ആയിഷ സുല്‍ത്താനയ്ക്ക് മന്ത്രിയുടെ പിന്തുണ; ‘ശിവൻകുട്ടിയുടെ നടപടി പ്രതിഷേധാർഹം’

Mail This Article
തിരുവനന്തപുരം∙ രാജ്യദ്രോഹകേസില്‍ പ്രതിയായ ആയിഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസുമറിയിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ 'ബയോ വെപ്പണ്‍' പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ആയിഷ നടത്തിയത്.
സാമുദായിക സൗഹാർദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള പരാമര്‍ശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷദ്വീപില്‍ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണു വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്നു കണ്ടാല്‍ ലക്ഷദ്വീപ് പൊലീസില്‍നിന്നു രക്ഷിക്കാമെന്നാണ് ആയിഷ സുല്‍ത്താനയോടു ശിവന്‍കുട്ടി ഫോണില്‍ പറഞ്ഞത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്.
തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവന്‍കുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിലെ ചേതോവികാരം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ആറ്റുകാല്‍ പൊങ്കാലയുടെ പേരു പറഞ്ഞ് ലക്ഷങ്ങളുടെ കൊള്ളയാണ് നഗരസഭ നടത്തിയത്. കോവിഡ് കാലത്ത് ഭക്ഷണം നല്‍കിയതിന്റെ പേരിലും വെട്ടിപ്പ് നടന്നിരിക്കുന്നു. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിനുനേരെ പോലും ആക്രമണം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാന്‍ സ്ഥലം എംഎല്‍എ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
English Summary: Kummanam Rajasekharan against minister V Sivankutty's support to Aisha Sultana