതികരിക്കാറുള്ള താങ്കൾ പ്രസിഡന്റായതോടെ അച്ചടക്ക സമിതി രൂപീകരണത്തെക്കുറിച്ച് പറയുന്നു. താങ്കളുടെ ശൈലി അച്ചടക്ക ലംഘനം അല്ലേ എന്നു ചോദിക്കുന്നവർ ഉണ്ടാകുമല്ലോ?

പാർട്ടി അച്ചടക്കം ലംഘിക്കുന്ന ഒരു പ്രസ്താവനയും ഞാൻ നടത്താറില്ല. ഒരു വിഷയത്തോടുള്ള എന്റെ അഭിപ്രായം പറയുന്നത് അച്ചടക്ക ലംഘനമല്ല. പാർട്ടി എടുത്ത ഒരു തീരുമാനത്തെ വെല്ലുവിളിക്കുന്നതും നേതാക്കളെ പരസ്യമായി വിമർശിക്കുന്നതുമാണ് അച്ചടക്ക ലംഘനം. നേതാക്കന്മാർക്കെതിരെ ഫെയ്സ്ബുക്കിൽ വാരിവലിച്ച് എഴുതുന്നവരില്ലേ. ഈ പാർട്ടിയുടെ ദൗർബല്യമാണ് അതു കാണിക്കുന്നത്. അതിനെല്ലാം എതിരെ ഇനി നടപടി വരും, കർക്കശമായ നടപടി എടുക്കും

k-sudhakaran

∙ താനും കെ.സുധാകരനും തമ്മിൽ കാണാൻ പോകുന്ന പൂരം കണ്ടോളൂ എന്നാണല്ലോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ആ വാക്കുകളിൽ താങ്കളോടുള്ള ഒരു പരിഹാസം ഉണ്ടെന്ന് കരുതുന്നോ?

പിണറായി വിജയനു പല ശൈലികളുണ്ട്. എന്റെ പൂരം പലതും കണ്ട ആളാണ് പിണറായി. തലശ്ശേരി ബ്രണ്ണൻ കോളജിൽ ഞാൻ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ തൊട്ടു മുൻപത്തെ വർഷം കോളജ് വിട്ടെങ്കിലും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു. അവിടെ കുറേ പൂരം അദ്ദേഹം കണ്ടതാണ്, ആ അനുഭവം ഉണ്ട്, അതു മറന്നിട്ടില്ലെന്നാണ് വിശ്വാസം.

∙ മന്ത്രി എം.വി.ഗോവിന്ദൻ താങ്കളെ കണ്ട് അഭിനന്ദിച്ചല്ലോ? വ്യക്തിപരമായ നല്ല ബന്ധമാണോ കാരണം? എതിരാളികൾ മറ്റാരെങ്കിലും അങ്ങനെ അനുമോദിച്ചോ?

വ്യക്തിപരമായി ഗോവിന്ദൻ മാഷ് ഇത്തിരി സ്നേഹമെല്ലാം കാണിക്കാറുണ്ട്, രണ്ടു വാക്ക് സംസാരിക്കും, മറ്റു പല നേതാക്കളും എന്നോട് അതു ചെയ്യാറില്ല, അതു കൊണ്ട് ഞാനും ചെയ്യാറില്ല. ഗോവിന്ദൻ മാഷിന്റെ മകൻ ശ്യാം എനിക്കു നല്ല ബന്ധം ഉള്ള കുട്ടിയാണ്. സിപിഎമ്മിന്റെ ചില എംഎൽഎമാരെല്ലാം ഇപ്പോൾ കുറച്ച് ലോഹ്യം പറയാറുണ്ട്, ഷംസീറും സുമേഷും മറ്റും കണ്ടാൽ വർത്തമാനം പറയും. അതേ ലോഹ്യം അപ്പോൾ ഞാനും കാട്ടും.

∙ കോൺഗ്രസുകാരെ കൂട്ടത്തോടെ പൊക്കുമെന്ന് അവകാശപ്പെടുന്ന താങ്കളുടെ പഴയ സനേഹിതനായ എ‍ൻസിപി നേതാവ് പി.സി.ചാക്കോയ്ക്ക് മറുപടി ഉണ്ടോ?

അദ്ദേഹം പല സ്വപ്നങ്ങളും കാണുന്ന ആളാണ്. ആ സ്വപ്നങ്ങളാണ് അദ്ദേഹത്തിന്റെ വഴി തെറ്റിച്ചത്. സ്വപ്നം കാണാൻ എളുപ്പമാണ്. പക്ഷേ നടക്കണമെന്നില്ല.

∙ ബുധനാഴ്ച ചുമതല ഏറ്റെടുത്താൽ എത്ര ദിവസത്തിനകം പുതിയ സഹഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ?

രണ്ടു മാസത്തിനുള്ളിൽ അതെല്ലാം പൂർത്തീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചില പുതിയ കാര്യങ്ങൾ വരുമ്പോൾ ദഹിക്കാനും ദഹിപ്പിക്കാനും കുറച്ചു സമയം വേണ്ടിവരും. അല്ലെങ്കിൽ അത്രതന്നെ സമയം വേണ്ട.

English Summary: KPCC President K Sudhakaran Exclusive Cross-Fire Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA