ഹരിദ്വാര്‍ കുംഭമേളയിലെ 1 ലക്ഷം കോവിഡ് പരിശോധനാ ഫലവും വ്യാജം; റിപ്പോര്‍ട്ട്

haridwar-kumbh-mela-new
SHARE

ഹരിദ്വാര്‍/ഡെറാഡൂണ്‍∙ ഹരിദ്വാറിലെ കുംഭമേളയില്‍ നടത്തിയ കോവിഡ് പരിശോധനയുടെ ഒരു ലക്ഷം ഫലങ്ങളും സ്വകാര്യ ഏജന്‍സി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ലക്ഷക്കണക്കിനു പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യാജമായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കുംഭമേളയ്ക്കിടെ പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് നിര്‍ദേശിച്ചതിനു ശേഷമാണ് പരിശോധനയ്ക്കായി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചത്. ഏപ്രില്‍ 1 മുതല്‍ 30 വരെ നടന്ന കുംഭമേളയില്‍ 9 സ്വകാര്യ ഏജന്‍സികളും 22 ലാബുകളും ചേര്‍ന്ന് നാല് ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. മിക്കവയും ആന്റിജന്‍ ടെസ്റ്റായിരുന്നു. ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ലാബുകളിലും പരിശോധന നടത്തിയിരുന്നു. 

ഇതില്‍ ഒരു ഏജന്‍സി നടത്തിയ ഒരു ലക്ഷം പരിശോധനയില്‍ 177 പേര്‍ക്കാണു കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. എന്നാല്‍ കുംഭമേളയ്ക്ക് എത്താത്ത പഞ്ചാബിലുള്ളയാള്‍ക്ക് ഹരിദ്വാര്‍ ആരോഗ്യവകുപ്പില്‍നിന്ന് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഫോണില്‍ ലഭിച്ചതോടെയാണ് തട്ടിപ്പു പുറത്തുവന്നത്. ഇദ്ദേഹം ആരോഗ്യവകുപ്പിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതോടെയാണ് വ്യാജപരിശോധനാ റിപ്പോര്‍ട്ടുകളുടെ വിവരം പുറത്തായത്. ആന്റിജന്‍ ടെസ്റ്റിന് 350 രൂപയും ആര്‍ടിപിസിആറിന് അതിലും കൂടുതലുമാണ് ഏജന്‍സിക്കു നല്‍കിയിരുന്നു. 

50 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരേ ഫോണ്‍ നമ്പര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു തവണ ഉപയോഗിക്കാവുന്ന പ്രത്യേക നമ്പരുള്ള ആന്റിജന്‍ കിറ്റ് 700 ടെസ്റ്റുകള്‍ക്കായി ഉപയോഗിച്ചതായാണ് കാണിച്ചിരിക്കുന്നത്. വിലാസങ്ങളും പേരുകളും വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിദ്വാര്‍, ഹൗസ് നമ്പര്‍ 5-ല്‍നിന്ന് തന്നെയാണ് 530 സാംപിളുകളും ശേഖരിച്ചിരിക്കുന്നതെന്നും ഫോണ്‍നമ്പരുകളില്‍ പലതും വ്യാജമാണെന്നും അധികൃതര്‍ പറഞ്ഞു. 

തട്ടിപ്പു നടത്തിയ സ്വകാര്യ ഏജന്‍സി സാംപിളുകള്‍ രണ്ട് ലാബുകള്‍ക്കാണ് നല്‍കേണ്ടിയിരുന്നത്. ഈ ലാബുകളെക്കുറിച്ചും അന്വേഷണം നടത്തുകയാണെന്ന് കുംഭമേള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. അര്‍ജുന്‍ സിങ് പറഞ്ഞു. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായി റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. രവിശങ്കര്‍ പറഞ്ഞു. സ്വകാര്യ ഏജന്‍സി സാംപിളുകള്‍ ശേഖരിക്കാന്‍ നിയോഗിച്ചവര്‍ വിദ്യാര്‍ഥികളും രാജസ്ഥാനിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുമാണെന്നു കണ്ടെത്തി. ഇവരാരും ഹരിദ്വാറിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സി നല്‍കിയ നല്‍കിയ പട്ടികയിലുള്ളവരില്‍ മിക്കവരും രാജസ്ഥാന്‍ സ്വദേശികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary: 1 lakh Covid-19 tests during Kumbh festival fake: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA